بِسْمِ നാമത്തില്‍ اللَّـهِ അല്ലാഹുവിന്‍റെ الرَّحْمَـٰنِ പരമകാരുണികന്‍ الرَّحِيمِ കരുണാനിധി
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍.
يَـٰٓأَيُّهَا ٱلنَّبِىُّ ٱتَّقِ ٱللَّهَ وَلَا تُطِعِ ٱلْكَـٰفِرِينَ وَٱلْمُنَـٰفِقِينَ ۗ إِنَّ ٱللَّهَ كَانَ عَلِيمًا حَكِيمًۭا﴿١﴾
33:1ഹേ, നബിയേ [പ്രവാചകാ], അല്ലാഹുവിനെ സൂക്ഷിക്കുക. അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കുകയും ചെയ്യരുത്. നിശ്ചയമായും, അല്ലാഹു സര്‍വ്വജ്ഞനും അഗാധജ്ഞനുമാകുന്നു.
وَٱتَّبِعْ مَا يُوحَىٰٓ إِلَيْكَ مِن رَّبِّكَ ۚ إِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيرًۭا﴿٢﴾
33:2നിന്‍റെ രക്ഷിതാവിങ്കല്‍നിന്ന്‍ നിനക്കു "വഹ്-യ്" [ദിവ്യബോധനം] നല്‍കപ്പെടുന്നതിനെ നീ പിന്‍പറ്റുകയും ചെയ്യുക. നിശ്ചയമായും, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പ്പറ്റി സൂക്ഷ്മമായറിയുന്നവനാകുന്നു.
وَتَوَكَّلْ عَلَى ٱللَّهِ ۚ وَكَفَىٰ بِٱللَّهِ وَكِيلًۭا﴿٣﴾
33:3(എല്ലാ കാര്യത്തിലും) അല്ലാഹുവിന്‍റെ മേല്‍ ഭരമേല്‍പിക്കുകയും ചെയ്തുകൊള്ളുക. ഭരമേല്പിക്ക പ്പെടുന്നവനായി അല്ലാഹു തന്നെമതി.
തഫ്സീർ : 1-3
മദനീ സൂറത്തുകളില്‍ പെട്ടതാണ് ഈ അദ്ധ്യായം. മദീനായില്‍ ഇസ്ലാമിന്‍റെ ശത്രുക്കളായിരുന്ന ജൂതന്മാരെയും, കപടവിശ്വാസികളെയും സംബന്ധിച്ചു ഈ സൂറത്തില്‍ പല പ്രസ്താവനകളും കാണാം. കൂടാതെ, പ്രധാനപ്പെട്ട പല നിയമനിര്‍ദ്ദേശങ്ങളും, മറ്റു സൂറത്തുകളില്‍ വിവരിക്കപ്പെട്ടിട്ടില്ലാത്ത പല മതവിധികളും ഇതില്‍ അടങ്ങിയിട്ടുണ്ട്.
‘തഖ്-വാ’ (تقوى) എന്ന ധാതുപദത്തില്‍നിന്നുള്ള കല്‍പനക്രിയയാണ് ‘ഇത്തഖി’ (اتف) എന്ന വാക്ക്. ‘സൂക്ഷിക്കുക, കാക്കുക, പേടിക്കുക’ എന്നൊക്കെയാണ് ഭാഷാര്‍ത്ഥം. അല്ലാഹുവിന്‍റെ വിധിവിലക്കുകളും, നിയമനിര്‍ദ്ദേശങ്ങളും അനുസരിക്കുകവഴി അവനോടു ഭയഭക്തി ഉണ്ടായിരിക്കുക എന്നത്രെ ‘തഖ്-വാ’ കൊണ്ടു ഉദ്ദേശിക്കപ്പെടുന്നത്. അല്ലാഹുവിനെ സൂക്ഷിച്ചുകൊള്ളുക എന്നു പറഞ്ഞതിനെത്തുടര്‍ന്ന് അവിശ്വാസികളെയും, കപടവിശ്വാസികളെയും അനുസരിക്കരുതെന്നും, അല്ലാഹുവില്‍നിന്നു ലഭിക്കുന്ന ദിവ്യസന്ദേശങ്ങളെ പിന്‍പറ്റണമെന്നും പ്രസ്താവിച്ചതില്‍നിന്നുതന്നെ ‘തഖ്-വാ’യുടെ ഉദ്ദേശ്യം മനസ്സിലാക്കാം. ഇതേ അര്‍ത്ഥോദ്ദേശ്യത്തോടുകൂടിത്തന്നെയാണ്, ഈ വാക്കു ഖുര്‍ആനിലും ഹദീസിലും, ഇസ്‌ലാമികഗ്രന്ഥങ്ങളിലും സാധാരണ ഉപയോഗിക്കപ്പെടാറുള്ളതും.
ഈ കല്‍പനകള്‍ പ്രത്യക്ഷത്തില്‍ നബി (ﷺ)യെ അഭിമുഖീകരിച്ചുകൊണ്ടാണുള്ളതെങ്കിലും, വാസ്തവത്തില്‍ അവ സമുദായത്തിനു മുഴുവനും ബാധകമാണെന്നുള്ളതില്‍ സംശയമില്ല. അതുകൊണ്ടാണ് രണ്ടാം വചനത്തില്‍ ‘നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു സൂക്ഷ്മമായറിയുന്നവനാകുന്നു’ എന്നു പറഞ്ഞിരിക്കുന്നത്. ശത്രുക്കളുടെ ഇംഗിതങ്ങള്‍ക്കു വിധേയനായോ, അവരെ പ്രീണിപ്പിക്കാമെന്നുദ്ദേശിച്ചോ മതപ്രബോധനത്തില്‍ വിട്ടുവീഴ്ച ചെയ്‌വാനും, സത്യത്തെ മറച്ചുവെക്കാനും നബി (ﷺ) ഒരിക്കലും മുതിരുകയില്ലെന്നു സ്പഷ്ടമാണ്. എങ്കിലും, അവിശ്വാസികളെ സംബന്ധിച്ചിടത്തോളം അങ്ങിനെയൊരു വ്യാമോഹത്തിന്‍റെ കവാടം തന്നെ ഈ കല്‍പനകള്‍മൂലം അല്ലാഹു അടച്ചുകളയുന്നു. സത്യവിശ്വാസികള്‍ക്കാകട്ടെ, ഇതു കൂടുതല്‍ ധൈര്യവും, ദൃഢമനസ്കതയും ഉളവാക്കുകയും ചെയ്യുന്നു. പ്രത്യക്ഷത്തിലോ, പരോക്ഷത്തിലോ ഉള്ള യാതൊരു ശത്രുവിന്‍റെയും പ്രകോപനങ്ങള്‍ക്കും, അഭീഷ്ടങ്ങള്‍ക്കും വഴങ്ങാതെ – ഋജുവായ സത്യമാര്‍ഗ്ഗത്തില്‍നിന്നു തരിമ്പുപോലും വ്യതിചലിക്കാതെ – സത്യപ്രബോധനം നടത്തുമ്പോള്‍ പലവിധ വിഷമങ്ങളെയും തരണം ചെയ്യേണ്ടിവരും. അതു സ്വാഭാവികമാണ്. അതില്‍നിന്നു മോചനം ലഭിക്കുവാനും, രക്ഷനേടുവാനുമുള്ള ഏകമാര്‍ഗ്ഗമത്രെ ‘തവക്കുല്‍’ (التوكل) അതെ, കാര്യങ്ങള്‍ അല്ലാഹുവില്‍ അര്‍പ്പിക്കല്‍. അതുകൊണ്ട് ‘തവക്കുലി’നെപ്പറ്റി ഇവിടെ പ്രത്യേകം ഓര്‍മ്മിപ്പിച്ചിരിക്കുന്നു.
ഈ സൂറത്തില്‍ പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുള്ള വിഷയങ്ങളില്‍ ചിലതാണു അടുത്ത ആയത്തുകളില്‍ കാണുന്നത്: