33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 52

لَّا يَحِلُّ لَكَ ٱلنِّسَآءُ مِنۢ بَعْدُ وَلَآ أَن تَبَدَّلَ بِهِنَّ مِنْ أَزْوَٰجٍۢ وَلَوْ أَعْجَبَكَ حُسْنُهُنَّ إِلَّا مَا مَلَكَتْ يَمِينُكَ ۗ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ رَّقِيبًۭا﴿٥٢﴾

 لَّا يَحِلُّ لَكَ നിനക്കു അനുവദനീയമാകയില്ല النِّسَاءُ സ്ത്രീകള്‍ (ഭാര്യമാര്‍) مِن بَعْدُ ശേഷം, പിന്നീടു (മേലില്‍) وَلَا أَن تَبَدَّلَ നീ പകരം സ്വീകരിക്കലും പാടില്ല بِهِنَّ അവര്‍ക്കു, ഇവര്‍ക്കു مِنْ أَزْوَاجٍ വല്ല ഭാര്യമാരെയും وَلَوْ أَعْجَبَكَ നിന്നെ ആശ്ചര്യ (കൗതുക)പ്പെടുത്തിയാലും حُسْنُهُنَّ അവരുടെ നന്‍മ, ഗുണം إِلَّا مَا مَلَكَتْ ഉടമപ്പെടുത്തിയതൊഴികെ يَمِينُكَ നിന്‍റെ വലങ്കൈ وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തെക്കുറിച്ചും رَّقِيبًا വീക്ഷിച്ചുകൊണ്ടിരിക്കുന്നവന്‍.

33:52ശേഷം (ഇനിമേലില്‍) നിനക്ക് സ്ത്രീകള്‍ [ഭാര്യമാര്‍] അനുവദനീയമാകുന്നതല്ല; (പുതുതായി) വല്ല ഭാര്യമാരെയും ഇവര്‍ക്കുപകരം സ്വീകരിക്കുകയും പാടില്ല - അവരുടെ നന്‍മ (അഥവാ സൗന്ദര്യം) നിന്നെ ആശ്ചര്യപ്പെടുത്തിയാലും ശരി; നിന്‍റെ വലങ്കൈ ഉടമപ്പെടുത്തിയവരൊഴികെ. (അവരെ സ്വീകരിക്കാം). അല്ലാഹു എല്ലാ കാര്യത്തെക്കുറിച്ചും വീക്ഷിച്ചുകൊണ്ടിരിക്കുന്നവനാകുന്നു.

തഫ്സീർ : 52-52

ഈ വചനം അവതരിക്കുമ്പോള്‍ തിരുമേനി()യുടെ ഭാര്യമാരായി ഒമ്പതു പേരാണു നിലവിലുണ്ടായിരുന്നത്. ആയിശഃ, ഹഫ്സഃ,ഉമ്മുഹബീബഃ, സൗദഃ, ഉമ്മുസല്‍മഃ, സഫിയ്യഃ, മൈമൂനഃ, സൈനബ്, ജുവൈരിയ്യഃ (رضي الله عنها) എന്നിവരാണവര്‍. (*). ഇതിനുശേഷം നബി() പുതുതായി വിവാഹം ചെയ്യുകയുണ്ടായിട്ടില്ല. ഒരു ഭാര്യയെ വിവാഹമോചനം ചെയ്ത് പകരം പുതിയൊരു ഭാര്യയെ സ്വീകരിക്കലും ഉണ്ടായിട്ടില്ല. ഇബ്രാഹീം എന്ന കുട്ടിയുടെ മാതാവും ഈജിപ്തില്‍നിന്നു സമ്മാനമായി അയച്ചുകൊടുക്കപ്പെട്ട അടിമസ്ത്രീയുമായിരുന്ന മാരിയ്യഃ (رضي الله عنها) യെ തിരുമേനി() സ്വീകരിച്ചതു ഈ വചനം അവതരിച്ചതിനുശേഷമായിരുന്നു. അടിമസ്ത്രീകളെ സ്വീകരിക്കുന്നതിനു വിരോധമില്ലെന്നു പ്രത്യേകം എടുത്തു പറഞ്ഞിട്ടുള്ളതാണല്ലോ. 

(*) ഈ ഒമ്പതുപേരെ സംബന്ധിച്ച് കൂടുതല്‍ വിവരം ഈ സൂറത്തിന് ശേഷമുള്ള വ്യാഖ്യാന കുറിപ്പില്‍ നോക്കുക.