33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 24

لِّيَجْزِىَ ٱللَّهُ ٱلصَّـٰدِقِينَ بِصِدْقِهِمْ وَيُعَذِّبَ ٱلْمُنَـٰفِقِينَ إِن شَآءَ أَوْ يَتُوبَ عَلَيْهِمْ ۚ إِنَّ ٱللَّهَ كَانَ غَفُورًۭا رَّحِيمًۭا﴿٢٤﴾

لِّيَجْزِيَ اللَّـهُ അല്ലാഹു പ്രതിഫലം നല്‍കുവാന്‍വേണ്ടി الصَّادِقِينَ സത്യവാന്‍മാര്‍ക്കു بِصِدْقِهِمْ അവരുടെ സത്യതക്ക് وَيُعَذِّبَ അവന്‍ ശിക്ഷിക്കുവാനും الْمُنَافِقِينَ കപടവിശ്വാസികളെ إِن شَاءَ അവന്‍ ഉദ്ദേശിച്ചാല്‍ أَوْ يَتُوبَ അല്ലെങ്കില്‍ പശ്ചാത്താപം സ്വീകരിക്കാനും عَلَيْهِمْ അവരുടെമേല്‍ إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു كَانَ غَفُورًا വളരെ പൊറുക്കുന്നവനാകുന്നു رَّحِيمًا കരുണാനിധിയാകുന്നു.

33:24സത്യവാന്‍മാര്‍ക്കു അവരുടെ സത്യ(പാലന)ത്തിനു അല്ലാഹു പ്രതിഫലം നല്‍കുവാനും, കപടവിശ്വാസികളെ - അവന്‍ ഉദ്ദേശിക്കുന്നപക്ഷം - ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെമേല്‍ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്‌വാനും വേണ്ടിയത്രെ (ഇത്). നിശ്ചയമായും, അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

തഫ്സീർ : 24-24

കപടവിശ്വാസികള്‍ തങ്ങളുടെ നിലയില്‍ മാറ്റമൊന്നും വരുത്താത്തപക്ഷം അല്ലാഹു അവരെ ശിക്ഷിക്കും. അവര്‍ പശ്ചാത്തപിക്കുന്നപക്ഷം അല്ലാഹു അതു സ്വീകരിക്കുകയും അവര്‍ക്കു പൊറുത്തുകൊടുക്കുകയും ചെയ്യും, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സൂ: ആലുഇംറാനില്‍ പ്രസ്താവിച്ചതുപോലെ നല്ലവരെയും, ചീത്തയായവരെയും വേര്‍തിരിച്ചുകാട്ടുകയാണ് പരീക്ഷണങ്ങളുടെ ഉദ്ദേശ്യം. അല്ലാഹു പറയുന്നു: مَّا كَانَ اللَّـهُ لِيَذَرَ الْمُؤْمِنِينَ عَلَىٰ مَا أَنتُمْ عَلَيْهِ حَتَّىٰ يَمِيزَ الْخَبِيثَ مِنَ الطَّيِّبِ ۗ وَمَا كَانَ اللَّـهُ لِيُطْلِعَكُمْ عَلَى الْغَيْبِ :سورة آل عمران:١٧٩ (സാരം: നിങ്ങള്‍ നിലകൊള്ളുന്ന ഈ അവസ്ഥയില്‍ നല്ലതില്‍നിന്നു ചീത്തയായതിനെ വേര്‍തിരിക്കാതെ സത്യവിശ്വാസികളെ അല്ലാഹു വിട്ടുകളയുവാന്‍ തയ്യാറില്ല. അദൃശ്യകാര്യത്തെക്കുറിച്ച് നിങ്ങള്‍ക്കു കാട്ടിത്തരുവാനും അവന്‍ തയ്യാറില്ല. (ആലുഇംറാന്‍).

സത്യവിശ്വാസികള്‍, കപടവിശ്വാസികള്‍, വിശ്വാസദൗര്‍ബല്യമുള്ളവര്‍ എന്നിവരെ സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം ശത്രുപക്ഷക്കാരായ അവിശ്വാസികളെസംബന്ധിച്ചും മറ്റും അടുത്ത വചനങ്ങളില്‍ പ്രതിപാദിക്കുന്നു: