34. سبإ (സബഅ്) ആയത്ത് 22-23

വിഭാഗം - 3

قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍۢ وَمَا لَهُۥ مِنْهُم مِّن ظَهِيرٍۢ﴿٢٢﴾

قُلِ പറയുക ادْعُوا നിങ്ങള്‍ വിളിക്കുവിന്‍ الَّذِينَ زَعَمْتُم നിങ്ങള്‍ ജല്പിക്കുന്നവരെ مِّن دُونِ اللَّـهِ അല്ലാഹുവിനു പുറമെ لَا يَمْلِكُونَ അവര്‍ അധീനമാക്കുന്നില്ല (ശക്തരല്ല) مِثْقَالَ ذَرَّةٍ ഒരു അണുത്തൂക്കം فِي السَّمَاوَاتِ ആകാശങ്ങളില്‍ وَلَا فِي الْأَرْضِ ഭൂമിയിലുമില്ല وَمَا لَهُمْ അവര്‍ക്കു ഇല്ലതാനും فِيهِمَا അവ രണ്ടിലും مِن شِرْكٍ ഒരു പങ്കും وَمَا لَهُ അവന്നില്ല مِنْهُم അവരില്‍നിന്നു مِّن ظَهِيرٍ ഒരു പിന്‍തുണക്കാരനും

34:22(നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ആരാധ്യരായി) ജല്പിക്കുന്നവരെ നിങ്ങള്‍ വിളിച്ചു (പ്രാര്‍ത്ഥിച്ചു) കൊള്ളുക; ആകാശങ്ങളിലാകട്ടെ, ഭൂമിയിലാകട്ടെ, ഒരു അണുതൂക്കവും അവര്‍ അധീനമാക്കുന്നില്ല; അവ രണ്ടിലും അവര്‍ക്കു യാതൊരു പങ്കും ഇല്ല; അവരില്‍നിന്നു അവനു് [അല്ലാഹുവിനു] യാതൊരു പിന്‍തുണക്കാരനും ഇല്ല.

وَلَا تَنفَعُ ٱلشَّفَـٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ﴿٢٣﴾

وَلَا تَنفَعُ ഫലം ചെയ്കയുമില്ല الشَّفَاعَةُ ശുപാര്‍ശ عِندَهُ അവന്‍റെ അടുക്കല്‍ إِلَّا لِمَنْ ഒരുവന്നല്ലാതെ أَذِنَ لَهُ അവനു അവന്‍ സമ്മതം നല്‍കി حَتَّىٰ إِذَا فُزِّعَ അങ്ങനെ പരിഭ്രമം നീക്കപ്പെട്ടാല്‍ (നീങ്ങിയാല്‍) عَن قُلُوبِهِمْ അവരുടെ ഹൃദയങ്ങളില്‍നിന്നു قَالُوا അവര്‍ പറയും مَاذَا قَالَ എന്തുപറഞ്ഞു رَبُّكُمْ നിങ്ങളുടെ റബ്ബ് قَالُوا അവര്‍ പറയും الْحَقَّ ന്യായം (വേണ്ടപ്പെട്ടതു) തന്നെ وَهُوَ അവന്‍, അവനത്രെ الْعَلِيُّ ഉന്നതന്‍ الْكَبِيرُ വലിയവന്‍, മഹാന്‍.

34:23അവന്‍ സമ്മതം നല്‍കിയവര്‍ക്കല്ലാതെ അവന്‍റെ അടുക്കല്‍ ശുപാര്‍ശ ഫലപ്പെടുന്നതുമല്ല. അങ്ങനെ, അവരുടെ ഹൃദയങ്ങളില്‍ നിന്ന് പരിഭ്രമം നീങ്ങുമ്പോള്‍ അവര്‍ (തമ്മില്‍) പറയും: "നിങ്ങളുടെ റബ്ബ് എന്താണ് പറഞ്ഞത്!" അവര്‍ (മറുപടി) പറയും: "ന്യായമായുള്ളതുതന്നെ. അവന്‍ വലിയ (മഹാനായ) ഉന്നതനത്രെ!"

തഫ്സീർ : 22-23

ആകാശഭൂമികളുടെ സൃഷ്ടാവ് അല്ലാഹുവാണെങ്കിലും അവയിലെ കൈകാര്യങ്ങള്‍ നടത്തുന്നതു ചില മഹാത്മാക്കളാണെന്നു ചിലര്‍; ഭൂമിയിലെ ചില വസ്തുക്കളെ സൃഷ്ടിച്ചിരിക്കുന്നതു അല്ലാഹു അല്ലാത്ത ഏതോ ചില അദൃശ്യശക്തികളാണെന്നു ചിലര്‍; ജനനം, മരണം, സുഖം, ദുഃഖം ആദിയായവ ഏര്‍പ്പെടുത്തുന്നതില്‍ ചില ദേവീദേവന്മാര്‍ക്കും മഹാത്മാക്കള്‍ക്കും പങ്കുണ്ടെന്നു മറ്റു ചിലര്‍; എല്ലാം അല്ലാഹുവിന്‍റെ അധികാരാതിര്‍ത്തിയില്‍ ഉള്‍ക്കൊണ്ടതാണെങ്കിലും അവന്‍റെ മുമ്പില്‍ ശുപാര്‍ശ നടത്തി ഉദ്ദേശ്യം സാധിപ്പിക്കുവാന്‍ മഹാത്മാക്കള്‍ക്കും, ആരാധ്യവസ്തുക്കള്‍ക്കും കഴിയുമെന്നു വേറെ ചിലര്‍; ഇങ്ങിനെ പലതരത്തിലുള്ള വിശ്വാസവും വാദവും പുലര്‍ത്തിക്കൊണ്ടിരിക്കുന്നവരെ ശിര്‍ക്കിന്‍റെ ആള്‍ക്കാരില്‍ കാണാം. ഇവര്‍ക്കെല്ലാമുള്ള ഖണ്ഡനം ഈ വചനങ്ങളില്‍ അടങ്ങിയിരിക്കുന്നു.

 വലിയവരുടെ മുമ്പില്‍ ശുപാര്‍ശയും, സ്വാധീനവും ചെലുത്തി ഐഹിക കാര്യങ്ങള്‍ സാധിപ്പിക്കുന്നതുപോലെ അല്ലാഹുവിങ്കല്‍ സാധ്യമല്ല. അവന്‍ ആര്‍ക്കു സമ്മതം നല്‍കിയോ, ആര്‍ക്കുവേണ്ടി സമ്മതം നല്‍കിയോ, അവര്‍ക്കു മാത്രമേ ശുപാര്‍ശ ചെയ്‌വാനും, ചെയ്യപ്പെടുവാനും സാധ്യമാകൂ. അവിശ്വാസികള്‍ക്കു അല്ലാഹുവിന്‍റെ മുമ്പില്‍ ഏതെങ്കിലും പ്രകാരത്തിലുള്ള ശുപാര്‍ശക്കോ, പ്രതീക്ഷക്കോ, അവകാശമില്ലെന്നു വ്യക്തമാണ്. എന്നിരിക്കെ, ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ സത്യവിശ്വാസികളും, ശുപാര്‍ശക്കാര്‍, മലക്കുകള്‍, നബിമാര്‍ മുതലായവരുമായിരിക്കുമല്ലോ. ആരായാലുംശരി, പ്രത്യേകം അനുമതി കിട്ടിയല്ലാതെ അല്ലാഹുവിന്‍റെ മുമ്പില്‍ സംസാരിക്കുവാന്‍പോലും അവര്‍ ശക്തരല്ലതാനും. അല്ലാഹു പറയുന്നു:

 (١): يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا ۖ لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرَّحْمَـٰنُ وَقَالَ صَوَابًا :سورة النبإ

(٢): وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّـهُ لِمَن يَشَاءُ وَيَرْضَىٰ:سورة النجم

(٣):وَلَا يَشْفَعُونَ إِلَّا لِمَنِ ارْتَضَىٰ : سورة الأنبياء

 (സാരം: 1. ‘റൂഹുംമലക്കുകളും അണിയായി നില്‍ക്കുന്ന ആ ദിവസം, പരമകാരുണികന്‍ ആര്‍ക്കു സമ്മതം നല്‍കുകയും, താന്‍ നേരായതു പറയുകയും ചെയ്തിരിക്കുന്നുവോ അവനല്ലാതെ സംസാരിക്കുകയില്ല. (സൂ: നബഉ്).

2. ആകാശത്തില്‍ എത്രയോ മലക്കുകളുണ്ട് അല്ലാഹു ഉദ്ദേശിക്കുകയും തൃപ്തിപ്പെടുകയും ചെയ്യുന്നവര്‍ക്കുവേണ്ടി അവന്‍ സമ്മതം കൊടുക്കുന്നതിനുശേഷമല്ലാതെ അവരുടെ ശുപാര്‍ശ ഒട്ടും ഫലപ്പെടുകയില്ല. (സൂ: അന്നജ്മു).

3. അവന്‍ അല്ലാഹു തൃപ്തിപ്പെട്ടവര്‍ക്കല്ലാതെ അവര്‍ മലക്കുകള്‍ ശുപാര്‍ശ ചെയ്കയില്ല. (സൂ: അമ്പിയാഉ്).

 ശുപാര്‍ശയുടെ ഹദീസു’ (حديث الشفاعة) എന്നപേരില്‍ പ്രസിദ്ധമായതും, ബുഖാരി, മുസ്‌ലിം (رحمه الله) തുടങ്ങിയ മഹാന്മാരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളതുമായ ഹദീസില്‍ മഹ്ശറില്‍ വെച്ച് നടക്കുന്ന ഏറ്റവും വമ്പിച്ച ശുപാര്‍ശ ഏതാണെന്നു വിവരിച്ചിരിക്കുന്നു. അതിന്‍റെ ചുരുക്കം ഇതാണ്: ജനങ്ങളെല്ലാം താങ്ങാന്‍വയ്യാത്ത വ്യസനത്തിലും ഭയത്തിലുമായിരിക്കെ അവര്‍ ആദം (عليه السلام) നബിയുടെയും, പിന്നീടു നൂഹ് (عليه السلام) നബി, ഇബ്രാഹീം (عليه السلام) നബി മുതലായ നബിമാരുടെയും അടുക്കല്‍ചെന്ന് തങ്ങളുടെ കാര്യത്തില്‍ വിചാരണ നടത്തി തീരുമാനമെടുക്കുവാന്‍ അല്ലാഹുവിങ്കല്‍ ശുപാര്‍ശ ചെയ്യണമെന്നപേക്ഷിക്കും. ഓരോരുത്തരും ഓരോ കാരണം പറഞ്ഞ് താന്‍ അതിനര്‍ഹനല്ലെന്നു മറുപടികൊടുക്കും. അവസാനം അവര്‍ മുഹമ്മദു നബി () തിരുമേനിയുടെ അടുക്കല്‍ ചെന്നപേക്ഷിക്കും, തിരുമേനി () അല്ലാഹുവിനു സുജൂദായിവീഴുകയും, ചില പ്രത്യേക സ്തോത്രകീര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യും. അല്ലാഹുവില്‍നിന്നു ഇങ്ങിനെ ഉത്തരവു ലഭിക്കും: തല ഉയര്‍ത്തുക, മുഹമ്മദേ! പറയൂ, കേള്‍ക്കാം! ചോദിക്കൂ, തരാം! ശുപാര്‍ശ ചെയ്തുകൊള്ളുക, ശുപാര്‍ശ സ്വീകരിക്കാം!’. (ارفع رأسك يا محمد وقل تسمع وسل تعطه واشفع تشفعمختصرا من المتفق عليه)

വര്‍ണ്ണിക്കുവാന്‍ അസാധ്യമായ ആ ഗൗരവഘട്ടത്തില്‍, അല്ലാഹുവിന്‍റെ കാരുണ്യം സത്യവിശ്വാസികളില്‍ വര്‍ഷിക്കുന്നു. ഭയവിഹ്വലതയും, പരിഭ്രമവും അവരുടെ ഹൃദയങ്ങളില്‍നിന്നു നീങ്ങുകയും ചെയുന്നു. ദീര്‍ഘമായ പരിഭ്രമത്തിനുശേഷം ലഭിച്ച ആ ആശ്വാസവാര്‍ത്തയെക്കുറിച്ചു അവര്‍ അന്യോന്യം ചോദിക്കുകയാണ്: റബ്ബ് എന്തുപറഞ്ഞു?’ (مَاذَا قَالَ رَبُّكُمْ) ഇങ്ങിനെ മറുപടി ലഭിക്കും: ന്യായമായതുതന്നെ! അല്ലാഹു അത്യുന്നതനാണ്, അതിമഹാനാണ്.’ (الْحَقَّ وَهُوَ الْعَلِيُّ الْكَبِيرُ) എന്ന്.