قَدْ يَعْلَمُ ٱللَّهُ ٱلْمُعَوِّقِينَ مِنكُمْ وَٱلْقَآئِلِينَ لِإِخْوَٰنِهِمْ هَلُمَّ إِلَيْنَا ۖ وَلَا يَأْتُونَ ٱلْبَأْسَ إِلَّا قَلِيلًا﴿١٨﴾
33:18നിങ്ങളില്‍നിന്നുള്ള പിന്‍തിരിപ്പന്‍മാരെ [ലക്ഷ്യം മുടക്കുന്നവരെ]യും, "ഞങ്ങളുടെ അടുക്കലേക്കു വരൂ" എന്നു തങ്ങളുടെ സഹോദരന്‍മാരോടു പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. അവര്‍ അല്പമായിട്ടല്ലാതെ പടക്കു വരുകയും ചെയ്യുന്നതല്ല;
أَشِحَّةً عَلَيْكُمْ ۖ فَإِذَا جَآءَ ٱلْخَوْفُ رَأَيْتَهُمْ يَنظُرُونَ إِلَيْكَ تَدُورُ أَعْيُنُهُمْ كَٱلَّذِى يُغْشَىٰ عَلَيْهِ مِنَ ٱلْمَوْتِ ۖ فَإِذَا ذَهَبَ ٱلْخَوْفُ سَلَقُوكُم بِأَلْسِنَةٍ حِدَادٍ أَشِحَّةً عَلَى ٱلْخَيْرِ ۚ أُو۟لَـٰٓئِكَ لَمْ يُؤْمِنُوا۟ فَأَحْبَطَ ٱللَّهُ أَعْمَـٰلَهُمْ ۚ وَكَانَ ذَٰلِكَ عَلَى ٱللَّهِ يَسِيرًۭا﴿١٩﴾
33:19(അതുംതന്നെ) നിങ്ങളില്‍ പിശുക്കന്‍മാരായും കൊണ്ട്! എന്നിട്ട് (യുദ്ധ)ഭയം വന്നെത്തിയാല്‍, അവര്‍ നിന്‍റെ അടുക്കലേക്കു നോക്കുന്നതായി നിനക്കു കാണാം; മരണം നിമിത്തം ബോധക്ഷയം ബാധിക്കുന്നവനെപ്പോലെ, അവരുടെ കണ്ണുകള്‍ ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കും. അങ്ങനെ, (യുദ്ധ)ഭയം പോയിക്കഴിഞ്ഞാല്‍ അവര്‍, മൂര്‍ച്ചയേറിയ നാവുകളാല്‍ നിങ്ങളെ സ്വൈരം കെടുത്തുകയും ചെയ്യും; നന്മയില്‍ (ദുര്‍മ്മോഹം പൂണ്ട) പിശുക്കന്‍മാരായുംകൊണ്ടു! അക്കൂട്ടര്‍ (വാസ്തവത്തില്‍) വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മ്മങ്ങളെ നിഷ്ഫലമാക്കിയിരിക്കുന്നു. അതു അല്ലാഹുവിന്‍റെമേല്‍ ഒരു നിസ്സാരകാര്യമാകുന്നു.
തഫ്സീർ : 18-19
കപടവിശ്വാസികളുടെ മറ്റു ചില സ്വഭാവങ്ങളാണിത്. അവര്‍ തങ്ങളെപ്പോലെ മറ്റുള്ളവരെയും യുദ്ധത്തില്‍ നിന്നു പിന്‍തിരിപ്പിക്കുവാൻ ശ്രമിക്കുകയും, പ്രചാരണം നടത്തുകയും ചെയ്തുവന്നു. യുദ്ധത്തില്‍ അവര്‍ പങ്കെടുക്കുന്നുവെങ്കില്‍തന്നെ, അതു കേവലം നാമമാത്രമായിരിക്കും, മുസ്ലിംകളെ സഹായിക്കുന്നതിലും അവരുമായി സഹകരിക്കുന്നതിലും ലവലേശം സന്നദ്ധത കാണിക്കാത്തവണ്ണം കടുത്ത പിശുക്കന്‍മാരാണവര്‍. അതേ സമയത്തു തനി ഭീരുക്കളും! യുദ്ധഭീതി വന്നുകഴിഞ്ഞാല്‍ അന്ധാളിച്ചു തുറിച്ചുനോക്കുകയും, മരണവേളയിലെന്നപോലെ പരിഭ്രമിച്ചു കണ്ണുരുട്ടുകയും ചെയ്യും. യുദ്ധഭീതി അവസാനിച്ചുകഴിഞ്ഞാലോ? സത്യവിശ്വാസികളുടെ നേരെ കടുത്തതും ഉരത്തതുമായ ശരവര്‍ഷങ്ങള്‍ നടത്തുകയായി. യുദ്ധാനന്തരം ലഭിച്ചേക്കുന്ന (‘ഗനീമത്തു’ മുതലായ) നേട്ടങ്ങള്‍ കാണുമ്പോള്‍ അതിനു ആര്‍ത്തിയും ദുര്‍മ്മോഹവും പ്രകടമാക്കുകയും ചെയ്യും. ബാഹ്യത്തില്‍ മുസ്‌ലിംകളാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവരെ വിശ്വാസം തീണ്ടിയിട്ടില്ല എന്നതാണ് ഇതിനെല്ലാം കാരണം. വിശ്വാസം കൂടാതെയുള്ള പ്രവര്‍ത്തനങ്ങളാകട്ടെ, അല്ലാഹുവിങ്കല്‍ സ്വീകാര്യവുമല്ല.