33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 49

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوٓا۟ إِذَا نَكَحْتُمُ ٱلْمُؤْمِنَـٰتِ ثُمَّ طَلَّقْتُمُوهُنَّ مِن قَبْلِ أَن تَمَسُّوهُنَّ فَمَا لَكُمْ عَلَيْهِنَّ مِنْ عِدَّةٍۢ تَعْتَدُّونَهَا ۖ فَمَتِّعُوهُنَّ وَسَرِّحُوهُنَّ سَرَاحًۭا جَمِيلًۭا﴿٤٩﴾

 يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിചിട്ടുള്ളവരേ إِذَا نَكَحْتُمُ നിങ്ങള്‍ വിവാഹം കഴിച്ചാല്‍ الْمُؤْمِنَاتِ സത്യവിശ്വാസിനികളെ ثُمَّ طَلَّقْتُمُوهُنَّ പിന്നീടു നിങ്ങളവരെ വിവാഹമോചനവും ചെയ്തു مِن قَبْلِ മുമ്പായി أَن تَمَسُّوهُنَّ നിങ്ങളവരെ സ്പര്‍ശിക്കുന്നതിനു فَمَا لَكُمْ എന്നാല്‍ നിങ്ങള്‍ക്കില്ല, നിങ്ങളോടില്ല عَلَيْهِنَّ അവരുടെമേല്‍ (ബാധ്യത) مِنْ عِدَّةٍ യാതൊരു ഇദ്ദഃയും تَعْتَدُّونَهَا നിങ്ങള്‍ എണ്ണി (കണക്കാക്കി) വരുന്ന فَمَتِّعُوهُنَّ എന്നാലവര്‍ക്കു നിങ്ങള്‍ "മുത്ത്അത്തു" നല്‍കണം وَسَرِّحُوهُنَّ നിങ്ങളവരെ പിരിച്ചുവിടുകയും വേണം سَرَاحًا ഒരു പിരിക്കല്‍ جَمِيلًا ഭംഗിയായ, നല്ലതായ.

33:49ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ സത്യവിശ്വാസികളായ സ്ത്രീകളെ വിവാഹം ചെയ്യുകയും, പിന്നീട് അവരെ സ്പര്‍ശിക്കുന്നതിനു മുമ്പായി അവരെ നിങ്ങള്‍ വിവാഹമോചനം ["ത്വലാഖ്"] ചെയ്കയും ചെയ്യുന്നതായാല്‍ നിങ്ങള്‍ എണ്ണിക്കണക്കാക്കേണ്ടുന്ന യാതൊരു "ഇദ്ദയും" നിങ്ങളോട് അവര്‍ക്കു (ബാധ്യത) ഇല്ല. എന്നാല്‍, നിങ്ങള്‍ അവര്‍ക്ക് "മുത്ത്അത്ത്" [മോചനവിഭവം] നല്‍കുകയും, അവരെ ഭംഗിയായ പിരിച്ചയക്കല്‍ പിരിച്ചയക്കുകയും ചെയ്യണം.

തഫ്സീർ : 49-49

സ്പര്‍ശിക്കുന്നതിനുമുമ്പായിഎന്നു പറഞ്ഞതിന്‍റെ താല്പര്യം സംയോഗം ഉണ്ടാകുന്നതിനുമുമ്പ് എന്നാണ്. ഇതേ ഉദ്ദേശ്യത്തില്‍ തൊടുക, സമീപിക്കുക, ചെല്ലുക, മൂടുക, വിവാഹം നടത്തുക’ (ملامسة , قُرُبَات, اتيان, تغشى, نكاح) എന്നിങ്ങിനെയുള്ള പദപ്രയോഗങ്ങളും ഖുര്‍ആന്‍ ഉപയോഗിച്ചു കാണാം. ഖുര്‍ആന്‍റെ ഭാഷാമാര്യാദകളില്‍ ഒന്നാണ് ഇത്തരം പ്രയോഗങ്ങള്‍. ഭാര്യയും ഭര്‍ത്താവുമായി വിവാഹമോചനം കൊണ്ടോ, മരണം കൊണ്ടോ വേര്‍പ്പെട്ടശേഷം ഭാര്യക്കു മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ലാതെ, നിര്‍ബ്ബന്ധമായും അവള്‍ കാത്തിരിക്കേണ്ടുന്ന കാലത്തിനാണ് ഇദ്ദഃ’ (العدة) എന്നു പറയുന്നത്. ഋതുകാലം എത്താത്തവളും, ഋതുകാലം കഴിഞ്ഞവളും മുമ്മൂന്നു മാസവും, ഋതുമതികള്‍ മൂന്നു ഋതുകാലവും, ഗര്‍ഭിണികള്‍ പ്രസവംവരെയും, ഭര്‍ത്താവു മരണപ്പെട്ടവള്‍ നാലു മാസവും പത്തു ദിവസവും ഇദ്ദഃആചരിക്കേണ്ടതുണ്ട്. മുന്‍വിവാഹത്തില്‍ ഗര്‍ഭം ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കലാണ് ഇദ്ദഃയുടെ ഉദ്ദേശ്യങ്ങളില്‍ പ്രധാനമായത്. പിതൃബന്ധത്തില്‍ കലര്‍പ്പോ സംശയമോ ഉണ്ടായേക്കുന്നതു ഇസ്‌ലാമിക ദൃഷ്ട്യാ വമ്പിച്ച ആപത്താണല്ലോ. വിവാഹത്തിന്നുശേഷം വധൂവരന്‍മാര്‍ തമ്മില്‍ സമീപനം ഉണ്ടാകാതിരിക്കുന്നപക്ഷം വിവാഹമോചനത്തിന്‍റെ പേരില്‍ ഇദ്ദഃ ആവശ്യമില്ല എന്നാണ് ആയത്തിന്‍റെ സാരം.

നിങ്ങളോടു അവര്‍ക്കു ബാധ്യതയില്ല,’ (مَا لَكُمْ عَلَيْهِنَّ) എന്നും നിങ്ങള്‍ എണ്ണിക്കണക്കാക്കുന്ന ഇദ്ദഃ’ (عِدَّةٍ تَعْتَدُّونَهَا) എന്നുമുള്ള പ്രയോഗത്തില്‍ ചില സൂചനകളുണ്ട്; സ്ത്രീ ഇദ്ദഃ ആചരിക്കുന്നതു പുരുഷന്‍റെ ഒരവകാശം വകവെച്ചു കൊടുക്കലാണ്. ഇതു സ്ത്രീകളുടെ കടമയാണ്. സന്താനത്തിന്‍റെ വംശബന്ധം പിതാവുമായിട്ടാണുള്ളത്. ഇദ്ദഃയുടെ കാലം മൊത്തക്കണക്കില്‍ പൂര്‍ത്തിയാക്കിയാല്‍ പോരാ, കൃത്യമായിത്തന്നെ പൂര്‍ത്തിയാക്കണം എന്നൊക്കെയാണത്. 

വിവാഹമോചനം നിമിത്തം ഭര്‍ത്താവുമായി വേര്‍പെടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ അസ്വാസ്ഥ്യത്തിനു ഒരു താല്‍ക്കാലിക ആശ്വാസമെന്ന നിലക്ക് ഭര്‍ത്താവു ഭാര്യക്കു കൊടുക്കേണ്ടതുള്ള വിഭവത്തിനാണ് മുത്ത്അത്ത് (المتعة) എന്നു പറയുനത്. ഇതു എത്രയാണെന്നു നിര്‍ണ്ണയിക്കപ്പെട്ടിട്ടില്ല, പരിതഃസ്ഥിതിയനുസരിച്ചു ഇതു കണക്കാക്കേണ്ടിയിരിക്കുന്നു. സൂ: അല്‍ബഖറഃയില്‍ അല്ലാഹു പറയുന്നു:

وَمَتِّعُوهُنَّ عَلَى الْمُوسِعِ قَدَرُهُ وَعَلَى الْمُقْتِرِ قَدَرُهُ مَتَاعًا بِالْمَعْرُوفِ : سورة البقرة:٢٣٦

സാരം: അവര്‍ക്കു -വിവാഹമോചനം ചെയ്യപ്പെട്ട സ്ത്രീകള്‍ക്കു നിങ്ങള്‍ മുത്ത്അത്ത്കൊടുക്കുകയും ചെയ്യണം. കഴിവുള്ളവനു അവന്‍റെ സാദ്ധ്യത അനുസരിച്ചും, തിടുക്കകാരന്നു അവന്‍റെ കഴിവനുസരിച്ചും ബാധ്യതയുണ്ട്.ഇതിനെതുടര്‍ന്നുള്ള (അല്‍ബഖറഃയിലെ) ആയത്തില്‍, സ്പര്‍ശനത്തിനുമുമ്പ് വിവാഹമോചനം, ചെയ്യപ്പെടുന്ന സ്ത്രീക്ക് മഹ്ര്‍’ (വിവാഹമൂല്യം) നിര്‍ണ്ണയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്‍റെ പകുതി കൊടുക്കണമെന്നു വ്യക്തമാക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇങ്ങിനെ പകുതി മഹ്ര്‍ കൊടുക്കപ്പെടേണ്ടുന്നവള്‍ക്കു മുത്ത്അത്ത്കൊടുക്കല്‍ നിര്‍ബന്ധമില്ലെന്നും ആ ആയത്തുകളില്‍നിന്നു മനസ്സിലാക്കുവാന്‍ കഴിയും. ആകയാല്‍, സ്പര്‍ശനത്തിനുമുമ്പ് വിവാഹമോചനം നല്‍കപ്പെടുന്നവള്‍ക്കു മുത്ത്അത്തുകൊടുക്കണമെന്ന നിര്‍ബ്ബന്ധം, അവള്‍ക്കു മഹ്ര്‍ നിര്‍ണ്ണയിക്കപ്പെടാത്തപ്പോഴാണെന്നും, ‘മഹ്ര്‍ നിര്‍ണ്ണയിക്കപ്പെടാത്തപക്ഷം അവള്‍ക്കു മുത്ത്അത്ത്മാത്രമേ നിര്‍ബ്ബന്ധമായി കൊടുക്കേണ്ടതുള്ളുവെന്നും, മനസ്സിലാക്കാവുന്നതാകുന്നു. കൂടുതല്‍ വിശദീകരണത്തിന് അല്‍ബഖറ 236, 241 ആയത്തുകളുടെ വിവരണം നോക്കുക. 

ഭംഗിയായനിലയില്‍ പിരിച്ചുവിടണം (سَرِّحُوهُنَّ سَرَاحًا جَمِيلًا) എന്നു പറഞ്ഞതു പ്രത്യേകം ശ്രദ്ധാര്‍ഹമാണ്. ഭര്‍ത്താവിനും ഭാര്യക്കുമിടയില്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ചുരുക്കം ഖുര്‍ആന്‍റെ ഭാഷയില്‍ إِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ (സദാചാര മര്യാദയനുസരിച്ചുവെച്ചുകൊണ്ടിരിക്കുക, അല്ലെങ്കില്‍ ഗുണകരമായ നിലക്കു പിരിച്ചയക്കുക) എന്നുള്ളതാണ്. ദേഹത്തിലോ, മാനത്തിലോ, സ്വത്തിലോ, അവകാശത്തിലോ ഒന്നുംതന്നെ യാതൊരു അനീതിയും കൈകടത്തലും വരാതെയായിരിക്കണം ഭാര്യമാരെ പിരിച്ചുവിടുന്നത്.