33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 72-73

إِنَّا عَرَضْنَا ٱلْأَمَانَةَ عَلَى ٱلسَّمَـٰوَٰتِ وَٱلْأَرْضِ وَٱلْجِبَالِ فَأَبَيْنَ أَن يَحْمِلْنَهَا وَأَشْفَقْنَ مِنْهَا وَحَمَلَهَا ٱلْإِنسَـٰنُ ۖ إِنَّهُۥ كَانَ ظَلُومًۭا جَهُولًۭا﴿٧٢﴾

 إِنَّا നിശ്ചയമായും നാം عَرَضْنَا നാം കാട്ടി, പ്രദര്‍ശിപ്പിച്ചു الْأَمَانَةَ അമാനത്തിനെ عَلَى السَّمَاوَاتِ ആകാശങ്ങളുടെമേല്‍ وَالْأَرْضِ ഭൂമിയുടെയും وَالْجِبَالِ പര്‍വ്വതങ്ങളുടെയും فَأَبَيْنَ അപ്പോഴവ വിസമ്മതിച്ചു أَن يَحْمِلْنَهَا അവ അതു ഏറ്റെടുക്കുന്നതിനു, വഹിക്കുന്നതിനു وَأَشْفَقْنَ അവ പേടിക്കുകയും ചെയ്തു مِنْهَا അതിനെപ്പറ്റി وَحَمَلَهَا അതു ഏറ്റെടുത്തു, വഹിച്ചു الْإِنسَانُ മനുഷ്യന്‍ إِنَّهُ كَانَ നിശ്ചയമായും അവനാകുന്നു ظَلُومًا അക്രമകാരി جَهُولًا അറിവുകെട്ടവന്‍, മൂഢന്‍.

33:72ആകാശങ്ങളുടെയും, ഭൂമിയുടെയും, പര്‍വ്വതങ്ങളുടെയുംമേല്‍ (ഈ) "അമാനത്തി"നെ നാം (എടുത്ത്) കാട്ടുകയുണ്ടായി. എന്നാലവ അത് ഏറ്റെടുക്കുന്നതിന്‌ വിസമ്മതിക്കുകയും, അതിനെപ്പറ്റി പേടിക്കുകയും ചെയ്തു. മനുഷ്യന്‍ അതു ഏറ്റെടുത്തു. നിശ്ചയമായും അവന്‍, അക്രമകാരിയും, അറിവുകെട്ടവനുമാകുന്നു.

لِّيُعَذِّبَ ٱللَّهُ ٱلْمُنَـٰفِقِينَ وَٱلْمُنَـٰفِقَـٰتِ وَٱلْمُشْرِكِينَ وَٱلْمُشْرِكَـٰتِ وَيَتُوبَ ٱللَّهُ عَلَى ٱلْمُؤْمِنِينَ وَٱلْمُؤْمِنَـٰتِ ۗ وَكَانَ ٱللَّهُ غَفُورًۭا رَّحِيمًۢا﴿٧٣﴾

 لِّيُعَذِّبَ اللَّـهُ അല്ലാഹു ശിക്ഷിക്കുവാന്‍വേണ്ടി الْمُنَافِقِينَ കപടവിശ്വാസികളെ وَالْمُنَافِقَاتِ കപടവിശ്വാസിനികളെയും وَالْمُشْرِكِينَ ബഹുദൈവ വിശ്വാസികളെയും وَالْمُشْرِكَاتِ ബഹുദൈവ വിശ്വാസിനികളെയും وَيَتُوبَ اللَّـهُ അല്ലാഹു പശ്ചാത്താപം (മടക്കം) സ്വീകരിക്കുവാനും عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെമേല്‍ وَالْمُؤْمِنَاتِ സത്യവിശ്വാസിനികളുടെയും وَكَانَ اللَّـهُ അല്ലാഹു ആകുന്നു غَفُورًا വളരെ പൊറുക്കുന്നവന്‍ رَّحِيمًا കരുണാനിധി.

33:73കപടവിശ്വാസികളായ പുരുഷന്‍മാരെയും, സ്ത്രീകളെയും, ബഹുദൈവവിശ്വാസികളായ പുരുഷന്‍മാരെയും സ്ത്രീകളെയും അല്ലാഹു ശിക്ഷിക്കുവാന്‍ വേണ്ടിയത്രെ (അതു); സത്യവിശ്വാസികളായ പുരുഷന്‍മാരുടെയും സ്ത്രീകളുടെയുംമേല്‍ അല്ലാഹു പശ്ചാത്താപം സ്വീകരിക്കുവാനും (വേണ്ടിയാകുന്നു). അല്ലാഹു വളരെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

തഫ്സീർ : 72-73

അമാനത്ത്‌’ (الامانة) എന്നാല്‍, വിശ്വാസപൂര്‍വ്വം ഒരാളുടെ പക്കല്‍ സൂക്ഷിക്കുവാന്‍ എല്പിക്കപ്പെടുന്ന അനാമത്ത് അഥവാ സൂക്ഷിപ്പുവസ്തു എന്നാകുന്നു. വിശ്വസ്ഥത എന്നത്രെ വാക്കിന്‍റെ സാക്ഷാല്‍ അര്‍ത്ഥം. അല്ലാഹുവിന്‍റെ നിയമനിര്‍ദ്ദേശങ്ങളാകുന്ന മതശാസനങ്ങളാ (التكاليف الدينية) ണ് ഇവിടെ വിവക്ഷ. നിര്‍ബ്ബന്ധനിയമങ്ങള്‍ (الفرائض) എന്നും, അനുസരണം (الطاعة) എന്നും മറ്റും ചില മഹാന്‍മാര്‍ ഈ അമാനത്തിനു വിവക്ഷ നല്കാറുണ്ടെങ്കിലും, അവയെല്ലാം തന്നെ സാരത്തില്‍ പരസ്പരം യോജിച്ചതോ, അല്ലെങ്കില്‍ അമാനത്തിലെ ചില പ്രധാന വശങ്ങളെ ചൂണ്ടിക്കാട്ടുന്നതോ ആണെന്നുകാണാം.

വളരെ അര്‍ത്ഥഗര്‍ഭമായതും, ആഴത്തില്‍ ചിന്തിച്ചു ഗ്രഹിക്കേണ്ടതുമായ വചനങ്ങളാണിത്. ആകാശഭൂമികളും, പര്‍വ്വതങ്ങളുമെല്ലാം സൃഷ്ടികളില്‍ വമ്പിച്ചതുതന്നെ. എങ്കിലും അവയുടെ പ്രകൃതിസ്വഭാവങ്ങള്‍ ഈ അമാനത്താകുന്ന ശാസനാഭാരം ഏറ്റുവാങ്ങി സ്വീകരിക്കുവാന്‍ പര്യാപ്തങ്ങളല്ല. അഥവാ അതു അവയ്ക്കു യോജിച്ചതല്ല. കേവലം ഒരു ചെറുജീവിയായ മനുഷ്യന്‍റെ ആകൃതിയും, പ്രകൃതിയും ഒന്നു വേറെയാണ്. വിശേഷബുദ്ധിയും, വിവേചനാശക്തിയും, അവനു പ്രദാനം ചെയ്യപ്പെട്ടിരിക്കുന്നു. അതുകൊണ്ടു ഈ അമാനത്ത് ഏറ്റുവാങ്ങുവാനും, അത് കൈകാര്യം ചെയ്‌വാനും അര്‍ഹന്‍ അവനത്രെ. അതു അവന്നാണ്‌ യോജിപ്പും. അങ്ങനെ, പ്രസ്തുത സൂക്ഷിപ്പുമുതല്‍ അല്ലാഹു മനുഷ്യനെയാണ്‌ ഏല്പിച്ചതു മനുഷ്യനാണത് ഏറ്റെടുത്തത്. ഉപമാരൂപത്തില്‍ പറഞ്ഞ ആദ്യത്തെ വചനത്തിന്‍റെ രത്നച്ചുരുക്കം ഇതാകുന്നു.

ഈ അമാനത്തിന്‍റെ ഗൗരവത്തെയാണ്‌ وَأَشْفَقْنَ مِنْهَا (അവ അതിനെപ്പറ്റി പേടിക്കയും ചെയ്തു) എന്ന വാക്യം കുറിക്കുന്നത്. وَحَمَلَهَا الْإِنسَانُ (മനുഷ്യന്‍ അതു ഏറ്റെടുക്കുകയും ചെയ്തു) എന്നു പറഞ്ഞതിന്‍റെ താല്‍പര്യം, അവന്‍റെ പ്രകൃതിവിശേഷത അതിനെ അനുകൂലിച്ചുവെന്നുമാകുന്നു. അല്ലെങ്കില്‍ ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിക്കുന്നതുപോലെ, ഇതു ആത്മീയലോകത്തുവെച്ചു നടന്ന സംഭവത്തെ ഉദ്ധരിച്ചതുമായിരിക്കാം. അതായത്: അല്ലാഹുവിന്‍റെ ഏകത്വത്തെ സമ്മതിച്ചുകൊണ്ടുള്ള ഒരു കരാര്‍ ആത്മീയലോകത്തുവെച്ച് അല്ലാഹുവിനോടു മനുഷ്യവര്‍ഗ്ഗം നടത്തുകയുണ്ടായിട്ടുണ്ടെന്നു സൂ: അഅ്റാഫ് 172ല്‍ അല്ലാഹു പ്രസ്താവിച്ചിട്ടുണ്ട്. അതുപോലെയുള്ള ഒരു സംഭവമായിരിക്കാം. الله اعلم ഏതായാലും ആയത്തിലടങ്ങിയ തത്വം നാം മുകളില്‍ പ്രസ്താവിച്ചതുതന്നെ.

മതശാസനകളാകുന്ന അമാനത്തു ഏറ്റെടുത്തതു മനുഷ്യനാണെന്നു പറഞ്ഞിരിക്കകൊണ്ട് മലക്കുകളിലോ, ജിന്നുകളിലോ അല്ലാഹുവിന്‍റെ യാതൊരുവിധ ശാസനകളും ഉണ്ടാവുകയില്ലെന്നു അര്‍ത്ഥമില്ല. ജിന്നുവര്‍ഗ്ഗത്തെ നിഷേധിക്കുന്നവരും, മലക്കുകളെ വിദ്യുച്ഛക്തിപോലുള്ള എന്തോ ചില ശക്തികളായി ചിത്രീകരിക്കുന്നവരും തങ്ങളുടെ പൊള്ളവാദങ്ങള്‍ക്ക് ഇതുപോലെയുള്ള ചില ഖുര്‍ആന്‍വാക്യങ്ങളെ ചൂഷണം ചെയ്യാറുണ്ട്. സന്ദര്‍ഭോചിതം നാമതിനെ പലപ്പോഴും ചൂണ്ടിക്കാട്ടാറുണ്ട്. മലക്കുകളെപ്പറ്റി സൂ: തഹ്‌രീമില്‍

لَّا يَعْصُونَ اللَّـهَ مَا أَمَرَهُمْ وَيَفْعَلُونَ مَا يُؤْمَرُونَ :سورة التحريم

(അല്ലാഹു അവരോടു കല്പിച്ചതിനു അവര്‍ അനുസരണക്കേടു ചെയ്കയില്ല: അവരോടു കല്പിക്കപ്പെടുന്നതു അവര്‍ ചെയ്യുകയും ചെയ്യും) എന്നു പറഞ്ഞിട്ടുള്ളതും, ജിന്നുകളെയും മനുഷ്യരെയുംകുറിച്ച് സൂ: ദാരിയാത്തില്‍ وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ :سورة الذاريات (ജിന്നിനെയും ഇന്‍സിനെ’ – മനുഷ്യനെ യും എന്നെ ആരാധിക്കുവാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല. ) എന്നുംമറ്റും അല്ലാഹു പറഞ്ഞിരിക്കുന്നതും ഇവിടെ ഓര്‍ക്കേണ്ടതാകുന്നു. പക്ഷേ, മലക്കുകളോടും, ജിന്നുകളോടുമുള്ള ശാസനകള്‍ അവരുടെ പ്രകൃതിസ്വഭാവങ്ങള്‍ക്കും, പ്രത്യേകതകള്‍ക്കും അനുയോജ്യമായിരിക്കുമെന്നും, നമുക്കു അതിനെപ്പറ്റി -ഖുര്‍ആനിലോ ഹദീസിലോ പ്രസ്താവിച്ചുകണ്ടതല്ലാതെ ഒന്നും തീര്‍ത്തുപറയുവാന്‍ സാധ്യമല്ലെന്നും വ്യക്തമാണ്.

അല്ലാഹുവിന്‍റെ അമാനത്താകുന്ന ഈ ചുമതലാഭാരം ഏറ്റെടുക്കുകവഴി മനുഷ്യന്‍ വമ്പിച്ച ഒരു ഉത്തരവാദിത്തം ഏറ്റിരിക്കുകയാണ്. ആ ഉത്തരവാദിത്തം വേണ്ടതുപോലെ നിറവേറ്റുന്നപക്ഷം അവന്‍ ഉല്‍കൃഷ്ടനും, മഹാഭാഗ്യവാനുമാകുന്നു. എന്നാല്‍, അവന്‍റെ പൊതുനില നോക്കുമ്പോള്‍ അവന്‍ അക്രമകാരിയും, അനീതി ചെയ്യുന്നവനുമാണ്; അവന്‍ അറിവുകെട്ടവനും ഭോഷനുമാണ്. പല വിഡ്ഢിത്തത്തിലും അവന്‍ ചെന്നുചാടും. മനുഷ്യസഹജമാണതെല്ലാം. പല പ്രേരണകള്‍ക്കും, താല്‍ക്കാലികമായ ദേഹേച്ഛകള്‍ക്കും. വിവിധ വിചാരവികാരങ്ങള്‍ക്കും അവന്‍ വിധേയനാകും. അങ്ങനെ, ഭവിഷ്യത്തിനെപ്പറ്റി ആലോചിക്കാതെ അനീതിയും വിഡ്ഢിത്തവും അവന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിനെയെല്ലാം അതിജയിച്ചുകൊണ്ട് തന്‍റെ യഥാര്‍ത്ഥജീവിതത്തിനുവേണ്ടി പരിശ്രമിക്കുവാനാവശ്യമായ ഉപാധികള്‍ അവന്‍റെ വശം തന്നെയുണ്ടുതാനും. നന്‍മകളെയും, തിന്‍മകളെയും വിവേചിച്ചറിയുവാനുള്ള ബുദ്ധിശക്തി അവനിലുണ്ട്. കൂടാതെ, അവന്‍റെ യഥാര്‍ത്ഥമായ വിജയത്തിനു ആസ്പദമായ സകല മാര്‍ഗ്ഗദര്‍ശനങ്ങളും പ്രവാചകന്മാര്‍മുഖേന യഥാവിധി അല്ലാഹു കൊടുത്തരുളിയിട്ടുമുണ്ട്. ചുരുക്കത്തില്‍, ഒരു വശത്തു അവനെ വമ്പിച്ച നാശഗര്‍ത്തത്തിലേക്കു ആഴ്ത്തുന്ന ദുഷ് പ്രേരണകളും, മറ്റൊരുവശത്തു അവനെ മഹാഭാഗ്യത്തിലേക്കു ഉയര്‍ത്തിക്കൊണ്ടുപോകുന്ന സല്‍പ്രേരണകളും അവന്‍റെകൂടെയുണ്ട്. ഇവ രണ്ടില്‍ ഏതാണവന്‍ അനുസരിക്കുന്നത്? ഏതിനാണു അവന്‍ മുന്‍ഗണന നല്‍കുന്നത്? ഈ പരീക്ഷണമത്രെ അമാനത്തുഏല്‍പിക്കപ്പെട്ടതിന്‍റെ ഉദ്ദേശ്യവും.

ദുഷ് പ്രേരണകള്‍ക്കു വശംവദനായി, അല്ലാഹുവിനെ ധിക്കരിക്കുന്ന മുശ്-രിക്കോ മുനാഫിഖോ ആയിത്തീരുകയാണെങ്കില്‍, അല്ലാഹുവിങ്കല്‍നിന്നു അവനു ശിക്ഷ ലഭിക്കുന്നു. അതല്ല, സല്‍പ്രേരണകള്‍ക്കനുസരിച്ചുകൊണ്ടു അല്ലാഹുവിനു കീഴ്പെട്ടുജീവിക്കുന്ന മുഅ്മിനാവുകയാണെങ്കില്‍, സ്വാഭാവികമായി വരുന്ന അവന്‍റെ തെറ്റുകുറ്റങ്ങള്‍ക്ക് അല്ലാഹു മാപ്പു നല്‍കുകയും. അവന്‍റെ കൃപാകടാക്ഷത്തിനു പാത്രമാക്കുകയും ചെയ്യും. പുരുഷനെന്നോ സ്ത്രീയെന്നോ ഇവിടെ വകഭേദമില്ല. രക്ഷാശിക്ഷകളുടെ മാനാദണ്ഡം എല്ലാവര്‍ക്കും ഒന്നുതന്നെ.

 അല്ലാഹു നമുക്കെല്ലാം പൊറുത്തുതരുകയും, കരുണ നല്‍കുകയും ചെയ്യട്ടെ. അല്ലാഹു ഏല്‍പിച്ച അമാനത്തു വേണ്ടതുപോലെ കാത്തുസൂക്ഷിക്കുവാന്‍ അവന്‍ നമുക്കു തൌഫീഖു നല്‍കട്ടെ. ആമീന്‍.