33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 32

يَـٰنِسَآءَ ٱلنَّبِىِّ لَسْتُنَّ كَأَحَدٍۢ مِّنَ ٱلنِّسَآءِ ۚ إِنِ ٱتَّقَيْتُنَّ فَلَا تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِى فِى قَلْبِهِۦ مَرَضٌۭ وَقُلْنَ قَوْلًۭا مَّعْرُوفًۭا﴿٣٢﴾

 يَا نِسَاءَ النَّبِيِّ നബിയുടെ സ്ത്രീകളേ (പത്നിമാരേ) لَسْتُنَّ നിങ്ങളല്ല كَأَحَدٍ ഒരാളെപ്പോലെയും مِّنَ النِّسَاءِ സ്ത്രീകളില്‍ നിന്നുള്ള إِنِ اتَّقَيْتُنَّ നിങ്ങള്‍ ഭയഭക്തി (സൂക്ഷമത) പാലിച്ചാല്‍ فَلَا تَخْضَعْنَ അതിനാല്‍ നിങ്ങള്‍ താഴ്മ കാണിക്കരുത് بِالْقَوْلِ വാക്കില്‍, സംസാരം കൊണ്ടു فَيَطْمَعَ അപ്പോള്‍ മോഹിക്കും الَّذِي യാതൊരുവന്‍ فِي قَلْبِهِ തന്‍റെ ഹൃദയത്തിലുണ്ടു مَرَضٌ (ഏതെങ്കിലും) രോഗം وَقُلْنَ നിങ്ങള്‍ പറയുകയും ചെയ്യുക قَوْلًا വാക്കു مَّعْرُوفًا മര്യാദപ്പെട്ട, നല്ല, സദാചാരപ്രദമായ.

33:32നബിയുടെ പത്നിമാരേ! നിങ്ങള്‍ ഭയഭക്തി (അഥവാ സൂക്ഷ്മത) കാണിക്കുന്നപക്ഷം നിങ്ങള്‍ സ്ത്രീകളില്‍പെട്ട (മറ്റ്) ഒരാളെപ്പോലെയുമല്ല; അതിനാല്‍, നിങ്ങള്‍ വാക്കില്‍ [സംസാരത്തില്‍] താഴ്മ കാണിക്കരുത്. (കാരണം:) അപ്പോള്‍ ഹൃദയത്തില്‍ വല്ല രോഗവുമുള്ളവനു മോഹം തോന്നിയേക്കും. നിങ്ങള്‍ മര്യാദപ്പെട്ട വാക്കു പറഞ്ഞു കൊള്ളുകയും ചെയ്യണം.

തഫ്സീർ : 32-32

إِنِ اتَّقَيْتُنَّ (നിങ്ങള്‍ ഭയഭക്തി അഥവാ സൂക്ഷ്മത പാലിക്കുന്നപക്ഷം) എന്ന വാക്ക് അതിന്‍റെ മുമ്പുള്ള വാക്യത്തോടു ചേര്‍ന്നതായും, അതിന്‍റെ പിന്നിലുള്ള വാചകത്തോടു ചേര്‍ന്നതായും വരാവുന്നതാണ്. മുന്‍ വാചകത്തോടു ബന്ധപ്പെട്ടതാണെന്നുവെക്കുമ്പോള്‍ വാചകത്തിന്‍റെ സാരം ഇപ്രകാരമായിരിക്കും: നിങ്ങള്‍ ഭയഭക്തിയുള്ളവരാണെങ്കില്‍, നിങ്ങള്‍ മറ്റേതു സ്ത്രീകളെപ്പോലെയുമായിരിക്കയില്ല എല്ലാവരെക്കാളും ഉപരിയായ ഒരു സ്ഥാനം നിങ്ങള്‍ക്കുണ്ട്. ആകയാല്‍ നിങ്ങള്‍ വാക്കില്‍ താഴ്മ കാണിക്കരുത്….’ പിന്നീടുള്ള വാചകത്തോടു ബന്ധപ്പെട്ടതാണ് ആ വാക്കെന്നു വെക്കുമ്പോള്‍ ഇങ്ങിനെ സാരം വരും: നിങ്ങള്‍ മറ്റേതൊരു സ്ത്രീയെപ്പോലെയുമല്ല. നിങ്ങള്‍ ശരിക്കു സൂക്ഷ്മത പാലിക്കുകയാണെങ്കില്‍ വാക്കില്‍ താഴ്മ കാണിക്കരുത്….’ ഈ രണ്ടു വിധത്തിലും ഇവിടെ അര്‍ത്ഥം കല്‍പിക്കപ്പെട്ടിട്ടുണ്ട്. ഓരോന്നിനും ചില ന്യായവശങ്ങളുമുണ്ട്. ഇവിടെ അതു വിസ്തരിച്ചു ദീര്‍ഘിപ്പിക്കേണ്ടതില്ല. ഏതായാലും മനുഷ്യന്‍റെ ശ്രേഷ്ടതയുടെയും, യോഗ്യതയുടെയും സാക്ഷാല്‍ മാനദണ്ഡം അല്ലാഹുവിന്‍റെ അടുക്കല്‍ തഖ്-വാ’ (ഭയഭക്തിയാകുന്ന സൂക്ഷ്മത) തന്നെ. إِنَّ أَكْرَمَكُمْ عِندَ اللَّـهِ أَتْقَاكُمْ (നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍വെച്ചു ഏറ്റവും തഖ്-വയുള്ളവനാണ്) എന്നതുപോലെയുള്ള ഖുര്‍ആന്‍ വാക്യങ്ങളില്‍നിന്നു അതു സ്പഷ്ടമാണ്. തഖ്-വായോടൊപ്പം മറ്റുതരത്തിലുള്ള വല്ല യോഗ്യതകളും ഉണ്ടെങ്കില്‍ അതും പരിഗണിക്കപ്പെടുമെന്നുമാത്രം. خيارهم في الجاهلية خيارهم في الإسلام إذا فقهوا (ജാഹിലിയ്യാ കാലത്തു ഉത്തമന്മാരായുള്ളവര്‍ ഇസ്ലാമിലും ഉത്തമന്‍മാരാണ് അവര്‍ കാര്യം ഗ്രഹിച്ചിട്ടുണ്ടെങ്കില്‍) (മുസ്‌ലിം) എന്ന ഹദീസില്‍നിന്നും മറ്റും ഇതു മനസ്സിലാക്കാം.

അന്യപുരുഷന്‍മാരുമായി സംസാരിക്കുമ്പോള്‍ നബി()യുടെ ഭാര്യമാര്‍ അനുവര്‍ത്തിക്കേണ്ടുന്ന ഒരു നയമാണ് ആയത്തിന്‍റെ അവസാനത്തെ ഭാഗം ചൂണ്ടിക്കാട്ടുന്നത്. സംസാരത്തില്‍ താഴ്മയും വിധേയത്വവും പ്രകടമാക്കരുത്; അതേസമയത്ത് മര്യാദയോടും സദാചാരനിഷ്ഠയോടുകൂടിയായിരിക്കയും വേണമെന്നത്രെ അത്. ജനങ്ങളില്‍ കപടവിശ്വാസികളും, സദാചാരമര്യാദകളില്‍ വേണ്ടത്ര ശ്രദ്ധയില്ലാത്തവരും ഉണ്ടായിരിക്കും. മാത്രമല്ല, നബി()യുടെ പത്നിമാരെക്കുറിച്ചു വല്ല ആരോപണങ്ങള്‍ക്കും അവസരം ലഭിക്കുവാനാഗ്രഹിക്കുന്ന ചില കുബുദ്ധികളും അന്നു മദീനായിലുണ്ടായിരുന്നു. ആയിശാ (رضي الله عنها) യുടെ പേരില്‍ അവര്‍ നിര്‍മ്മിച്ചുണ്ടാക്കിയ അപരാധം പ്രസിദ്ധമാണല്ലോ. സ്ത്രീകള്‍ അന്യപുരുഷന്‍മാരുമായി സംസാരിക്കുന്നതു വളരെ താഴ്മയോടും മാര്‍ദ്ദവത്തോടും കൂടിയാകുമ്പോള്‍ അതിനു ഒരു പ്രത്യേക ആകര്‍ഷകത്വമുണ്ടാകുക സ്വാഭാവികമാണ്. ചില സ്ത്രീകളുടെ ശബ്ദംതന്നെ പ്രത്യേകം ആകര്‍ഷകമായെന്നുവരും. ശ്രോതാവു ദുര്‍ബ്ബലഹൃദയനോ, അശുദ്ധ ഹൃദയനോ ആണെങ്കില്‍ അവന്‍ ആ സംസാരം മൂലം അനാവശ്യമായ വിചാരവികാരങ്ങള്‍ക്കു വിധേയനായേക്കുകയും ചെയ്യും. അശുഭകരമായ ഇത്തരം സംഗതികള്‍ക്കു ഇടയാക്കരുതെന്നാണ് ഈ കല്പനയുടെ ഉദ്ദേശ്യം. ഈ സൂറത്തില്‍ നബി()യുടെ പത്നിമാരെ അഭിമുഖീകരിച്ച് പ്രസ്താവിച്ചിട്ടുള്ള മിക്ക വിധികളും മുസ്‌ലിംസ്ത്രീകള്‍ക്കെല്ലാംതന്നെ ബാധകമായതാണെന്നു ഓര്‍ക്കേണ്ടതാകുന്നു.