34. سبإ (സബഅ്) ആയത്ത് 46-47

വിഭാഗം - 6

قُلْ إِنَّمَآ أَعِظُكُم بِوَٰحِدَةٍ ۖ أَن تَقُومُوا۟ لِلَّهِ مَثْنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُوا۟ ۚ مَا بِصَاحِبِكُم مِّن جِنَّةٍ ۚ إِنْ هُوَ إِلَّا نَذِيرٌۭ لَّكُم بَيْنَ يَدَىْ عَذَابٍۢ شَدِيدٍۢ﴿٤٦﴾

قُلْ പറയുക إِنَّمَا أَعِظُكُم നിശ്ചയമായും ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു(ള്ളു) بِوَاحِدَةٍ ഒറ്റകാര്യം (മാത്രം) أَن تَقُومُوا നിങ്ങള്‍ എഴുന്നേല്‍ക്കണ (തയ്യാറാകണ)മെന്നു لِلَّـهِ അല്ലാഹുവിനുവേണ്ടി مَثْنَىٰ ഈരണ്ടാളായിട്ടു وَفُرَادَىٰ ഓരോരുത്തരായിട്ടും ثُمَّ تَتَفَكَّرُوا പിന്നെ നിങ്ങള്‍ ചിന്തിക്കുക مَا بِصَاحِبِكُم നിങ്ങളുടെ ആളില്‍ (സുഹൃത്തില്‍, ചങ്ങാതിയില്‍) ഇല്ല مِّن جِنَّةٍ യാതൊരു ഭ്രാന്തും إِنْ هُوَ അദ്ദേഹമല്ല إِلَّا نَذِيرٌ ഒരു താക്കീതുകാരനല്ലാതെ لَّكُم നിങ്ങള്‍ക്കു بَيْنَ يَدَيْ عَذَابٍ ഒരു ശിക്ഷയുടെ മുമ്പില്‍ شَدِيدٍ കഠിനമായ.

34:46(നബിയേ) പറയുക: "ഒരൊറ്റ കാര്യം മാത്രം ഞാന്‍ നിങ്ങളെ ഉപദേശിക്കുന്നു: നിങ്ങള്‍ അല്ലാഹുവിനുവേണ്ടി, ഈരണ്ടാളായും, ഓരോരുത്തരായും എഴുന്നേല്‍ക്കുക [തയ്യാറാവുക]; പിന്നെ നിങ്ങള്‍ ചിന്തിച്ചുനോക്കുക! (ഇത്രമാത്രം). നിങ്ങളുടെ സുഹൃത്തിനു യാതൊരു ഭ്രാന്തുമില്ല; കഠിനമായ ഒരു ശിക്ഷയുടെ മുമ്പില്‍ അദ്ദേഹം നിങ്ങള്‍ക്കൊരു താക്കീതുകരനാണെന്നല്ലാതെ (മറ്റൊന്നും) അല്ല."

قُلْ مَا سَأَلْتُكُم مِّنْ أَجْرٍۢ فَهُوَ لَكُمْ ۖ إِنْ أَجْرِىَ إِلَّا عَلَى ٱللَّهِ ۖ وَهُوَ عَلَىٰ كُلِّ شَىْءٍۢ شَهِيدٌۭ﴿٤٧﴾

قُلْ പറയുക مَا سَأَلْتُكُم ഞാന്‍ നിങ്ങളോടു എന്തു ചോദിച്ചുവോ (വല്ലതും ചോദിച്ചാല്‍) مِّنْ أَجْرٍ പ്രതിഫലമായിട്ടു فَهُوَ لَكُمْ എന്നാലതുനിങ്ങള്‍ക്കുവേണ്ടിയാണ് إِنْ أَجْرِيَ എന്‍റെ പ്രതിഫലമല്ല إِلَّا عَلَى اللَّـهِ അല്ലാഹുവിന്‍റെ പേരിലല്ലാതെ وَهُوَ അവന്‍ عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിന്‍റെമേലും شَهِيدٌ സാക്ഷ്യം വഹിക്കുന്നവനാണ്, സന്നദ്ധനാണ്.

34:47പറയുക: "ഞാന്‍ നിങ്ങളോട് പ്രതിഫലമായി വല്ലതുംചോദിക്കുന്നപക്ഷം അതു നിങ്ങള്‍ക്കുവേണ്ടിയാകുന്നു. എന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെമേല്‍ അല്ലാതെ (ബാധ്യത) ഇല്ല. അവന്‍ എല്ലാ കാര്യത്തിനും സാക്ഷ്യം വഹിക്കുന്നവനുമാകുന്നു.

തഫ്സീർ : 46-47

എത്ര മഹത്തായ ഉപദേശം: ബുദ്ധിയും മനസ്സാക്ഷിയുമുള്ള ഏതൊരാള്‍ക്കും നിരസിക്കാനാവാത്ത ഉപദേശം! മനുഷ്യ സൃഷ്ടാവ് മനുഷ്യന്‍റെ മനസ്സാക്ഷിയെയും, മനശ്ശാസ്ത്രത്തെയും കുറിച്ച് സസൂക്ഷ്മം അറിയുന്ന അല്ലാഹു അവതരിപ്പിച്ച ഈ പ്രമേയം അസ്വീകാര്യമായിക്കാണുന്നവന്‍ നിശ്ചയമായും ഭാഗ്യം കെട്ടവന്‍ തന്നെ, ബുദ്ധിശൂന്യമോ, മനസ്സാക്ഷി പണയപ്പെട്ടവനോ അല്ലാത്ത ആര്‍ക്കും ഇതവഗണിക്കുക സാധ്യമല്ല.

ഒരാള്‍ ഒരു കാര്യത്തെക്കുറിച്ച് തുറന്ന ഹൃദയത്തോടെ സ്വയം ചിന്തിക്കുന്നപക്ഷം അവന്‍റെ മനസ്സാക്ഷി അവനു നേര്‍വഴി ചൂണ്ടിക്കാട്ടാതിരിക്കുകയില്ല. പരസ്പരം ഗുണകാംക്ഷികളായ രണ്ടു സ്നേഹിതന്‍മാര്‍ ചേര്‍ന്നു ആത്മാര്‍ത്ഥതയോടെ അഭിപ്രായം കൈമാറിക്കൊണ്ട് ചര്‍ച്ച നടത്തുമ്പോഴും അവര്‍ തങ്ങളുടെ കാര്യത്തില്‍ ഒരു നല്ല തീരുമാനത്തില്‍ എത്തിച്ചേരും. പക്ഷെ, കൂടുതല്‍ ആളുകള്‍ ചേര്‍ന്ന് സത്യാന്വേഷണം നടത്തുമ്പോള്‍ അത് സ്വസ്ഥതക്കും, കാര്യക്ഷമമായി ചിന്തിക്കുന്നതിനും ഭംഗം വരുത്തിയേക്കും. ചിന്താഗതി ചിതറിപ്പോകുവാനും, പരപ്രേരണകള്‍ രംഗപ്രവേശം ചെയ്‌വാനും പക്ഷപരമായ സമീപനങ്ങള്‍ ഉടലെടുക്കുവാനും അതു കാരണമാകുകയും ചെയ്യും. ആശയക്കുഴപ്പത്തിനും കക്ഷിവഴക്കുകള്‍ക്കും പാത്രമായിട്ടുള്ള വിഷയങ്ങളെക്കുറിച്ച് സത്യാന്വേഷണം നടത്തുവാനും, തര്‍ക്കശാസ്ത്രത്തിന്‍റെയോ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്‍റെയോ നിര്‍ബ്ബന്ധത്തിനു വിധേയമാകാത്ത പരിശുദ്ധമായ തീരുമാനം കണ്ടെത്തുവാനും ഏറ്റവും ഉപയുക്തമായ മാര്‍ഗ്ഗമത്രെ സ്വകാര്യവിചിന്തനം. ഈ തത്വം അടിസ്ഥാനമാക്കിയാണ് ഇമാംശാഫീ (رحمه الله) പറഞ്ഞതു: ഒരാള്‍ തന്‍റെ സഹോദരനെ സ്വകാര്യമായി ഉപദേശിക്കുന്നപക്ഷം, അവന്‍ അവനെ അലങ്കരിക്കുകയായിരിക്കും. ഒരാള്‍ തന്‍റെ സഹോദരനെ പരസ്യമായി ഉപദേശിക്കുന്നപക്ഷം, അവന്‍ അവനെ വികലപ്പെടുത്തുകയായിരിക്കും. (من نصح أخاه سراً فقد زانه ومن نصح اخاه جهراً فقد شانه ).

നബി() തിരുമേനിയുടെ അതുപര്യന്തമുള്ള എല്ലാ ചരിത്രവും അവര്‍ക്കറിയാം. നാട്ടിലെ ജനങ്ങളുടെ എല്ലാ ശോച്യാവസ്ഥയും അവര്‍ കണ്ടുകൊണ്ടിരിക്കുന്നു. നബി() പ്രബോധനം ചെയ്തുവരുന്ന തത്വങ്ങളാകട്ടെ, അങ്ങേഅറ്റം പ്രായോഗികവും, സനാതനവും. എന്നിരിക്കെ, ആത്മാര്‍ത്ഥതയോടും, നിഷ്കളങ്ക ഹൃദയത്തോടും കൂടി ഓരോരുത്തന്‍ സ്വന്തമായോ, മറ്റൊരുവനോടു കൂട്ടുചേര്‍ന്നോ അല്‍പം ചിന്തിച്ചുനോക്കുകയേ വേണ്ടതുള്ളു, എന്നാലവര്‍ക്കു നബി()യുടെ സത്യാവസ്ഥ ബോധ്യപ്പെടാതിരിക്കുകയില്ല. അതുകൊണ്ടു അതിനു തയ്യാറാകുവാന്‍ അവരെ ഉപദേശിക്കണമെന്നും, എന്തെങ്കിലും സ്വാര്‍ത്ഥോദ്ദേശ്യത്തോടുകൂടിയല്ല ഈ പ്രബോധനകൃത്യം നിര്‍വ്വഹിക്കുന്നതു അവരുടെ ഗുണത്തെമാത്രം ഉദ്ദേശിച്ചാണ് എന്ന വസ്തുത അവരെ ഓര്‍മ്മിപ്പിക്കണമെന്നും നബി()യോടു കല്‍പിക്കയാണ്. ആശയക്കുഴപ്പം നേരിടുന്ന വിഷയങ്ങളില്‍ മനസ്സമാധാനം കൈവരുന്നതിന് ആത്മാര്‍ത്ഥതയോടുകൂടി സ്വതന്ത്രമായും സ്വസ്ഥമായും സ്വയം ചിന്തിക്കേണ്ടതുണ്ടെന്നും, ഉപദേഷ്ടാക്കളായ ആളുകള്‍ നിസ്വാര്‍ത്ഥരായിരിക്കേണ്ടതുണ്ടെന്നും ഇതില്‍നിന്നു മനസ്സിലാക്കാം. والله الموفق