ٱللَّهُ ٱلَّذِى خَلَقَ ٱلسَّمَـٰوَٰتِ وَٱلْأَرْضَ وَمَا بَيْنَهُمَا فِى سِتَّةِ أَيَّامٍۢ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ مَا لَكُم مِّن دُونِهِۦ مِن وَلِىٍّۢ وَلَا شَفِيعٍ ۚ أَفَلَا تَتَذَكَّرُونَ﴿٤﴾
اللَّـهُ الَّذِي അല്ലാഹു യാതൊരുവനത്രെ خَلَقَ അവന് സൃഷ്ടിച്ചു السَّمَاوَاتِ ആകാശങ്ങളെ وَالْأَرْضَ ഭൂമിയും وَمَا بَيْنَهُمَا അവ രണ്ടിനിടയിലുള്ളതും فِي سِتَّةِ أَيَّامٍ ആറു ദിവസങ്ങളില്‍ ثُمَّ പിന്നീടു اسْتَوَىٰ അവന് ആരോഹണം ചെയ്തു عَلَى الْعَرْشِ അര്ശിന്മേല്, സിംഹാസനത്തില്‍ مَا لَكُم നിങ്ങള്‍ക്കില്ല مِّن دُونِهِ അവനു പുറമെ مِن وَلِيٍّ ഒരു കൈകാര്യക്കാരനും, ബന്ധുവും, സഹായകനും وَلَا شَفِيعٍ ശുപാര്‍ശകനുമില്ല أَفَلَا تَتَذَكَّرُونَ എന്നിരിക്കെ നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ
32:4ആകാശങ്ങളും, ഭൂമിയും, അവ രണ്ടിനുമിടയിലുള്ളതും ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിട്ടുള്ളവനത്രെ അല്ലാഹു. പിന്നീടവന് "അര്‍ശി"ല്‍ [സിംഹാസനത്തില്‍] ആരോഹണം ചെയ്തു. അവനുപുറമെ നിങ്ങള്‍ക്കു ഒരു കൈകാര്യകര്‍ത്താവാകട്ടെ, ശുപാര്‍ശക്കാരനാകട്ടെ ഇല്ല. എന്നിരിക്കെ, നിങ്ങള്‍ ഉറ്റാലോചിക്കുന്നില്ലേ?!
يُدَبِّرُ ٱلْأَمْرَ مِنَ ٱلسَّمَآءِ إِلَى ٱلْأَرْضِ ثُمَّ يَعْرُجُ إِلَيْهِ فِى يَوْمٍۢ كَانَ مِقْدَارُهُۥٓ أَلْفَ سَنَةٍۢ مِّمَّا تَعُدُّونَ﴿٥﴾
يُدَبِّرُ അവന് വ്യവസ്ഥപ്പെടുത്തുന്നു, നിയന്ത്രിക്കുന്നു الْأَمْرَ കാര്യം مِنَ السَّمَاءِ ആകാശത്തുനിന്നു إِلَى الْأَرْضِ ഭൂമിയിലേക്കു ثُمَّ يَعْرُجُ പിന്നീടതു കയറുന്നു إِلَيْهِ അവങ്കലേക്കു فِي يَوْمٍ ഒരു ദിവസത്തില്‍ كَانَ ആകുന്നു مِقْدَارُهُ അതിന്റെ അളവു, തോതു أَلْفَ سَنَةٍ ആയിരം കൊല്ലം مِّمَّا تَعُدُّونَ നിങ്ങള്‍ എണ്ണിവരുന്നതില്‍പെട്ട
32:5അവന് ആകാശത്തുനിന്നു ഭൂമിയിലേക്കു കാര്യം (വ്യവസ്ഥപ്പെടുത്തി) നിയന്ത്രിച്ചു വരുന്നു; പിന്നീട് ഒരു ദിവസത്തില്‍ അതു അവങ്കലേക്കു ഉയര്‍ന്നുപോകുന്നു; അതിന്റെ അളവ് [വലുപ്പം] നിങ്ങള്‍ എണ്ണി വരുന്ന (ഇനത്തില്‍) ആയിരം കൊല്ലമാകുന്നു (- അത്ര വമ്പിച്ചതാണ്) !
തഫ്സീർ : 4-5
ആറു ദിവസങ്ങളിലായിട്ടാണ് ആകാശഭൂമികളെ അല്ലാഹു സൃഷ്ടിച്ചതെന്ന് ഇവിടെ മാത്രമല്ല, യൂനുസ്, ഹൂദ്, അഅ്റാഫു, ഹദീദ്, ഖാഫ് എന്നീ സൂറത്തുകളിലും പ്രസ്താവിച്ചിട്ടുണ്ട്. ‘ദിവസങ്ങള്‍’ (أَيَّامٍ) എന്നതുകൊണ്ടു ഇവിടെ വിവക്ഷ നമുക്കു സുപരിചിതമായ ഈ രാവും പകലും ചേര്‍ന്ന 24 മണിക്കൂര്‍ സമയമായിരിക്കുവാന്‍ നിവൃത്തിയില്ല. കാരണം, സൂര്യന്റെ ഉദയാസ്തമനത്തെത്തുടര്‍ന്നാണല്ലോ നമ്മുടെ ദിവസങ്ങള്‍ ഉണ്ടാകുന്നത്. ആകാശ ഭൂമികളുടെ സൃഷ്ടിപ്പിനു മുമ്പ് സൂര്യനും അതിന്റെ ഉദയാസ്തമനവും ഉണ്ടായിരിക്കയില്ല. ആകയാല്‍ ഒരു പ്രത്യേക അര്‍ത്ഥത്തിലുള്ള ആറു ദിവസങ്ങളായിരിക്കും ഉദ്ദേശ്യം. എന്നല്ലാതെ, സൂക്ഷമമായി ഒരഭിപ്രായം പറയുവാന്‍ തെളിവുകളില്ല. (സൂ: അമ്പിയാഅ് 30-ആം വചനത്തിന്റെ വിവരണത്തില്‍ നാം പ്രസ്താവിച്ചിട്ടുള്ള പലതും ഇവിടെ സ്മരിക്കുന്നതു നന്നായിരിക്കും.) അതുപോലെത്തന്നെ ثُمَّ اسْتَوَىٰ عَلَى الْعَرْشِ (പിന്നീടു അവന് അര്‍ശില്‍ ആരോഹണം ചെയ്തു) എന്ന വാക്യത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചും നമുക്കു വ്യക്തമായും, തിട്ടമായും ഒന്നും പറയുവാന്‍ സാധ്യമല്ല. വാക്കര്‍ത്ഥം നമുക്കറിയാം. അല്ലാഹുവിന്റെ പ്രസ്താവനയില്‍ നാം തികച്ചും വിശ്വസിക്കുകയും, അവന്റെ മഹത്വത്തിനും ഉല്‍കൃഷ്ടതക്കും യോജിക്കുന്ന ഏതോ രൂപത്തിലായിരിക്കും അതെന്നു ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. എന്നാല്‍ അതിന്റെ സ്വഭാവവും വിധവും എങ്ങിനെയാണെന്നു നമുക്കറിഞ്ഞുകൂടാ. ഇത്തരം വചനങ്ങളില്‍ പിന്‍ഗാമികളായ പലരും അവയ്ക്കു ചില വ്യാഖ്യാനങ്ങള്‍ നല്കി തൃപ്തിയടയുന്നു. അതുപോലെ തൃപ്തിയടയുവാന്‍ നാം തയ്യാറില്ല. സൂ: ത്വാഹായുടെ ആദ്യത്തില്‍ നാം ഇതു സംബന്ധിച്ച് പറഞ്ഞിട്ടുള്ള ഭാഗം നോക്കുക.
ആകാശ ഭൂമികളുടെ സിംഹാസനാധിപതിയും സൃഷ്ടാവും അല്ലാഹുവായിരിക്കെ, അവയില്‍ നടമാടുന്ന സര്‍വ്വ കാര്യങ്ങളുടെയും അധികാരവും, കൈകാര്യവും അവന്റെ പക്കലാണെന്നു സ്പഷ്ടമാണ്. ‘അവന് അര്‍ശില്‍ ആരോഹണം ചെയ്തിരിക്കുന്നു’ വെന്നു പ്രസ്താവിക്കുന്ന സ്ഥലങ്ങളില്‍ അതിനെത്തുടര്‍ന്നു – 5- ആം വചനത്തില്‍ കാണുന്നപോലെ – ‘അവന് കാര്യങ്ങളെ നിയന്ത്രിക്കുന്നു’. (يُدَبِّرُ الْأَمْرَ) എന്നോ, അല്ലെങ്കില്‍ ഈ ഉദ്ദേശ്യം ഉള്‍ക്കൊള്ളുന്ന മറ്റു ചില വാക്യങ്ങളോ അല്ലാഹു പ്രസ്താവിച്ചു കാണുന്നതു അതുകൊണ്ടാണ്. (സൂ: യൂനുസ് 3; അഅ്റാഫ്:54; റഅ്ദു:2; ഹദീദ്:4 മുതലായവ നോക്കുക.)
ഭൂലോകത്തു നടക്കുന്ന കാര്യങ്ങളെല്ലാം ഉപരിലോകവുമായി ബന്ധമുള്ളവയാണ്. നമുക്കതിന്റെ വിശദവിവരം അറിയാവതല്ല. സൂര്യന്റെ ചലനം, പ്രകാശം, രശ്മി, ചന്ദ്രന്റെ ചലനം, വെളിച്ചം, നക്ഷത്രപ്രഭ, മഴ, വെയില് തുടങ്ങിയ വാനസംബന്ധമായ പല കാര്യങ്ങളും ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്ന പല കാര്യങ്ങളും പരസ്പരം ബന്ധമുള്ളവയാണെന്നു ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, കേവലം ബാഹ്യമല്ലാത്തതും, നമുക്കു അജ്ഞാതവുമായ ചില അഭൗതിക കാര്യകാരണബന്ധങ്ങള്‍ വേറെയും നിലവിലുണ്ടു. ജനനം മരണം, ഉല്പാദനം, നാശം, ക്ഷേമം, ക്ഷാമം പോലെയുള്ള പല കാര്യങ്ങളിലും അല്ലാഹുവിന്റെ മലക്കുകളുടെ ചില പ്രവര്‍ത്തനങ്ങളും ഭൂമിയില്‍ നടന്നുകൊണ്ടിരിക്കുന്നതായി പല ഖുര്‍ആന്‍ വചനങ്ങളില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും മനസ്സിലാക്കാം. ഇതേ സൂറത്തിലെ 11 – ആം വചനത്തില്‍ മനുഷ്യന്റെ മരണത്തില്‍ മലക്കിന്റെ പ്രവര്‍ത്തനത്തിനും പങ്കുള്ളതായി പ്രസ്താവിക്കുന്നുണ്ട്. ചുരുക്കത്തില്‍ ഭൂമിയിലെ കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ ഉദ്ദേശമനുസരിച്ചും, അവന് നിശ്ചയിച്ചിരിക്കുന്ന കാര്യകാരണവ്യവസ്ഥയനുസരിച്ചും നടന്നുകൊണ്ടിരിക്കുകയാണ്. കേന്ദ്രസ്ഥാനം ഉപരിലോകത്താണ് സ്ഥിതി ചെയ്യുന്നത്. നിലവിലുള്ള ഈ വ്യവസ്ഥ അവസാനിച്ച് പുതിയ ഒരു വ്യവസ്ഥ സ്ഥാപിതമാകുന്ന ആ മഹാദിനം – ഖിയാമത്തുനാള്‍ – ആയിക്കഴിഞ്ഞാല്‍ പിന്നീടു എല്ലാ കാര്യങ്ങളും – പ്രത്യക്ഷമായും പരോക്ഷമായും – അവങ്കലേക്കു തന്നെ മടങ്ങുന്നു. പുതിയ ഒരു വ്യവസ്ഥയും നടപടിക്രമവും അന്നു നിലവില്‍ വരുകയും ചെയ്യുന്നു. അന്നത്തെ അധികാരം മുഴുവനും അവനു മാത്രമായിരിക്കും. നാമമാത്രമായിട്ടുപോലും അതിലാര്‍ക്കും യാതൊരു പങ്കും ഉണ്ടാകുന്നില്ല. لِّمَنِ الْمُلْكُ الْيَوْمَ ۖ لِلَّـهِ الْوَاحِدِ الْقَهَّارِ (അന്നത്തെ രാജത്വം ആര്‍ക്കാണ്? സര്‍വ്വാധികാരിയായ ഏകനായ അല്ലാഹുവിന്നു തന്നെ!) – 40:16
‘നിങ്ങള്‍ എണ്ണി വരുന്ന ആയിരംകൊല്ലം വലുപ്പമുള്ള ദിവസം’ എന്നു പറഞ്ഞതു അന്ത്യനാളിനെക്കുറിച്ചാകുന്നു. സൂറത്തുല്‍ മആരിജി (المعارج) ല്‍ ഇപ്രകാരം കാണാം: تَعْرُجُ الْمَلَائِكَةُ وَالرُّوحُ إِلَيْهِ فِي يَوْمٍ كَانَ مِقْدَارُهُ خَمْسِينَ أَلْفَ سَنَةٍ അമ്പതിനായിരം കൊല്ലം വലുപ്പമുള്ള ഒരു ദിവസത്തില്‍ മലക്കുകളും റൂഹും (ആത്മാവും) അവങ്കലേക്കു കയറുന്നു എന്നര്‍ത്ഥം. അന്ത്യനാളിന്റെ കൃത്യമായ അളവ് വിവരിക്കുകയല്ല – ആ ദിവസത്തിന്റെ ഭയങ്കരതയും ഗൗരവവും കാണിക്കുകയാണ് – ഈ രണ്ടു വചനങ്ങളുടെയും ഉദ്ദേശ്യം എന്നാണ് പല മഹാന്മാരും പ്രസ്താവിക്കുന്നത്. സത്യവിശ്വാസികളായ സജ്ജനങ്ങളെ സംബന്ധിച്ചിടത്തോളം വിചാരണദിവസം കേവലം ഒരു നമസ്കാരം നിര്‍വ്വഹിക്കുന്ന അത്ര സമയം പോലെ അനുഭവപ്പെടുമെന്നു നബി (ﷺ) പ്രസ്താവിച്ചിട്ടുള്ളത് (അ; ബ.) ഇവിടെ സ്മരണീയമാകുന്നു. വേറെയും പല അഭിപ്രായങ്ങളും, വ്യാഖ്യാനങ്ങളും ഈ രണ്ടു ആയത്തുകളെ സംബന്ധിച്ചു മഹാന്മാര് പ്രസ്താവിച്ചു കാണാം. അതെല്ലാം ഉദ്ധരിച്ചു ദീര്‍ഘിപ്പിക്കുന്നില്ല. ഖുര്‍ആനില്‍ വന്നിട്ടുള്ള ഇത്തരം വാക്യങ്ങളുടെ നേര്‍ക്കുനേരെയുള്ള സാരങ്ങളും, സന്ദര്‍ഭങ്ങളും ശരിക്കു മനസ്സിരുത്തിയാല്‍ – അധിക വ്യാഖ്യാനങ്ങളൊന്നും ആശ്രയിക്കാതെ തന്നെ – അവയിലെ പ്രധാന ആശയം സാമാന്യം എല്ലാവര്ക്കും മനസ്സിലാക്കാവുന്നതാണ്. സൂറത്തുല്‍ മആരിജില്‍ വെച്ച് അല്പം കൂടി വിശദീകരണം കാണാം. إن شاء الله