32. السجدة (അസ്സജദഃ) ആയത്ത് 28-29

 وَيَقُولُونَ مَتَىٰ هَـٰذَا ٱلْفَتْحُ إِن كُنتُمْ صَـٰدِقِينَ﴿٢٨﴾

وَيَقُولُونَ അവര്‍ പറയുന്നു مَتَىٰ എപ്പോഴാണ് هَـٰذَا الْفَتْحُ ഈ തുറവി (വിജയം, തീരുമാനം) إِن كُنتُمْ നിങ്ങളാണെങ്കില്‍ صَادِقِينَ സത്യവാന്‍മാര്‍

32:28അവര്‍ പറയുന്നു: "എപ്പോഴാണ് ഈ വിജയം (അഥവാ തീരുമാനം), നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍?!

قُلْ يَوْمَ ٱلْفَتْحِ لَا يَنفَعُ ٱلَّذِينَ كَفَرُوٓا۟ إِيمَـٰنُهُمْ وَلَا هُمْ يُنظَرُونَ﴿٢٩﴾

قُلْ പറയുക يَوْمَ الْفَتْحِ തുറവിയുടെ ദിവസം لَا يَنفَعُ ഉപകാരം ചെയ്കയില്ല, ഫലപ്പെടുകയില്ല الَّذِينَ كَفَرُوا അവിശ്വസിച്ചവര്‍ക്കു إِيمَانُهُمْ അവരുടെ വിശ്വാസം وَلَا هُمْ അവരില്ലതാനും يُنظَرُونَ താമസം ചെയ്തുകൊടുക്കപ്പെടുക, ഒഴിവു നല്‍കപ്പെടുക

32:29 (നബിയേ) പറയുക: വിജയത്തിന്റെ (അഥവാ തീരുമാനത്തിന്റെ) ദിവസം, അവിശ്വസിച്ചവരായ ആളുകള്‍ക്കു അവരുടെ (അപ്പോഴത്തെ) വിശ്വാസം ഫലം ചെയ്യുന്നതല്ല; അവര്‍ക്കു (കാലാവധി നല്‍കി) താമസം ചെയ്തുകൊടുക്കപ്പെടുന്നതുമല്ല."

തഫ്സീർ : 28-29

മക്കായില്‍വെച്ചു മുശ് രിക്കുകളുടെ ഉപദ്രവങ്ങളും മര്‍ദ്ദനങ്ങളും മുസ്‌ലിംകള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ അവതരിച്ചതാണ്‌ ഈ സൂറത്ത്. സത്യവിശ്വാസികള്‍ തല്‍ക്കാലം പലതരം വിഷമങ്ങള്‍ക്കും വിധേയരാണെങ്കിലും, ഭാവിയില്‍ രക്ഷയും വിജയവും അവര്‍ക്കാണ്; അവിശ്വാസികള്‍ക്കു പരാജയവും ശിക്ഷയും അനുഭവപ്പെടുകതന്നെ ചെയ്യും; അങ്ങനെ, ഇരുവിഭാഗത്തിനുമിടയില്‍ ഒരു തീരുമാനംവരും. എന്നൊക്കെ നബി () സത്യവിശ്വാസികളെ അറിയിക്കാറുണ്ടല്ലോ. ഇതിനെപ്പറ്റി പരിഹസിച്ചുകൊണ്ടു മുശ് രിക്കുകള്‍ ചോദിക്കുന്ന ചോദ്യവും അതിന്റെ മറുപടിയുമാണിത്. മറുപടിയുടെ സാരം ഇതാണ്: അക്കാര്യം സംഭവിക്കുമെന്നതില്‍ ഒട്ടും സംശയമില്ല, എപ്പോഴാണെന്നുള്ള സംഗതി അല്ലാഹുവിനറിയാം. അവന്‍ ഉദ്ദേശിച്ച സമയത്തു അതു നടക്കും. അപ്പോള്‍ അവര്‍ അങ്ങേഅറ്റം ഖേദവും, വിശ്വാസവും പ്രകടിപ്പിക്കാതിരിക്കയില്ല. പക്ഷേ, ആ വിശ്വാസം സ്വീകരിക്കപ്പെടുകയോ, അവരുടെ ഒഴികഴിവു ഗൗനിക്കപ്പെടുകയോ ചെയ്യുന്നതല്ല. ഇതവര്‍ ഓര്‍ത്തിരിക്കട്ടെ.

فتح (‘ഫത്ത്ഹു’) എന്നാല്‍ തുറവി, വിജയം, തീരുമാനം, ആശ്വാസംഎന്നൊക്കെയാണര്‍ത്ഥം. يَوْمَ الْفَتْحِ (വിജയത്തിന്റെ അഥവാ തീരുമാനത്തിന്റെ- ദിവസം) കൊണ്ടുദ്ദേശ്യം ഖിയാമത്തുനാളാണെന്നത്രെ കൂടുതല്‍ ബലപ്പെട്ട അഭിപ്രായം. ഇഹത്തില്‍ വെച്ചുതന്നെ അവിശ്വാസികള്‍ക്കു അനുഭവപ്പെടുന്ന ഏതെങ്കിലും ശിക്ഷയുടെ അവസരമാണ് അതുകൊണ്ടു ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. രണ്ടായാലും ശരി, മരണവേളയിലും, ഖിയാമത്തുനാളിലുമെല്ലാം തന്നെ, അവിശ്വാസികള്‍ തങ്ങളുടെ ചെയ്തികളെപ്പറ്റി ഖേദിച്ചു വിലപിക്കുകയും, ഒഴികഴിവുകള്‍ സമര്‍പ്പിച്ചു നോക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല. ഖുര്‍ആന്‍ പലപ്പോഴും ആവര്‍ത്തിച്ചു പ്രസ്താവിച്ചിട്ടുള്ളതാണിത്.

മുശ് രിക്കുകളുടെ പ്രസ്‌തുത ചോദ്യത്തെ അവഗണിക്കുവാനും, മുസ്‌ലിംകളുടെ വിജയത്തിന്റെയും സന്തോഷത്തിന്റെയും അവസരത്തെ സുപ്രതീക്ഷയോടെ കാത്തിരിക്കുവാനും നബി () യെ ഉണര്‍ത്തിക്കൊണ്ട് അല്ലാഹു ഈ സൂറത്തു അവസാനിപ്പിക്കുന്നു.