وَلِسُلَيْمَـٰنَ ٱلرِّيحَ غُدُوُّهَا شَهْرٌۭ وَرَوَاحُهَا شَهْرٌۭ ۖ وَأَسَلْنَا لَهُۥ عَيْنَ ٱلْقِطْرِ ۖ وَمِنَ ٱلْجِنِّ مَن يَعْمَلُ بَيْنَ يَدَيْهِ بِإِذْنِ رَبِّهِۦ ۖ وَمَن يَزِغْ مِنْهُمْ عَنْ أَمْرِنَا نُذِقْهُ مِنْ عَذَابِ ٱلسَّعِيرِ﴿١٢﴾
34:12സുലൈമാന്നു കാറ്റിനെയും (കീഴ്പ്പെടുത്തിക്കൊടുത്തു); അതിന്‍റെ കാലത്തെപോക്ക് ഒരു മാസ(ത്തെ ദൂര)വും, അതിന്‍റെ വൈകുന്നേരത്തെ വരവ് ഒരു മാസ(ത്തെ ദൂര)വും ആകുന്നു. അദ്ദേഹത്തിന് നാം ചെമ്പുദ്രാവകത്തിന്‍റെ ഉറവു ഒഴുക്കിക്കൊടുക്കുകയും ചെയ്തു. തന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ച് അദ്ദേഹത്തിന്‍റെ മുമ്പില്‍വെച്ച് പ്രവൃത്തിയെടുക്കുന്നവര്‍ ജിന്നുകളില്‍ പെട്ടവരും ഉണ്ടായിരുന്നു. അവരില്‍ [ജിന്നുകളില്‍] നിന്ന് ആരെങ്കിലും നമ്മുടെ കല്പനവിട്ടു തെറ്റിപ്പോകുന്ന പക്ഷം, നാം അവനു ജ്വലിക്കുന്ന അഗ്നിയുടെ ശിക്ഷയില്‍ നിന്നും ആസ്വദിപ്പിക്കുന്നതാകുന്നു
തഫ്സീർ : 12-12
രാവിലെ മുതല്‍ ഉച്ചവരേക്കു ഒരു മാസത്തെ സാധാരണ യാത്രാദൂരവും, ഉച്ചക്കുശേഷം രാത്രിവരേക്കു ഒരു മാസത്തെ യാത്രാദൂരവും സഞ്ചരിക്കുവാന്‍ അല്ലാഹു സുലൈമാന്‍ (عليه السلام) നബിക്കു കാറ്റിനെ സഹായകമാക്കിക്കൊടുത്തിരുന്നു. കാറ്റിന്‍റെ സഹായത്താല്‍ അദ്ദേഹം തേരില്‍ കയറി ഉച്ചയാകുമ്പോഴേക്കു തലസ്ഥാനമായ ദിമിശ്ഖി (ഡമസ്കസി)ല്‍ നിന്നു ഇസ്തഖ്റിലേക്കും, രാത്രിയാകുമ്പോഴേക്കു അവിടെനിന്നു കാബൂളിലേക്കും എത്തിയിരുന്നുവെന്നു ഹസന്‍ബസരീ (رحمه الله) പ്രസ്താവിച്ചുകാണുന്നു. الله اعلم . സുലൈമാന്‍(عليه السلام) നബിക്കു കീഴ്പ്പെടുത്തിക്കൊടുക്കപ്പെട്ട കാറ്റു സാധാരണപോലെയുള്ള കാറ്റല്ലായിരുന്നുവെന്നും, അതൊരു പ്രത്യേക കാറ്റുതന്നെയായിരുന്നുവെന്നും ഇമാംറാസീ (رحمه الله) എടുത്തുപറഞ്ഞിട്ടുണ്ട്. അതു വാസ്തവമാണെന്നുതന്നെയാണ് മനസ്സിലാക്കേണ്ടതും. അദ്ദേഹം അതിനു പറഞ്ഞ ഒരു തെളിവു ഇതാണ് : ഈ കാറ്റിനെക്കുറിച്ചു പറയുമ്പോള്‍ ഖുര്‍ആന്‍ ഏകവചനമായിക്കൊണ്ടു الرِّيح എന്ന വാക്കാണ് ഉപയോഗിക്കുന്നത്. അല്ലാത്തപക്ഷം – അനുഗ്രഹങ്ങളെക്കുറിച്ചു പറയുമ്പോള്‍ ഖുര്‍ആന്‍റെ പതിവുപ്രകാരം – ബഹുവചനമായിക്കൊണ്ടു الرِّياح എന്നു പറയേണ്ടതായിരുന്നു. വളരെ ശ്രദ്ധേയമായ ഒരു തെളിവാണിത്. കൂടുതല്‍ വിവരം സൂ: അമ്പിയാഉ് 82ലും വിവരണത്തിലും നോക്കുക.
ചെമ്പുദ്രാവകത്തിന്‍റെ ഉറവൊഴുക്കിക്കൊടുത്തതാണ് സുലൈമാന്‍ (عليه السلام) നബിക്കു നല്‍കപ്പെട്ട മറ്റൊരു അനുഗ്രഹം. ധാരാളം ചെമ്പ് ലഭിക്കുന്ന ഖനികള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുകയും, ഉറവുജലം പോലെ ഉദ്ദേശപ്രകാരം അതു ഉപയോഗപ്പെടുത്താന്‍ സൗകര്യം നല്‍കുകയും ചെയ്തിരുന്നുവെന്നു സാരം. പിതാവിന്‍റെ കാലത്തു പല പ്രകാരത്തിലും ഇരുമ്പു നിഷ്പ്രയാസം ഉപയോഗിക്കുവാന്‍ സാധിപ്പിച്ചതുപോലെ, ചെമ്പുകൊണ്ടുള്ള പലതും അതീശീഘ്രം നിര്‍മ്മിക്കുവാന്‍ പുത്രന്‍റെ കാലത്തും അല്ലാഹു സൗകര്യപ്പെടുത്തിക്കൊടുത്തു. താര്‍ മുതലായ വസ്തുക്കളെപ്പോലെ, അദ്ദേഹത്തിന്‍റെ കാലത്തു ഖനികളില്‍ ചെമ്പും ഒഴുകിയിരുന്നുവെന്നും ചിലര്‍ പ്രസ്താവിച്ചു കാണുന്നു. അല്ലാഹുവിനറിയാം.
അടുത്ത ആയത്തില്‍ കാണുന്നതുപോലെ വമ്പിച്ച കൃത്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതിനായി മനുഷ്യനുപുറമെ, ജിന്നുവര്‍ഗ്ഗത്തെയും അല്ലാഹു സുലൈമാന്‍ (عليه السلام) നബിക്കു കീഴ്പ്പെടുത്തിക്കൊടുത്തിരുന്നു. ഇതും അദ്ദേഹത്തിനു മാത്രം സിദ്ധിച്ച ഒരനുഗ്രഹമത്രെ. ജോലികളില്‍ ജിന്നുകളെ ഉപയോഗപ്പെടുത്തുവാന്‍ സാധിച്ചു കിട്ടിയതു ഒരസാധാരണസംഭവമെന്ന നിലക്കായിരുന്നു. അതുകൊണ്ടാണ് ‘തന്‍റെ റബ്ബിന്‍റെ ഉത്തരവനുസരിച്ചു പ്രവര്‍ത്തിക്കുന്നവര്‍’ (بِإِذْنِ رَبِّهِ) എന്നു പ്രത്യേകം പ്രസ്താവിച്ചിരിക്കുന്നത്. മാത്രമല്ല, ജിന്നുകളെക്കൊണ്ടു സാധാരണമായി മനുഷ്യര്‍ക്കു ജോലി ചെയ്യിപ്പിക്കുവാന്‍ സാധ്യവുമല്ലല്ലോ. അപ്പോള്‍ സുലൈമാന്‍(عليه السلام) നബിക്കു വിധേയരായിരിക്കുവാന്‍ അവര്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ്. തക്കം കിട്ടിയാല്‍ അവര്‍ അതില്‍നിന്നു കുതറിപ്പോകുകയും ചെയ്തേക്കുമായിരുന്നു. ‘അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രവൃത്തി ചെയ്യുന്നവര്‍’ (مَن يَعْمَلُ بَيْنَ يَدَيْهِ) എന്നും, നമ്മുടെ കല്‍പ്പന വിട്ടു അവരില്‍ ആരെങ്കിലും തെറ്റിപ്പോകുന്നപക്ഷം അവനു ജ്വലിക്കുന്ന തീയില്‍ നിന്നും നാം ആസ്വദിപ്പിക്കും.’ (…..وَمَن يَزِغْ مِنْهُمْ) എന്നും പ്രസ്താവിച്ചതില്‍ നിന്നു ഇതു മനസ്സിലാക്കാം.
സുലൈമാന്‍(عليه السلام) നബിയുടെ പട്ടാളത്തില്‍ ജിന്നുവിഭാഗവും ഉണ്ടായിരുന്നതായി സൂ: നംലു: 17ലും, അദ്ദേഹത്തിനുവേണ്ടി സമുദ്രത്തില്‍ മുങ്ങുകയും മറ്റും ചെയ്തിരുന്ന പിശാചുക്കള്‍ ഉണ്ടായിരുന്നതായി അമ്പിയാഉ് 82-ലും അല്ലാഹു വ്യക്തമായി പ്രസ്താവിച്ചിരിക്കുന്നു. നാമതു ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍, ജോലി ചെയ്തിരുന്ന സമ്പ്രദായം എന്താണ്, അവരെ നയിച്ചിരുന്നത് എങ്ങിനെയൊക്കെയാണ് എന്നൊന്നും നമുക്കറിവില്ല. മറ്റാരുടെയും കാലത്തു അറിയപ്പെടാത്ത പല വമ്പിച്ച പ്രവര്‍ത്തനങ്ങളും, നിര്‍മ്മാണങ്ങളും സുലൈമാന്‍ (عليه السلام)ന്‍റെ കാലത്തു നടന്നിരുന്നുവെന്നതു ഖുര്‍ആന്‍കൊണ്ടും, ചരിത്രംകൊണ്ടും തെളിഞ്ഞതാകുന്നു. ജിന്നുകള്‍ സുലൈമാന്‍ (عليه السلام) നബിക്കുവേണ്ടി പണിചെയ്തിരുന്ന ചില വസ്തുക്കളെ അടുത്ത ആയത്തില്‍ അല്ലാഹു എടുത്തുപറയുന്നു: