വിഭാഗം - 2
وَلَقَدْ ءَاتَيْنَا دَاوُۥدَ مِنَّا فَضْلًۭا ۖ يَـٰجِبَالُ أَوِّبِى مَعَهُۥ وَٱلطَّيْرَ ۖ وَأَلَنَّا لَهُ ٱلْحَدِيدَ﴿١٠﴾
34:10ദാവൂദിനു നമ്മുടെ വകയായി ഒരു (പ്രത്യേക) അനുഗ്രഹം (അഥവാ ശ്രേഷ്ഠത) നാം നല്‍കയുണ്ടായിട്ടുണ്ട്;- അതായത്: "ഹേ, പര്‍വ്വതങ്ങളേ, അദ്ദേഹത്തോടൊപ്പം - പക്ഷികളുമൊന്നിച്ചു - കീര്‍ത്തനമാവര്‍ത്തിക്കുക!" (എന്നു പറഞ്ഞു.) അദ്ദേഹത്തിനു നാം ഇരുമ്പ് മയപ്പെടുത്തികൊടുക്കുകയും ചെയ്തു;-
أَنِ ٱعْمَلْ سَـٰبِغَـٰتٍۢ وَقَدِّرْ فِى ٱلسَّرْدِ ۖ وَٱعْمَلُوا۟ صَـٰلِحًا ۖ إِنِّى بِمَا تَعْمَلُونَ بَصِيرٌۭ﴿١١﴾
34:11(നാം കല്പിച്ചു:) "വിശാലമയവയെ [വലിയ പടയങ്കികളെ] നിര്‍മ്മിക്കുക; (കണ്ണികള്‍) മടയുന്നതില്‍ തോതു കണക്കാക്കുകയും ചെയ്യുക" എന്ന്; "നിങ്ങള്‍ (എല്ലാവരും) സല്‍ക്കര്‍മ്മം പ്രവര്‍ത്തിക്കുകയും വേണം; നിശ്ചയമായും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞാന്‍ കണ്ടറിയുന്നവനാകുന്നു" (എന്നും)
തഫ്സീർ : 10-11
അല്ലാഹുവിനു ‘തസ്ബീഹു’ (പ്രകീര്‍ത്തനം) നടത്തുന്നതില്‍ ദാവൂദ്(عليه السلام) നബിയോടൊപ്പം പങ്കെടുക്കത്തക്കവണ്ണം മലകളെയും, പക്ഷികളെയും അല്ലാഹു അദ്ദേഹത്തിനു കീഴ്പെടുത്തിക്കൊടുത്തതിനെക്കുറിച്ചാണ് 10-ആം വചനത്തില്‍ ആദ്യം പ്രസ്താവിച്ചിരിക്കുന്നത്. സൂറത്തുല്‍ അമ്പിയാഉ് 79-ആം വചനത്തിലും അതിന്റെ വിവരണത്തിലും ഇതിനെപ്പറ്റി നാം വേണ്ടതുപോലെ വിവരിച്ചിട്ടുള്ളതുകൊണ്ടു ഇവിടെ അതാവര്ത്തിക്കുന്നില്ല. ഈ വിഷയത്തെ അന്യഥാ ചിലര്‍ വ്യാഖ്യാനിക്കുന്നതിനെക്കുറിച്ചും നാം അവിടെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
ഇരുമ്പുകൊണ്ടുള്ള സാധനസാമഗ്രികള്‍ വളരെ വേഗത്തില്‍ നിര്‍മ്മിക്കുവാന്‍തക്കവണ്ണം അല്ലാഹു ദാവൂദ് (عليه السلام) നബിക്കു അതിനെ മൃദുവാക്കിക്കൊടുത്തിരുന്നുവെന്നാണ് 10-ആം വചനത്തിന്റെ അവസാന വാക്യത്തില്‍ പ്രസ്താവിക്കുന്നത്. മെഴുകോ, പൊടിമാവോ കൊണ്ടെന്നപോലെ, അത്രവേഗത്തില്‍ ഇരുമ്പുകൊണ്ടു ഉപകരണങ്ങള്‍ നിര്‍മ്മിക്കുവാന്‍ അദ്ദേഹത്തിനു സാദ്ധ്യമായിരുന്നുവെന്നു പല മഹാന്മാരും പറഞ്ഞുകാണുന്നു. ഇതിനെക്കുറിച്ച് ചിലര്‍: ‘അങ്ങിനെയാണെങ്കില്‍ അതുകൊണ്ടു എങ്ങിനെയാണ് വാളും മറ്റും ഉണ്ടാക്കുക?’ എന്നു പരിഹാസപൂര്‍വ്വം ചോദിക്കാറുണ്ട്. ഇരുമ്പു കഴിയുന്നത്ര കാച്ചി പതംവരുത്തിയാണ് ഉപകരണങ്ങളുണ്ടാക്കുകയെന്നും, പിന്നീടതു ഊട്ടി ശരിപ്പെടുത്തുമ്പോള്‍ പഴയപടി കടുപ്പമുള്ളതായിത്തീരുകയാണ് ചെയ്യുന്നതെന്നും ഓര്‍ക്കാതെയുള്ള ഒരു ചോദ്യമത്രെ അത്. മെഴുകിനോടും, മാവിനോടും ഉപമിച്ചതു കേവലം ഒരു ഉപമാലങ്കാരമാണെങ്കിലും, മറ്റാര്‍ക്കുമുള്ളതിനേക്കാള്‍ കൂടുതല്‍ സൗകര്യം ഈ വിഷയത്തില്‍ ദാവൂദു (عليه السلام) നബിക്കു ലഭിച്ചിരുന്നുവെന്നു തീര്‍ച്ചയാണ്. അല്ലാമാസയ്യിദുഖുതുബ് ചൂണ്ടിക്കാണിച്ചതുപോലെ, സാധാരണപോലെ ഇരുമ്പു കാച്ചി ചൂടുപിടിപ്പിച്ച് പതം വരുത്തി പണിയെടുക്കുവാന്‍ പാകമാക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. സാധാരണമാര്‍ഗ്ഗത്തിലൂടെയല്ലാതെ ഇരുമ്പു മയമാക്കികിട്ടുന്ന ഒരു ‘മുഅ്ജിസത്ത്’ (അമാനുഷികസംഭവം) ആയിരുന്നു അത് എന്നാണ് മനസ്സിലാക്കേണ്ടത്. الله اعلم . അല്ലാത്തപക്ഷം ഈ പ്രസ്താവനക്കു വിശിഷ്യാ സ്ഥാനമില്ലല്ലോ. ദാവൂദ് (عليه السلام)നു നല്കിയ ചില പ്രത്യേകാനുഗ്രഹങ്ങളെന്ന നിലക്കാണ് ഇതും. മലകളുടെയും പക്ഷികളുടെയും പ്രകീര്‍ത്തനവും അല്ലാഹു ഇവിടെയും മറ്റു പലേടത്തും എടുത്തുപറയുന്നത്.
ദാവൂദ് (عليه السلام) നബിക്കു പടച്ചട്ട – പടയങ്കി – നിര്‍മ്മാണം പഠിപ്പിച്ചതിനെക്കുറിച്ചാണ് 11-ആം വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതിനെപ്പറ്റി സൂ: അമ്പിയാഉ് :80ലും അതിന്റെ വിവരണത്തിലും കൂടുതല്‍ വിവരം നമുക്കു കഴിഞ്ഞുപോയിരിക്കുന്നു. പടച്ചട്ട മടഞ്ഞുണ്ടാക്കുമ്പോള്‍ അതിന്റെ കണ്ണികളെല്ലാം, അളവും തോതും കൃത്യപ്പെടുത്തിക്കൊള്ളണമെന്ന നിര്‍ദ്ദേശം സൂ: അമ്പിയാഇല്‍ ഇല്ലാത്തതാണ്. ദാവൂദ്(عليه السلام)നു മുമ്പു പടച്ചട്ടകള്‍ ഉണ്ടായിരുന്നുവെങ്കിലും അവ ഇരുമ്പുതകിടുകൊണ്ടുണ്ടാക്കപ്പെട്ടവയായിരുന്നതിനാല്, ഭാരം കൂടുതലും ഉപയോഗിക്കാന്‍ സൗകര്യം കുറവും ആയിരുന്നുവെന്നും, ഇരുമ്പുകമ്പികള്‍കൊണ്ടു പരിഷ്കൃത രൂപത്തില്‍ പടയങ്കിമടഞ്ഞുണ്ടാക്കിയതു ആദ്യമായി ദാവൂദ് (عليه السلام) നബിയാണെന്നും മഖാത്തില്‍ (رحمه الله) മുതലായവര്‍ പ്രസ്താവിച്ചിരിക്കുന്നു. الله اعلم
മേല്‍പ്രസ്താവിച്ച അനുഗ്രഹങ്ങളെക്കുറിച്ചു പറഞ്ഞതോടൊപ്പംതന്നെ, ദാവൂദ് (عليه السلام) നബിയും, അദ്ദേഹത്തിന്റെ ആള്‍ക്കാരും സല്‍ക്കര്‍മ്മങ്ങള്‍വഴി അതിനു നന്ദിചെയ്യേണ്ടതുണ്ടെന്നും അല്ലാഹു ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, അങ്ങിനെയുള്ള അനുഗ്രഹങ്ങളെ അവര്‍ എപ്രകാരം ഉപയോഗപ്പെടുത്തുന്നുവെന്നും, അതില്‍ അവര്‍ നന്ദിയുള്ളവരാണോ എന്നും അല്ലാഹു വീക്ഷിച്ചുകൊണ്ടിരിക്കുന്നുവെന്നു താക്കീതുംചെയ്യുന്നു.