يَـٰٓأَيُّهَا ٱلنَّبِىُّ قُل لِّأَزْوَٰجِكَ إِن كُنتُنَّ تُرِدْنَ ٱلْحَيَوٰةَ ٱلدُّنْيَا وَزِينَتَهَا فَتَعَالَيْنَ أُمَتِّعْكُنَّ وَأُسَرِّحْكُنَّ سَرَاحًۭا جَمِيلًۭا﴿٢٨﴾
33:28ഹേ, നബിയേ! നിന്‍റെ ഭാര്യമാരോടു പറയുക: "നിങ്ങള്‍ ഐഹികജീവിതവും, അതിന്‍റെ അലങ്കാരവും ഉദ്ദേശിക്കുകയാണെങ്കില്‍ നിങ്ങള്‍ വരുവിന്‍; നിങ്ങള്‍ക്കു ഞാന്‍ "മുത്ത് അത്ത്" [മോചനവിഭവം] നല്‍കുകയും, നിങ്ങളെ ഭംഗിയായ വിട്ടയക്കല്‍ വിട്ടയച്ചു തരുകയും ചെയ്യാം.
وَإِن كُنتُنَّ تُرِدْنَ ٱللَّهَ وَرَسُولَهُۥ وَٱلدَّارَ ٱلْـَٔاخِرَةَ فَإِنَّ ٱللَّهَ أَعَدَّ لِلْمُحْسِنَـٰتِ مِنكُنَّ أَجْرًا عَظِيمًۭا﴿٢٩﴾
33:29"നിങ്ങള്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകഭവനത്തെയും ഉദ്ദേശിക്കുകയാണെങ്കില്‍, എന്നാല്‍ നിശ്ചയമായും, നിങ്ങളില്‍നിന്നു പുണ്യവതികളായുള്ളവര്‍ക്കു അല്ലാഹു മത്തായ പ്രതിഫലം ഒരുക്കിവെച്ചിരിക്കുന്നു."
തഫ്സീർ : 28-29
വിവാഹമോചനം (طلاق) നടത്തുമ്പോള്‍ ഭാര്യക്കു – ഒരു മനസ്സമാധാനവും, തല്ക്കാലാശ്വാസവും എന്ന നിലക്കു ഒരു പാരിതോഷികം കൊടുക്കേണ്ടതുണ്ട്.ഇതിന്നാണ് ‘മുത്ത്അത്ത്’ (متعة) എന്നു പറയുന്നത്. (കൂടുതല്‍ വിവരം 49-ആം വചനത്തിന്‍റെ വിവരണത്തില്‍ കാണാം). ഐഹികസുഖമാണു തങ്ങളുടെ ലക്ഷ്യമെങ്കില്‍ തങ്ങളെ വളരെ നല്ല നിലയില്‍ വിവാഹമോചനം നല്‍കി വിട്ടയച്ചുതരാം: അല്ലാഹുവിന്‍റെയും റസൂലിന്‍റെയും പ്രീതിയും പരലോകസൗഖ്യവുമാണ് തങ്ങളുടെ ലക്ഷ്യമെങ്കില്‍ തങ്ങള്‍ സമര്‍പ്പിച്ച ആവശ്യങ്ങള്‍ അതിന് അനുയോജ്യമായതല്ല; ഐഹികമായ ആഡംബരമോഹവും പാരത്രികഗുണങ്ങളുംകൂടി സമ്മേളിക്കുവാന്‍ നിവൃത്തിയില്ല. പക്ഷേ, ഇവിടെ വെച്ചു നന്മയും പുണ്യവും ചെയ്യുന്നവര്‍ക്കു -നബി(ﷺ)യുടെ ഭാര്യമാര്‍ എന്ന നിലക്കു വിശേഷിച്ചും – വമ്പിച്ച പ്രതിഫലങ്ങള്‍ അല്ലാഹുവിങ്കല്‍ ലഭിക്കുവാനിരിക്കുന്നുമുണ്ട്. അതുകൊണ്ട് ഈ രണ്ടില്‍ ഏതാണ് തങ്ങള്‍ ഇഷ്ടപ്പെടുന്നതെന്നു തീര്‍ച്ചപ്പെടുത്തണം എന്നത്രെ ഈ വചനങ്ങളുടെ താല്പര്യം. ആകയാല്‍ ഈ വചനങ്ങള്‍ക്കു اية التخيير (അഭിപ്രായത്തിനു വിട്ടുകൊടുക്കുന്ന ആയത്ത്) എന്നു പറയപ്പെടുന്നു. ചോദ്യത്തിലടങ്ങിയ ഗൗരവം മനസ്സിലാക്കുവാന്‍ യഥാര്‍ത്ഥ സത്യവിശ്വാസികള്‍ക്കു പ്രയാസമുണ്ടാവുകയില്ലല്ലോ.
ഒമ്പതു പേരാണ് ഈ അവസരത്തില്‍ നബി(ﷺ)യുടെ പത്നിമാരായി ഉണ്ടായിരുന്നത്. ഖുറൈശിഗോത്രത്തില്‍പെട്ട ആയിശാ, ഹഫ്സ്വ, ഉമ്മുഹബീബ, സൗദ, ഉമ്മുസലമ എന്നിവരും, അസദ് വംശക്കാരിയായ സൈനബ്, ഹിലാല്‍ ഗോത്രക്കാരിയായ മൈമൂന, നള്വീര്‍ വംശത്തില്‍ പെട്ട സ്വഫിയ്യ, മുസ്വ്-ത്തലഖ് ഗോത്രക്കാരിയായ ജുവൈരിയ്യ എന്നിവരും رضي الله عنهن ആയിരുന്നു അവര്‍. (*). ഈ വചനം കേള്‍ക്കേണ്ട താമസം: അവരെല്ലാവരും ഏകസ്വരത്തില്‍ അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും, പരലോകത്തെയും തന്നെ തിരഞ്ഞെടുത്തു. الحمد لله
____________________________________________________________________
മുസ്‌ലിം (رحمه الله), അഹ്മദ് (رحمه الله) മുതലായവര്‍ ജാബിര്‍ (رضي الله عنه) വഴി നിവേദനം ചെയ്തിട്ടുള്ള ഒരു ഹദീസിന്‍റെ സാരം അറിയുന്നതു സന്ദര്‍ഭോചിതമാണ്. അദ്ദേഹം പറയുന്നു: അബൂബക്കര്‍ (رضي الله عنه) നബി(ﷺ)യുടെ വാതില്‍ക്കല്‍ വന്നു പ്രവേശനത്തിനു അനുമതി ചോദിച്ചു. വാതില്‍ക്കല്‍ കുറെ ആളുകള്‍ കൂടിയിട്ടുണ്ടായിരുന്നു. സമ്മതം കിട്ടിയില്ല. പിന്നീടു ഉമറും (رضي الله عنه) വന്നു സമ്മതം തേടി. ആദ്യം സമ്മതം ലഭിച്ചില്ല. കുറെ കഴിഞ്ഞശേഷം രണ്ടുപേര്‍ക്കും അകത്തു കടക്കുവാന്‍ അനുമതി കിട്ടി. തിരുമേനി(ﷺ) മൗനമായിരിക്കയായിരുന്നു. ഭാര്യമാര്‍ ചുറ്റുപുറവും കൂടിയിട്ടുമുണ്ട്. ഉമര്‍ (رضي الله عنه) പറഞ്ഞു: ‘ഞാന്‍ നബി(ﷺ)യോടു സംസാരിക്കും – അവിടുന്നു ചിരിച്ചേക്കാം!’ അദ്ദേഹം നബി(ﷺ)യോടു : ‘അല്ലാഹുവിന്‍റെ റസൂലേ, സൈദിന്‍റെ മകള്‍ (എന്‍റെ ഭാര്യ) അല്പം മുമ്പ് എന്നോടു ചിലവിനു കൊടുക്കാനാവശ്യപ്പെട്ടു: അപ്പോള്‍ ഞാനവളുടെ കഴുത്തിനു കൊടുത്ത ഇടി അങ്ങുന്നു കണ്ടിരുന്നുവെങ്കില്‍!’ ഇതു കേട്ടപ്പോള്‍ തിരുമേനി(ﷺ) അവിടുത്തെ അണപ്പല്ലുകള്‍ കാണപ്പെടുമാറു ചിരിച്ചുപോയി! തിരുമേനി(ﷺ) തുടര്‍ന്നു പറഞ്ഞു: ‘ഇവരിതാ ചിലവിനുള്ള വക ചോദിച്ചുകൊണ്ടു എന്‍റെ ചുറ്റുപാടും വന്നുകൂടിയിരിക്കുന്നു!’ അപ്പോള്‍ അബൂബക്കര്‍ (رضي الله عنه) ആയിശാ (رضي الله عنها) യുടെയും, ഉമര്‍ (رضي الله عنه) ഹഫ്സ്വയുടെയും നേരെ തിരിഞ്ഞു അവരെ അടിക്കുവാന്‍ ശ്രമിക്കുകയും ‘റസൂല്‍ (ﷺ) തിരുമേനിയുടെ കൈവശം ഇല്ലാത്തതിനു ആവശ്യപ്പെടുകയാണോ നിങ്ങള്‍?’ എന്നു അവരെ ആക്ഷേപിക്കുകയും ചെയ്തു. തിരുമേനി(ﷺ) അവരെ തടഞ്ഞു. ഈ അവസരത്തില്‍ നബി(ﷺ)യുടെ ഭാര്യമാര്‍ തിരുമേനി(ﷺ)യുടെ പക്കല്‍ ഇല്ലാത്തതു ഇനിമേലില്‍ ഞങ്ങള്‍ ആവശ്യപ്പെടുകയില്ലെന്നു പറഞ്ഞു. പിന്നീടു ആയത്തു അവതരിച്ചു. ആദ്യമായി തിരുമേനി(ﷺ) ആയിശാ (رضي الله عنها) യോടു, ‘ഞാന്‍ നിന്നോടൊരു കാര്യം പറയുന്നു; നിന്‍റെ മാതാപിതാക്കളോടു ആലോചന ചെയ്യാതെ ബദ്ധപ്പെട്ട് അതിനു മറുപടി പറയരുത്’ എന്നു ഉണര്‍ത്തിക്കൊണ്ട് يَا أَيُّهَا النَّبِيُّ قُل … എന്നു (തുടങ്ങുന്ന ഈ വചനം) ഓതിക്കേള്‍പ്പിച്ചു. ആയിശാ (رضي الله عنها) ഉടനെ മറുപടി നല്‍കി: ‘അവിടുത്തെ കാര്യത്തിലാണോ ഞാന്‍ മാതാപിതാക്കളോടു ആലോചന നടത്തുന്നത്?! ഞാനിതാ അല്ലാഹുവിനെയും, റസൂലിനെയും തിരഞ്ഞെടുത്തിരിക്കുന്നു. മറ്റുള്ള ഭാര്യമാരോട് ഈ വിവരം (ഞാന്‍ പറഞ്ഞതു) അറിയിക്കരുത് എന്നു ഞാന്‍ അങ്ങയോടപേക്ഷിക്കയും ചെയ്യുന്നു’. തിരുമേനി(ﷺ) പറഞ്ഞു: ‘അല്ലാഹു എന്നെ പരുഷസ്വഭാവിയാക്കിയിട്ടില്ല; സൗമ്യമായി പെരുമാറുന്ന അദ്ധ്യാപകനായിട്ടാണ് നിയോഗിച്ചിരിക്കുന്നത്. നീ എന്തു തിരഞ്ഞെടുത്തുവെന്ന് എന്നോടു ആര്‍ ചോദിച്ചാലും ഞാനതു പറയാതിരിക്കയില്ല’. (احمد و مسلم وغير هما)
വിശ്വാസം, ഭയഭക്തി, നബി(ﷺ)യോടുള്ള സ്നേഹബഹുമാനം ആദിയായവയിലെല്ലാംതന്നെ, നബി(ﷺ)യുടെ പത്നിമാര്‍ മറ്റു സ്ത്രീകളെ അപേക്ഷിച്ചു എത്രയോ ഉയര്‍ന്ന പടിയിലാണെന്നു പറയേണ്ടതില്ല. മറ്റു സ്ത്രീകള്‍ക്കില്ലാത്ത ഉന്നതപദവികള്‍ അല്ലാഹു അവര്‍ക്കു നല്‍കിയിട്ടുമുണ്ട്. ഈ അദ്ധ്യായത്തില്‍തന്നെ ഇതിനു പല തെളിവുകളും കാണാം. അവര്‍ സത്യവിശ്വാസികളുടെ മാതാക്കളും സമുദായത്തിന്‍റെ മാതൃകാവനിതകളുമാണ്. നബി(ﷺ) അവരുടെ ഭര്‍ത്താവും, തങ്ങള്‍ അവിടുത്തെ ഭാര്യമാരുമെന്ന നിലക്ക് – മനുഷ്യസഹജവും സ്ത്രീസഹജവുമായ നിലയില്‍ – ഇത്തരം ചില പെരുമാറ്റങ്ങള്‍ ചിലപ്പോള്‍ പ്രകടമായേക്കുന്നതില്‍ അത്ഭുതപ്പെടുവാനില്ല. അതേ സമയത്തു ഇങ്ങിനെയുള്ള സന്ദര്‍ഭങ്ങളില്‍ സമുദായം മാതൃകയാക്കി സ്വീകരിക്കേണ്ടതും, എല്ലാവരും അറിഞ്ഞിരിക്കേണ്ടതുമായ പല പാഠങ്ങളും അവര്‍ മുസ്‌ലിം സമുദായത്തിന് നല്‍കുകയും ചെയ്യുന്നു. എത്രയോ ഇസ്‌ലാമിക നിയമങ്ങള്‍ക്കും, ഉപദേശങ്ങള്‍ക്കും ഇത്തരം സംഭവങ്ങള്‍ കാരണമായിട്ടുണ്ടെന്നു ഖുര്‍ആനും നബിചര്യയും പരിശോധിക്കുന്നവര്‍ക്കറിയാം. ഇവയില്‍ പ്രധാനമായ ചിലതെല്ലാം ഈ സൂറത്തില്‍ കാണാവുന്നതുമാകുന്നു. നബി(ﷺ)യുടെ പത്നിമാരെ സംബോധന ചെയ്തുകൊണ്ട് അല്ലാഹു പറയുന്നു:-