34. سبإ (സബഅ്) ആയത്ത് 31-33

വിഭാഗം - 4

وَقَالَ ٱلَّذِينَ كَفَرُوا۟ لَن نُّؤْمِنَ بِهَـٰذَا ٱلْقُرْءَانِ وَلَا بِٱلَّذِى بَيْنَ يَدَيْهِ ۗ وَلَوْ تَرَىٰٓ إِذِ ٱلظَّـٰلِمُونَ مَوْقُوفُونَ عِندَ رَبِّهِمْ يَرْجِعُ بَعْضُهُمْ إِلَىٰ بَعْضٍ ٱلْقَوْلَ يَقُولُ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ لَوْلَآ أَنتُمْ لَكُنَّا مُؤْمِنِينَ﴿٣١﴾

وَقَالَ പറഞ്ഞു (പറയുന്നു) الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ لَن نُّؤْمِنَ ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ بِهَـٰذَا الْقُرْآنِ ഈ ഖുര്‍ആനില്‍ وَلَا بِالَّذِي യാതൊന്നിലുമില്ല بَيْنَ يَدَيْهِ അതിന്‍റെ മുമ്പിലുള്ള وَلَوْ تَرَىٰ നീ കണ്ടിരുന്നുവെങ്കില്‍, കാണുകയാണെങ്കില്‍ إِذِ الظَّالِمُونَ അക്രമികളാകുന്ന സന്ദര്‍ഭം مَوْقُوفُونَ നിറുത്തപ്പെട്ടവര്‍ عِندَ رَبِّهِمْ തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ يَرْجِعُ ആവര്‍ത്തിച്ചുകൊണ്ടു بَعْضُهُمْ അവരില്‍ ചിലര്‍ إِلَىٰ بَعْضٍ ചിലരുടെ നേരെ, ചിലരോട് الْقَوْلَ വാക്കു(സംസാരം) يَقُولُ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരെന്നു (ഗര്‍വ്വ്‌) നടിച്ചവരോടു لَوْلَا أَنتُمْ നിങ്ങളില്ലായിരുന്നുവെങ്കില്‍ لَكُنَّا ഞങ്ങള്‍ ആകുമായിരുന്നു مُؤْمِنِينَ സത്യവിശ്വാസികള്‍.

34:31അവിശ്വസിച്ചവര്‍ പറയുകയാണ്‌: "ഈ ഖുര്‍ആനിലാകട്ടെ, ഇതിന്‍റെ മുമ്പുള്ളതിലാകട്ടെ, ഞങ്ങള്‍ വിശ്വസിക്കുകയില്ലതന്നെ". (ആ) അക്രമികള്‍ - അവരില്‍ ചിലര്‍ ചിലരുടെ നേരെ വാക്ക് [സംസാരം] ആവര്‍ത്തിച്ചു(തര്‍ക്കിച്ചു) കൊണ്ട് - തങ്ങളുടെ റബ്ബിന്‍റെ അടുക്കല്‍ നിറുത്തപ്പെട്ടവരാകുന്ന സന്ദര്‍ഭം നീ കണ്ടിരുന്നുവെങ്കില്‍?! (ഹാ! അതു വല്ലാത്തൊരു കാഴ്ചയായിരിക്കും.) അതായത്: ബലഹീനരായി ഗണിക്കപ്പെട്ടിട്ടുള്ളവര്‍ വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു പറയും: "നിങ്ങളില്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ സത്യവിശ്വാസികളാകുമായിരുന്നു!".

قَالَ ٱلَّذِينَ ٱسْتَكْبَرُوا۟ لِلَّذِينَ ٱسْتُضْعِفُوٓا۟ أَنَحْنُ صَدَدْنَـٰكُمْ عَنِ ٱلْهُدَىٰ بَعْدَ إِذْ جَآءَكُم ۖ بَلْ كُنتُم مُّجْرِمِينَ﴿٣٢﴾

قَالَ പറയും الَّذِينَ اسْتَكْبَرُوا വലുപ്പം (ഗര്‍വ്വ്‌) നടിച്ചവര്‍ لِلَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവരോടു أَنَحْنُ ഞങ്ങളാണോ صَدَدْنَاكُمْ നിങ്ങളെ തടഞ്ഞു, തട്ടിത്തിരിച്ചതു عَنِ الْهُدَىٰ സന്‍മാര്‍ഗ്ഗത്തില്‍ നിന്നു, നേര്‍മ്മാര്‍ഗ്ഗം വിട്ടു بَعْدَ إِذْ جَاءَكُم അതു നിങ്ങള്‍ക്കു വന്നതിനുശേഷം بَلْ പക്ഷേ كُنتُم നിങ്ങളായിരുന്നു مُّجْرِمِينَ കുറ്റവാളികള്‍.

34:32വലിയവരെന്നു (ഗര്‍വ്വു) നടിച്ചവര്‍ ബലഹീനരായി ഗണിക്കപ്പെട്ടവരോടു പറയും: "ഞങ്ങളാണോ, നിങ്ങള്‍ക്കു സന്‍മാര്‍ഗ്ഗം വന്നെത്തിയശേഷം നിങ്ങളെ അതില്‍നിന്നു തടഞ്ഞത്?! പക്ഷേ, നിങ്ങള്‍ (സ്വയം) കുറ്റവാളികളായിരുന്നു."

وَقَالَ ٱلَّذِينَ ٱسْتُضْعِفُوا۟ لِلَّذِينَ ٱسْتَكْبَرُوا۟ بَلْ مَكْرُ ٱلَّيْلِ وَٱلنَّهَارِ إِذْ تَأْمُرُونَنَآ أَن نَّكْفُرَ بِٱللَّهِ وَنَجْعَلَ لَهُۥٓ أَندَادًۭا ۚ وَأَسَرُّوا۟ ٱلنَّدَامَةَ لَمَّا رَأَوُا۟ ٱلْعَذَابَ وَجَعَلْنَا ٱلْأَغْلَـٰلَ فِىٓ أَعْنَاقِ ٱلَّذِينَ كَفَرُوا۟ ۚ هَلْ يُجْزَوْنَ إِلَّا مَا كَانُوا۟ يَعْمَلُونَ﴿٣٣﴾

وَقَالَ പറയും الَّذِينَ اسْتُضْعِفُوا ബലഹീനരായി ഗണിക്കപ്പെട്ടവര്‍ لِلَّذِينَ اسْتَكْبَرُوا വലിയവരായി നടിച്ചവരോടു بَلْ എങ്കിലും, പക്ഷേ مَكْرُ اللَّيْلِ രാത്രിയിലെ കുതന്ത്രം وَالنَّهَارِ പകലിലെയും إِذْ تَأْمُرُونَنَا നിങ്ങള്‍ ഞങ്ങളോടു ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോള്‍ أَن نَّكْفُرَ ഞങ്ങള്‍ അവിശ്വസിക്കുവാന്‍ بِاللَّـه അല്ലാഹുവില്‍ وَنَجْعَلَ لَهُ ഞങ്ങള്‍ അവനു ആക്കുവാനും أَندَادًا സമന്‍മാരെ, തുല്യന്‍മാരെ وَأَسَرُّوا അവര്‍ സ്വകാര്യമാക്കും (മറച്ചുവെക്കും) النَّدَامَةَ ഖേദം لَمَّا رَأَوُا അവര്‍ കാണുമ്പോള്‍ الْعَذَابَ ശിക്ഷ وَجَعَلْنَا നാം ആക്കുകയും ചെയ്യും الْأَغْلَالَ ആമങ്ങളെ, വിളങ്ങുകളെ فِي أَعْنَاقِ കഴുത്തുകളില്‍ الَّذِينَ كَفَرُوا അവിശ്വസിച്ചവരുടെ هَلْ يُجْزَوْنَ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ إِلَّا مَا യാതൊന്നിനല്ലാതെ كَانُوا يَعْمَلُونَ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന.

34:33ബലഹീനരായി ഗണിക്കപ്പെട്ടവര്‍, വലിയവരെന്നു (ഗര്‍വ്വു) നടിച്ചവരോടു വീണ്ടും പറയും; "എങ്കിലും, രാവും പകലുമുള്ള (നിങ്ങളുടെ) കുതന്ത്രം! ഞങ്ങള്‍ അല്ലാഹുവില്‍ അവിശ്വസിക്കുന്നതിനും, അവനു സമന്‍മാരെ ആക്കുന്നതിനും നിങ്ങള്‍ ഞങ്ങളോട് ആജ്ഞാപിച്ചുകൊണ്ടിരുന്നപ്പോഴത്തെ (കുതന്ത്രം! അതാണ്‌ ഞങ്ങളെ തടഞ്ഞത്)". ശിക്ഷ കാണുന്ന അവസരത്തില്‍ അവര്‍ (ഇരുകൂട്ടരും) ഖേദം മറച്ചുവെക്കുന്നതാണ്. അവിശ്വസിച്ചവരുടെ കഴുത്തുകളില്‍ നാം ആമങ്ങള്‍ [വിലങ്ങുകള്‍] ഏര്‍പ്പെടുത്തുന്നതുമാണ്. അവര്‍ പ്രവര്‍ത്തിച്ചുവന്നിരുന്നതിനല്ലാതെ അവര്‍ക്കു പ്രതിഫലം കൊടുക്കപ്പെടുമോ?!

തഫ്സീർ : 31-33

ഖുര്‍ആനെയും, അതിനുമുമ്പുള്ള വേദഗ്രന്ഥങ്ങളെയും നിഷേധിക്കുകമാത്രമല്ല, ഒരിക്കലും തങ്ങളതില്‍ വിശ്വസിക്കുകയില്ലെന്നു അഹങ്കാരപൂര്‍വ്വം പ്രഖ്യാപിക്കുകയും ചെയ്യുന്ന ആ ധിക്കാരികള്‍, അല്ലാഹുവിന്‍റെ മുമ്പില്‍ ഹാജറാക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ചില രംഗങ്ങളാണ് ഈ വചനങ്ങളില്‍ കാണുന്നത്. അവരില്‍ അവിശ്വാസത്തിനും ദുര്‍മ്മാര്‍ഗ്ഗത്തിനും കൊടിപിടിച്ചും, അവയുടെ പ്രചാരണത്തിന് വേണ്ടി ഭഗീരഥപ്രയത്നങ്ങള്‍ നടത്തിയും, കുതന്ത്രങ്ങള്‍ പ്രയോഗിച്ചുകൊണ്ടിരുന്ന വലിയവരും, അവരുടെ ഇംഗിതത്തിനും താളത്തിനും വഴങ്ങിക്കൊണ്ടിരുന്ന അനുഗാമികളും പരസ്പരം ആരോപണങ്ങളും, പ്രത്യാരോപണങ്ങളും നടത്തുന്നതാണ്. പക്ഷേ, ഫലമെന്തു? ശിക്ഷയില്‍ രണ്ടുകൂട്ടരും പങ്കാളികള്‍തന്നെ.

ഒരു വിഭാഗത്തിനു മറ്റേവിഭാഗത്തെ പഴിചാരി ഒഴിവാകുവാന്‍ മാര്‍ഗ്ഗമില്ലെന്നു കാണുമ്പോള്‍ അപമാനവും നിരാശയും നിമിത്തം അവര്‍ മിണ്ടുവാന്‍ കഴിയാതെ മൌനമവലംബിക്കുന്നതിനെക്കുറിച്ചാണ് وَأَسَرُّوا النَّدَامَةَ ( അവര്‍ ഖേദം മറച്ചുവെക്കും) എന്നു പറഞ്ഞത്. ശിക്ഷ അനുഭവിക്കുമ്പോള്‍ സഹിക്കവയ്യാതെ, അവര്‍ നിലവിളിച്ച് അട്ടഹസിക്കുകയും, രക്ഷക്കപേക്ഷിച്ചുകൊണ്ടിരിക്കുകയും ചെയ്യുമെന്നു മറ്റു വചനങ്ങളില്‍ പറഞ്ഞിട്ടുള്ളതു അവരുടെ വേറെ ചില രംഗങ്ങളെ വിവരിച്ചതാകുന്നു.