ഹദീഥ് 13: അനുഗ്രഹങ്ങൾ നിന്ദിക്കപ്പെടാതിരിക്കാൻ

عن أبي هريرة، قال: قال رسول الله ﷺ: "انظروا إلى من هو أسفلَ منكم ولا تنظروا إلى من هو فوقَكم ، فإنه أجدَرُ أن لا تزدَروا نعمةَ اللهِ عليكم"    

 [سنن الترمذي الصفحة أو الرقم : 2513 ]

അർഥം:
അബൂഹുറയ്റ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “നിങ്ങൾ നിങ്ങളേക്കാൾ താഴെ ഉള്ളവരിലേക്ക് നോക്കുക. നിങ്ങളേക്കാൾ മുകളിലുള്ളവരേക്ക് നോക്കരുത്.  അല്ലാഹു നിങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളെ നിന്ദിക്കാതിരിക്കാൻ ഏറ്റവും നല്ലത് അതാകുന്നു.”

വിശദീകരണം:
•    അല്ലാഹുവിൻ്റെ എണ്ണമറ്റ അനുഗ്രഹങ്ങൾ അനുഭവിക്കുന്നവരാണ് നാം. അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്യൽ നിർബന്ധമാണ്.
•    പലപ്പോഴും തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് അല്ലാഹുവിന് നന്ദി ചെയ്യുന്നതിന് പകരം തന്നെക്കാൾ ഭൗതിക സൗകര്യങ്ങൾ ലഭിച്ച ആളുകളെ നോക്കി സങ്കടപ്പെടുന്നവരെയും പരാതി പറയുന്നവരെയും കാണാം. ഇത് അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങളെ നിന്ദിക്കാൻ കാരണമാകുന്നു. 
•    തന്നെക്കാൾ ഭൗതിക സൗകര്യങ്ങൾ ഇല്ലാത്തവരെ കാണുകയും തങ്ങൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ തിരിച്ചറിയുകയും ചെയ്യുമ്പോൾ വലിയ ആശ്വാസവും മനസമാധാനവും ലഭിക്കുന്നതാണ്. അത് അല്ലാഹുവിന് കൂടുതൽ ശുക്ർ ചെയ്യാൻ കാരണമാകുന്നു.
•    അല്ലാഹു തന്ന അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കാതെ അവനോട് നന്ദികേട് കാണിച്ച് ജീവിക്കുന്ന സമൂഹം ഇഹത്തിലും പരത്തിലും നിന്ദിക്കപ്പെടുന്ന സാ ഹചര്യം ഉണ്ടാവും.
•    പാരത്രിക വിജയം നേടാൻ ആവശ്യമായ പ്രവർത്തനങ്ങളിൽ നാം നമ്മെക്കാളും നന്നായി പ്രവർത്തിക്കുന്നവരെ നോക്കിക്കാണുകയും അത്തരം പ്രവർത്തനങ്ങളിൽ അവരെക്കാൾ കൂടുതൽ ചെയ്യാനുള്ള പരിശ്രമങ്ങൾ ഉണ്ടാക്കുകയും ചെയ്യണം.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَإِن تَعُدُّوا نِعْمَةَ اللَّهِ لَا تُحْصُوهَا ۗ إِنَّ اللَّهَ لَغَفُورٌ رَّحِيمٌ [النحل : 18]

“അല്ലാഹുവിൻ്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെ ങ്കില്‍ നിങ്ങള്‍ക്കതിൻ്റെ കണക്കെടുക്കാനാവില്ല. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയും തന്നെ.”

وَضَرَبَ اللَّهُ مَثَلًا قَرْيَةً كَانَتْ آمِنَةً مُّطْمَئِنَّةً يَأْتِيهَا رِزْقُهَا رَغَدًا مِّن كُلِّ مَكَانٍ فَكَفَرَتْ بِأَنْعُمِ اللَّهِ فَأَذَاقَهَا اللَّهُ لِبَاسَ الْجُوعِ وَالْخَوْفِ بِمَا كَانُوا يَصْنَعُونَ         [النحل : 112]

“അല്ലാഹു ഒരു ഗ്രാമത്തെ ഉപമയായി എടുത്തു കാണി ക്കുകയാകുന്നു. അത് സുരക്ഷിതവും ശാന്തവുമായിരുന്നു. അതിലെ ആവശ്യത്തിനുള്ള ഭക്ഷണം എല്ലായിടത്തു നിന്നും സമൃദ്ധമായി അവിടെ എത്തിക്കൊണ്ടിരിക്കും. എന്നിട്ട് ആ ഗ്രാമം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളെ നിഷേധിച്ചു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്നത് നിമിത്തം വിശപ്പിൻ്റെയും ഭയത്തിൻ്റെയും ഉടുപ്പ് അല്ലാഹു ആ രാജ്യത്തിന് അനുഭവിക്കുമാറാക്കി”