34. سبإ (സബഅ്) ആയത്ത് 13

يَعْمَلُونَ لَهُۥ مَا يَشَآءُ مِن مَّحَـٰرِيبَ وَتَمَـٰثِيلَ وَجِفَانٍۢ كَٱلْجَوَابِ وَقُدُورٍۢ رَّاسِيَـٰتٍ ۚ ٱعْمَلُوٓا۟ ءَالَ دَاوُۥدَ شُكْرًۭا ۚ وَقَلِيلٌۭ مِّنْ عِبَادِىَ ٱلشَّكُورُ﴿١٣﴾

 يَعْمَلُونَ അവര്‍ പണിതിരുന്നു, പ്രവര്‍ത്തിച്ചിരുന്നു لَهُ അദ്ദേഹത്തിന് مَا يَشَاءُ അദ്ദേഹം ഉദ്ദേശിക്കുന്നതു مِن مَّحَارِيبَ "മിഹ്റാബ്" (മണ്ഡപം, മന്ദിരം)കളായിട്ട് وَتَمَاثِيلَ പ്രതിമകളായും وَجِفَانٍ തൊട്ടിപ്പാത്രങ്ങളായും كَالْجَوَابِ വെള്ളത്തള(ജലാശയ)ങ്ങള്‍ പോലെയുള്ള وَقُدُورٍ കിടാരങ്ങളും, കല(പാചകപാത്ര)ങ്ങളും رَّاسِيَاتٍ ഉറച്ചുനില്‍ക്കുന്ന, നിശ്ചലമായ اعْمَلُوا പ്രവര്‍ത്തിക്കുവിന്‍ آلَ دَاوُودَ ദാവൂദിന്‍റെ കുടുംബമേ, ആള്‍ക്കാരേ شُكْرًا നന്ദിയായി, നന്ദിയെ وَقَلِيلٌ കുറവാണ് مِّنْ عِبَادِيَ എന്‍റെ അടിയാന്മാരില്‍നിന്നു الشَّكُورُ നന്ദിയുള്ളവര്‍

34:13അദ്ദേഹത്തിനുവേണ്ടി മണ്ഡപങ്ങള്‍ (അഥവാ കൂറ്റന്‍ കെട്ടിടങ്ങള്‍), പ്രതിമകള്‍, ജലാശയങ്ങളെപ്പോലുള്ള (വമ്പിച്ച) തൊട്ടിപ്പാത്രങ്ങള്‍, (ഇളകാതെ) ഉറച്ചുനില്‍ക്കുന്ന കിടാരങ്ങള്‍ മുതലായി അദ്ദേഹം ഉദ്ദേശിക്കുന്നതു അവര്‍ പണിതു കൊടുത്തിരുന്നു. (നാം പറഞ്ഞു:) "നിങ്ങള്‍ - ദാവൂദിന്‍റെ കുടുംബമേ- നന്ദിയായി പ്രവര്‍ത്തിക്കുവിന്‍!" എന്‍റെ അടിയാന്മാരില്‍ നിന്നു നന്ദിയുള്ളവര്‍ കുറവാകുന്നു

തഫ്സീർ : 13-13

ജിന്നുകള്‍ അദ്ദേഹത്തിനുവേണ്ടി പണിതീര്‍ത്തിരുന്ന നാലു വസ്തുക്കളെയാണ് അല്ലാഹു എടുത്തു കാട്ടിയതു. 1). ഉന്നതസൗധങ്ങള്‍, വമ്പിച്ച പ്രാര്‍ത്ഥനാമണ്ഡപങ്ങള്‍ മുതലായ കൂറ്റന്‍ കെട്ടിടങ്ങള്‍, അഥവാ മിഹ്റാബുകള്‍ (مَّحَارِيبَ) ക്രിസ്തീയപള്ളികളിലെ പ്രാര്‍ത്ഥനാമണ്ഡപങ്ങള്‍ക്കും, മുസ്‌ലിംപള്ളികളില്‍ ഇമാമിനു നില്‍ക്കുവാനുള്ള പ്രത്യേക കമാനങ്ങള്‍ക്കും കാലാന്തരത്തില്‍ ഈ വാക്കു ഉപയോഗിക്കപ്പെട്ടുവരുന്നു. പക്ഷേ, ഇവിടെ മേല്‍പ്പറഞ്ഞ അര്‍ത്ഥത്തിലാണ് അതു ഉപയോഗിച്ചിട്ടുള്ളത്. 2). പ്രതിമകള്‍ (تَمَاثِيلَ) കാണികളില്‍ രാജകീയമായ അന്തസ്സും, ഗംഭീരതയും അങ്കുരിപ്പിക്കുവാന്‍ വേണ്ടി, സിംഹാസനങ്ങള്‍, കൊട്ടാരങ്ങള്‍, ഗോപുരങ്ങള്‍ ആദിയായവയില്‍ സിംഹം, ആന മുതലായതിന്‍റെ പ്രതിമകള്‍ സ്ഥാപിക്കപ്പെടാറുണ്ടല്ലോ. അതുപോലെ സുലൈമാന്‍ (عليه السلام) നബിക്കുവേണ്ടിയും നിര്‍മ്മിക്കപ്പെട്ടിരുന്നുവെന്നാണ് ചില വ്യാഖ്യാതാക്കള്‍ പറയുന്നത്. വലിയ വീടുകളും മറ്റും നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുമ്പോള്‍ അതിനു മാതൃകയെന്നോണം, ഉദ്ദേശിക്കപ്പെട്ട കെട്ടിടത്തിന്‍റെ പ്രതിമ ഉണ്ടാക്കപ്പെടാറുണ്ട്. അതുപോലെ, അദ്ദേഹം നിര്‍മ്മിക്കുവാന്‍ പോകുന്ന കൂറ്റന്‍ കെട്ടിടങ്ങളുടെയും, കൊട്ടാരങ്ങളുടെയും പ്രതിമകളും, യുദ്ധ സംബന്ധമായ ആവശ്യങ്ങളില്‍ ഉപയോഗപ്പെടുത്തുവാന്‍വേണ്ടി ശത്രുക്കളുടെ കോട്ട മുതലായതിന്‍റെ പ്രതിമകളും ആയിരിക്കാം അതുകൊണ്ടുദ്ദേശമെന്നു ചിലരും പറഞ്ഞുകാണാം. ഏതായാലും രാജകീയവും, ഭരണപരവുമായ ഉദ്ദേശ്യങ്ങളായിരിക്കും അതിലുള്ളതെന്നു കരുതാം. الله اعلم

3).കുളം, ‘ഹൌളുമുതലായ വലിയ വെള്ളത്തളങ്ങളോളം വലുപ്പമുള്ളതും, വളരെ ആളുകള്‍ക്കു ഒന്നിച്ചുപയോഗിക്കാവുന്നതുമായ വമ്പിച്ച തൊട്ടിപ്പാത്രങ്ങള്‍ (جِفَانٍ كَالْجَوَابِ) അഥവാ തളികപ്പാത്രങ്ങള്‍. 4). കാലുകളിലോ മറ്റോ ഭൂമിയില്‍ ഉറപ്പിച്ചുവെച്ചതും, സ്ഥലമാറ്റം ചെയ്‌വാന്‍ സൗകര്യമില്ലാത്തതുമായ വമ്പിച്ച കിടാരങ്ങള്‍ (قُدُورٍ رَّاسِيَاتٍ) അഥവാ പാചകപാത്രങ്ങള്‍. ഈ നാലിനെയുംകുറിച്ചു പ്രസ്താവിച്ചശേഷം തന്‍റെ തഫ്സീറില്‍ അല്ലാമഃ സയ്യിദ് ഖുത്ത്ബ് പറയുകയാണ്: അല്ലാഹുവിന്‍റെ ഉത്തരവനുസരിച്ച് സുലൈമാന്‍ (عليه السلام) നബിക്കുവേണ്ടി ഉണ്ടാക്കുവാന്‍ ജിന്നുകളെ അവന്‍ കീഴ്പ്പെടുത്തിക്കൊടുത്തതിന്‍റെ ചില മാതൃകകളാണ് ഈ പറഞ്ഞവ. അല്ലാഹുവിന്‍റെ പ്രവര്‍ത്തനങ്ങളില്‍പ്പെട്ട ചില അസാധാരണ വസ്തുക്കളെന്ന നിലക്കല്ലാതെ, അവയ്ക്കു രൂപം നല്‍കുവാനോ, കാരണം പറയുവാനോ യാതൊരു മാര്‍ഗ്ഗവുമില്ല. ഇതാണതിന്‍റെ വ്യക്തമായ എകവ്യാഖ്യാനം. (في ظلال القرأن).

ഇങ്ങിനെയുള്ള അതിമഹത്തായ അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നതിന്‍റെ പേരില്‍ എപ്പോഴും അല്ലാഹുവിനോടു നന്ദിയുള്ളവരാകണമെന്നും നന്ദിയുടെ അടയാളങ്ങള്‍ പ്രവര്‍ത്തനംമുഖേന പ്രകടിപ്പിക്കണമെന്നും ദാവൂദിന്‍റെ കുടുംബമേ എന്നു വിളിച്ചുകൊണ്ട് അല്ലാഹു സുലൈമാന്‍(عليه السلام) നബിയെയും, അദ്ദേഹത്തിന്‍റെ ജനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. ദാവൂദു(عليه السلام)ന്‍റെ പുത്രനും, അനന്തരാവകാശിയുമാണ്‌ സുലൈമാന്‍(عليه السلام). അതുല്യമായ ആ രാജകീയപ്രതാപങ്ങളെല്ലാം പിതാവില്‍നിന്ന് അനന്തരസിദ്ധമാണ്. പിതാവിന്‍റെ കുടുംബങ്ങളും, അദ്ദേഹത്തിന്‍റെ ആള്‍ക്കാരും ഒന്നുതന്നെ. അപ്പോള്‍, ‘ദാവൂദിന്‍റെ കുടുംബമേഎന്നു വിളിച്ചതിന്‍റെ കാരണം വ്യക്തമാണ്. നബിമാരോടുള്ള ഇത്തരം കല്‍പനകള്‍ നബിമാരുടെ സമുദായക്കാരായ നാമും പ്രത്യേകം ഗൗനിക്കേണ്ടതുണ്ട്. والله الموافق

നബി() മിമ്പറില്‍ (പ്രസംഗപീഠത്തില്‍) കയറി ഈ വചനം ഓതിക്കൊണ്ടു ഇപ്രകാരം പറഞ്ഞതായി തിര്‍മദീ (رحمه الله) ഉദ്ധരിക്കുന്നു: മൂന്നു കാര്യം ആര്‍ക്കു നല്‍കപ്പെട്ടിട്ടുണ്ടോ അവന് ദാവൂദ്(عليه السلام)ന്‍റെ കുടുംബത്തിനു നല്‍കപ്പെട്ടതുപോലെയുള്ളതു നല്‍കപ്പെട്ടിരിക്കുന്നു.അപ്പോള്‍ സഹാബികള്‍ ചോദിച്ചു: ഏതാണവ?’ തിരുമേനി() പറഞ്ഞു: തൃപ്തിയിലും, കോപത്തിലും നീതിപാലനം; ദാരിദ്ര്യത്തിലും ധനത്തിലും മിതപാലനം; രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ ഭയം"(العدل في الرضا والغضب والقصد في الفقر والغنى وخشية الله في السر والعلانية : الترمذي). ഈ മൂന്നു ഗുണം ഒരാളില്‍ ഉണ്ടായാല്‍ അയാള്‍ ദാവൂദ്(عليه السلام)ന്‍റെ കുടുംബത്തെപ്പോലെ നന്ദിയുള്ളവരായിത്തീരുമെന്നു സാരം. മുഗീറഃ (رضي الله عنه) പറയുന്നു: നബി() രണ്ടുകാലിലും നീരുകെട്ടുന്നതുവരെ നമസ്കാരം നിര്‍വ്വഹിക്കുകയുണ്ടായി. എന്തിനാണ് അങ്ങുന്നു ഇങ്ങിനെ ചെയ്യുന്നത്? അങ്ങേക്കു കഴിഞ്ഞുപോയതും, വരാനുള്ളതുമായ പാപങ്ങള്‍ പൊറുക്കപ്പെട്ടിട്ടുണ്ടല്ലോ!എന്നു ചോദിക്കപ്പെട്ടു. തിരുമേനി() മറുപടി പറഞ്ഞു: افلا اكون عبد شكورا (അപ്പോള്‍ ഞാന്‍ നന്ദിയുള്ള ഒരു അടിയാനായിരിക്കേണ്ടതില്ലേ?! (ബു;മു).

 നബി() പറഞ്ഞതായി ഇബ്നുഉമര്‍ (رضي الله عنه) ഉദ്ധരിക്കുന്നു: (സുന്നത്തായ) നമസ്ക്കാരത്തില്‍വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടതു ദാവൂദ് നബിയുടെ നമസ്കാരമാണ്. (സുന്നത്തു) നോമ്പില്‍വെച്ച് അല്ലാഹുവിനു ഏറ്റവും ഇഷ്ടപ്പെട്ടത് ദാവൂദ് നബിയുടെ നോമ്പുമാകുന്നു. അദ്ദേഹം രാത്രിയുടെ പകുതിഭാഗം ഉറങ്ങുകയും, മൂന്നിലൊരുഭാഗം നമസ്കരിക്കുകയും(വീണ്ടും) ആറിലൊരുഭാഗം ഉറങ്ങുകയും ചെയ്തിരുന്നു. ഒരു ദിവസം നോമ്പ് പിടിക്കുകയും ഒരു ദിവസം നോമ്പു വിടുകയും ചെയ്തിരുന്നു.(ബു; മു). മറ്റൊരു ഹദീസില്‍ നബി() തിരുമേനി ഇപ്രകാരം പറയുന്നു: സ്വന്തം കൈകളുടെ പ്രയത്നംകൊണ്ടു ഉപജീവനം കഴിക്കുന്നതിനെക്കാള്‍ ഉത്തമമായൊരു ഭക്ഷണവും യാതൊരാള്‍ക്കും കഴിക്കുവാനില്ല. അല്ലാഹുവിന്‍റെ പ്രവാചകനായ ദാവൂദ് (عليه السلام) അദ്ദേഹത്തിന്‍റെ കൈകളുടെ പ്രവര്‍ത്തനംകൊണ്ടായിരുന്നു ഉപജീവനം കഴിച്ചിരുന്നത്! (ബു.).

സാധാരണക്കാരന്‍മുതല്‍ ചക്രവര്‍ത്തിമാര്‍വരെയുള്ള ഓരോ സത്യവിശ്വാസിക്കും മാതൃക ദാവൂദ്(عليه السلام) നബിയിലുണ്ടെന്നും, അല്ലാഹു അദ്ദേഹത്തിനും കുടുംബത്തിന്നും നല്‍കിയ രാജകീയപ്രതാപങ്ങളൊന്നും സല്‍ക്കര്‍മ്മം ചെയ്യുന്നതിനോ, അല്ലാഹുവിനു നന്ദിചെയ്യുന്നതിനോ അവര്‍ക്കു തടസ്സമായിരുന്നില്ലെന്നും ഇതില്‍നിന്നു സ്പഷ്ടമാണല്ലോ. അതുകൊണ്ടുതന്നെയാണ് അല്ലാഹു ഇതുപോലെയുള്ള ചരിത്രങ്ങള്‍ ആവര്‍ത്തിച്ചുപറഞ്ഞുതരുന്നതും. കഴിഞ്ഞ വചനങ്ങളില്‍നിന്നു സുലൈമാന്‍(عليه السلام) നബിയുടെ ശക്തിപ്രതാപങ്ങളും, നിസ്തുലമായ യോഗ്യതയും വ്യക്തമായി. പക്ഷേ, അതൊന്നും അദ്ദേഹത്തിന് മരണത്തില്‍നിന്നു ഒഴിവു നല്‍കിയില്ല. അല്ലാഹുവിന്‍റെ കല്‍പന വന്നപ്പോള്‍ അതദ്ദേഹം ഏറ്റുവാങ്ങുകതന്നെ വേണ്ടിവന്നു. അല്ലാഹു പറയുന്നു: