وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا﴿٧﴾
وَإِذْ أَخَذْنَا مِنَ ٱلنَّبِيِّـۧنَ مِيثَـٰقَهُمْ وَمِنكَ وَمِن نُّوحٍۢ وَإِبْرَٰهِيمَ وَمُوسَىٰ وَعِيسَى ٱبْنِ مَرْيَمَ ۖ وَأَخَذْنَا مِنْهُم مِّيثَـٰقًا غَلِيظًۭا﴿٧﴾
وَإِذْ أَخَذْنَا നാം വാങ്ങിയ (എടുത്ത) സന്ദര്‍ഭം مِنَ النَّبِيِّينَ നബിമാരില്‍നിന്നു مِيثَاقَهُمْ അവരുടെ ഉറപ്പ്, ഉടമ്പടി وَمِنكَ നിന്നില്‍നിന്നും وَمِن نُّوحٍ നൂഹില്‍നിന്നും وَإِبْرَاهِيمَ ഇബ്രാഹീമില്‍നിന്നും وَمُوسَىٰ മൂസായില്‍നിന്നും وَعِيسَى ഈസായില്‍നിന്നും ابْنِ مَرْيَمَ മര്‍യമിന്റെ മകനായ وَأَخَذْنَا നാം വാങ്ങുകയും ചെയ്തു مِنْهُم അവരില്‍നിന്നു مِّيثَاقًا ഉറപ്പ് غَلِيظًا ഗൗരവപ്പെട്ട ശക്തമായ
33:7(നബിയേ) പ്രവാചകന്മാരില്നിന്ന് - നിന്നില്‍നിന്നും, നൂഹ്, ഇബ്രാഹിം, മൂസാ, മര്‍യമിന്റെ മകന് ഈസാ എന്നിവരില്‍നിന്നും തന്നെ - നാം തങ്ങളുടെ ഉറപ്പു വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)! അവരില്‍നിന്നു നാം ഗൗരവപ്പെട്ട ഉറപ്പ് വാങ്ങുകയും ചെയ്തിരിക്കുന്നു.
لِّيَسْـَٔلَ ٱلصَّـٰدِقِينَ عَن صِدْقِهِمْ ۚ وَأَعَدَّ لِلْكَـٰفِرِينَ عَذَابًا أَلِيمًۭا﴿٨﴾
لِّيَسْأَلَ അവന് ചോദിക്കുവാന്‍ (ചോദ്യം ചെയ്വാന്) الصَّادِقِينَ സത്യവാന്മാരോടു عَن صِدْقِهِمْ അവരുടെ സത്യത്തെ (സത്യതയെ) പ്പറ്റി وَأَعَدَّ അവന് ഒരുക്കുകയും ചെയ്തിരിക്കുന്നു لِلْكَافِرِينَ അവിശ്വാസികള്‍ക്ക് عَذَابًا أَلِيمًا വേദനയേറിയ ശിക്ഷ
33:8സത്യവാന്മാരോട് അവരുടെ സത്യതയെക്കുറിച്ച് അവന് (അല്ലാഹുവിന്) ചോദ്യം ചെയ്വാന് വേണ്ടിയാകുന്നു (അത്). അവിശ്വാസികള്‍ക്കു അവന് വേദനയേറിയ ശിക്ഷ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 7-8
നബിമാരില്‍നിന്നും അല്ലാഹു വാങ്ങിയ ഈ ഉറപ്പിനെ – കരാറിനെ – ക്കുറിച്ചു ഇവിടെ വിശദീകരിച്ചിട്ടില്ലെങ്കിലും, സൂ: ആലുഇംറാനിലും മറ്റും പ്രസ്താവിച്ചിട്ടുള്ളതില്‍നിന്നു നമുക്കതു ഏതാണ്ടു മനസ്സിലാക്കുവാന്‍ കഴിയും. അല്ലാഹു പറയുന്നു:
وَإِذْ أَخَذَ اللَّـهُ مِيثَاقَ النَّبِيِّينَ لَمَا آتَيْتُكُم مِّن كِتَابٍ وَحِكْمَةٍ ثُمَّ جَاءَكُمْ رَسُولٌ مُّصَدِّقٌ لِّمَا مَعَكُمْ لَتُؤْمِنُنَّ بِهِ وَلَتَنصُرُنَّهُ ۚ قَالَ أَأَقْرَرْتُمْ وَأَخَذْتُمْ عَلَىٰ ذَٰلِكُمْ إِصْرِي ۖ قَالُوا أَقْرَرْنَا : سورة آل عمران : ٨١
(സാരം: നിങ്ങള്‍ക്കു വല്ല വേദഗ്രന്ഥമോ, വിജ്ഞാനമോ ഞാന്‍ നല്‍കുകയും, പിന്നീടു നിങ്ങളുടെ വശമുള്ളതിനെ സത്യമായി സ്ഥാപിക്കുന്ന ഏതെങ്കിലും റസൂല്‍ നിങ്ങള്‍ക്കു വരുകയും ചെയ്യുന്നപക്ഷം, നിങ്ങള്‍ നിശ്ചയമായും അദ്ദേഹത്തില്‍ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യണമെന്നു അല്ലാഹു നബിമാരോടു കരാറു വാങ്ങിയ സന്ദര്‍ഭം! അവന് പറഞ്ഞു: ‘നിങ്ങള്‍ സമ്മതിക്കുകയും അതിന്റെമേല്‍ എന്നോടുള്ള ഉത്തരവാദിത്തഭാരം ഏറ്റെടുക്കുകയും ചെയ്തുവോ?’ അവര്‍ പറഞ്ഞു: ‘ഞങ്ങള്‍ സമ്മതിച്ചിരിക്കുന്നു.’ (ആലുഇംറാന് : 81). ഏഴാം വചനത്തില്‍ പ്രത്യേകം എടുത്തുപറഞ്ഞ അതേ അഞ്ചു പ്രവാചകന്മാരോടു കല്പിച്ച ഒസിയ്യത്തായിക്കൊണ്ടു സൂ: ശൂറാ 13ല്‍ ഇങ്ങിനെ പറയുന്നു: أَنْ أَقِيمُوا الدِّينَ وَلَا تَتَفَرَّقُوا فِيهِ : سورة الشورى : ١٣ (നിങ്ങള്‍ മതത്തെ നിലനിറുത്തുവിന്‍, അതില്‍ ഭിന്നിക്കരുത്.)അല്ലാഹു നബിമാര്‍ക്കു ‘രിസാലത്താ’കുന്ന ദിവ്യദൗത്യം നല്കുന്നതുതന്നെ ഒരുതരം കരാറാണ് എന്നു പറയാം, അതു ശരിക്കും നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണല്ലോ. അതവര് നിര്‍വ്വഹിക്കുമെന്നു ഏറ്റുപറയുമ്പോള്‍ ആ ബാധ്യത കൂടുതല്‍ ഗൗരവപ്പെടുകയും ചെയ്യുന്നു.
‘പ്രാവചകന്‍മാരില്‍നിന്നു കരാര്‍ വാങ്ങി’ എന്നു ആദ്യം പൊതുവില്‍ പറഞ്ഞശേഷം അഞ്ചു പ്രാവാചകന്മാരുടെ പേര് പ്രത്യേകം അല്ലാഹു ഇവിടെ എടുത്തുപറഞ്ഞിരിക്കയാണ്. അല്ലാഹുവിങ്കലും, ലോകചരിത്രത്തിലും അവര്‍ക്കുള്ള പ്രത്യേക പദവിയാണത് കുറിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഈ അഞ്ചു പ്രവാചകവര്യന്മാര്ക്കു أولو العزم (ദൃഢചിത്തതയുള്ളവര്‍) എന്ന കീര്‍ത്തിനാമം ലഭിച്ചിരിക്കുന്നതും. നൂഹ് (عليه السلام), ഇബ്രാഹീം (عليه السلام), മൂസാ (عليه السلام), ഈസാ (عليه السلام) എന്നീ നബിമാരുടെ പേരുകള്‍ അവരുടെ കാലക്രമം അനുസരിച്ചുതന്നെ അല്ലാഹു പ്രസ്താവിച്ചു. എന്നാല്‍, ഏറ്റവും ഒടുവിലത്തെ പ്രവാചകവര്യനായ മുഹമ്മദു(ﷺ) തിരുമേനിയുടെ പേരുപറഞ്ഞിട്ടില്ല. ‘നിന്നില്‍നിന്നും’ (وَمِنكَ) എന്ന വാക്കിലൂടെ സംബോധനാരൂപത്തില്‍ – ഒന്നാമനായിത്തന്നെ – എടുത്തുപറഞ്ഞിരിക്കുകയാണ്. പ്രാവാചകന്മാരില് വെച്ചു നബി(ﷺ) തിരുമേനിക്കുള്ള ഏറ്റവും ഉല്‍കൃഷ്ട പദവിയെ ഇതു സൂചിപ്പിക്കുന്നു. പ്രവാചകന്മാര് തങ്ങളുടെ കൃത്യം നിറവേറ്റുന്നതിലും, സമുദായങ്ങള്‍ തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നതിലും സത്യത പാലിച്ചിട്ടുണ്ടോ എന്നു അല്ലാഹു പരിശോധിക്കുകയും, അതിനെപ്പറ്റി ഖിയാമത്തുനാളില്‍ ചോദ്യംചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ചും, പ്രവാചകന്മാരുടെ ദൗത്യത്തില്‍ വിശ്വസിക്കാത്തവര്‍ക്കുണ്ടാകുന്ന ശിക്ഷയെക്കുറിച്ചും ഉള്ള താക്കീതാണ് 8-ആം വചനത്തിലുള്ളത്. فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ : سورة الاعراف : ٦ (യാതൊരു കൂട്ടരിലേക്കു റസൂല്‍ അയക്കപ്പെട്ടിരിക്കുന്നുവോ അവരോടു നിശ്ചയമായും നാം ചോദ്യംചെയ്യും. റസൂലായി അയക്കപ്പെട്ടവരോടും നിശ്ചയമായും നാം ചോദ്യംചെയ്യും. (സൂ: അഅ്റാഫ് : 6)).