33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 9

 വിഭാഗം - 2

يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ ٱذْكُرُوا۟ نِعْمَةَ ٱللَّهِ عَلَيْكُمْ إِذْ جَآءَتْكُمْ جُنُودٌۭ فَأَرْسَلْنَا عَلَيْهِمْ رِيحًۭا وَجُنُودًۭا لَّمْ تَرَوْهَا ۚ وَكَانَ ٱللَّهُ بِمَا تَعْمَلُونَ بَصِيرًا﴿٩﴾

يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചിട്ടുള്ളവരെ اذْكُرُوا നിങ്ങള്‍ ഓര്‍ക്കുവിന്‍ نِعْمَةَ اللَّـهِ അല്ലാഹുവിന്‍റെ അനുഗ്രഹം عَلَيْكُمْ നിങ്ങളുടെ മേല്‍ إِذْ جَاءَتْكُمْ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ جُنُودٌ ചില സൈന്യങ്ങള്‍, കുറെ പട്ടാളങ്ങള്‍ فَأَرْسَلْنَا എന്നിട്ടു നാം അയച്ചു عَلَيْهِمْ അവരില്‍, അവരുടെമേല്‍ رِيحًا ഒരു കാറ്റു وَجُنُودًا ചില സൈന്യങ്ങളെയും لَّمْ تَرَوْهَا നിങ്ങള്‍ കാണാത്ത وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِمَا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി بَصِيرًا കാണുന്നവന്‍, കണ്ടറിയുന്നവന്‍.

33:9ഹേ, വിശ്വസിച്ചിട്ടുള്ളവരേ! നിങ്ങളുടെമേല്‍ അല്ലാഹു അനുഗ്രഹം ചെയ്തതിനെ ഓര്‍ക്കുവിന്‍; അതായതു; നിങ്ങളുടെ അടുക്കല്‍ കുറെ സൈന്യങ്ങള്‍ വരുകയും, എന്നിട്ട് നാം അവരില്‍ ഒരു (ശക്തിമത്തായ) കാറ്റിനെയും, നിങ്ങള്‍ കണ്ടിട്ടില്ലാത്ത കുറെ സൈന്യങ്ങളെയും അയക്കുകയും ചെയ്ത സന്ദര്‍ഭം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു.

തഫ്സീർ : 9-9

ഖന്‍ദഖ് (خندق) യുദ്ധത്തില്‍ സത്യവിശ്വാസികള്‍ക്കു അല്ലാഹു ചെയ്തുകൊടുത്ത മഹത്തായ ഒരനുഗ്രഹത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈ വചനം. മദീനായിലെ യഹൂദരും, ഖുറൈശികളടക്കമുള്ള പല അറബിഗോത്രങ്ങളും പരസ്പരം സഖ്യം സ്ഥാപിച്ചുകൊണ്ടു തയ്യാറാക്കിയതും, പതിനായിരത്തിലധികം വരുന്നതുമായ ഒരു വമ്പിച്ച സേനയെ മുസ്‌ലിംകള്‍ നേരിടേണ്ടിവന്ന ഒരു യുദ്ധമായിരുന്നു അത്. മുസ്‌ലിംകളാകട്ടെ, മുവ്വായിരം മാത്രമായിരുന്നു. ഉഹ്ദ് യുദ്ധം കഴിഞ്ഞ പിറ്റേ കൊല്ലം ഹിജ്റ അഞ്ചാം കൊല്ലം ഉണ്ടായ ഈ യുദ്ധത്തില്‍ നടന്ന പല സംഭവങ്ങളെക്കുറിച്ചും ഈ സൂറത്തില്‍ പ്രതിപാദിക്കുന്നുണ്ട്. ശത്രുസേന പല കക്ഷികള്‍ ചേര്‍ന്നതാകകൊണ്ടു ഈ യുദ്ധത്തിനു അഹ്സാബുയുദ്ധം (غزوة الاحزاب) -അഥവാ പല സൈന്യസംഘങ്ങളും പങ്കെടുത്ത യുദ്ധം എന്നും, ശത്രുക്കള്‍ മദീനായില്‍ പ്രവേശിക്കുവാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍കൂടി മുസ്‌ലിംകള്‍ വമ്പിച്ച ഒരു ഖന്‍ദഖു’ (കിടങ്ങു) കുഴിച്ചിരുന്നതുകൊണ്ടു ഖന്‍ദഖുയുദ്ധമെന്നും ഇതിനു പേര്‍ പറയപ്പെടുന്നു. ഈ ഖന്‍ദഖു കുഴിക്കുന്നതില്‍ മുസ്‌ലിംകള്‍ ചെയ്ത ത്യാഗങ്ങളും, നബി() തിരുമേനി വിശപ്പുനിമിത്തം വയറ്റത്തു കല്ലുവെച്ചു കെട്ടികൊണ്ടും മറ്റും അതില്‍ വഹിച്ച പങ്കും ചരിത്രപ്രസിദ്ധമാണ്. യുദ്ധത്തില്‍ കിടങ്ങു നിര്‍മ്മിക്കുന്ന ഏര്‍പ്പാടു അറബികള്‍ക്കു അപരിചിതമായിരുന്നു. പേര്‍ഷ്യക്കാരനായിരുന്ന സല്‍മാന്‍ (سلمان الفارسى رض) എന്ന സഹാബിയുടെ നിര്‍ദ്ദേശപ്രകാരമാണ് തിരുമേനി() കിടങ്ങു നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.

ശത്രുക്കള്‍ കിടങ്ങിന്‍റെ മറുവശത്തായി മദീനയെ കുറെ ദിവസത്തോളം ഉപരോധം ചെയ്തുകൊണ്ടിരുന്നു. മുസ്‌ലിംകളാകട്ടെ താഴെ ആയത്തുകളില്‍ കാണാവുന്നതുപോലെ പലതരത്തിലുള്ള കഷ്ടതകളും പരീക്ഷണങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങിനെയിരിക്കെ, അതിശൈത്യവും, കൂരിരുട്ടും നിറഞ്ഞ ഒരു രാത്രിയില്‍ അല്ലാഹു ഒരു കൊടുങ്കാറ്റു നിയോഗിച്ചു. ശത്രുക്കളുടെ മുഖത്തും കണ്ണിലും മണ്ണു നിറഞ്ഞു. തമ്പുകള്‍ പറന്നു പോയി. തീ കെട്ടുകളഞ്ഞു. വെപ്പുപാത്രങ്ങള്‍ മറിഞ്ഞുവീണു. കുതിരകള്‍ അലറിപ്പാഞ്ഞു. ചരല്‍മഴ വര്‍ഷിച്ചു. കൂട്ടനിലവിളിയായി. ചുരുക്കിപ്പറഞ്ഞാല്‍ ശത്രുക്കള്‍ അങ്ങേഅറ്റം ഭയവിഹ്വലരായി. അവരുടെ സംഘം ഛിന്നഭിന്നമായി സ്ഥലം വിട്ടു. മുസ്‌ലിംകള്‍ക്കു രക്ഷ ലഭിക്കുകയും ചെയ്തു. الحمد لله

നിങ്ങള്‍ കാണാത്ത സൈന്യങ്ങളും’ (وَجُنُودًا لَّمْ تَرَوْهَا) എന്നു പറഞ്ഞതു മലക്കുകളെക്കുറിച്ചാകുന്നു. ഈ കാറ്റിലും, അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളിലും മലക്കുകള്‍ക്കും, അവരുടെ അദൃശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും പങ്കുണ്ടായിരുന്നുവെന്നു സാരം. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അല്ലാഹു കണ്ടറിയുന്നവനായിരുന്നു’ (وَكَانَ اللَّـهُ بِمَا تَعْمَلُونَ بَصِيرًا) എന്ന വാക്യം സത്യവിശ്വാസികള്‍ക്കു വമ്പിച്ച ഒരു സന്തോഷവാര്‍ത്തകൂടി ഉള്‍ക്കൊള്ളുന്നതാണ്. അവര്‍ അനുഭവിച്ച വിഷമങ്ങളും, അവര്‍ വരിച്ച ത്യാഗങ്ങളും അല്ലാഹു ശരിക്കും കണ്ടറിഞ്ഞിട്ടുണ്ട്. അതിന് അവന്‍ തക്ക പ്രതിഫലം നല്‍കുകതന്നെ ചെയ്യും എന്നു സാരം. യുദ്ധത്തിന്‍റെ സംക്ഷിപ്ത രൂപം ആദ്യം പ്രസ്താവിച്ചശേഷം അതിലെ ചില വശങ്ങളെ താഴെ ആയത്തുകളില്‍ പ്രത്യേകം എടുത്തു വിവരിക്കുന്നു:-