ഹദീഥ് 23: അമാനത്തിൻ്റെ ഗൗരവം

عَنْ أَنَسِ بْنِ مَالِكٍ ، قَالَ : مَا خَطَبَنَا نَبِيُّ اللَّهِ ﷺ، إِلَّا قَالَ : " لَا إِيمَانَ لِمَنْ لَا أَمَانَةَ لَهُ، وَلَا دِينَ لِمَنْ لَا عَهْدَ لَهُ " (أحمد : 12383 ، حسنه الألباني)

അർഥം:
അനസ് ബിൻ മാലിക് (റ) നിന്നും നിവേദനം, അദ്ദേഹം പറഞ്ഞു : ഇപ്രകാരം പറഞ്ഞുകൊണ്ടല്ലാതെ നബി ﷺ ഒരു ഖുതുബയും നടത്തിയിട്ടില്ല : “അമാനത്  ഇല്ലാത്തവന് ഈമാൻ ഇല്ല, കരാർ ഇല്ലാത്തവന് ദീനും ഇല്ല”

വിശദീകരണം
•    അമാനത്തിൻ്റെ ഗൗരവമാണ് ഈ ഹദീഥിലൂടെ പഠിപ്പിക്കപ്പെടുന്നത്.
•    ഭൗതിക താൽപര്യങ്ങളോ ലാഭങ്ങളോ പ്രതീക്ഷിക്കാതെ ഒരാൾ സ്വയം ഏറ്റടുക്കുകയോ ഏൽപ്പിക്കപ്പെടുകയോ ചെയ്യുന്ന ഉത്തരവാദിത്വങ്ങളാണ് അമാനത്തുകൾ.
•    അല്ലാഹുവിൻ്റെ അടുക്കൽ വിജയിക്കുന്ന വിശ്വാസികളുടെ വിശേഷണമാണ് അമാനത്ത് മുറപ്രകാരം നിർവഹിക്കൽ.
•    അമാനത്തുകൾ മുറപ്രകാരം നടപ്പിലാക്കാത്തവർ വലിയ  അക്രമികളാണ്.
•    അമാനത്ത് നഷ്ടപ്പെടുക എന്നത് അന്ത്യനാളിൻ്റെ അടയാളമാണ്.
•    അമാനത്തിൽ വീഴ്ച വെരുത്തൽ ആക്ഷേപാർഹമായ കാര്യമാണ്.
•    ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുന്ന ഘട്ടത്തിൽ അർഹരെയാണ് ഏൽപ്പിക്കുന്നതെന്ന് ഉറപ്പ് വരുത്തണം.
•    ഉത്തരവാദിത്വ നിർവഹണത്തിന് യോഗ്യതയുള്ളവർ നിസാര കാര്യങ്ങൾ പറഞ്ഞ് അതിൽ നിന്നും വിട്ടു നിന്ന് അനർഹരിലേക്ക് അത്തരം കാര്യങ്ങൾ ഏൽപ്പിക്കപ്പെടുമ്പോൾ സംഭവിക്കുന്നത് മഹാ അപകടങ്ങളാണെന്ന് തിരിച്ചറിയണം.
•    അവസാന കാലത്ത് അനർഹർ കൈകാര്യകർത്താക്കളായി കടന്നുവരികയും ഉത്തരവാദിത്വ ലംഘനങ്ങൾ നടത്തൽ പതിവാകുകയും ചെയ്യും.
•    ഉത്തരവാദിത്വ ലംഘനം കപടന്മാരുടെ ലക്ഷണമാണ്.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَالَّذِينَ هُمْ لِأَمَانَاتِهِمْ وَعَهْدِهِمْ رَاعُونَ [المؤمنون : 8 & المعارج : 32]

“തങ്ങളെ വിശ്വസിച്ചേല്‍പിച്ച കാര്യങ്ങളും തങ്ങളുടെ ഉടമ്പടികളും പാലിച്ചു പോരുന്നവരും,”

إِنَّا عَرَضْنَا الْأَمَانَةَ عَلَى السَّمَاوَاتِ وَالْأَرْضِ وَالْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا الْإِنسَانُ ۖ إِنَّهُ كَانَ ظَلُومًا جَهُولًا [الأحزاب : 72]

“തീര്‍ച്ചയായും നാം ആ വിശ്വസ്ത ദൌത്യം (ഉത്തരവാദിത്തം) ആകാശങ്ങളുടെയും ഭൂമിയുടെയും പര്‍വ്വതങ്ങളുടെയും മുമ്പാകെ എടുത്തുകാട്ടുകയുണ്ടായി. എന്നാല്‍ അത് ഏറ്റെടുക്കുന്നതിന് അവ വിസമ്മതിക്കുകയും അതിനെപ്പറ്റി അവയ്ക്ക് പേടി തോന്നുകയും ചെയ്തു. മനുഷ്യന്‍ അത് ഏറ്റെടുത്തു. തീര്‍ച്ചയായും അവന്‍ കടുത്ത അക്രമിയും അവിവേകിയുമായിരിക്കുന്നു.”