مَّا جَعَلَ ٱللَّهُ لِرَجُلٍۢ مِّن قَلْبَيْنِ فِى جَوْفِهِۦ ۚ وَمَا جَعَلَ أَزْوَٰجَكُمُ ٱلَّـٰٓـِٔى تُظَـٰهِرُونَ مِنْهُنَّ أُمَّهَـٰتِكُمْ ۚ وَمَا جَعَلَ أَدْعِيَآءَكُمْ أَبْنَآءَكُمْ ۚ ذَٰلِكُمْ قَوْلُكُم بِأَفْوَٰهِكُمْ ۖ وَٱللَّهُ يَقُولُ ٱلْحَقَّ وَهُوَ يَهْدِى ٱلسَّبِيلَ﴿٤﴾
مَّا جَعَلَ اللَّـهُ അല്ലാഹു ആക്കിയിട്ടില്ല, ഉണ്ടാക്കിയിട്ടില്ല لِرَجُلٍ ഒരു മനുഷ്യനും, പുരുഷനും مِّن قَلْبَيْنِ രണ്ടു ഹൃദയങ്ങളെ فِي جَوْفِهِ അവന്റെ ഉള്ളില്‍ وَمَا جَعَلَ അവന് ആക്കിയിട്ടുമില്ല أَزْوَاجَكُمُ നിങ്ങളുടെ ഭാര്യമാരെ اللَّائِي യാതൊരുവരായ تُظَاهِرُونَ مِنْهُنَّ നിങ്ങളവരെ "ളിഹാര്‍" ചെയ്യുന്നു أُمَّهَاتِكُمْ നിങ്ങളുടെ ഉമ്മമാര് وَمَا جَعَلَ അവന് ആക്കിയിട്ടുമില്ല أَدْعِيَاءَكُمْ നിങ്ങളുടെ ദത്തു പുത്രന്മാരെ أَبْنَاءَكُمْ നിങ്ങളുടെ പുത്രന്മാര് ذَٰلِكُمْ അതു قَوْلُكُم നിങ്ങളുടെ വാക്കാണ്, പറയുന്നതാണ് بِأَفْوَاهِكُمْ നിങ്ങളുടെ വായകള്‍ കൊണ്ടു وَاللَّـهُ അല്ലാഹു يَقُولُ പറയുന്നു الْحَقَّ യഥാര്‍ത്ഥം, ന്യായമായതു وَهُوَ അവന് يَهْدِي കാട്ടിത്തരുകയും ചെയ്യുന്നു السَّبِيلَ മാര്‍ഗ്ഗം
33:4ഒരു മനുഷ്യനും തന്നെ അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയങ്ങളെ ഉണ്ടാക്കിയിട്ടില്ല; നിങ്ങള്‍ "ളിഹാര്‍" (എന്ന വിവാഹമോചനം) ചെയ്യുന്ന നിങ്ങളുടെ ഭാര്യമാരെ അവന് നിങ്ങളുടെ മാതാക്കളാക്കുകയും ചെയ്തിട്ടില്ല; നിങ്ങളുടെ ദത്തുപുത്രന്മാരെ അവന് നിങ്ങളുടെ പുത്രന്മാരാക്കുകയും ചെയ്തിട്ടില്ല. അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള (നിരര്ത്ഥ) വാക്കുകളത്രെ. അല്ലാഹു യഥാര്‍ത്ഥം പറയുന്നു. അവന് തന്നെ (ശരിയായ) മാര്‍ഗ്ഗം കാട്ടിത്തരുകയും ചെയ്യുന്നു.
തഫ്സീർ : 4-4
വിഷയത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് അതിനാസ്പദമായ ഒരു യാഥാര്‍ത്ഥ്യം – അഥവാ വിഷയത്തിനൊരു പീഠിക – അല്ലാഹു ഈ വചനത്തില്‍ ആദ്യമായി ചൂണ്ടിക്കാട്ടുന്നു. ‘ഏതൊരു മനുഷ്യന്നുംതന്നെ അവന്റെ ഉള്ളില്‍ അല്ലാഹു രണ്ടു ഹൃദയം ഏര്‍പ്പെടുത്തിയിട്ടില്ല’ (مَّا جَعَلَ اللَّـهُ لِرَجُلٍ مِّن قَلْبَيْنِ فِي جَوْفِهِ) എന്നുള്ളതാണത്. അപ്പോള്‍, ഒരേ കാര്യത്തില്‍ വ്യത്യസ്തമായ രണ്ടഭിപ്രായങ്ങളോ, രണ്ടു ആശയഗതികളോ, രണ്ടുതരം സമീപനമോ ഒരേ സമയത്ത് ഒരാള്‍ക്ക് ഉണ്ടായിക്കൂടാത്തതാണ്. അതുപോലെത്തന്നെ, ഒരേ വേളയില്‍ വ്യത്യസ്തങ്ങളായ രണ്ടു കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുവാനും മനുഷ്യനു സാദ്ധ്യമല്ലെന്നു വ്യക്തമാണ്. ഈ യാഥാര്‍ത്ഥ്യത്തിനു വിരുദ്ധമായി അറബികള്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന രണ്ടു സമ്പ്രദായങ്ങളെക്കുറിച്ചാണ് അല്ലാഹു തുടര്‍ന്നു പ്രസ്താവിച്ചത്. ഒരേ സ്ത്രീയില്‍ ഭാര്യത്വവും, മാതൃസ്ഥാനവും കല്പിക്കലും, ഒരേ മനുഷ്യനില്‍ പോറ്റുപുത്രന്റെ സ്ഥാനവും യഥാര്‍ത്ഥ പുത്രന്റെ സ്ഥാനവും കല്പിക്കലും. ഇതാണാ സമ്പ്രദായങ്ങള്‍.
ഒരാള്‍ക്കു തന്റെ ഭാര്യയോടു വല്ല വെറുപ്പും നേരിടുമ്പോള്‍ അവന് അവളോടു انت على كظهر امى (നീ എനിക്ക് എന്റെ മാതാവിന്റെ മുതുകുപോലെയാണ്.) എന്നുപറയും. എന്റെ മാതാവുമായി ഭാര്യാഭര്‍തൃബന്ധം നടത്തുവാന്‍ പാടില്ലാത്തതുപോലെയാണ് നിന്റെയും അവസ്ഥ എന്നു താല്പര്യം. ഇതിന് ‘ളിഹാര്‍’ (ظهار – മുതുകുപോലെയാക്കുക) എന്നു പറയപ്പെടും. ഇതോടെ അവളുമായുള്ള സമീപനം നിഷിദ്ധമായി ഗണിക്കപെടുന്നു. ഈ വാക്കുമൂലം ഒരാളുടെ ഭാര്യ അവന്റെ മാതാവാകുന്നില്ലെന്നും, അതുകൊണ്ടു ഭാര്യയെ മാതാവിനെപ്പോലെ ഗണിക്കുന്നതു പാടില്ലാത്തതാണെന്നും അല്ലാഹു ഉണര്‍ത്തുന്നു. എനി, ഒരാള്‍ ഭാര്യയോടു അങ്ങിനെ പറഞ്ഞുപോയാല്‍, അതിനു പ്രായശ്ചിത്തം ചെയ്തു മടക്കിയെടുക്കേണ്ടതുണ്ടെന്ന് സൂറത്തുല്‍ മുജാദലഃ (المجادلة)യില്‍ പ്രസ്താവിക്കുകയും ചെയ്തിരിക്കുന്നു. കൂടുതല്‍ വിവരം അവിടെവെച്ചു കാണാം. ان شاء الله
അന്യരുടെ മക്കളെ ദത്തെടുത്തു സ്വന്തം മക്കളെപ്പോലെ പോറ്റി വളര്‍ത്തുകയും, സ്വന്തം മക്കള്ക്കുള്ളതുപോലെ സ്വത്തവകാശം ഉള്‍പ്പെടെ എല്ലാ അവകാശങ്ങളും വകവെച്ചു കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായവും ഇസ്ലാമിനു മുമ്പ് അറബികളില്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ത്യയിലും ഈ സമ്പ്രദായം അപരിചിതമല്ല. ഇങ്ങിനെയുള്ള ദത്തുപുത്രനാണ് ‘ദഇയ്യ്’ (دعى) എന്നു പറയപ്പെടുന്നത്. ഇതിന്റെ ബഹുവചനമാണ് ‘അദ്ഇയാഉ് (ادعياء) ഈ ഖുര്‍ആന്‍വാക്യം അവതരിക്കുന്നതുവരെ ഞങ്ങളെല്ലാം സൈദുബ്നുഹാരിഥഃ (رضي الله عنه) യെ സൈദുബ്നു മുഹമ്മദ് എന്നല്ലാതെ വിളിക്കാറുണ്ടായിരുന്നില്ലെന്നും, ഈ ആയത്തു അവതരിപ്പിച്ചപ്പോള്‍ റസൂല്‍(ﷺ) തിരുമേനി അദ്ദേഹത്തോടു: നീ സൈദ്ബ്നു ഹാരിഥഃത്തബ്നു ശുറാഹിലാണ് (ശുറാഹിലിന്റെ മകനായ ഹാരിഥഃയുടെ മകനാണ്) എന്നു പറയുകയുണ്ടായെന്നും ഇബ്നുഉമര്‍ (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിച്ചിട്ടുണ്ട്. സൈദുബ്നുഹാരിഥഃ (رضي الله عنه) യുടെ കഥ ഇതാണ്:-
കല്‍ബു ഗോത്രക്കാരനായ സൈദ് (رضي الله عنه) ഒരു യുദ്ധത്തില്‍ ചിറപിടിക്കപ്പെട്ടു. അന്നദ്ദേഹം ചെറുപ്പമായിരുന്നു. ഹക്കീമുബ്നുഹുസാം (رضي الله عنه) തന്റെ അമ്മായിയായ ഖദീജ (رضي الله عنها) ക്കുവേണ്ടി അദ്ദേഹത്തെ വിലക്കുവാങ്ങി. റസൂല്‍ (ﷺ) തിരുമേനി ഖദീജ (رضي الله عنها) യെ വിവാഹം ചെയ്തശേഷം അവര്‍ സൈദ് (رضي الله عنه) നെ തിരുമേനി(ﷺ)ക്കു സമ്മാനിച്ചു. പിന്നീടു സൈദ് (رضي الله عنه) ന്റെ പിതാവും, പിതൃവ്യനുംകൂടി വന്ന് അദ്ദേഹത്തെ തങ്ങള്‍ക്കു വിട്ടുകൊടുപ്പാന്‍ ആവശ്യപ്പെടുകയുണ്ടായി. ഇഷ്ടംപോലെ ചെയ്തുകൊള്ളുവാന്‍ നബി(ﷺ) അദ്ദേഹത്തിന്നു സമ്മതം കൊടുത്തു. പക്ഷെ, നബി(ﷺ)യുടെ കൂടെ ജീവിക്കുവാനാണ് സൈദ് (رضي الله عنه) ഇഷ്ടപ്പെട്ടത്. അനന്തരം തിരുമേനി (ﷺ) അദ്ദേഹത്തെ അടിമത്തത്തില്‍ നിന്നു സ്വതന്ത്രനാക്കുകയും, ഒരു പോറ്റുപുത്രനായിക്കരുതുകയും ചെയ്തു. അങ്ങനെ, ജനങ്ങള്‍ അദ്ദേഹത്തെ സൈദുബ്നു മുഹമ്മദു (മുഹമ്മദിന്റെ മകന് സൈദ്) എന്നു വിളിച്ചുവന്നു. സൈദ് (رضي الله عنه) ന്റെ ഭാര്യയായിരുന്ന സൈനബ് (رضي الله عنها) വിവാഹമോചനം ചെയ്യപ്പെടുകയും, അനന്തരം നബി(ﷺ) അവരെ വിവാഹം ചെയ്യുകയുമുണ്ടായി. ഈ സംഭവം താഴെ വിവരിക്കുന്നുണ്ട്. ഇതിനെത്തുടര്‍ന്ന് ‘മകന്റെ ഭാര്യയെ വിവാഹം ചെയ്വാന് പാടില്ലെന്നു മുഹമ്മദു പറയുന്നു, അവന്റെ മകന്റെ ഭാര്യയെ അവന് വിവാഹം കഴിക്കുകയും ചെയ്തിരിക്കുന്നു’. എന്നു ജനസംസാരമായി. ഈ സന്ദര്‍ഭത്തിലാണ് ഈ ആയത്ത് അവതരിക്കുന്നത്. പോറ്റുമക്കള്‍ക്കു യഥാര്‍ത്ഥ മക്കളുടെ നിയമം ബാധകമല്ലെന്നത്രെ അതു പ്രഖ്യാപിക്കുന്നത്. പോറ്റുമക്കളെ സ്വീകരിക്കുന്നതിനെയും, അവരെ മക്കളെപ്പോലെ സ്നേഹിച്ചു വളര്‍ത്തുന്നതിനെയും ഈ വചനം നിരോധിക്കുന്നില്ലതാനും.
വാക്കുകള്‍കൊണ്ടു യാഥാര്‍ത്ഥ്യം മാറിപ്പോകുകയില്ലല്ലോ. എന്നിരിക്കെ ‘നീ എന്റെ മാതാവിനെപ്പോലെയാണ്’ എന്നു ഒരാള്‍ ഭാര്യയോടു പറയുമ്പോഴേക്കും അവളെങ്ങിനെ മാതാവായിത്തീരും? അഥവാ മാതാവിന്റെ നിയമം അവള്‍ക്കെങ്ങിനെ ബാധകമാകും?! അതുപോലെത്തന്നെ ദത്തുമക്കളെക്കുറിച്ചു മക്കളെന്നു പറയുമ്പോഴേക്കും അവരെങ്ങിനെ യഥാര്‍ത്ഥ മക്കളായിത്തീരും?! വാദംകൊണ്ടോ വാചകംകൊണ്ടോ യഥാര്‍ത്ഥമായ കുടുംബബന്ധം സ്ഥാപിതമാകുകയില്ലല്ലോ. ذَٰلِكُمْ قَوْلُكُم بِأَفْوَاهِكُمْ (അതൊക്കെ നിങ്ങളുടെ വായകൊണ്ടുള്ള വാക്കുകളാണ്) എന്ന വാക്യം ചൂണ്ടിക്കാട്ടുന്നതു ഈ വസ്തുതയാകുന്നു. പോറ്റുമക്കളെപ്പറ്റി അല്ലാഹു തുടര്‍ന്നുപറയുന്നു:-