വിഭാഗം - 7
يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَدْخُلُوا۟ بُيُوتَ ٱلنَّبِىِّ إِلَّآ أَن يُؤْذَنَ لَكُمْ إِلَىٰ طَعَامٍ غَيْرَ نَـٰظِرِينَ إِنَىٰهُ وَلَـٰكِنْ إِذَا دُعِيتُمْ فَٱدْخُلُوا۟ فَإِذَا طَعِمْتُمْ فَٱنتَشِرُوا۟ وَلَا مُسْتَـْٔنِسِينَ لِحَدِيثٍ ۚ إِنَّ ذَٰلِكُمْ كَانَ يُؤْذِى ٱلنَّبِىَّ فَيَسْتَحْىِۦ مِنكُمْ ۖ وَٱللَّهُ لَا يَسْتَحْىِۦ مِنَ ٱلْحَقِّ ۚ وَإِذَا سَأَلْتُمُوهُنَّ مَتَـٰعًۭا فَسْـَٔلُوهُنَّ مِن وَرَآءِ حِجَابٍۢ ۚ ذَٰلِكُمْ أَطْهَرُ لِقُلُوبِكُمْ وَقُلُوبِهِنَّ ۚ وَمَا كَانَ لَكُمْ أَن تُؤْذُوا۟ رَسُولَ ٱللَّهِ وَلَآ أَن تَنكِحُوٓا۟ أَزْوَٰجَهُۥ مِنۢ بَعْدِهِۦٓ أَبَدًا ۚ إِنَّ ذَٰلِكُمْ كَانَ عِندَ ٱللَّهِ عَظِيمًا﴿٥٣﴾
يَا أَيُّهَا الَّذِينَ آمَنُوا വിശ്വസിച്ചവരേ لَا تَدْخُلُوا നിങ്ങള്‍ പ്രവേശിക്കരുതു بُيُوتَ النَّبِيِّ നബിയുടെ വീടുകളില്‍ إِلَّا أَن يُؤْذَنَ സമ്മതം നല്‍കപ്പെട്ടാലൊഴികെ لَكُمْ നിങ്ങള്‍ക്കു إِلَىٰ طَعَامٍ വല്ല ഭക്ഷണത്തിലേക്കും غَيْرَ نَاظِرِينَ നോക്കിക്കൊണ്ടിരിക്കുന്നവരല്ലാതെ إِنَاهُ അതിന്റെ പാകം, വേവു وَلَـٰكِنْ പക്ഷേ إِذَا دُعِيتُمْ നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ فَادْخُلُوا അപ്പോള്‍ പ്രവേശിച്ചു കൊള്ളുവിന്‍ فَإِذَا طَعِمْتُمْ നിങ്ങള്‍ ഭക്ഷണം കഴിച്ചാല്‍ فَانتَشِرُوا നിങ്ങള്‍ നിരന്നുകൊള്ളുക (പിരിഞ്ഞുപോവുക) وَلَا مُسْتَأْنِسِينَ നേരംപോക്കിലേര്‍പ്പെടാത്തവരായും, (തങ്ങിനില്‍ക്കാതെയും) لِحَدِيثٍ വല്ല വര്‍ത്തമാനത്തിനും إِنَّ ذَٰلِكُمْ നിശ്ചയമായും അതു كَانَ يُؤْذِي ശല്യപ്പെടുത്തുന്നതാകുന്നു النَّبِيَّ നബിയേ فَيَسْتَحْيِي അപ്പോഴദ്ദേഹത്തിനു ലജ്ജയുണ്ടാകും مِنكُمْ നിങ്ങളെക്കുറിച്ചു وَاللَّـهُ അല്ലാഹുവാകട്ടെ لَا يَسْتَحْيِي അവന് ലജ്ജ കാണിക്കയില്ല مِنَ الْحَقِّ യഥാര്‍ത്ഥത്തെ (കാര്യത്തെ)ക്കുറിച്ചു وَإِذَا سَأَلْتُمُوهُنَّ നിങ്ങളവരോടു ചോദിക്കുന്നതായാല്‍ مَتَاعًا വല്ല സാമാനവും, ഉപകരണവും فَاسْأَلُوهُنَّ എന്നാലവരോടു ചോദിക്കുവിന്‍ مِن وَرَاءِ حِجَابٍ മറയുടെ പിന്നില്‍നിന്നു ذَٰلِكُمْ أَطْهَرُ അതു കൂടുതല്‍ ശുദ്ധമായതാണ്, വെടിപ്പുള്ളതാണ് لِقُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങള്‍ക്കു وَقُلُوبِهِنَّ അവരുടെ ഹൃദയങ്ങള്‍ക്കും وَمَا كَانَ لَكُمْ നിങ്ങള്‍ക്കു പാടില്ലതാനും أَن تُؤْذُوا നിങ്ങള്‍ ശല്യപ്പെടുത്തല്‍, സ്വൈരം കെടുത്തല് رَسُولَ اللَّـهِ അല്ലാഹുവിന്റെ റസൂലിനെ وَلَا أَن تَنكِحُوا നിങ്ങള്‍ വിവാഹം ചെയ്യലും പാടില്ല أَزْوَاجَهُ അദ്ദേഹത്തിന്റെ ഭാര്യമാരെ مِن بَعْدِهِ അദ്ദേഹത്തിനു ശേഷം أَبَدًا ഒരിക്കലും, എന്നെന്നും إِنَّ ذَٰلِكُمْ നിശ്ചയമായും അതു كَانَ ആകുന്നു عِندَ اللَّـهِ അല്ലാഹുവിങ്കല്‍ عَظِيمًا വമ്പിച്ചത്.
33:53ഹേ, വിശ്വസിച്ചവരേ, നബിയുടെ വീടുകളില്‍ വല്ല ഭക്ഷണത്തിലേക്കും (ക്ഷണിച്ചുകൊണ്ട്) നിങ്ങള്‍ക്കു അനുവാദം കിട്ടിയാലല്ലാതെ നിങ്ങള്‍ പ്രവേശിക്കരുത്; അതിന്റെ പാകം [വേവ്] നോക്കിക്കൊണ്ടിരിക്കുന്നവരല്ലാത്ത നിലക്കു (വേണം പ്രവേശിക്കുന്നത്). പക്ഷെ, നിങ്ങള്‍ ക്ഷണിക്കപ്പെട്ടാല്‍ നിങ്ങള്‍ പ്രവേശിച്ചു കൊള്ളുവിന്‍; ഭക്ഷണം കഴിച്ചാല്‍ പിരിഞ്ഞുപോരുകയും ചെയ്യുവിന്‍; വല്ല വര്‍ത്തമാനത്തിനുമായി നേരംപോക്കിലേര്‍പ്പെട്ടു നില്ക്കാതെയും (ആയിരിക്കണം). (കാരണം) നിശ്ചയമായും അതൊക്കെ, നബിയെ ശല്യപ്പെടുത്തുന്നതാണ്. അപ്പോള്‍ (അതു തുറന്നുപറയുവാന്‍) നിങ്ങളെക്കുറിച്ചു അദ്ദേഹത്തിനു ലജ്ജയായിരിക്കയും ചെയ്യും. അല്ലാഹുവാകട്ടെ, യഥാര്‍ത്ഥത്തെക്കുറിച്ച് (തുറന്നുകാട്ടുവാന്‍) ലജ്ജകാണിക്കുകയില്ല. നിങ്ങള്‍ അവരോടു [നബിയുടെ ഭാര്യമാരോട്] വല്ല സാമാനവും ചോദിക്കുന്നതായാല്‍ മറയുടെ പിന്നില്‍നിന്ന് ചോദിച്ചുകൊള്ളണം. നിങ്ങളുടെ ഹൃദയങ്ങള്‍ക്കും, അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ ശുദ്ധമായിട്ടുള്ളതത്രെ അത്. അല്ലാഹുവിന്റെ റസൂലിനു ശല്യമുണ്ടാക്കുവാന്‍ നിങ്ങള്‍ക്കു പാടുള്ളതുമല്ല. അദ്ദേഹത്തിന്റെശേഷം അദ്ദേഹത്തിന്റെ ഭാര്യമാരെ ഒരിക്കലും നിങ്ങള്‍ വിവാഹം കഴിപ്പാനും പാടില്ല. നിശ്ചയമായും, അതൊക്കെ അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കാര്യമാകുന്നു.
തഫ്സീർ : 53-53
അനസ് (رضي الله عنه) പ്രസ്താവിച്ചതായി ബുഖാരി – മുസ്ലിം മുതലായവര്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു ഹദീസിന്റെ സാരം ഇപ്രകാരമാണ്: ‘നബി(ﷺ) സൈനബ (رضي الله عنها) യെ വിവാഹം കഴിച്ച അവസരത്തില്‍ കുറെ ആളുകളെ (സദ്യക്ക്) ക്ഷണിച്ചിരുന്നു. ഭക്ഷണം കഴിച്ചശേഷം ആളുകള വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുകയായി. നബി(ﷺ) സ്ഥലം വിട്ടെഴുന്നേറ്റു പോകാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ എഴുന്നേറ്റുപോകുന്നില്ല. അങ്ങനെ തിരുമേനി(ﷺ) അവിടുന്നു സ്ഥലം വിട്ടുപോയി. ഈ അവസരത്തില്‍ ഏതാനും പേര് സ്ഥലംവിട്ടു. മൂന്നുപേര്‍ അവിടെത്തന്നെ ഇരുന്നു. തിരുമേനി(ﷺ) (കുറെ കഴിഞ്ഞു മടങ്ങി) വീട്ടിലേക്കു വന്നപ്പോഴും അവരവിടെ ഇരിക്കുന്നുണ്ടായിരുന്നു. പിന്നീടു അവരും എഴുന്നേറ്റുപോയി. ഈ വിവരം ഞാന്‍ തിരുമേനി(ﷺ)യെ അറിയിച്ചു. അവിടുന്നു വീട്ടില്‍ പ്രവേശിച്ചു. ഞാനും (പതിവുപോലെ) ഒന്നിച്ചു പ്രവേശിക്കുവാന്‍ ഉദ്ദേശിച്ചു. നോക്കുമ്പോള്‍ എനിക്കും തിരുമേനിക്കുമിടയില്‍ മറ ഇടപ്പെട്ടിരുന്നു. ഈയവസരത്തില്‍
يَا أَيُّهَا الَّذِينَ آمَنُوا لَا تَدْخُلُوا بُيُوتَ النَّبِيِّ എന്നുള്ള (ഈ) ആയത്ത് അല്ലാഹു അവതരിപ്പിച്ചു.’ നബി(ﷺ)ക്കു സേവനം ചെയ്തുകൊടുക്കുവാന്‍വേണ്ടി പത്തു വയസ്സു പ്രായത്തില്‍ മാതാവു കൂട്ടിക്കൊണ്ടുവന്ന്, തിരുമേനി(ﷺ)ക്കു എല്പിച്ചുകൊടുത്ത ആളാണ് അനസ് (رضي الله عنه). തിരുമേനി(ﷺ)യുടെ വിയോഗംവരേക്കും വിശ്വസ്തനായ ഒരു ഭൃത്യനും, വീട്ടിലെ ഒരംഗവും എന്ന നിലയില്‍ അദ്ദേഹം തിരുമേനി(ﷺ)യോടൊപ്പം ജീവിച്ചുപോന്നു. എന്നാല്‍, പര്‍ദ്ദാസമ്പ്രദായം നടപ്പിലായപ്പോള്‍ അതു അദ്ദേഹത്തിനും ബാധകമായിരുന്നു.
കേവലം ദീര്‍ഘമായ ഈ തിരുവചനത്തില്‍, നബി(ﷺ) തിരുമേനിയുടെ സ്ഥാനപദവികളെ മാനിച്ചുകൊണ്ട് സത്യവിശ്വാസികള്‍ ആചരിക്കേണ്ടുന്ന പല മര്യാദകളെക്കുറിച്ചും അല്ലാഹു പ്രസ്താവിക്കുന്നു. അവയില്‍ ഒരു കാര്യം – തിരുമേനിയുടെ ശേഷം അവിടുത്തെ പത്നിമാരെ ആരും വിവാഹം ചെയ്തുകൂടാ എന്നതു – ഒഴിച്ച് മറ്റെല്ലാം തന്നെ, മുസ്ലിംകള് എപ്പോഴും പരസ്പരം ആചരിക്കേണ്ടതുതന്നെയാകുന്നു. തിരുമേനി(ﷺ)യുടെ കാര്യത്തില്‍ അവ കൂടുതല്‍ കര്‍ശനമായി സ്വീകരിക്കപ്പെടേണ്ടതുണ്ടുതാനും. തിരുമേനി(ﷺ)യുടെ വീടുകളില്‍, അഥവാ അവിടുത്തെ ഭാര്യമാര്‍ നിവസിക്കുന്ന വീടുകളില്‍, പ്രവേശനത്തിനുള്ള അനുവാദം കിട്ടിയല്ലാതെ ആര്‍ക്കും ഇനിമേലില്‍ പ്രവേശിക്കാന്‍ പാടില്ല എന്നു ഈ വചനം പ്രഖ്യാപിക്കുന്നു. (അനുവാദം ചോദിക്കുന്ന രൂപം, അതിന്റെ ആവശ്യകത, അനുവാദം കൂടാതെ പ്രവേശിക്കാവുന്ന വീടുകള്‍ ആദിയായവയെക്കുറിച്ചു സൂറത്തുന്നൂറില്‍ വിശദീകരിച്ചു പറഞ്ഞിട്ടുള്ളതാണ്). അനധികൃതമായി അന്യവീടുകളില് പ്രവേശിക്കുന്നതിനാല്‍ നേരിടുവാനിടയുള്ള ദോഷങ്ങളെക്കുറിച്ചു ആര്‍ക്കും ഊഹിച്ചറിയാമല്ലോ. സദ്യ വേളകളിലാവട്ടെ, അല്ലാത്തപ്പോഴാകട്ടെ, ക്ഷണിക്കപ്പെടാതെ ഭക്ഷണത്തില്‍ചെന്നു പങ്കെടുക്കുന്നതും, ക്ഷണിക്കപ്പെട്ടാല്‍തന്നെയും വീട്ടില്‍ച്ചെലുമ്പോള്‍ അനുമതികൂടാതെ പ്രവേശിക്കുന്നതും പാടില്ലാത്തതാണ്. ഭക്ഷണം പാകമാകുന്നതു – തയ്യാറാകുന്നതു -നോക്കിക്കാത്തുകൊണ്ടിരി ക്കുന്നതും ഉചിതമല്ല. ഇതും വീട്ടുകാര്‍ക്കു പല നിലക്കും ശല്യമായി അനുഭവപ്പെടും. അതുകൊണ്ടു മുന്‍കൂട്ടിച്ചെന്നു കാത്തിരിക്കാന്‍ ഇടവരാതെ യഥാസമയത്തു മാത്രം ചെന്നു ചേരേണ്ടതാകുന്നു. ക്ഷണിക്കപ്പെട്ടവര്‍മാത്രം ചെല്ലുക, ഭക്ഷണം കഴിഞ്ഞാലുടന്‍ സ്ഥലം വിട്ടുപോരുക. പിന്നീടവിടെ ചുറ്റിപറ്റി നില്‍ക്കാതിരിക്കുക. ഇതെല്ലം പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. ക്ഷണിക്കപ്പെടാതെ സദ്യവട്ടങ്ങളിലും, ഭക്ഷണവേളയിലും കടന്നുചെല്ലുന്ന സമ്പ്രദായം കേവലം നിന്ദ്യവും അന്യായവും കൂടിയാണ്. ക്ഷണിക്കപ്പെട്ടവന് ക്ഷണം നിരസിക്കുന്നതും ശരിയല്ല. ഇത്തരം പല കാര്യങ്ങളെക്കുറിച്ചും ഹദീസില്‍ കൂടുതല്‍ വിശദീകരിച്ചുകാണാം. ദീര്‍ഘിച്ചുപോകുമെന്നു കരുതി വിട്ടുകളയുകയാണ്.
ഇതെല്ലം കേവലം നിസ്സാരകാര്യങ്ങളല്ലേ, ഇത്ര ഗൗരവത്തോടെ അവ എടുത്തുപറയേണ്ടതുണ്ടോ? എന്നൊക്കെ പലരും ധരിച്ചേക്കാം. അല്ല, ഇക്കാലത്തു പലരുടെ വാക്കിലും പ്രവൃത്തിയിലും പ്രത്യക്ഷത്തില്‍തന്നെ ആ നില പ്രകടമാകാറുമുണ്ട്. ഇവര്‍ക്കുള്ള മറുപടിയത്രെ അല്ലാഹു പറഞ്ഞത്: ‘നിശ്ചയമായും അതൊക്കെ നബിയെ ശല്യപ്പെടുത്തുന്നതാകുന്നു. അതു തുറന്നു പറയുവാന്‍ അദ്ദേഹത്തിനു ലജ്ജയുണ്ടായേക്കാം. അല്ലാഹുവാകട്ടെ യഥാര്ത്ഥത്തെക്കുറിച്ചു ലജ്ജ കാണിക്കയില്ല. (…..إِنَّ ذَٰلِكُمْ كَانَ يُؤْذِي النَّبِيَّ). നബി(ﷺ)യെ ശല്യപ്പെടുത്തുന്നതു പ്രത്യേകിച്ചും, സത്യവിശ്വാസികള്‍ക്കു ശല്യം ഉണ്ടാക്കുന്നതു പൊതുവിലും അല്ലാഹുവിങ്കല്‍ എത്രമാത്രം ആക്ഷേപകരമാണെന്നു ഇതേ വചനത്തിലെ തുടര്‍ന്നുള്ള വാക്യങ്ങളും, താഴെ വരുന്ന 57 – 59 എന്നീ വചനങ്ങളും മറ്റും പരിശോധിച്ചാലറിയാവുന്നതാണ്. ഒരാള്‍ക്കു മറ്റൊരാളെക്കൊണ്ട് ഏതെങ്കിലും തരത്തില്‍ ശല്യം ഉണ്ടാവാന്‍ പാടില്ല. നബി(ﷺ)യെ ശല്യപ്പെടുത്തുന്നതു മറ്റാരെ ശല്യപ്പെടുത്തുന്നതിനെക്കാളും ഭയങ്കരമാണ്. അന്യന്റെ പെരുമാറ്റത്തില്‍ ഏര്‍പ്പെടുന്ന സ്വൈര്യക്കേടിനെക്കുറിച്ചു തുറന്നുപറയുവാന്‍ മാന്യന്മാരായ ആളുകള്‍ മടിച്ചേക്കുക സ്വാഭാവികമാണ്. അതു മറ്റുള്ളവര്‍ കണ്ടറിയേണ്ടതാണ്, കണ്ടറിയാത്തവരെ അതു ഓര്‍മ്മിപ്പിക്കുന്നതു ആവശ്യവുമാണ് എന്നിങ്ങിനെ പലതും ഈ വാക്യത്തില്‍ നിന്നു മനസ്സിലാക്കുവാന്‍ കഴിയും.
നബി(ﷺ)യുടെ ഭാര്യാമാരോടു വല്ല സാധനവും ആവശ്യപ്പെടേണ്ടതുണ്ടാകുമ്പോള്‍ അതു മറയുടെ പിന്നില്‍ നിന്ന് ചോദിക്കണം, അഥവാ അകത്തു കടന്നുചെന്നും മുഖത്തോടു മുഖമായും അവരോടു സംസാരിച്ചു കൂടാ. ഇതാണ് ആയത്തിലെ മറ്റൊരു കല്പന. ഇതിനു രണ്ടു കാരണവും അല്ലാഹു പറയുന്നു: ഇരുകൂട്ടരുടെയും ഹൃദയങ്ങളുടെ നിഷ്കളങ്കതക്കും, ശുദ്ധതക്കും അതാണ് അനുയോജ്യമായത്; തിരുമേനി(ﷺ)യുടെ ഭാര്യമാരുടെ അന്തസ്സിനും, മാന്യതക്കും, നിരക്കാത്ത പെരുമാറ്റം തിരുമേനി(ﷺ)യെ ശല്യപ്പെടുത്തലുമാണ്. ഇതാണെങ്കില്‍ മഹാപാപവും! നബി(ﷺ)യുടെ ഭാര്യമാരെ സംബന്ധിച്ചു മാത്രമല്ല അന്യസ്ത്രീകളെ സംബന്ധിച്ചു പൊതുവില്‍ ആചരിക്കേണ്ടുന്ന ഒരു മര്യാദയാണിത്. മാന്യതയിലും ശ്രഷ്ഠതയിലും ഉന്നത നിലവാരത്തിലുള്ളവരാകുമ്പോള്‍ വിശേഷിച്ചും.
നബി(ﷺ)യുടെ ഭാര്യമാരില്‍ പര്‍ദ്ദ നടപ്പാക്കിയാല്‍ കൊള്ളാമെന്നു ഉമര്‍ (رضي الله عنه) ആഗ്രഹിച്ചിരുന്നതായും, ഉമര്‍ (رضي الله عنه)ന്റെ അഭിപ്രായം ശരിവെച്ചുകൊണ്ട് അവതരിച്ച ചില ഖുര്‍ആന്‍ വചനങ്ങളില്‍ ഈ ആയത്തും ഉള്‍പ്പെടുന്നതായും ഹദീസുകളില്‍ കാണാം. പക്ഷേ, വഹ്-യു ലഭിക്കാത്ത സ്ഥിതിക്ക് നബി(ﷺ) അതു നടപ്പിലാക്കാന്‍ മുമ്പോട്ടു വന്നതുമില്ല. തിരുമേനി(ﷺ) സ്വന്തം ഇഷ്ടപ്രകാരം ഒന്നും കല്പിക്കുകയില്ലല്ലോ. (وَمَا يَنطِقُ عَنِ الْهَوَىٰ). അനസ് (رضي الله عنه) ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ‘റസൂല്‍ (ﷺ) തിരുമേനിയോടു ഉമര്‍ (رضي الله عنه) പറയുകയുണ്ടായി: റസൂലേ, അങ്ങയുടെ അടുക്കല്‍ നല്ല മനുഷ്യരും, ചീത്ത മനുഷ്യരും പ്രവേശിച്ചുകൊണ്ടിരിക്കും. അതുകൊണ്ട് സത്യവിശ്വാസികളുടെ മാതാക്കളോടു (അങ്ങയുടെ ഭാര്യമാരോടു) പര്‍ദ്ദ സ്വീകരിക്കുവാന്‍ അങ്ങുന്നു കല്പിച്ചിരുന്നുവെങ്കില്?!’ അങ്ങനെ, ഹിജ്ര അഞ്ചാംകൊല്ലം ദുല്‍ഖഅ്ദഃ മാസത്തില്‍ ജഹ്ശിന്റെ മകള്‍ സൈനബയെ നബി(ﷺ) വിവാഹം കഴിച്ച ആ വിവാഹ സദ്യ കഴിഞ്ഞ രാവിലെ പര്‍ദ്ദയുടെ ഈ വചനം അവതരിച്ചു. (ബു; മു മുതലായവര്‍). അനസ് (رضي الله عنه)ന്റെ ഈ പ്രസ്താവനയും. അല്പംമുമ്പ് ഉദ്ധരിച്ച പ്രസ്താവനയും പരസ്പരം പിന്‍ബലം നല്‍കുന്നവയാകുന്നു. നബി(ﷺ)യുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അനുഷ്ടിക്കേണ്ടുന്ന മര്യാദകളെ സംബന്ധിച്ചുള്ള കല്പനകള് അവത്രിക്കുവാന്‍ പല നിലക്കും യോജിച്ച ഒരു സന്ദര്‍ഭത്തിലാണ് ഇതിന്റെ അവതരണമുണ്ടായതെന്ന് അവയില്‍ നിന്നു ഗ്രഹിക്കാം.
ഒരു ഹദീസില്‍ നബി(ﷺ) പറയുന്നു: انما جعل الاستئذان من اجل البصر (പ്രവേശനത്തിനു സമ്മതം ചോദിക്കുവാന്‍ നിശ്ചയിച്ചിട്ടുള്ളതുതന്നെ കണ്ണിന്റെ – നോട്ടത്തിന്റെ – കാരണത്താലാകുന്നു – ബു; മു). മറ്റൊരു നബിവചനം അബൂഹുറയ്റഃ (رضي الله عنه) ഇപ്രകാരം നിവേദനം ചെയ്യുന്നു. ‘കണ്ണുകളുടെ വ്യഭിചാരം നോട്ടമാണ്, ചെവികളുടെ വ്യഭിചാരം കേള്‍ക്കാന്‍ ശ്രമിക്കലാണ്, നാവിന്റെ വ്യഭിചാരം സംസാരിക്കലാണ്, കയ്യിന്റെ വ്യഭിചാരം സ്പര്‍ശിക്കലാണ്, കാലിന്റെ വ്യഭിചാരം കാലടിവെക്കലാണ് – നടന്നുചെല്ലലാണ് – , ഹൃദയം ഇച്ഛിക്കുകയും മോഹിക്കുകയും ചെയ്യുന്നു; ജനനേന്ദ്രിയം അതിനെ യഥാര്‍ത്ഥമാക്കുകയോ കളവാക്കുകയോ ചെയ്യും.’ (ബു; മു).
റസൂല്‍(ﷺ) തിരുമേനിയുടെ കാലശേഷം, അവിടുത്തെ ഭാര്യയായിരുന്ന ഒരാളെയും ആര്‍ക്കും തീരെ വിവാഹം ചെയ്വാന് പാടില്ല എന്നാണ് ആയത്തില്‍ അവസാനമായി പ്രസ്താവിച്ചത്. തിരുമേനിയുടെ ഭാര്യമാര്‍ സത്യവിശ്വാസികളുടെ മാതാക്കളാണെന്നു 6-ആം വചനത്തില്‍ പറഞ്ഞുവല്ലോ. അപ്പോള്‍ മാതാക്കളെ വിവാഹം ചെയ്വാന് പാടില്ലെന്നപോലെ അവരെയും വിവാഹം ചെയ്തുകൂടാത്തതാണ്. നിലവിലുള്ള ഒമ്പതു ഭാര്യമാര്‍ക്കുപുറമെ എനി മറ്റാരെയും വിവാഹം ചെയ്യരുതെന്നു നബി(ﷺ)യെ വിലക്കിയതുപോലെ, പ്രസ്തുത ഭാര്യമാര്‍ നബി(ﷺ)യുടെ ശേഷം വേറെ ഭര്‍ത്താക്കളെ സ്വീകരിക്കുന്നതും ഇതുമൂലം തടയപ്പെട്ടിരിക്കുകയാണ്. ഇതെല്ലം നബി(ﷺ)യുടെ ഉന്നതസ്ഥാനത്തെയും, അവിടുത്തെ പത്നിമാരോടു സത്യവിശ്വാസികള്‍ ബഹുമാനപൂര്‍വ്വം പെരുമാറേണ്ടുന്നതിന്റെ ആവശ്യകതയും കുറിക്കുന്നു. ‘നിശ്ചയമായും അതു അല്ലാഹുവിന്റെ അടുക്കല്‍ വമ്പിച്ച കാര്യമാണ്’ (إِنَّ ذَٰلِكُمْ كَانَ عِندَ اللَّـهِ عَظِيمًا) എന്നുള്ള സമാപനവാക്യം മനസ്സിരുത്തി ആലോചിച്ചുനോക്കുക!
പ്രത്യക്ഷത്തില്‍ അച്ചടക്കമര്യാദയും, നിയമങ്ങളും പാലിക്കുന്നവരില്‍തന്നെ, ദുര്‍വിചാരക്കാരും, കളങ്കഹൃദയന്മാരും ഉണ്ടായേക്കാം. നേരെമറിച്ച് സദ്ദുദ്ദേശവും, ശുദ്ധഹൃദയവും ഉള്ളവര്‍ക്ക് ചിലപ്പോള്‍ നിയമാതിര്‍ത്തികള്‍ കൃത്യമായി പാലിക്കാന്‍ കഴിയാതെയും വന്നേക്കാം. എന്നാല്‍ ഓരോരുത്തരുടെയും ഉള്ളുകള്ളികളെല്ലാം അല്ലാഹു അറിയുമെന്നും, അതതിനു തക്ക നടപടികള്‍ അവന് എടുത്തുകൊള്ളുമെന്നും അടുത്ത വചനത്തില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുകൊണ്ട് പര്‍ദ്ദ ആചരിക്കണമെന്ന നിയമത്തില്‍നിന്നു ഒഴിവാക്കപ്പെട്ടിട്ടുള്ളവരെക്കുറിച്ച് പ്രസ്താവിക്കുകയും ചെയ്യുന്നു.