വിഭാഗം - 9
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَكُونُوا۟ كَٱلَّذِينَ ءَاذَوْا۟ مُوسَىٰ فَبَرَّأَهُ ٱللَّهُ مِمَّا قَالُوا۟ ۚ وَكَانَ عِندَ ٱللَّهِ وَجِيهًۭا﴿٦٩﴾
33:69ഹേ, വിശ്വസിച്ചവരേ, നിങ്ങള്‍ യാതൊരു കൂട്ടരെ പോലെ ആവരുത്: അവര്‍ മൂസായെ ശല്യപ്പെടുത്തുകയും, എന്നിട്ടു അവര്‍ പറഞ്ഞതില്‍നിന്നു അല്ലാഹു അദ്ദേഹത്തെ ഒഴിവാ(ക്കി നിരപരാധിത്വം തെളിയി)ക്കുകയും ചെയ്തു. അദ്ദേഹം അല്ലാഹുവിന്റെ അടുക്കല്‍ പ്രമുഖനായ ഒരാളുമായിരുന്നു.
തഫ്സീർ : 69-69
57, 58 എന്നീ ആയത്തുകളുടെ വിവരണത്തില്‍നിന്ന് ‘ശല്യപ്പെടുത്തുക’ എന്നതിന്റെ വിവിധ രൂപങ്ങള്‍ നാം മനസ്സിലാക്കിയല്ലോ. മൂസാ(عليه السلام) നബിക്കു അദ്ദേഹത്തിന്റെ സമുദായത്തില്‍നിന്ന് അനുഭവപ്പെട്ട ശല്യങ്ങള് നിരവധിയാണെന്നു പറയേണ്ടതില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വത്തെ നിഷേധിച്ചിരുന്ന പ്രത്യക്ഷ ശത്രുവിഭാഗക്കാരില്‍നിന്നു മാത്രമല്ല. അദ്ദേഹത്തിന്റെ സ്വന്തം ജനതയായ ഇസ്രാഈല്യരില്നിന്നുപോലും ധാരാളം ശല്യങ്ങള് അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നിരുന്നു. അവയില്‍ ഏതെങ്കിലും ചില വിഷയങ്ങളെക്കുറിച്ചു ഇവിടെ പ്രത്യേകം സൂചനകളൊന്നും അല്ലാഹു നല്‍കിയിട്ടില്ല. എന്നിരിക്കെ, ഇവിടെ അവ മൊത്തത്തില്‍ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നുവെന്നു കരുതേണ്ടിയിരിക്കുന്നു. ഖുര്‍ആനിലും, ഹദീസിലും, മഹാന്മാരുടെ ഗ്രന്ഥങ്ങളിലും കാണപ്പെടുന്ന പല സംഭവങ്ങളും ഇവിടെ അതിനു ഉദാഹരണമായി എടുക്കാവുന്നതുമാകുന്നു.
ശത്രുക്കളുമായി യുദ്ധം നടത്തേണ്ടുന്ന ഘട്ടം വന്നപ്പോള്‍ ഇസ്രാഈല്യര് മൂസാ(عليه السلام) നബിയോടു പറഞ്ഞു: ‘നീയും, നിന്റെ റബ്ബും പോയി യുദ്ധംചെയ്തുകൊള്ളുക. ഞങ്ങളിവിടെ ഇരിക്കുകയാണ്,’ -5:24.(فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ : سورة المائدة : ٢٤). ‘തീഹു’ മരുഭൂമിയില്‍വെച്ച് ‘മന്നാ’യും ‘സല്‍വാ’യും (ഒരു തരം കട്ടിത്തേനും, കാടപ്പക്ഷിയും) സുഭിക്ഷം ലഭിച്ചുകൊണ്ടിരുന്ന അവസരത്തില്‍ അവര്‍ പറഞ്ഞു: ‘നിശ്ചയമായും ഞങ്ങള്‍ ഒരേ ഭക്ഷണത്തിന്മേല് ക്ഷമിച്ചുകൊണ്ടിരിക്കുകയില്ല’ 2:61:- (لَن نَّصْبِرَ عَلَىٰ طَعَامٍ وَاحِدٍ: سورة البقرة : ٦١). മറ്റൊരവസരത്തില്‍ അവര്‍ ശഠിച്ചു: ‘ഞങ്ങള്‍ അല്ലാഹുവിനെ പരസ്യമായിക്കാണുവോളം നിന്നെ ഞങ്ങള്‍ വിശ്വസിക്കുകയില്ല.’2:55:- (لَن نُّؤْمِنَ لَكَ حَتَّىٰ نَرَى اللَّـهَ جَهْرَةً : سورة البقرة: ٥٥). മൂസാനബി(عليه السلام) തൗറാത്തു ഏറ്റുവാങ്ങുവാന്‍വേണ്ടി സീനാപര്‍വ്വതത്തില്‍ പോയി വന്നപ്പോഴേക്കും അവര്‍ പശുക്കുട്ടിയെ ദൈവമാക്കി ആരാധിച്ച സംഭവം പ്രസിദ്ധമാണ്. ഇങ്ങിനെ പലതും.
മൂസാ(عليه السلام) വളരെ ലജ്ജാശീലനായിരുന്നുവെന്നും, അതിനാല്‍ ശരീരത്തിന്റെ അല്പഭാഗം വെളിവാകുന്നതില്‍ അദ്ദേഹം വളരെ സങ്കോചപ്പെട്ടിരുന്നുവെന്നും, അദ്ദേഹത്തിനു വെള്ളപ്പാണ്ഡോ മറ്റോ ഉള്ളതുകൊണ്ടാണതെന്നു ജനങ്ങള്‍ പറഞ്ഞുപരത്തുകയുണ്ടായെന്നും, അദ്ദേഹം ഏകനായി കുളിക്കുവാന്‍വേണ്ടി വസ്ത്രങ്ങള്‍ അഴിച്ചുവെച്ച ഒരവസരത്തില്‍ ആ പ്രസ്താവന ശരിയല്ലെന്നു ജനങ്ങളെ ബോധ്യപ്പെടുത്തുവാന്‍ അല്ലാഹു ഒരു അവസരം ഉണ്ടാക്കിയെന്നും നബി(ﷺ) പ്രസ്താവിച്ചിരിക്കുന്നു. തുടര്‍ന്നുകൊണ്ട് ഈ ഖുര്‍ആന്‍വചനം തിരുമേനി(ﷺ) ഓതുകയും ചെയ്തു. (അഹ്മദു, ബുഖാരീ (رحمه الله) മുതലായവര്‍ ഇതു ഉദ്ധരിച്ചിരിക്കുന്നു). ഹാറൂന്‍ നബി(عليه السلام)യെ കാണാതായ ഒരവസരത്തില്‍ മൂസാ(عليه السلام) അദ്ദേഹത്തെ കൊലപ്പെടുത്തിയിരിക്കുന്നു എന്നും മറ്റുമുള്ള വേറെ ആരോപണങ്ങളും അദ്ദേഹത്തിന്റെപേരില്‍ നടത്തപ്പെട്ടതായി ചില രിവായാത്തുകള് കാണാം.
ഇങ്ങിനെയുള്ള യാതൊരു ശല്യങ്ങളും നബി(ﷺ) തിരുമേനിക്കു സത്യവിശ്വാസികളില്‍നിന്നു ഉണ്ടാകരുതെന്നും, അങ്ങിനെ വല്ലതും ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അതിന്റെ ഫലം അവര്‍ അനുഭവിക്കേണ്ടി വരുമെന്നല്ലാതെ നബി(ﷺ)ക്കു അതുകൊണ്ടു ദോഷമൊന്നും പിണയുവാനില്ലെന്നും, അല്ലാഹു തിരുമേനി(ﷺ)യുടെ നിരപരാധിത്വം തെളിയിക്കുകതന്നെ ചെയ്യുമെന്നും സത്യവിശ്വാസികളെ അല്ലാഹു ഇതുമൂലം താക്കീത് ചെയ്യുന്നു. നബി(ﷺ) ജനങ്ങള്‍ക്കിടയില്‍ പൊതുസ്വത്തുക്കള്‍ ഭാഗിച്ചുകൊടുത്തുകൊണ്ടിരിക്കെ ഒരാള്‍ പറയുകയുണ്ടായി: ‘അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചിട്ടില്ലാത്ത ഒരു ഓഹരി ചെയ്യലാണിത്.’ ഇതുകേട്ടപ്പോള്‍ തിരുമേനി(ﷺ)യുടെ മുഖം ചുവന്നു. അവിടുന്നു പറഞ്ഞു: ‘അല്ലാഹുവിന്റെ കാരുണ്യം മൂസാനബിയിലുണ്ടാകട്ടെ! ഇതിനെക്കാള്‍ വലിയ തോതില്‍ അദ്ദേഹത്തിനു ശല്യം ബാധിക്കുകയുണ്ടായിട്ടുണ്ട്. എന്നിട്ടും അദ്ദേഹം അതു ക്ഷമിച്ചു.’ (رحمة الله على موسى لقد اوذى بأكثر من هذا فصبر – متفق عليه)