33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 16-17

قُل لَّن يَنفَعَكُمُ ٱلْفِرَارُ إِن فَرَرْتُم مِّنَ ٱلْمَوْتِ أَوِ ٱلْقَتْلِ وَإِذًۭا لَّا تُمَتَّعُونَ إِلَّا قَلِيلًۭا﴿١٦﴾

 قُل പറയുക لَّن يَنفَعَكُمُ നിങ്ങള്‍ക്കു പ്രയോജനപ്പെടുന്നതേയല്ല الْفِرَارُ ഓടിപ്പോകല്‍, പേടിച്ചു പിന്‍വാങ്ങല്‍ إِن فَرَرْتُم നിങ്ങള്‍ ഓടിപ്പോയാല്‍ مِّنَ الْمَوْتِ മരണത്തില്‍നിന്നു أَوِ الْقَتْلِ അല്ലെങ്കില്‍ കൊലയില്‍നിന്നു وَإِذًا എങ്കില്‍തന്നെ, അപ്പോഴും لَّا تُمَتَّعُونَ നിങ്ങള്‍ക്ക് സുഖം നല്‍കപ്പെടുകയില്ല إِلَّا قَلِيلًا അല്‍പമല്ലാതെ

33:16(നബിയേ) പറയുക: "മരണത്തില്‍നിന്നോ, കൊലയില്‍നിന്നോ നിങ്ങള്‍ പേടിച്ചോടുന്നപക്ഷം, (ആ) ഓട്ടം നിങ്ങള്‍ക്കു പ്രയോജനം ചെയ്യുന്നതേയല്ല, (പ്രയോജനപ്പെട്ടു) എങ്കില്‍തന്നെ, അല്‍പ (മാത്ര) മല്ലാതെ നിങ്ങള്‍ക്കു (ജീവിത) സുഖം നല്കപ്പെടുകയുമില്ല."

قُلْ مَن ذَا ٱلَّذِى يَعْصِمُكُم مِّنَ ٱللَّهِ إِنْ أَرَادَ بِكُمْ سُوٓءًا أَوْ أَرَادَ بِكُمْ رَحْمَةًۭ ۚ وَلَا يَجِدُونَ لَهُم مِّن دُونِ ٱللَّهِ وَلِيًّۭا وَلَا نَصِيرًۭا﴿١٧﴾

 قُلْ പറയുക مَن ആരാണ് ذَا الَّذِي ഇങ്ങിനെയുള്ള ഒരുവന്‍ يَعْصِمُكُم നിങ്ങളെ തടുക്കുന്നു, കാത്തുതരുന്നു مِّنَ اللَّـهِ അല്ലാഹുവില്‍നിന്നു إِنْ أَرَادَ അവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍, നിങ്ങളെക്കൊണ്ടു سُوءًا വല്ല തിന്‍മയും أَوْ أَرَادَ അല്ലെങ്കിലവന്‍ ഉദ്ദേശിച്ചാല്‍ بِكُمْ നിങ്ങളില്‍ رَحْمَةً വല്ല കാരുണ്യവും وَلَا يَجِدُونَ അവര്‍ക്കു കിട്ടുകയില്ല, അവര്‍ എത്തിക്കുകയില്ല لَهُم തങ്ങള്‍ക്കു مِّن دُونِ اللَّـهِ അല്ലാഹുവിനുപുറമെ وَلِيًّا ഒരു രക്ഷാകര്‍ത്താവിനെയും وَلَا نَصِيرًا ഒരു സഹായകനെയും ഇല്ല.

33:17പറയുക: "വല്ല തിന്‍മയും അല്ലാഹു നിങ്ങളില്‍ ഉദ്ദേശിക്കുകയോ, അല്ലെങ്കില്‍ നിങ്ങളില്‍ വല്ല കാരുണ്യവും ഉദ്ദേശിക്കുകയോ ചെയ്യുന്നപക്ഷം, അവനില്‍നിന്ന് നിങ്ങളെ തടുക്കുന്നവര്‍ ആരാണുള്ളത്?!" അല്ലാഹുവിനുപുറമെ, ഒരു കൈകാര്യകര്‍ത്താവിനെയാകട്ടെ, ഒരു സഹായകനെയാകട്ടെ അവര്‍ക്കു കിട്ടുകയില്ല.

തഫ്സീർ : 16-17 

അല്ലാഹു നിശ്ചയിച്ച കാലാവധി വിട്ടുകടന്നു മരണത്തില്‍നിന്നു രക്ഷപ്പെടുവാന്‍ ആര്‍ക്കും സാധ്യമല്ല. ചില സന്നിഗ്ദ്ധഘട്ടങ്ങളില്‍ പേടിച്ചോടിപ്പോയതുകൊണ്ടു തല്‍ക്കാലം രക്ഷപ്പെട്ടുവെന്ന് തോന്നിയേക്കാം. എന്നാല്‍ തന്നെ ആ കാലാവധിവരെമാത്രമേ ഇവിടെ ജീവിക്കുവാനും സുഖിക്കുവാനും ആര്‍ക്കും സാധിക്കയുള്ളു.