34. سبإ (സബഅ്) ആയത്ത് 18-19

وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًۭى ظَـٰهِرَةًۭ وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ﴿١٨﴾

 وَجَعَلْنَا നാം ഉണ്ടാക്കുക (ഏര്‍പ്പെടുത്തുക)യും ചെയ്തു بَيْنَهُمْ അവരുടെ ഇടയില്‍ وَبَيْنَ الْقُرَى രാജ്യങ്ങളുടെയും ഇടയില്‍ الَّتِي بَارَكْنَا നാം ബര്‍ക്കത്ത് (അഭിവൃദ്ധി) നല്‍കിയിട്ടുള്ള فِيهَا അതില്‍ قُرًى ظَاهِرَةً പ്രത്യക്ഷമായ ചില രാജ്യങ്ങളെ وَقَدَّرْنَا നാം കണക്കാക്കുക (തോതുനിര്‍ണ്ണയിക്കുക)യും ചെയ്തു فِيهَا അവയിലൂടെ السَّيْرَ സഞ്ചാരം, നടത്തം سِيرُوا സഞ്ചരിക്കുവിന്‍ فِيهَا അവയിലൂടെ لَيَالِيَ രാത്രികളിലും وَأَيَّامًا ദിനങ്ങളി (പകലുകളി)ലും آمِنِينَ നിര്‍ഭയരായിട്ടു

34:18അവരുടെ [സബഉഗോത്രത്തിന്‍റെ]യും, നാം അഭിവൃദ്ധി നല്‍കിയിട്ടുള്ള രാജ്യങ്ങളുടെയും ഇടയില്‍ പ്രത്യക്ഷമായ പല രാജ്യങ്ങളെയും നാം ഉണ്ടാക്കി; അവയിലൂടെ സഞ്ചാരത്തിന് നാം തോതു കണക്കാക്കുയും ചെയ്തു. (നാം പറഞ്ഞു:) "അവയില്‍കൂടി നിങ്ങള്‍ രാവുംപകലും നിര്‍ഭയരായിക്കൊണ്ട് സഞ്ചരിച്ചുകൊള്ളുവിന്‍!"

فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ﴿١٩﴾

فَقَالُوا എന്നാലവര്‍ പറഞ്ഞു رَبَّنَا ഞങ്ങളുടെ റബ്ബേ بَاعِدْ നീ ദൂരമുണ്ടാക്കണേ, അകലപ്പെടുത്തണേ بَيْنَ أَسْفَارِنَا ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ وَظَلَمُوا അവര്‍ അക്രമവും ചെയ്തു أَنفُسَهُمْ അവരോടു തന്നെ فَجَعَلْنَاهُمْ അപ്പോള്‍ നാമവരെ ആക്കി أَحَادِيثَ വര്‍ത്തമാനങ്ങള്‍ (കഥകള്‍) وَمَزَّقْنَاهُمْ നാമവരെ ചിന്നഭിന്നമാക്കുകയും ചെയ്തു كُلَّ مُمَزَّقٍ എല്ലാ (വിധ) ഛിന്നഭിന്നമാക്കലും إِنَّ فِي ذَٰلِكَ നിശ്ചയമായും അതിലുണ്ട് لَآيَاتٍ പല ദൃഷ്ടാന്തങ്ങള്‍ لِّكُلِّ صَبَّارٍ എല്ലാ ക്ഷമാശീലന്‍മാര്‍ക്കും شَكُورٍ നന്ദിയുള്ള, കൃതജ്ഞരായ

34:19എന്നാല്‍, അവര്‍ പറഞ്ഞു: "ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ യാത്രകള്‍ക്കിടയില്‍ നീ ദൂരമേര്‍പ്പെടുത്തിത്തരേണമേ!" അവര്‍ തങ്ങളോടുതന്നെ അക്രമം പ്രവര്‍ത്തിക്കുകയും ചെയ്തു. അതിനാല്‍, നാം അവരെ (പഴക്കം ചെന്ന) വര്‍ത്തമാനങ്ങളാക്കിത്തീര്‍ക്കുകയും, എല്ലാ വിധേനയും അവരെ (നശിപ്പിച്ച്) ഛിന്നഭിന്നമാക്കുകയും ചെയ്തു. നിശ്ചയമായും, അതില്‍ നന്ദികാണിക്കുന്ന ക്ഷമാശീലരായ എല്ലാവര്‍ക്കും പല ദൃഷ്ടാന്തങ്ങളുമുണ്ട്

തഫ്സീർ : 18-19

 നാം അഭിവൃദ്ധി നല്‍കിയ രാജ്യങ്ങള്‍ (الْقُرَى الَّتِي بَارَكْنَا فِيهَا)എന്നു പറഞ്ഞതു ശാം (സിരിയാ) രാജ്യങ്ങളെക്കുറിച്ചാണെന്നാണ് മിക്ക ഖുര്‍ആന്‍ വ്യാഖ്യാതാക്കളും പറയുന്നത്. സബഉ ജനതക്കു അവരുടെ നാട്ടില്‍നിന്നു ശാം വരെയുള്ള യാത്രാമാര്‍ഗ്ഗത്തില്‍, യാതൊരു വിഷമവും കൂടാതെ രാവും പകലും നിര്‍ബാധം സഞ്ചരിക്കത്തക്കവിധത്തില്‍ അടുത്തടുത്ത് ജനവാസമുള്ള താവളങ്ങളും ഗ്രാമങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടു രാവിലെ യാത്ര തുടങ്ങിയാല്‍ ഉച്ചക്കു ഇറങ്ങി വിശ്രമിക്കുവാനും, ആഹാരവും മറ്റും കഴിക്കുവാനും വേണ്ടുന്ന സൗകര്യങ്ങളുണ്ടായിരുന്നു. ഉച്ചക്കു ശേഷം പുറപ്പെട്ടാല്‍ രാത്രി ഇറങ്ങി താവളമടിക്കുവാന്‍ വേണ്ടുന്ന സൗകര്യങ്ങളും ആവശ്യമനുസരിച്ചു അവര്‍ക്കുണ്ടായിരുന്നു. ഇതാണ് 18-ആം വചനത്തിന്‍റെ സാരം. അഭിവൃദ്ധി നല്‍കിയ രാജ്യങ്ങള്‍ കൊണ്ടു വിവക്ഷ മസ്ഖത്തു മുതലായ (കിഴക്കെ കടല്‍തീരപ്രദേശങ്ങളായ) രാജ്യങ്ങളായിരിക്കാമെന്നും ചിലര്‍ക്കഭിപ്രായമുണ്ട്. യമനില്‍ നിന്നു വടക്കോട്ടു ശാമിലേക്കുള്ള മാര്‍ഗ്ഗത്തില്‍ മുമ്പ് ജനവാസം അത്രത്തോളം ഉണ്ടായിരുന്നതിന്‍റെ ലക്ഷണം കാണുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. എങ്കിലും, ആദ്യത്തെ അഭിപ്രായമാണ് ശരിയായിരിക്കുവാന്‍ കൂടുതല്‍ ന്യായം കാണുന്നത്. الله اعلم

ശൈത്യകാലത്തു യമനിലേക്കും, ഉഷ്ണകാലത്തു ശാമിലേക്കും ഖുറൈശികള്‍ കച്ചവടയാത്ര നടത്താറുണ്ടായിരുന്നു. യമനില്‍നിന്നു ശാമിലേക്കുള്ള മാര്‍ഗ്ഗമാകട്ടെ, മക്കാപരിസരത്തുകൂടിയാണുതാനും. അറേബ്യായുടെ ചരിത്രഭൂപടങ്ങളില്‍ ഈ മാര്‍ഗ്ഗം അടയാളപ്പെടുത്തിക്കാണാം. അതേസമയത്ത് സബഉ ജനതയുടെ പ്രതാപകാലങ്ങളില്‍, അവര്‍ക്കു ഈജിപ്ത് (മിസ്ര്), സിരിയാ (ശാം) മുതലായ മദ്ധ്യധരണ്യാഴി പ്രദേശങ്ങളുമായും, യുപ്രട്ടീസ്, ടൈഗ്രിസ് (ഫുറാത്ത്, ദിജ്ലഃ) എന്നീ നദീതീരപ്രദേശങ്ങളുമായും കച്ചവടബന്ധവും മറ്റും ഉണ്ടായിരുന്നതായി ചരിത്രങ്ങളുമുണ്ട്. ഒന്നാമത്തെ യാത്രാമാര്‍ഗ്ഗം ചെങ്കടല്‍ തീരപ്രദേശങ്ങളും, പേര്‍ഷ്യന്‍ ഉള്‍ക്കടല്‍ (*) തീരങ്ങളുമാകുന്നു. യമനില്‍നിന്നു ശാമിലേക്കു പോകുമ്പോള്‍, മക്ക, മദീന, ഹിജ്ര്‍, തബൂക്ക്, മദ് യന്‍, പെത്രാ (സേലാ), ലൂത്ത്വ് (عليه السلام) നബിയുടെ രാജ്യങ്ങള്‍, ബസ്രാ എന്നിവിടങ്ങളില്‍കൂടി ദിമിശ്ഖി (ഡമസ്കസി)ലെത്തുന്നു. ഇറാഖിലെ നദീതീരപ്രദേശങ്ങളിലേക്കു പോകുമ്പോള്‍, ഹളറമൂത്ത്, മസ്ഖത്ത്, ബഹ്റൈന്‍ എന്നീ പ്രദേശങ്ങള്‍ കടന്നുപോകുന്നു. ശാമിലേക്കുള്ള അറബികളുടെ യാത്രാമാര്‍ഗ്ഗത്തെക്കുറിച്ച് സൂ:ഹിജ്ര്‍ 76ഉം 79ഉം വചനങ്ങളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നു.

 (*) ഇപ്പോള്‍ അറേബ്യന്‍ ഉള്‍ക്കടല്‍ എന്നാണ് പറയാറുള്ളത്.

മേല്‍ക്കാണിച്ചതുപോലുള്ള അനുഗ്രഹങ്ങള്‍ക്കു നന്ദി കാണിക്കുന്നതിനുപകരം അവര്‍ ക്രമേണ നന്ദികേടു കാണിക്കയാണുണ്ടായത്. യാത്രാമദ്ധ്യെ അടുത്തടുത്തു രാജ്യങ്ങളും ജനങ്ങളും ഉള്ളതുകൊണ്ടു യാത്രയുടെ രസം അനുഭവപ്പെടുന്നില്ല; സാധുക്കള്‍ക്കും പ്രമാണിമാര്‍ക്കും യാത്രാ സൗകര്യം ഒരുപോലെയാണ്; വലിയ യാത്രാസംഘങ്ങളെ സംഘടിപ്പിച്ച് ആഘോഷത്തോടും ആര്‍ഭാടങ്ങളോടും കൂടി യാത്ര നടത്തുവാന്‍ ഇതൊരു തടസ്സമാണ്. എന്നിങ്ങിനെ അവര്‍ക്കു പരാതിയായി. അതിനാല്‍, ഇടക്കിടെ മരുഭൂമിയും, വിജനപ്രദേശവുമായിരിക്കണം; വിശ്രമത്തിനുള്ള താവളങ്ങള്‍ തമ്മില്‍ കുറെ അകലമുണ്ടായിരിക്കണം. എന്നായി അവരുടെ ആവശ്യം. ഇതു വാസ്തവത്തില്‍ ക്രൂരവും, ധിക്കാരപരവുമാണെന്നു മാത്രമല്ല, അവരോടു തന്നെ അവര്‍ ചെയ്യുന്ന അനീതിയുമാണല്ലോ. ഇതിന്‍റെ ഫലമായി നാനാവിധേന അല്ലാഹു അവരെ ഛിന്നഭിന്നമാക്കി. കുറെഭാഗം നശിച്ചുപോയി. കുറെഭാഗം ദൂരപ്രദേശങ്ങളില്‍ അലഞ്ഞുതിരിയേണ്ടിവന്നു. പലരും പലേടത്തായി താവളമുറപ്പിച്ചു. സബഇന്‍റെ ഓരോ ശാഖകളായ ജഫ്നഃ (جفنة) ശാമിലും, ഔസും, ഖസ്റജും (الاوس والخزرج) യഥ്രിബിലും (മദീനായിലും), അസ്ദിന്‍റെ ഒരു വിഭാഗം (ازدسراة) സറാത്തിലും മറ്റൊരു വിഭാഗം (ازدعمان) ഇമ്മാനിലും വസിച്ചുവന്നു. അങ്ങനെ, വളരെക്കാലം വമ്പിച്ച കീര്‍ത്തിയും പ്രതാപവുമുണ്ടായിരുന്ന സബഉ് വര്‍ഗ്ഗം പഴങ്കഥകളായിമാത്രം അവശേഷിച്ചു. സബഉഗോത്രക്കാരെപ്പോലെ ഛിന്നിച്ചിതറി’ (تفرقوا ايدى سبأ) എന്നൊരു ഉപമാവാക്യം അറബികളില്‍ ഇന്നും ഉപയോഗിക്കാറുള്ളതു സ്മരണീയമാകുന്നു.

ആപത്തുകളിലും, വിഷമങ്ങളിലും ക്ഷമയും സഹനവും കൈക്കൊള്ളുകയും, സുഖത്തിലും സന്തോഷത്തിലും നന്ദികാണിക്കുകയും ചെയ്യുന്നവര്‍ക്ക് അവര്‍ വ്യക്തികളാകട്ടെ, സമൂഹമാകട്ടെ- ഇതില്ലെല്ലാം ധാരാളം ദൃഷ്ടാന്താവും പാഠവും ലഭിക്കുവാനുണ്ട്. (إِنَّ فِي ذَٰلِكَ لَآيَاتٍ لِّكُلِّ صَبَّارٍ شَكُورٍ) അതവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യും. ആ രണ്ടു സ്വഭാവവുമില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് അടുത്ത വചനത്തില്‍ സബഇനെക്കുറിച്ചു അല്ലാഹു തുടര്‍ന്നു പ്രസ്താവിച്ചതില്‍നിന്നു മനസ്സിലാക്കാം:-