وَيَوْمَ يَحْشُرُهُمْ جَمِيعًۭا ثُمَّ يَقُولُ لِلْمَلَـٰٓئِكَةِ أَهَـٰٓؤُلَآءِ إِيَّاكُمْ كَانُوا۟ يَعْبُدُونَ﴿٤٠﴾
34:40അവരെ മുഴുവനും അവന്‍[അല്ലാഹു] ഒരുമിച്ചുകൂട്ടുന്ന ദിവസം (ഓര്‍ക്കുക); പിന്നീട് അവന്‍ മലക്കുകളോടു പറയും: "ഇക്കൂട്ടര്‍ നിങ്ങളെയായിരുന്നുവോ ആരാധിച്ചിരുന്നത്?!"
قَالُوا۟ سُبْحَـٰنَكَ أَنتَ وَلِيُّنَا مِن دُونِهِم ۖ بَلْ كَانُوا۟ يَعْبُدُونَ ٱلْجِنَّ ۖ أَكْثَرُهُم بِهِم مُّؤْمِنُونَ﴿٤١﴾
قَالُوا അവര്‍ പറയും سُبْحَانَكَ നീ മഹാപരിശുദ്ധന്‍, നിന്‍റെ പരിശുദ്ധിയെ വാഴ്ത്തുന്നു أَنتَ നീ, നീയത്രെ وَلِيُّنَا ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍, കാര്യകര്‍ത്താവു مِن دُونِهِم അവരെക്കൂടാതെ (അവരല്ല) بَلْ പക്ഷേ (എങ്കിലും) كَانُوا يَعْبُدُونَ അവര്‍ ആരാധിച്ചുവന്നിരുന്നു الْجِنَّ ജിന്നുകളെ أَكْثَرُهُم അവരിലധികവും بِهِم അവരില്‍ مُّؤْمِنُونَ വിശ്വസിക്കുന്നവരാണ്
34:41അവര്‍ പറയും: "നീ എത്രയോ പരിശുദ്ധന്‍! നീയത്രെ ഞങ്ങള്‍ക്കു ബന്ധപ്പെട്ടവന്‍ - അവരല്ല. പക്ഷേ അവര്‍ ജിന്നുകളെ ആരാധിച്ചുവരികയായിരുന്നു. അവരില്‍ അധികമാളും അവരില്‍ വിശ്വസിക്കുന്നവരാകുന്നു."
തഫ്സീർ : 40-41
മലക്കുകളെ അധിക്ഷേപിക്കുകയല്ല – അല്ലാഹു അല്ലാത്തവരെ ആരാധിച്ചുവന്നവരുടെ അപരാധം സ്ഥാപിക്കുകയും, അവരെ അധിക്ഷേപിക്കുകയുമാണ് – ഈ ചോദ്യത്തിന്‍റെ താല്‍പര്യം. ഇതുപോലെ, ഈസാ(عليه السلام) നബിയെയും, മാതാവിനെയും ആരാധിച്ചുവന്നവരെക്കുറിച്ചു ഈസാ(عليه السلام) നബിയോടും അല്ലാഹു പരലോകത്തുവെച്ചു ചോദിക്കുമെന്നും, അദ്ദേഹം അവരെ നിഷേധിച്ചുകൊണ്ടു മറുപടി പറയുമെന്നും, സൂറത്തുല്‍മാഇദഃ 116ലും പ്രസ്താവിച്ചുകാണാം.
അല്ലാഹു അല്ലാത്ത ദൈവങ്ങളെ ആരാധിച്ചു വരുന്നവരില്‍ പല തരക്കാരുണ്ട്. ചിലര്‍ മലക്കുകളുടെ പേരില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നു; ചിലര്‍ ദേവീദേവന്മാരെ ആരാധിക്കുന്നു; ചിലര്‍ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചും പ്രതിഷ്ഠിക്കാതെയും പിശാചുക്കളെ ആരാധിക്കുന്നു; ചിലര്‍ പ്രേതങ്ങളെയും, ‘കാരണവന്മാരെയും’ ആരാധിക്കുന്നു. മുസ്‌ലീം പാമാരന്മാരില്‍പോലും പിശാചുക്കളെ ആരാധിക്കുന്ന ചിലരുണ്ടെന്നതു വളരെ ദുഃഖകരമായ ഒരു വാസ്തവമത്രെ. പക്ഷേ, അവരുടെ ആരാധ്യരായ പിശാചുക്കളെക്കുറിച്ച് ‘ജിന്നു’കളെന്നോ, ‘മലക്കു’കളെന്നോ അറബിപ്പേര്‍ പറഞ്ഞു അവര്‍ സമാധാനിക്കും. ചിലപ്പോള്‍ തങ്ങളുടെ പിശാചുക്കള്‍ക്കു (ചേക്കുട്ടി, കോയസ്സന്‍ മുതലായ) മുസ്ലിം നാമങ്ങള്‍ നല്‍കിയും തൃപ്തി അടയും. അത്രമാത്രം. തങ്ങളുടെ ആരാധ്യന്മാര്‍ തങ്ങള്‍ക്കു ഗുണവും ദോഷവും ചെയ്‌വാന്‍ കഴിവുള്ളവരാണെന്നും, അസാധാരണമായ ചില കഴിവുകള്‍ അവര്‍ക്കുണ്ടെന്നും, അവര്‍ അദൃശ്യകാര്യങ്ങള്‍ അറിയുമെന്നും, അവര്‍ക്കുവേണ്ടി ചില കര്‍മ്മങ്ങളും വഴിപാടുകളും ചെയ്യേണ്ടതുണ്ടെന്നും മറ്റുമുള്ള ധാരണകള്‍ പലരിലും കാണാം. ഇങ്ങിനെയുള്ളവരെക്കുറിച്ചാണ് മലക്കുകളോടു അല്ലാഹു മേല്‍കണ്ട ചോദ്യം ചോദിക്കുന്നത്.
മലക്കുകളുടെ മറുപടിയുടെ സാരം ഇതാണ്: അല്ലാഹുവേ, അവര്‍ ഞങ്ങളെ ആരാധിക്കുകയോ, ഞങ്ങള്‍ അതിനു അനുകൂലിക്കുകയോ ചെയ്യുന്ന പ്രശ്നമേ ഇല്ല. ആരാധനക്കര്‍ഹത നിനക്കുമാത്രമാണല്ലോ. നീ പരമപരിശുദ്ധനും, എല്ലാ മഹാത്മ്യങ്ങളുടെയും നാഥനുമാണ്. ഞങ്ങളുടെ കൈകാര്യവും, ഞങ്ങളുടെ രക്ഷയും, ഞങ്ങളുടെ സഹായവുമെല്ലാം നിന്‍റെ പക്കലാണ്. ഞങ്ങളും അവരുമായി യാതൊരു മൈത്രിയോ ബന്ധമോ ഇല്ല. ഞങ്ങളറിയാതെയും, ഞങ്ങളുടെ യാതൊരു പ്രേരണകൂടാതെയും അവര്‍ ഞങ്ങളെ ആരാധിച്ചിട്ടുണ്ടെങ്കില്‍, അതുകൊണ്ടുതന്നെ അവര്‍ ഞങ്ങളുടെ ശത്രുക്കളാണ്. വാസ്തവത്തില്‍ അവര്‍ ജിന്നുവര്‍ഗ്ഗമായ പിശാചുക്കളെ ആരാധിക്കുകയും, അവരുടെ പ്രേരണകളില്‍ വഞ്ചിതരാവുകയുമാണ് ചെയ്തിരുന്നത്. ചിലര്‍ യാഥാര്‍ത്ഥ്യം ഓര്‍ക്കാതെ വിഡ്ഢിത്തം പ്രവര്‍ത്തിച്ചതായിരിക്കാമെങ്കിലും, മിക്കവരും ജിന്നുകളില്‍ തികച്ചും ദിവ്യത്വം കല്‍പിക്കുന്നവരും വിശ്വാസം അര്‍പ്പിക്കുന്നവരും തന്നെയായിരുന്നു.
ഇബ്ലീസും അവന്‍റെ വര്‍ഗ്ഗക്കാരുമാണ് ഇവിടെ ‘ജിന്നുകള്‍ (الْجِنّ) കൊണ്ട് ഉദ്ദേശ്യം. ‘ജിന്നു’ എന്നു പറയുന്നതു മനുഷ്യര്‍ക്ക് അഗോചരമായ ഒരു വര്‍ഗ്ഗമാണ്. അതുകൊണ്ട് അതില്‍ മനുഷ്യന്‍ ഉള്‍പ്പെടുന്നില്ല. ജിന്നിലും മനുഷ്യരിലും ഉള്‍പ്പെട്ട ദുഷിച്ച ആളുകള്‍ക്കു ‘പിശാചുക്കള്‍’ (الشياطين) എന്നു പറയപ്പെടും. പക്ഷെ, ജിന്നുവര്‍ഗ്ഗത്തിലെ പിശാചുക്കളെ ഉദ്ദേശിച്ചാണ് സാധാരണ ‘പിശാചുക്കള്‍’ (الشياطين) എന്നു പറയാറുള്ളത്. ചില സന്ദര്‍ഭങ്ങളില്‍ രണ്ടുവര്‍ഗ്ഗത്തിലുള്ളവരെയും ഉദ്ദേശിച്ചുകൊണ്ടും ആ വാക്കു ഉപയോഗിച്ചേക്കും. ഖുര്‍ആനില്‍ രണ്ടിനും ഉദാഹരണം കാണും. (കൂടുതല്‍ വിവരം സൂ: ഹിജ്റിന്നുശേഷമുള്ള വ്യാഖ്യാനക്കുറിപ്പില്‍ കാണാം). ان شاء الله