33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 57-58

إِنَّ ٱلَّذِينَ يُؤْذُونَ ٱللَّهَ وَرَسُولَهُۥ لَعَنَهُمُ ٱللَّهُ فِى ٱلدُّنْيَا وَٱلْـَٔاخِرَةِ وَأَعَدَّ لَهُمْ عَذَابًۭا مُّهِينًۭا﴿٥٧﴾

 إِنَّ നിശ്ചയമായും الَّذِينَ يُؤْذُونَ اللَّـهَ അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവര്‍ وَرَسُولَهُ അവന്‍റെ റസൂലിനെയും لَعَنَهُمُ اللَّـهُ അല്ലാഹു അവരെ ശപിക്കുന്നതാണ്, ശപിച്ചിരിക്കുന്നു فِي الدُّنْيَا ഇഹത്തില്‍ وَالْآخِرَةِ പരത്തിലും وَأَعَدَّ لَهُمْ അവര്‍ക്കവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു عَذَابًا مُّهِينًا നിന്ദ്യകരമായ ശിക്ഷ.

33:57അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും യാതൊരുകൂട്ടര്‍ ശല്യപ്പെടുത്തുന്നുവോ അവരെ, നിശ്ചയമായും അല്ലാഹു ഇഹത്തിലും പരത്തിലും ശപിക്കുന്നതാണ്. അവര്‍ക്കു നിന്ദ്യകരമായ ശിക്ഷ അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.

وَٱلَّذِينَ يُؤْذُونَ ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ بِغَيْرِ مَا ٱكْتَسَبُوا۟ فَقَدِ ٱحْتَمَلُوا۟ بُهْتَـٰنًۭا وَإِثْمًۭا مُّبِينًۭا﴿٥٨﴾

 وَالَّذِينَ يُؤْذُونَ ശല്യപ്പെടുത്തുന്നവര്‍ الْمُؤْمِنِينَ സത്യവിശ്വാസികളെ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളെയും بِغَيْرِ مَا യാതൊന്നല്ലാത്തതിന്‍റെ പേരില്‍ اكْتَسَبُوا അവര്‍ പ്രവര്‍ത്തിച്ചിട്ടുള്ള فَقَدِ احْتَمَلُوا എന്നാല്‍ തീര്‍ച്ചയായും അവര്‍ ഏറ്റെടുത്തു, സ്വയം പേറി بُهْتَانًا അപരാധം, കള്ളാരോപണം, നുണ وَإِثْمًا പാപവും, കുറ്റവും مُّبِينًا പ്രത്യക്ഷമായ, സ്പഷ്ടമായ

33:58സത്യവിശ്വാസികളെയും, സത്യവിശ്വാസിനികളെയും - അവര്‍ പ്രവര്‍ത്തിച്ചതല്ലാത്തതിന്‍റെ പേരില്‍ - ശല്യപ്പെടുത്തുന്നവരാകട്ടെ, അവര്‍ അപരാധവും, പ്രത്യക്ഷമായ കുറ്റവും (സ്വയം) ഏറ്റെടുത്തു കഴിഞ്ഞിരിക്കയാണ്.

തഫ്സീർ : 57-58

അല്ലാഹുവിന്‍റെ ഉല്‍കൃഷ്ട ഗുണങ്ങള്‍ക്കോ, ശക്തിമഹാത്മ്യത്തിനോ, അധികാരാവകാശങ്ങള്‍ക്കോ അനുയോജ്യമല്ലാത്തത്തും, അവയെ അവഗണിക്കുന്നതുമായ എല്ലാ പ്രസ്താവനകളും പ്രവര്‍ത്തനങ്ങളും അല്ലാഹുവിനെ ശല്യപ്പെടുത്തുന്നവയാണെന്നു മൊത്തത്തില്‍ പറയാം. അല്ലാഹു പ്രസ്താവിക്കുന്നതായി നബി() ഉദ്ധരിച്ചിട്ടുള്ള രണ്ടു തിരുവചനങ്ങളില്‍ നിന്നു ഇതു മനസ്സിലാക്കാം: 1. ‘അല്ലാഹു പറയുന്നു: ആദമിന്‍റെ പുത്രന്‍ എന്നെ വ്യാജമാക്കി; അവനു അതു പാടില്ലായിരുന്നു. അവന്‍ എന്നെക്കുറിച്ചു പഴി പറഞ്ഞു, അതും അവനു പാടില്ലായിരുന്നു. അവന്‍ എന്നെ വ്യാജമാക്കിയെന്നു പറഞ്ഞതു അവന്‍റെ ഈ വാക്കാണ്: എന്നെ ആദ്യം സൃഷ്ടിച്ചതുപോലെ അവന്‍ അല്ലാഹു എന്നെ വീണ്ടും സൃഷ്ടിക്കുന്നതല്ലതന്നെ.എന്നെ പഴി പറഞ്ഞതാകട്ടെ, ‘എനിക്കു സന്താനമുണ്ടെന്നുഅവന്‍ പറഞ്ഞതാണ്. ഒരു ഇണയെയോ, സന്താനത്തെയോ സ്വീകരിക്കുന്നതില്‍നിന്ന് ഞാന്‍ മഹാ പരിശുദ്ധനുമത്രെ!’ (ബു). 2. അല്ലാഹു പറയുന്നു: ആദമിന്‍റെ പുത്രന്‍ എന്നെ ശല്യപ്പെടുത്തുന്നു. (അതായതു) അവന്‍ കാലത്തെ ചീത്ത പറയുന്നു. ഞാനത്രെ കാലം. രാത്രിയെയും, പകലിനെയും ഞാന്‍ കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണ്. (*). (ബു; മു). ഈ ഹദീസുകള്‍ മുമ്പില്‍ വെച്ചുകൊണ്ടു പരിശോധിച്ചാല്‍, ഇന്നു പലരില്‍നിന്നും സാധാരണ കേള്‍ക്കാറുള്ള പ്രകൃതി വഞ്ചിച്ചു; കാലം ചതിച്ചുമുതലായ വാക്കുകള്‍ അബദ്ധം നിറഞ്ഞവയാണെന്നു കാണാം. 

(*). ‘ഞാനെത്ര കാലംഎന്ന വാക്യംകൊണ്ടുള്ള വിവക്ഷ തുടര്‍ന്നുള്ള വാക്യത്തില്‍ നിന്നു വ്യക്തമാണ്. ലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം അല്ലാഹുവിന്‍റെ നിയന്ത്രണമനുസരിച്ചുമാത്രം നടക്കുന്നതാണെന്നു സാരം. 

നബി() തിരുമേനിയുടെ സ്ഥാനപദവികള്‍ക്കു നിരക്കാത്തതും, അവിടുത്തെ തരംതാഴ്ത്തിക്കാട്ടുന്നതുമായ എല്ലാ പ്രസ്താവനകളും, പ്രവര്‍ത്തനങ്ങളും നബിയെ ശല്യപ്പെടുത്തുന്നവതന്നെ. തിരുമേനിയെ പരിഹസിക്കുക, അവിടുത്തെ ചര്യകളെയോ, പ്രവൃത്തികളെയോ പുച്ഛിക്കുക, അല്ലെങ്കില്‍ വിമര്‍ശിക്കുക മുതായവയെല്ലാം ഇതില്‍ ഉള്‍പ്പെടും. 69-ആം വചനത്തിന്‍റെ വിവരണത്തില്‍ ഇതിനു ചില ഉദാഹരണങ്ങള്‍ കാണാം. സ്വന്തം ദേഹത്തെക്കാളും, മാതാപിതാക്കള്‍, സന്താനങ്ങള്‍ തുടങ്ങിയ മറ്റെല്ലാവരെക്കാളും നബി()യെ സ്നേഹിക്കാത്തവന്‍റെ ഈമാന്‍ പോലും ശരിയായ ഈമാനാവുകയില്ലല്ലോ. അതുപോലെ, നബി()യെ ഏതെങ്കിലും വിധേന ശല്യപ്പെടുത്തുന്നതും, അവിടുത്തേക്കു മനോവേദന ഉളവാക്കുന്നതും കൂടുതല്‍ ഗൗരവപ്പെട്ടതുമായിരിക്കും. അതുകൊണ്ടുതന്നെയാണ്, അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നതിനെപ്പറ്റി ഒരേ വാക്കില്‍ താക്കീതു നല്‍കിയിരിക്കുന്നതും. അല്ലാഹുവിനെയും, റസൂലിനെയും ശല്യപ്പെടുത്തുന്നവര്‍ക്കു ലഭിക്കുവാനിരിക്കുന്ന പ്രതിഫലത്തെക്കുറിച്ച് അല്ലാഹു പ്രസ്താവിച്ചതു നോക്കുക! അതില്‍നിന്നു ആ മഹാപാപം എത്രമേല്‍ ഭയങ്കരമാണെന്ന് ഊഹിക്കാവുന്നതാണ്. ഇഹത്തിലും പരത്തിലും അല്ലാഹുവിങ്കല്‍നിന്നുള്ള ശാപം! പോരാ, നിന്ദ്യവും അപമാനകരവുമായ പരലോകശിക്ഷയും!! (അല്ലാഹു നമ്മെ കാക്കട്ടെ, ആമീന്‍).

അല്ലാഹുവിനെയും റസൂലിനെയും ശല്യപ്പെടുത്തുന്നവരെക്കുറിച്ചു പ്രസ്താവിച്ചശേഷം തുടര്‍ന്നുകൊണ്ട് സത്യവിശ്വാസികളെ ശല്യപ്പെടുത്തുന്നവരെ സംബന്ധിച്ചും അല്ലാഹു ഗൗരവമായി താക്കീതുചെയ്യുന്നു. അവര്‍ അതുമൂലം അപരാധവും, പ്രത്യക്ഷമായ കുറ്റവും സ്വയം ഏറ്റെടുക്കുകയാണ് ചെയ്യുന്നതെന്നു പറഞ്ഞുവല്ലോ. ഇവര്‍ക്കു ലഭിക്കുവാനിരിക്കുന്ന അനന്തരഫലം എന്തായിരിക്കുമെന്നു ഈ വാക്യത്തില്‍നിന്നു അനുമാനിക്കാവുന്നതാണ്. ഒരു മുസ്ലിമിന് ഒരു മുസ്ലിമിന്‍റെ സര്‍വ്വതും അവന്‍റെ രക്തവും, അവന്‍റെ ധനവും, അവന്‍റെ മാനവും ഹറാമാണ്‌.എന്നു നബി() പ്രഖ്യാപിച്ചതാണല്ലോ (رواه مسلم وغيره) എന്നിരിക്കെ, ഇവയില്‍ ഏതെങ്കിലും ഒന്നിനു ഹാനി വരുത്തുന്നതെല്ലാം അവനു ശല്യമുണ്ടാക്കലായിരിക്കും. പരദൂഷണത്തെ (الغيبة) സംബന്ധിച്ച പ്രസിദ്ധമായ ഒരു ഹദീസില്‍നിന്നു ഇതു മനസ്സിലാക്കാം. ഹദീസു ഇതാണ്: പരദൂഷണം എന്നാല്‍ എന്താണെന്നു നബി()യോടു ചോദിക്കപ്പെട്ടു. അവിടുന്നു പറഞ്ഞു: നീ നിന്‍റെ സഹോദരനെക്കുറിച്ചു അവനു തൃപ്തികേടുവരുത്തുന്നതു പറയലാണ്.അപ്പോള്‍ ചോദിക്കപ്പെട്ടു: കണ്ടുവോ; ഞാന്‍ പറയുന്ന കാര്യം അവനില്‍ ഉള്ളതായിരുന്നല്ലോ (എന്നാലതു പരദൂഷണമാകുമോ)?! തിരുമേനി() പറഞ്ഞു: നീ പറയുന്ന കാര്യം അവനില്‍ ഉണ്ടായിരുന്നാല്‍ നീ അവനെ പരദൂഷണം പറഞ്ഞു. നീ പറയുന്നതു അവനില്‍ ഇല്ലെങ്കിലോ, നീ അവനെപ്പറ്റി അപരാധം നുണ പറഞ്ഞു.’ (മുസ്ലിം.)