34.  سبإ (സബഅ്) ആയത്ത് 34-35

وَمَآ أَرْسَلْنَا فِى قَرْيَةٍۢ مِّن نَّذِيرٍ إِلَّا قَالَ مُتْرَفُوهَآ إِنَّا بِمَآ أُرْسِلْتُم بِهِۦ كَـٰفِرُونَ﴿٣٤﴾

 وَمَا أَرْسَلْنَا നാം അയച്ചിട്ടില്ല فِي قَرْيَةٍ ഒരു രാജ്യത്തിലും مِّن نَّذِيرٍ ഒരു താക്കീതുകാരനെയും إِلَّا قَالَ പറയാതെ مُتْرَفُوهَا അതിലെ സുഖലോലുപന്മാര്‍ إِنَّا നിശ്ചയമായും ഞങ്ങള്‍ بِمَا യാതൊന്നില്‍ أُرْسِلْتُم بِهِ നിങ്ങള്‍ അതുമായി അയക്കപ്പെട്ടിരിക്കുന്നു كَافِرُونَ അവിശ്വാസികളാണ് (നിഷേധികളാണ്)

34:34ഒരു രാജ്യത്തും തന്നെ, വല്ല താക്കീതുകാരനേയും നാം അയച്ചിട്ട് അതിലെ സുഖലോലുപന്മാര്‍ പറയാതിരുന്നിട്ടില്ല: "നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ നിശ്ചയമായും അതില്‍ ഞങ്ങള്‍ അവിശ്വസിക്കുന്നവരാണ്" എന്ന്

وَقَالُوا۟ نَحْنُ أَكْثَرُ أَمْوَٰلًۭا وَأَوْلَـٰدًۭا وَمَا نَحْنُ بِمُعَذَّبِينَ﴿٣٥﴾

وَقَالُوا അവര്‍ പറയുകയും ചെയ്യും نَحْنُ ഞങ്ങള്‍ أَكْثَرُ കൂടുതലുള്ളവരാണ് أَمْوَالًا സ്വത്തുക്കള്‍ وَأَوْلَادًا മക്കളും وَمَا نَحْنُ ഞങ്ങളല്ലതാനും بِمُعَذَّبِينَ ശിക്ഷിക്കപ്പെടുന്നവര്‍

34:35"ഞങ്ങള്‍, സ്വത്തുക്കളും, മക്കളും അധികമുള്ളവരാകുന്നു; ഞങ്ങള്‍ ശിക്ഷിക്കപ്പെടുന്നവരല്ലതാനും" എന്നും അവര്‍ പറയും

തഫ്സീർ : 34-35

നബി() തിരുമേനിയുടെ പ്രബോധനത്തില്‍ വിശ്വസിക്കുന്നവര്‍ താരതമ്യേന സാധുക്കളും, സാധാരണക്കാരുമാണ്. ഖുറൈശിപ്രമാണികളായ ആളുകളാകട്ടെ, നബി()യെ ധിക്കരിക്കുകയും, അവഹേളിക്കുകയുമാണ്‌ ചെയ്യുന്നത്. ഇതില്‍ അസ്വാസ്ഥ്യപ്പെടേണ്ടതില്ലെന്നു അല്ലാഹു ചൂണ്ടിക്കാട്ടുന്നു. കാരണം, സുഖജീവിതത്തിനാവശ്യമായ ഉപാധികള്‍ ലഭിക്കുകയും, അങ്ങനെ ഭൗതികമായ ആഡംബരജീവിതത്തില്‍ ലയിക്കുകയും ചെയ്തിട്ടുള്ള ആളുകള്‍ പ്രവാചകന്‍മാരെ നിഷേധിക്കലും, ദിവ്യദൗത്യങ്ങളെ അവഹേളിക്കലും പണ്ടുമുതല്‍ക്കേയുള്ള ഒരു പാരമ്പര്യമാണ്. ഓരോ പ്രവാചകന്‍റെയും കാലത്തുള്ള സുഖലോലുപന്‍മാരുടെ നില ഇതുതന്നെയായിരുന്നു. ഈ സമുദായത്തില്‍മാത്രം കാണപ്പെടുന്ന ഒരു പ്രവണതയല്ല ഇത്.

സത്യപ്രബോധനത്തെ നിരാകരിക്കലോ, പ്രവാചകന്‍മാരെ നിഷേധിക്കലോ മാത്രമല്ല ഇവര്‍ ചെയ്യുന്നത്. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള സുഖസൗകര്യങ്ങളില്‍ അഹങ്കരിക്കുകയും, അതെല്ലാം തങ്ങളുടെ യോഗ്യതയുടെ അടയാളമായി ഗണിക്കുകയും ചെയ്യും. അല്ലാഹുവിങ്കല്‍ തങ്ങള്‍ക്കുള്ള പ്രത്യേക അടുപ്പംമൂലമാണ് അവന്‍ തങ്ങള്‍ക്കു ഇതെല്ലം നല്‍കിയിരിക്കുന്നതെന്നും, ആകയാല്‍ തങ്ങളൊരിക്കലും അല്ലാഹുവിന്‍റെ ശിക്ഷക്കു പാത്രമാകുകയില്ലെന്നുമായിരിക്കും അവരുടെ ധാരണ. പ്രവാചകന്‍മാരുടെ കാലത്തും അവരെ നിഷേധിക്കുന്ന അവിശ്വാസികളിലും മാത്രമല്ല ഇത്തരം സ്വഭാവങ്ങള്‍ കാണപ്പെടുക. ഭൗതികസുഖങ്ങള്‍ക്കും, ദേഹേച്ഛകള്‍ക്കും മുന്‍ഗണന നല്‍കിവരുന്ന ധനികരും പ്രമാണികളുമായ എല്ലാവരിലും അവര്‍ മുസ്‌ലിംകളോ അമുസ്‌ലിംകളോ ആകട്ടെ ഏറെക്കുറെ ഈ സ്വഭാവങ്ങള്‍ കാണാവുന്നതനാണ്. അടുത്ത വചനങ്ങളില്‍ ഇത്തരം ധാരണ വെച്ചുപുലര്‍ത്തുന്നവര്‍ക്കുള്ള മറുപടി കാണുക: