هُوَ ٱلَّذِى يُصَلِّى عَلَيْكُمْ وَمَلَـٰٓئِكَتُهُۥ لِيُخْرِجَكُم مِّنَ ٱلظُّلُمَـٰتِ إِلَى ٱلنُّورِ ۚ وَكَانَ بِٱلْمُؤْمِنِينَ رَحِيمًۭا﴿٤٣﴾
33:43നിങ്ങളുടെ മേല്‍ അനുഗ്രഹം നേരുന്നവനത്രെ അവന്‍ [അല്ലാഹു]; അവന്‍റെ മലക്കുകളും തന്നെ (അനുഗ്രഹം നേരുന്നു); - നിങ്ങളെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്കു വരുത്തുവാന്‍ വേണ്ടി. അവന്‍ സത്യവിശ്വാസികളില്‍ വളരെ കരുണയുള്ളവനാണ് താനും.
تَحِيَّتُهُمْ يَوْمَ يَلْقَوْنَهُۥ سَلَـٰمٌۭ ۚ وَأَعَدَّ لَهُمْ أَجْرًۭا كَرِيمًۭا﴿٤٤﴾
تَحِيَّتُهُمْ അവരുടെ ഉപചാരം, അഭിവാദ്യം يَوْمَ يَلْقَوْنَهُ അവരവനെ കാണുന്ന ദിവസം سَلَامٌ സലാമാണ് وَأَعَدَّ لَهُمْ അവര്‍ക്കു അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു أَجْرًا كَرِيمًا മാന്യമായ പ്രതിഫലം.
33:44അവര്‍ അവനെ കാണുന്ന ദിവസം അവര്‍ക്കുള്ള ഉപചാരം, "സലാം" എന്ന് (സമാധാനസന്ദേശം) ആയിരിക്കും. അവര്‍ക്കു മാന്യമായ പ്രതിഫലം അവന്‍ ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു.
തഫ്സീർ : 43-44
يُصَلِّي എന്ന വാക്കിന്നാണ് അനുഗ്രഹം നേരുക എന്നു അര്‍ത്ഥം കല്‍പിച്ചത്. صلوة (സ്വലാത്ത്) എന്ന ധാതുവില്‍നിന്നുള്ള ക്രിയാരൂപമത്രെ അത്. ‘പ്രാര്‍ത്ഥന, അനുഗ്രഹം, കാരുണ്യം’ എന്നൊക്കെയാണതിന്റെ അര്‍ത്ഥം. അല്ലാഹു സത്യവിശ്വാസികള്‍ക്കു അനുഗ്രഹവും കാരുണ്യവും നല്‍കുന്നു. മലക്കുകള്‍ക്കുമിടയില്‍ അവരുടെ ഗുണഗണങ്ങളെ പുകഴ്ത്തുകയും ചെയ്യുന്നു. ‘അല്ലാഹു അനുഗ്രഹം നേരുന്നു’ (‘സ്വലാത്ത് ചെയ്യുന്നു’) എന്നു പറഞ്ഞതിന്‍റെ സാരം ഇതാണ്. മലക്കുകള്‍ സത്യവിശ്വാസികള്‍ക്കു ഗുണത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും, അവര്‍ക്കു പാപമോചനം തേടുകയും ചെയ്യുന്നതായി സൂറത്തുല്‍ മുഅ്മിന്‍ (ഗാഫിര്‍) 7,8,9 വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. മലക്കുകള്‍ അനുഗ്രഹം നേരുന്നതിന്‍റെ ഉദ്ദേശ്യം ഇതത്രെ. അങ്ങനെ, അസത്യം, ദുര്‍മ്മാര്‍ഗ്ഗം, അജ്ഞത, ദുര്‍ഭാഗ്യം ആദിയായ അന്ധകാരങ്ങളില്‍നിന്ന് സത്യവിശ്വാസികള്‍ക്കു വിമുക്തി ലഭിക്കുവാനും, സന്‍മാര്‍ഗ്ഗത്തിന്‍റെയും സല്‍ഭാഗ്യത്തിന്‍റെയും വെളിച്ചത്തിലേക്കു എത്തിച്ചേരുവാനും അല്ലാഹുവിന്‍റെയും മലക്കുകളുടെയും ‘സ്വലാത്തു’ അവര്‍ക്കു സഹായകമായിത്തീരുന്നു.
സത്യവിശ്വാസികള്‍ക്കു അല്ലാഹുവിങ്കല്‍ നിന്നു സലാം ലഭിക്കുന്നു. (സൂ: യാസീന്‍ : 58) മരണവേളയില്‍ അവരുടെ അടുക്കല്‍ മലക്കുകള്‍ ചെന്ന് സലാം പറയുകയും, സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുന്നു. (സൂ: നഹ്ല്‍ : 32) സ്വര്‍ഗ്ഗത്തിന്‍റെ കാവല്‍ക്കാരായ മലക്കുകള്‍ അവര്‍ക്കു സലാം പറഞ്ഞുകൊണ്ട് അവരെ സ്വാഗതം ചെയ്യും. (സൂ: സുമര്‍ : 73) ‘സലാം! സലാം!!’ എന്നിങ്ങിനെയല്ലാതെ, വ്യര്‍ത്ഥമായതോ, പാപകരമായതോ ആയ ഒന്നുംതന്നെ അവര്‍ സ്വര്‍ഗ്ഗത്തില്‍വെച്ചു കേള്‍ക്കുകയില്ല. (സൂ: വാഖിഅഃ : 25;26) സ്വര്‍ഗ്ഗത്തില്‍ അവരുടെ ഉപചാരവാക്യം സലാമായിരിക്കും. (സൂ: യൂനുസ് : 10). ചുരുക്കത്തില്‍, എവിടെയും, ആരില്‍നിന്നും, അവര്‍ക്കു സലാമിന്‍റെ – ശാന്തിയുടെ – സമാധാനത്തിന്‍റെ – രക്ഷയുടെ – അഭിവാദ്യമാണ് സിദ്ധിക്കുന്നത്. അപ്പോള്‍, ‘സത്യവിശ്വാസികളെ’ എന്നു സംബോധന ചെയ്തുകൊണ്ട് ഈ രണ്ടു വചനങ്ങളില്‍ അല്ലാഹു പ്രസ്താവിച്ച പ്രസ്താവനകള്‍ ഓരോന്നും ഓരോ സത്യവിശ്വാസിക്കും എത്രമേല്‍ ആവേശകരമാണെന്ന് ആലോചിച്ചുനോക്കുക! നബി(ﷺ) തിരുമേനി നമസ്കാരാനന്തരം, സാധാരണ ദുആ ചെയ്തിരുന്നതുപോലെ നാമും ദുആ ചെയ്യുക: اللهم انت السلام ومنك السلام (അല്ലാഹുവേ, നീയാണ് സലാം, നിന്‍റെ പക്കല്‍നിനാണു സലാം). അല്ലാഹുവേ, നീ ഞങ്ങള്‍ക്കു അനുഗ്രഹവും, അന്ധകാരങ്ങളില്‍നിന്നു മോചനവും, നിത്യശാന്തിയും നല്‍കണേ! آمين