വിഭാഗം - 8
يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ وَبَنَاتِكَ وَنِسَآءِ ٱلْمُؤْمِنِينَ يُدْنِينَ عَلَيْهِنَّ مِن جَلَـٰبِيبِهِنَّ ۚ ذَٰلِكَ أَدْنَىٰٓ أَن يُعْرَفْنَ فَلَا يُؤْذَيْنَ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۭا﴿٥٩﴾
يَا أَيُّهَا النَّبِيُّ ഹേ നബിയേ قُل لِّأَزْوَاجِكَ നിന്‍റെ ഭാര്യമാരോടു പറയുക وَبَنَاتِكَ നിന്‍റെ പുത്രിമാരോടും وَنِسَاءِ الْمُؤْمِنِينَ സത്യവിശ്വാസികളുടെ സ്ത്രീകളോടും يُدْنِينَ അവര്‍ താഴ്ത്തിയിടണം, തൂക്കിയിടട്ടെ عَلَيْهِنَّ مِن جَلَابِيبِهِنَّ അവരുടെ മേലാട (ജില്‍ബാബു)കളില്‍നിന്ന് ذَٰلِكَ അതു أَدْنَىٰ കൂടുതല്‍ അടുത്തതാണ്, എളുപ്പമായതാണ് أَن يُعْرَفْنَ അവര്‍ അറിയപ്പെടുവാന്‍ (അവരെ തിരിച്ചറിയാന്‍) فَلَا يُؤْذَيْنَ അപ്പോള്‍ അവര്‍ ശല്യപ്പെടുത്തുകയില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി.
33:59ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടും, പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും പറയുക: അവര്‍ തങ്ങളുടെമേല്‍ തങ്ങളുടെ മേലാടകളില്‍നിന്നും (കുറെഭാഗം) താഴ്ത്തിയിട്ടു കൊള്ളണമെന്നും. അവര്‍ (തിരിച്ച്) അറിയപ്പെടുവാന്‍ വളരെ എളുപ്പമുള്ളതാണ്. അപ്പോഴവര്‍ക്കു ശല്യംബാധിക്കുകയില്ല. അല്ലാഹു വളരെ പൊറുക്കുന്നവനും, കരുണാനിധിയുമാകുന്നു.
തഫ്സീർ : 59-59
റസൂല്‍(ﷺ) തിരുമേനിക്കും, സത്യവിശ്വാസികള്‍ക്കും ശല്യമുണ്ടാക്കുന്നതിനെപ്പറ്റി ശക്തിമത്തായ താക്കീതു ചെയ്തശേഷം, അവരുടെ പരിശുദ്ധതയും മാന്യതയും കാത്തുരക്ഷിക്കുന്നതിനാവശ്യമായ ചില നിയമനിര്‍ദ്ദേശങ്ങളാണ് ഈ വചനത്തില്‍ അല്ലാഹു വ്യക്തമാകുന്നത്. അമുസ്‌ലിം സ്ത്രീകളെയും, ചാരിത്ര്യശുദ്ധിയില്‍ താല്‍പര്യമില്ലാത്ത സ്ത്രീകളുടെയും വേഷവിധാനങ്ങളില്‍നിന്നും വ്യത്യസ്തമായ ഒരു നിലപാടു മുസ്‌ലിം സ്ത്രീകളുടെ വേഷവിധാനത്തില്‍ ആചരിക്കേണ്ടതുണ്ടെന്നു ഈ വാക്യം ചൂണ്ടിക്കാട്ടുന്നു. വീട്ടിലായിരിക്കുമ്പോള്‍ ഉപയോഗിക്കാറുള്ള കുപ്പായം, മക്കന, ഉടുതുണി മുതലായവക്കുപുറമെ, വെളിയില്‍ പോകുമ്പോള്‍ മുസ്‌ലിം സ്ത്രീകള്‍ – നബി(ﷺ)യുടെ വീട്ടുകാര്‍ വിശേഷിച്ചും – ശരീരം മറയത്തക്ക ഒരു വസ്ത്രം ധരിച്ചിരിക്കണമെന്നു അതു ശാസിക്കുകയും ചെയ്യുന്നു. ഈ ശാസനയില്‍ അടങ്ങിയ യുക്തിയും അല്ലാഹു നമുക്കു വിവരിച്ചുതരുന്നു. ഇങ്ങിനെ ശരീരം മൂടിമറച്ച ഒരു സ്ത്രീയെ കാണുമ്പോള്‍, അവള്‍ ഒരു മുസ്‌ലിംസ്ത്രീയാണെന്നും, ചാരിത്രശുദ്ധിയില്‍ താല്‍പര്യമുള്ള മാന്യസ്ത്രീയാണെന്നും എല്ലാവര്‍ക്കും മനസ്സിലാകും. അഥവാ മറ്റുള്ളവരില്‍നിന്ന് ഇവരെ വേഗം തിരിച്ചറിയുവാന്‍ ഇതു കാരണമാകുന്നു. മാത്രമല്ല, ഹൃദയശുദ്ധിയും, സ്വഭാവഗുണവുമില്ലാത്ത ആളുകള്‍ അന്യസ്ത്രീകളുമായി കണ്ടുമുട്ടുമ്പോള്‍ ഉണ്ടായേക്കാനിടയുള്ള ശല്യങ്ങള്‍ക്കു – അഹിത്മായ പെരുമാറ്റങ്ങള്‍ക്കും സംസാരങ്ങള്‍ക്കും – ഇതു തടസ്സമായിത്തീരുകയും ചെയ്യും. (ذَٰلِكَ أَدْنَىٰ أَن يُعْرَفْنَ فَلَا يُؤْذَيْنَ)
‘ജില്‍ബാബു’ (جلباب) എന്ന പദത്തിന്‍റെ ബഹുവചനമാണ് ‘ജലാബീബ്’ (جلابيب) മേലാട എന്നു ഇതിനു അര്‍ത്ഥം പറയാം. പ്രധാന തഫ്സീറുകളിലും, അറബി നിഘണ്ടുക്കളിലും ഈ വാക്കിനു കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളില്‍ പരസ്പരം അക്ഷരവ്യത്യാസം കാണാമെങ്കിലും സാരത്തില്‍ ഏതാണ്ടെല്ലാം യോജിക്കുന്നുണ്ട്, ‘മക്കനയെക്കാള്‍ വലിയ വസ്ത്രം, മൂടിപ്പുതക്കുന്നുതു, പുതപ്പു, മുഖമൂടി (ആളെ തിരിച്ചറിയാതിരിക്കാന്‍വേണ്ടി തലയും മുഖവും മൂടുന്നതു), ശരീരം മുഴുവന്‍ മറക്കുന്ന വസ്ത്രം, കുപ്പായത്തിനും മക്കനക്കും മീതെയായി സ്ത്രീകള്‍ ചുറ്റിപ്പുതക്കുന്ന മൂടുപടം, മുകളില്‍നിന്നു അടിവരെ മറക്കുന്നതു, വിശാലമായ വസ്ത്രം’ എന്നൊക്കെയാണ് അവ.(*). ‘മേല്‍മൂടി, മേലാട, ചുറ്റിപ്പുത, മേലങ്കി, മൂടുവസ്ത്രം’ മുതലായ വാക്കുകളില്‍ മലയാളത്തില്‍ ഇതിനു വിവര്‍ത്തനം നല്‍കപ്പെടുന്നു. (**). ‘അവരുടെമേല്‍ താഴ്ത്തിയിടണം’ (يُدْنِينَ عَلَيْهِنَّ)എന്നു അല്ലാഹു പറഞ്ഞ വാക്കു ശ്രദ്ധേയമാകുന്നു. ശരീരം മുഴുവനും – തലയും, കഴുത്തും, മുഖവും അടക്കം – ‘ജില്‍ബാബു’ കൊണ്ടു മൂടി മറക്കേണ്ടതുണ്ടെന്നാണ് പ്രത്യക്ഷത്തില്‍ ഇതില്‍നിന്നു വരുന്നത്. പക്ഷേ, സൂറത്തുന്നൂര്‍ 31-ആം വചനത്തില്‍നിന്നും, അതിന്‍റെ വ്യാഖ്യാനത്തില്‍നിന്നുമായി, സ്ത്രീയുടെ മുഖവും കൈപടങ്ങളും മറക്കല്‍ നിര്‍ബ്ബന്ധമല്ലെന്നു നാം കണ്ടു. അതുകൊണ്ടു ഇവിടെയും, മുന്‍കയ്യും മുഖവും നിര്‍ബ്ബന്ധത്തില്‍നിന്നു ഒഴിവാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. സാധാരണനിലയിലാകുമ്പോള്‍ മാത്രമാണ് സൂറത്തുന്നൂറില്‍ മുഖം ഒഴിവാക്കപ്പെട്ടിരിക്കുന്നതെന്നും, വെളിയില്‍ പോകുമ്പോള്‍ മുഖവും മറക്കേണ്ടതുണ്ടെന്നാണ് ഈ വചനത്തിന്‍റെ താല്‍പര്യമെന്നും, എങ്കിലും കണ്ണിന്‍റെ കാഴ്ചക്കു ഭംഗംവരാത്തവണ്ണം കണ്ണുകള്‍ അതില്‍നിന്നു ഒഴിവാക്കണമെന്നും സഹാബികളും, താബിഉകളും അടക്കമുള്ള പല മഹാന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ടുതാനും. الله اعلم
.ثوب كبير من الخملر, الملحفة, الملحاف, القناع, ثوب يتر جميع البدن, الملاثة, التي تشتمل بها المرأة فوق الدزع والخمار ما يستر من فوق الى اسفل, الثوب الواسع ونحوها
(**). Gown, Flowing outer garment എന്നു ‘ഖാമൂസ് അസ്-രീയിലും Smock, Women’s gown എന്നു ‘ഫറാഇദി’ലും കാണാം.
പര്‍ദ്ദയെക്കുറിച്ചു വന്നിട്ടുള്ള ഖുര്‍ആന്‍റെ പ്രസ്താവനകളും, നബിവചനങ്ങളും നിഷ്പക്ഷമായി പരിശോധിച്ചാല്‍ ഇവിടെ നാം സ്വീകരിക്കേണ്ടുന്ന നയം ഇതാണെന്നുകാണാം: സ്ത്രീകള്‍ മുഖം മറക്കണമെന്നോ മറക്കരുതെന്നോ സ്വതവേ നിര്‍ബ്ബന്ധമില്ല. സാധാരണഗതിയില്‍ ഈ രണ്ടിലൊന്നില്‍ നിര്‍ബ്ബന്ധം ചെലുത്തുവാനം പാടില്ല. പരിതസ്ഥിതികളുടെയോ, ചുറ്റുപാടിന്‍റെയോ വ്യത്യാസം അനുസരിച്ച് മുഖവും കഴിയുന്നത്ര മറക്കുന്നതു ചിലപ്പോള്‍ നന്നായിരിക്കുകയും, ചിലപ്പോള്‍ അത്യാവശ്യമായിത്തീരുകയും ചെയ്യും.(***).
(***).(دمشق) ഡമസ്കസ്കാരനായ മുഹമ്മദു നാസിറുദ്ദീന്‍ അല്‍ബാനീ (محمد ناصر الدين الالباني) എന്ന പണ്ഡിതന്‍ حجاب المرأة المسلم (മുസ്‌ലിം സ്ത്രീയുടെ പര്‍ദ്ദ) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഗ്രന്ഥത്തില്‍ ഖുര്‍ആന്‍റെയും, സുന്നത്തിന്‍റെയും അടിസ്ഥാനത്തില്‍ പര്‍ദ്ദയുടെ നാനാവശങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിച്ചിരിക്കുന്നു. ഇതെഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഇതിന്‍റെ രണ്ടാംപതിപ്പു കാണുവാന്‍ സാധിച്ചത്. ഈ വിഷയകമായി വളരെ ചര്‍ച്ച നടത്തിയശേഷം അദ്ദേഹം ഈ അഭിപ്രായത്തിന്നാണ് മുന്‍ഗണന അതില്‍ നല്‍കിയിരിക്കുന്നത്. (الحمدلله).
സൂറത്തുന്നൂറില്‍വെച്ച് ഇസ്‌ലാമിലെ പര്‍ദ്ദയെപ്പറ്റി സവിസ്തരം വിവരിക്കപ്പെട്ടിട്ടുള്ളതുകൊണ്ടു ഇവിടെ കൂടുതല്‍ദീര്‍ഘിപ്പിക്കേണ്ടതില്ല. ഒരു കാര്യം ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നതു ഇന്നത്തെ പരിതസ്ഥിതിയില്‍ അധികപ്പറ്റാവുകയില്ല; ഇസ്‌ലാമിക സംസ്കാരങ്ങളെയും, ധാര്‍മ്മികമൂല്യങ്ങളെയും പുച്ഛിച്ചുകൊണ്ടുള്ള ഭൗതിക പരിഷ്കാരങ്ങളുടെ തേര്‍വാഴ്ച നിര്‍വിഘ്നം നടന്നുകൊണ്ടിരിക്കുന്ന ഇക്കാലത്തു – അറിഞ്ഞോ അറിയാതെയോ – മുസ്‌ലിം സ്ത്രീകളുടെ പര്‍ദ്ദയെ കഴിവതും വെട്ടിക്കുറക്കുവാനും, അതിനുവേണ്ടി ഖുര്‍ആനെയും സുന്നത്തിനെയും ദുര്‍വ്യാഖ്യാനം ചെയ്യുവാനും, മുസ്ലിംകളുടെ പര്‍ദ്ദാസമ്പ്രദായം അവരുടെ പുരോഗതിക്കു തടസ്സമാണെന്നു ഘോഷിക്കുവാനും മുതിരുന്ന പലരെയും ഇന്നു കാണാം. ഇവരുടെ കെണിവലയില്‍ അകപ്പെടാതിരിക്കുവാനും, അങ്ങിനെ, 57-ആം വചനത്തിലെ താക്കീതിനു പാത്രമായിത്തീരാതിരിക്കുവാനും ഓരോ സത്യവിശ്വാസിയും സൂക്ഷിക്കേണ്ടതാകുന്നു.’ والله الموفق.