33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 33

وَقَرْنَ فِى بُيُوتِكُنَّ وَلَا تَبَرَّجْنَ تَبَرُّجَ ٱلْجَـٰهِلِيَّةِ ٱلْأُولَىٰ ۖ وَأَقِمْنَ ٱلصَّلَوٰةَ وَءَاتِينَ ٱلزَّكَوٰةَ وَأَطِعْنَ ٱللَّهَ وَرَسُولَهُۥٓ ۚ إِنَّمَا يُرِيدُ ٱللَّهُ لِيُذْهِبَ عَنكُمُ ٱلرِّجْسَ أَهْلَ ٱلْبَيْتِ وَيُطَهِّرَكُمْ تَطْهِيرًۭا﴿٣٣﴾

 وَقَرْنَ നിങ്ങള്‍ അടങ്ങിയിരിക്കുകയും ചെയ്യുക فِي بُيُوتِكُنَّ നിങ്ങളുടെ വീടുകളില്‍ وَلَا تَبَرَّجْنَ നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കരുതു تَبَرُّجَ الْجَاهِلِيَّةِ "ജാഹിലിയ്യത്തി"ന്‍റെ സൗന്ദര്യം പ്രദര്‍ശിപ്പിക്കല്‍ الْأُولَىٰ ആദ്യത്തെ (മുമ്പേത്തെ) وَأَقِمْنَ നിലനിറുത്തുകയും ചെയ്യുക الصَّلَاةَ നമസ്കാരം وَآتِينَ കൊടുക്കുകയും ചെയ്യുക الزَّكَاةَ സക്കാത്തു وَأَطِعْنَ അനുസരിക്കുകയും ചെയ്യുക اللَّـهَ അല്ലാഹുവിനെ وَرَسُولَهُ അവന്‍റെ റസൂലിനെയും إِنَّمَا يُرِيدُ നിശ്ചയമായും ഉദ്ദേശിക്കുന്നുള്ളു اللَّـهُ അല്ലാഹു لِيُذْهِبَ പോക്കുവാന്‍, നീക്കിക്കളയുവാന്‍ (മാത്രം) عَنكُمُ നിങ്ങളില്‍നിന്നു الرِّجْسَ മാലിന്യം, വൃത്തികേടു أَهْلَ الْبَيْتِ വീട്ടുകാരേ وَيُطَهِّرَكُمْ നിങ്ങളെ ശുദ്ധിയാക്കുവാനും تَطْهِيرًا ഒരു ശുദ്ധിയാക്കല്‍.

33:33നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരിക്കുകയും ചെയ്യുക. ആദ്യത്തെ "ജാഹിലിയ്യത്തി"ന്‍റെ [അജ്ഞാനകാലത്തെ] സൗന്ദര്യപ്രദര്‍ശനം (പോലെ) നിങ്ങള്‍ സൗന്ദര്യം പ്രദര്‍ശിപ്പിക്കുകയും അരുത്. നിങ്ങള്‍ നമസ്കാരം നിലനിറുത്തുകയും, "സകാത്ത്" കൊടുക്കുകയും ചെയ്യണം. അല്ലാഹുവിനെയും, അവന്‍റെ റസൂലിനെയും അനുസരിക്കുകയും ചെയ്യുക. നിങ്ങളില്‍നിന്ന് - (പ്രവാചകന്‍റെ) വീട്ടുകാരേ - മാലിന്യം നീക്കിക്കളയുവാനും, നിങ്ങളെ ഒരു (നല്ല) ശുദ്ധീകരണം ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.

തഫ്സീർ : 33-33

ശരീരത്തില്‍ മറക്കേണ്ടുന്ന ഭാഗം മുഴുവന്‍ മറക്കാതിരിക്കുക, ശരീരഭാഗങ്ങള്‍ പുറമെ കാണത്തക്ക ലോലമോ നേര്‍ത്തതോ ആയ വസ്ത്രം ധരിക്കുക, ദേഹം മറച്ചിട്ടുണ്ടെങ്കിലും പുരുഷന്‍മാരെ ആകര്‍ഷിക്കുമാറുള്ള വേഷം അണിയുക, വശ്യമായ നിലയിലുള്ള സൗന്ദര്യസാമഗ്രികള്‍ ഉപയോഗിക്കുക മുതലായതെല്ലാം സൗന്ദര്യ പ്രദര്‍ശനത്തി(تَبَرُّجَ)ല്‍ ഉള്‍പ്പെടുന്നു. ഇസ്‌ലാമിനു മുമ്പുള്ള അജ്ഞാനകാലത്തിനും, അന്നു നടപ്പിലുണ്ടായിരുന്ന ദുരാചാരങ്ങള്‍ക്കും പറയപ്പെടുന്ന വാക്കാണ് ജാഹിലിയ്യത്ത്’ (جَاهِلِيَّة), ‘മാലിന്യം’ (رِّجْس) എന്നു പറഞ്ഞതില്‍ സ്ഥാനമാനങ്ങള്‍ക്കു ക്ഷതം ബാധിക്കുന്ന കാര്യങ്ങളും, പാപങ്ങളും ഉള്‍പ്പെടുന്നു.

ജാഹിലിയ്യത്തിലെ സ്ത്രീകളെപ്പോലെയുള്ള വേഷസംവിധാനങ്ങളും, സൗന്ദര്യപ്രകടനങ്ങളും പുരുഷസമ്പര്‍ക്കങ്ങളും നബി()യുടെ പത്നിമാരായ നിങ്ങള്‍ക്കു ഒരിക്കലും യോജിച്ചതല്ല; അതെല്ലാം നിങ്ങള്‍ വര്‍ജ്ജിക്കണം; നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിയിരുന്ന് നിങ്ങളുടെ അന്തസ്സും മാന്യതയും പാലിക്കണം. എന്നൊക്കെയാണ് അല്ലാഹു അവരെ ഉപദേശിക്കുന്നത്. അച്ചടക്കസംബന്ധമായ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നുകൊണ്ട് നമസ്കാരത്തെപ്പറ്റിയും സകാത്തിനെപ്പറ്റിയും ഓര്‍മ്മിപ്പിക്കുന്നു. അവസാനം ഇതിനെല്ലാം നിദാനമായി നിലകൊള്ളുന്ന ഒരു കാര്യം അതെ, എല്ലാ വിഷയത്തിലും അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണമെന്നു കല്പിക്കുന്നു.ഇത്രയും വ്യക്തമായും ശക്തമായും ഉപദേശിക്കുന്നതു യാതൊരു വിധത്തിലും നിങ്ങളെ വിഷമിപ്പിക്കുവാന്‍വേണ്ടിയല്ല; നേരെമറിച്ച് പ്രവാചകന്‍റെ വീട്ടുകാരായ നിങ്ങള്‍ എല്ലാ നിലക്കും മറ്റേതു സ്ത്രീകളേക്കാളും പരിശുദ്ധരും, നിര്‍മ്മലരുമായിരിക്കേണ്ടതുണ്ട്; അതിനുവേണ്ടിമാത്രമാണ് എന്ന് സമാശ്വസിപ്പിക്കുകയും ചെയ്യുന്നു.

നബി () പ്രസ്താവിച്ചതായി ഒരു ഹദീസില്‍ ഇപ്രകാരം വന്നിട്ടുണ്ട്:-

ان المراة عورة فاذا خرجت من بيتها استشرفها الشيطان واقرب ما تكون من رحمة ربها وهي في قريبهاالترمذى والبزار

(സാരം: നിശ്ചയമായും സ്ത്രീ ഗോപ്യമായി വെക്കപ്പെടേണ്ടവളാണ്, അവള്‍ അവളുടെ വീട്ടില്‍ നിന്നു പുറത്തിറങ്ങിയാല്‍ പിശാചു അവളെ വെളിക്കു വരുത്താന്‍ ശ്രമിക്കും. അവളുടെ റബ്ബിന്‍റെ കാരുണ്യത്തോടു അവള്‍ കൂടുതല്‍ അടുത്തവളായിരിക്കുക അവള്‍ അവളുടെ വീട്ടിനുള്ളിലായിരിക്കുമ്പോഴാണ്.) (തി; ബസ്സാര്‍).

സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയിരിക്കണമെന്നു പറഞ്ഞതുകൊണ്ടു അവള്‍ ഒരിക്കലും, ഒരു കാര്യത്തിനും പുറത്തിറങ്ങിക്കൂടാ എന്നുദ്ദേശ്യമില്ല. നബി()യുടെ കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ നമസ്കാരത്തിനും ജുമുഅക്കും പോയിരുന്നതും, യുദ്ധയാത്രകളില്‍ പുരുഷന്‍മാരെ അനുഗമിച്ചിരുന്നതും മറ്റും പ്രസിദ്ധമാണ്, സ്ത്രീകള്‍ പള്ളിയില്‍ പോകുന്നതു തടയരുതെന്നും പെരുന്നാളിന്‍റെ പ്രാര്‍ത്ഥനയോഗത്തില്‍ അവരെ പങ്കെടുപ്പിക്കണമെന്നുമുള്ള നബിവചനങ്ങളും പ്രസ്താവ്യമത്രെ. ചുരുക്കത്തില്‍, അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ, പുറത്തിറങ്ങുക, അടുത്ത ബന്ധുക്കളോടുകൂടിയല്ലാതെ യാത്രചെയ്യുക, അന്യപുരുഷന്‍മാരുമായി സമ്പര്‍ക്കത്തിന്നിടയാകുന്ന രംഗങ്ങളില്‍ പങ്കെടുക്കുക, ഇതൊക്കെയാണ് വിലക്കപ്പെട്ടിരിക്കുന്നത്. 

വീട്ടുകാരേ’ (أَهْلَ الْبَيْتِ) എന്നു സംബോധന ചെയ്തതു നബി()യുടെ വീട്ടുകാരെ ഉദ്ദേശിച്ചാണല്ലോ. നബി()യുടെ പത്നിമാരെല്ലാവരും അതില്‍ ഉള്‍പ്പെടുമെന്നു വ്യക്തമാണ്. തിരുമേനി() യുമായി അടുത്ത കുടുംബ ബന്ധമുള്ളവരും, അവിടുത്തോടൊന്നിച്ചു താമസിച്ചു വരുന്നവരുമായ ആളുകളും വീട്ടുകാരില്‍’ (അഹ്ലുല്‍ ബൈത്തില്‍) ഉള്‍പ്പെടും. തിരുമേനി() ഒരിക്കല്‍, പ്രിയപുത്രിയായ ഫാത്തിമഃ (رضي الله عنها) , അവരുടെ മക്കളായ ഹസന്‍ (رضي الله عنه), ഹുസൈന്‍ (رضي الله عنه), ഭര്‍ത്താവായ അലി (رضي الله عنه) എന്നിവരെയെല്ലാം ചേര്‍ത്തുകൊണ്ട് എന്‍റെ വീട്ടുകാര്‍ (أَهْلَ الْبَيْتِى) എന്നു പ്രസ്താവിച്ചതു അതുകൊണ്ടാകുന്നു. മേല്‍ വചനങ്ങളില്‍ പലേടത്തും നബി()യുടെ പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ടു ഉപയോഗിച്ച സാമാന്യനാമം (ضمير) സ്ത്രീലിംഗം (كن) ആയിരുന്നു. അതേസമയത്തു ഇവിടെ അഹ്ലുല്‍ ബൈത്തിനെ സംബോധന ചെയ്തുകൊണ്ട് ഉപയോഗിച്ച സര്‍വ്വനാമം പുല്ലിംഗം (كم) ആകുന്നുവെന്നതു ശ്രദ്ധേയമാണ്. ഈ വാക്കിനെക്കുറിച്ചും, ഇതിന്‍റെപേരില്‍ ഉണ്ടായിട്ടുള്ള പല തെറ്റുദ്ധാരണകളെക്കുറിച്ചും സൂ: ശൂറാ :23ന്‍റെ വിവരണത്തില്‍ കൂടുതല്‍ വിവരം കാണാം. ان شاء الله 

നബി()യുടെ പത്നിമാരോടു വീട്ടില്‍ അടങ്ങിയിരിക്കുവാനും മറ്റും ഉപദേശിച്ചശേഷം, അവര്‍ വീട്ടില്‍ വെച്ചു നിത്യേന ശ്രദ്ധ പതിക്കേണ്ടതുള്ളതും, ഇതരവീടുകളില്‍വെച്ച് ലഭിക്കാറില്ലാത്തതുമായ ചില കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു:-