33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 30

يَـٰنِسَآءَ ٱلنَّبِىِّ مَن يَأْتِ مِنكُنَّ بِفَـٰحِشَةٍۢ مُّبَيِّنَةٍۢ يُضَـٰعَفْ لَهَا ٱلْعَذَابُ ضِعْفَيْنِ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا﴿٣٠﴾

 يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) مَن ആരെങ്കിലും يَأْتِ വരുന്നതായാല്‍ مِنكُنَّ നിങ്ങളില്‍നിന്നു بِفَاحِشَةٍ വല്ല ചീത്തവൃത്തിയുംകൊണ്ടു مُّبَيِّنَةٍ വ്യക്തമായ, പ്രത്യക്ഷമായ يُضَاعَفْ ഇരട്ടിയാക്കപ്പെടും لَهَا അവള്‍ക്കു الْعَذَابُ ശിക്ഷ ضِعْفَيْنِ രണ്ടിരട്ടി وَكَانَ ذَٰلِكَ അതാകുന്നു عَلَى اللَّـهِ അല്ലാഹുവിന്‍റെ മേല്‍ يَسِيرًا നിസ്സാരമായത്.

33:30നബിയുടെ പത്നിമാരേ! നിങ്ങളില്‍ ആരെങ്കിലും വ്യക്തമായ വല്ല ചീത്ത വൃത്തിയും കൊണ്ടുവരുന്ന [പ്രവര്‍ത്തിക്കുന്ന]തായാല്‍, അവള്‍ക്കു രണ്ടിരട്ടിയായി ശിക്ഷ ഇരട്ടിപ്പിക്കപ്പെടുന്നതാണ്. അതു അല്ലാഹുവിന്‍റെ മേല്‍ നിസ്സാരമായതാകുന്നു.

തഫ്സീർ : 30-30

പ്രത്യക്ഷത്തില്‍തന്നെ ചീത്തയായി ഗണിക്കപ്പെടുന്ന എല്ലാ തെറ്റുകുറ്റങ്ങളും فَاحِشَةٍ مُّبَيِّنَةٍ (വ്യക്തമായ ചീത്തവൃത്തി)യില്‍ ഉള്‍പ്പെടുന്നു. നബി()യെ വെറുപ്പിക്കല്‍, മഹാപാപങ്ങള്‍ മുതലായവയെല്ലാം ഇതിനു ഉദാഹരണങ്ങളാകുന്നു. അടുത്ത വചനങ്ങളില്‍നിന്നു ഗ്രഹിക്കാവുന്നതുപോലെ, വഹ്-യിന്‍റെ കേന്ദ്രത്തില്‍ ജീവിച്ചു വരുന്ന അവര്‍ ഇതരസ്ത്രീകളെക്കാള്‍ പലനിലക്കും ഉന്നത പദവിയിലുള്ളവരാണ്, എന്നിരിക്കെ, മറ്റാരെപ്പോലെയും തെറ്റുകുറ്റങ്ങള്‍ വരാതിരിക്കുവാന്‍ പ്രത്യേകം ബാധ്യസ്ഥരായിരിക്കുകയും ചെയ്യുമല്ലോ അവര്‍. അല്ലാഹു അവരോടു ഈ താക്കീതു നല്‍കുവാനുള്ള കാരണം അതാണ്‌. കൂടുതല്‍ അറിവും പദവിയും ഉള്ളവര്‍ അല്ലാഹുവിന്‍റെ ശിക്ഷയെ കൂടുതല്‍ ഭയപ്പെടേണ്ടതുണ്ടെന്നു ഇതില്‍നിന്നു നമുക്കു മനസ്സിലാക്കാം.

വ്യഭിചാരത്തെ പ്രത്യേകം ഉദ്ദേശിച്ചുകൊണ്ട് فَاحِشَةٍ (ചീത്തവൃത്തി) എന്ന പദം ഉപയോഗിക്കപ്പെടാറുണ്ട്, ഇവിടെയും അതാണ്‌ ഉദ്ദേശ്യമെന്നത്രെ ചില മഹാന്‍മാരുടെ അഭിപ്രായം. പക്ഷേ, തിരുമേനി()യുടെ പത്നിമാരില്‍ നിന്നു ആ മഹാപാപം സംഭവിച്ചേക്കാന്‍ ഇടയുണ്ടെന്ന നിഗമനത്തിലല്ല ഈ താക്കീത്. ശിര്‍ക്കിനെ നിഷ്കാസനം ചെയ്‌വാനായി നിയോഗിക്കപ്പെട്ട റസൂല്‍() തിരുമേനിയോടു: നീ ശിര്‍ക്കു ചെയ്‌താല്‍ നിശ്ചയമായും നിന്‍റെ കര്‍മ്മം നിഷ്ഫലമാകുകതന്നെ ചെയ്യും’ ( لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ ) എന്നും മറ്റും അല്ലാഹു താക്കീതു ചെയ്തിരിക്കുന്നുവല്ലോ, അതുപോലെ, കാര്യത്തിന്‍റെ ഗൗരവം മറ്റുള്ളവരെ ഓര്‍മ്മിപ്പിക്കുകയാണ് ഇത്തരം താക്കീതുകളുടെ പ്രധാന ലക്ഷ്യം. ആയത്തിന്‍റെ അവസാന വാചകം നോക്കുക. എത്ര മഹാന്‍മാരായാലും ശരി, കുറ്റം ചെയ്തവര്‍ക്കു തക്ക ശിക്ഷ കൊടുക്കുന്നതില്‍ അല്ലാഹുവിനു യാതൊരു മടിയും പക്ഷഭേദവുമില്ല; സത്യത്തിനും നീതിക്കും മുമ്പില്‍ എല്ലാവരും അവന്‍റെ അടുക്കല്‍ സമന്‍മാരാണ് എന്ന് ആ വാക്യം ജനങ്ങളെ ഓര്‍മ്മിപ്പിക്കുകയാണ്.