34. سبإ (സബഅ്) ആയത്ത് 48-49

قُلْ إِنَّ رَبِّى يَقْذِفُ بِٱلْحَقِّ عَلَّـٰمُ ٱلْغُيُوبِ﴿٤٨﴾

 قُلْ പറയുക إِنَّ رَبِّي നിശ്ചയമായും എന്‍റെ റബ്ബ് يَقْذِفُ ഇടുന്നു, എറിയുന്നു بِالْحَقِّ യഥാര്‍ത്ഥത്തെ, യഥാര്‍ത്ഥംകൊണ്ടു عَلَّامُ الْغُيُوبِ അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്

34:48പറയുക: "നിശ്ചയമായും എന്‍റെ റബ്ബ് യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു; (അവന്‍) അദൃശ്യങ്ങളെ നന്നായറിയുന്നവനാണ്."

قُلْ جَآءَ ٱلْحَقُّ وَمَا يُبْدِئُ ٱلْبَـٰطِلُ وَمَا يُعِيدُ﴿٤٩﴾

قُلْ പറയുക جَاءَ الْحَقُّ യഥാര്‍ത്ഥം (സത്യം) വന്നു وَمَا يُبْدِئُ തുടക്കമുണ്ടാക്കുക (തുടങ്ങിവെക്കുക)യില്ല الْبَاطِلُ നിരര്‍ത്ഥം, അയഥാര്‍ത്ഥം وَمَا يُعِيدُ അതു ആവര്‍ത്തനമുണ്ടാക്കുക (ആവര്‍ത്തിക്ക)യുമില്ല.

34:49പറയുക: "യഥാര്‍ത്ഥം വന്നു (കഴിഞ്ഞു). നിരര്‍ത്ഥമായത് തുടക്കമുണ്ടാക്കുകയുമില്ല. ആവര്‍ത്തനം ചെയ്കയുമില്ല."

തഫ്സീർ : 48-49

ഹഖ്-ഖു’ (الْحَقُّ) എന്ന പദത്തിന് സന്ദര്‍ഭമനുസരിച്ച്‌ സത്യം, ന്യായം, പരമാര്‍ത്ഥം, യഥാര്‍ത്ഥം, മുറ, ശരിയായതു, ധര്‍മ്മം, കടമ, അവകാശം, അധികാരം, കാര്യം, വാസ്തവം, വേണ്ടപ്പെട്ടതുഎന്നൊക്കെ അര്‍ത്ഥം വരുന്നതാണ്. ഇതിന്‍റെ വിപരീതാര്‍ത്ഥങ്ങളില്‍ വരുന്ന പദമത്രെ ബാത്ത്വില്‍’ (الْبَاطِلُ).

യഥാര്‍ത്ഥത്തെ ഇട്ടുതരുന്നു അഥവാ എറിഞ്ഞുകൊടുക്കുന്നു (يَقْذِفُ بِالْحَقِّ)- എന്നു പറഞ്ഞതിന്‍റെ താല്പര്യം, അല്ലാഹു നബി()ക്കു സത്യയാഥാര്‍ത്ഥ്യങ്ങളെ വഹ്-യുമൂലം എത്തിച്ചുകൊടുക്കുന്നു എന്നത്രെ. ഈ വാക്യത്തിനു യഥാര്‍ത്ഥംകൊണ്ടു എറിയുന്നുഎന്നും അര്‍ത്ഥം വരാവുന്നതാണ്.അപ്പോള്‍ സൂ: അമ്പിയാഉ് 18ല്‍ കാണുന്നതുപോലെ സത്യമായുള്ളതുകൊണ്ട് അസത്യമായതിനെ എറിഞ്ഞുതകര്‍ക്കുന്നു എന്നായിരിക്കും ഉദ്ദേശ്യം. ആദ്യത്തെ വചനത്തിലെ ആശയം ബലപ്പെടുത്തുകയാണ് രണ്ടാമത്തെ വചനം ചെയ്യുന്നത്. അതായതു, സത്യം അഥവാ ഇസ്ലാമികവ്യവസ്ഥ വന്നുകഴിഞ്ഞു, അസത്യത്തിനു എനി തലപൊക്കുവാനും, നിലനില്‍ക്കുവാനും സാധ്യതയില്ല എന്നുസാരം. ഈ അര്‍ത്ഥത്തില്‍ സാധാരണ ഉപയോഗിക്കാറുള്ള ഒരു നീതിവാക്യം കൂടിയാണ് وَمَا يُبْدِئُ الْبَاطِلُ وَمَا يُعِيدُ എന്ന വാചകം.