33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 51

تُرْجِى مَن تَشَآءُ مِنْهُنَّ وَتُـْٔوِىٓ إِلَيْكَ مَن تَشَآءُ ۖ وَمَنِ ٱبْتَغَيْتَ مِمَّنْ عَزَلْتَ فَلَا جُنَاحَ عَلَيْكَ ۚ ذَٰلِكَ أَدْنَىٰٓ أَن تَقَرَّ أَعْيُنُهُنَّ وَلَا يَحْزَنَّ وَيَرْضَيْنَ بِمَآ ءَاتَيْتَهُنَّ كُلُّهُنَّ ۚ وَٱللَّهُ يَعْلَمُ مَا فِى قُلُوبِكُمْ ۚ وَكَانَ ٱللَّهُ عَلِيمًا حَلِيمًۭا﴿٥١﴾

 تُرْجِي നീ പിന്നോട്ടു നിറുത്താം, പിന്തിക്കാം مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ مِنْهُنَّ അവരില്‍ നിന്നു وَتُؤْوِي നീ അടുപ്പിക്കുകയും ചെയ്യാം, അണപ്പിക്കാം إِلَيْكَ നിങ്കലേക്കു مَن تَشَاءُ നീ ഉദ്ദേശിക്കുന്നവരെ وَمَنِ ഏതൊരാളെ, ആരെയെങ്കിലും ابْتَغَيْتَ നീ ആവശ്യപ്പെട്ടാല്‍, നിനക്കു വേണമെന്നുവെച്ചാല്‍ مِمَّنْ عَزَلْتَ നീ വിട്ടുനിറുത്തിയ(അകറ്റിവെച്ച)വരില്‍നിന്നു فَلَا جُنَاحَ എന്നാല്‍ തെറ്റില്ല عَلَيْكَ നിന്‍റെമേല്‍ ذَٰلِكَ أَدْنَىٰ അതു കൂടുതല്‍ അടുപ്പം (സൗകര്യം) ഉള്ളതാണ് أَن تَقَرَّ കുളിര്‍ക്കുവാന്‍ (സമധാനിക്കുവാന്‍) أَعْيُنُهُنَّ അവരുടെ കണ്ണുകള്‍ وَلَا يَحْزَنَّ അവര്‍ വ്യസനിക്കാതിരിക്കുവാനും وَيَرْضَيْنَ അവര്‍ തൃപ്തിപ്പെടുവാനും بِمَا آتَيْتَهُنَّ നീ അവര്‍ക്കു കൊടുത്തതുകൊണ്ടു كُلُّهُنَّ അവരെല്ലാവരും وَاللَّـهُ يَعْلَمُ അല്ലാഹു അറിയുന്നു مَا فِي قُلُوبِكُمْ നിങ്ങളുടെ ഹൃദയങ്ങളിലുള്ളതു وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلِيمًا സര്‍വ്വജ്ഞന്‍ حَلِيمًا സഹനമുള്ളവന്‍.

33:51അവരില്‍ [ഭാര്യമാരില്‍]നിന്നു നീ ഉദ്ദേശിക്കുന്നവരെ നിനക്കു പിന്നോട്ടു (മാറ്റി) നിറുത്താം, നീ ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിച്ചുകൊള്ളുകയും ചെയ്യാം. നീ വിട്ടുനിറുത്തിയവരില്‍ ആരെയെങ്കിലും നീ ആവശ്യപ്പെടുന്നതായാലും നിനക്കു തെറ്റില്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും, അവര്‍ വ്യസനിക്കാതിരിക്കുവാനും. നീ അവര്‍ക്കുകൊടുത്തതുകൊണ്ട് അവര്‍ - അവരെല്ലാവരും - തൃപ്തിപ്പെടുവാനും കൂടുതല്‍ അടുപ്പമായ[സൗകര്യപ്രദമായ]താണത്. നിങ്ങളുടെ ഹൃദയങ്ങളിലുള്ളതിനെ അല്ലാഹു അറിയുന്നതാകുന്നു. അല്ലാഹു സര്‍വ്വജ്ഞനും, സഹനമുള്ളവനുമാകുന്നു.

തഫ്സീർ : 51-51

നബി()ക്ക് ഇഷ്ടപ്പെട്ടവരുമായി വിവാഹബന്ധം തുടരാം, അല്ലാത്തവരെ വിവാഹമോചനം നല്‍കി വിടാം, നിലവിലുള്ള ഭാര്യമാര്‍ക്കിടയില്‍ ഇന്നിന്ന ദിവസങ്ങളില്‍ കൂടെ താമസിക്കുക എന്ന് ഊഴം നിശ്ചയിക്കാം. ഇതില്‍നിന്നു ഒഴിവാക്കണമെന്നു തോന്നുന്നവരെ ഒഴിവാക്കുകയും ചെയ്യാം എന്നൊക്കെയാണ് നീ ഉദ്ദേശിക്കുന്നവരെ പിന്നോട്ടുമാറ്റി നിര്‍ത്തുകയും, ഉദ്ദേശിക്കുന്നവരെ നിന്നിലേക്കു അടുപ്പിക്കുകയും ചെയ്യാംഎന്നു പറഞ്ഞതിന്‍റെ സാരം. ഒന്നിലധികം ഭാര്യമാരുള്ളവര്‍ അവര്‍ക്കിടയില്‍ താമസത്തിനു സമമായി ഊഴം നിശ്ചയിക്കല്‍ നിര്‍ബ്ബന്ധമാണ്. നബി()യെ സംബന്ധിച്ചിടത്തോളം അതു നിര്‍ബ്ബന്ധമില്ലെന്നും, യുക്തംപോലെ ചെയ്യാമെന്നും ഇതില്‍ നിന്നു മനസ്സിലാക്കാം. ഇതനുസരിച്ചു തിരുമേനി() ചില ഭാര്യമാരെ ഊഴത്തിന്‍റെ നിര്‍ബ്ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയെന്നും, പക്ഷേ, അതു പ്രാവര്‍ത്തികമാക്കാതെ വീണ്ടും ഊഴം പാലിക്കുകതന്നെ ചെയ്തിരുന്നുവെന്നും ബലവത്തായ ഹദീസുകളില്‍ കാണാവുന്നതാണ്. ഇമാം അഹ്മദു (رحمه الله) മുതലായവര്‍ ഉദ്ധരിച്ച ഒരു ഹദീസില്‍ ആയിശാ (رضي الله عنها) പറയുന്നു: നബി() അവിടുത്തെ ഭാര്യമാര്‍ക്കിടയില്‍ (ദിവസങ്ങള്‍) ഭാഗിക്കുകയും, അതില്‍ നീതി പാലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അവിടുന്നു ഇങ്ങിനെ പറയുമായിരുന്നു: اللهم هذا فعلي فيما أملك فلا تلمني فيما تملك ولا أملك (അല്ലാഹുവേ, എന്‍റെ അധീനത്തില്‍പ്പെട്ട കാര്യത്തിലുള്ള എന്‍റെ പ്രവൃത്തിയാണിത്‌. നിന്‍റെ അധീനത്തിലുള്ളതും, എന്‍റെ അധീനത്തിലല്ലാത്തതുമായ കാര്യത്തില്‍ നീ എന്നെ കുറ്റപ്പെടുത്തരുതേ!).

വിവാഹമോചനം നല്‍കിയവരെ വീണ്ടും വിവാഹത്തിലേക്കു മടക്കി എടുക്കുകയും, ഊഴത്തില്‍നിന്നു ഒഴിവാക്കിയവര്‍ക്കു വീണ്ടും ഊഴം വകവെച്ചുകൊടുക്കുകയും ചെയ്യുന്നതിനു വിരോധമില്ല എന്നാണ് ആയത്തിലെ അടുത്ത വാക്യം കാണിക്കുന്നത്. അഥവാ നബി() തിരുമേനിക്കു യുക്തവും, ഹിതവും അനുസരിച്ചു പ്രവര്‍ത്തിച്ചു കൊള്ളുവാന്‍ അല്ലാഹു അനുവാദം നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഏതെങ്കിലും ഒരു സ്ത്രീയെ അകറ്റിനിറുത്തിയതിലോ, മറ്റേവളെ അടുപ്പിച്ചതിലോ തിരുമേനി()യുടെമേല്‍ ആക്ഷേപത്തിനു വഴിയില്ല. ഇന്നപ്രകാരമേ ചെയ്യാവു എന്ന് നിര്‍ബ്ബന്ധം നിശ്ചയിച്ചിട്ടില്ലല്ലോ. തിരുമേനി()യാണെങ്കില്‍ നീതിക്കും മര്യാദക്കും എതിരായി ഒന്നും പ്രവര്‍ത്തിക്കുന്ന ആളുമല്ല. അപ്പോള്‍, ഭാര്യമാരുടെ കാര്യത്തില്‍ അവിടുന്ന് സ്വീകരിക്കുന്ന നയങ്ങളെല്ലാം ഔദാര്യപൂര്‍വ്വമായിരിക്കും. തിരുമേനി()യുടെ ഭാര്യമാരാകട്ടെ, ഐഹികസുഖസൗകര്യങ്ങളെ ക്കാള്‍ അല്ലാഹുവിന്‍റെയും, റസൂലിന്‍റെയും പ്രീതിയെ ലക്ഷ്യമാക്കി നിലകൊള്ളുന്നവരാണു താനും. ചുരുക്കത്തില്‍, നബി()ക്കു മേല്‍ പ്രസ്താവിച്ച സ്വാതന്ത്ര്യം അല്ലാഹു വിട്ടുകൊടുത്തതു കൊണ്ട് അവിടുത്തെ ഭാര്യമാര്‍ക്ക് സന്തോഷവും മനസ്സമാധാനവും ഉണ്ടാകുവാനേ അവകാശമുള്ളു. അവകാശവാദങ്ങള്‍ പുറപ്പെടുവിക്കുവാനോ, അതിന്‍റെ പേരില്‍ വഴക്കും പിണക്കവും ഉണ്ടാക്കുവാനോ പിന്നെ പഴുതുണ്ടായിരിക്കുന്നതുമല്ല. അവരുടെ കണ്ണുകള്‍ കുളിര്‍ക്കുവാനും’ (….ذَٰلِكَ أَدْنَىٰ أَن تَقَرَّ) എന്നു തുടങ്ങിയ വാക്യത്തിന്‍റെ വിവരണത്തില്‍ ഇമാം ഇബ്നുജരീര്‍ (رحمه الله) ഇബ്നുകഥീര്‍ (رضي الله عنه) മുതലായ പ്രധാന ഖുര്‍ആന്‍ വ്യാഖ്യാതാക്കളെല്ലാം സ്വീകരിച്ചതും, ഖുര്‍ആന്‍റെ വാക്യങ്ങളോടും ഹദീസുകളോടും കൂടുതല്‍ അനുയോജ്യവുമായ വിവരണമാണ് മുകളില്‍ കണ്ടത്. ഈ വാക്യത്തിനു ചിലര്‍ വേറെ വ്യാഖ്യാനം നല്‍കിയിട്ടുണ്ടെങ്കിലും അതു പ്രസക്തമായിത്തോന്നുന്നില്ല.

 28 മുതല്‍ 34 കൂടിയ ആയത്തുകളില്‍ നബി()യുടെ ഭാര്യമാരെക്കുറിച്ചു പലതും പ്രസ്താവിച്ചു. ഐഹികസുഖങ്ങളെ ഉദ്ദേശിക്കുന്നവര്‍ക്കു നബി()യെ വിട്ടുപിരിഞ്ഞുപോയിക്കൊള്ളാമെന്നും, അല്ലാത്തവര്‍ തിരുമേനി()യൊന്നിച്ചു അച്ചടക്കത്തോടും അനുസരണത്തോടുംകൂടി ജീവിക്കണമെന്നും അറിയിച്ചു. അവരുടെ ഉന്നതപദവികളെയും, അവരുടെ കടമകളെയും വിവരിക്കുകയും ചെയ്തു. 50-ആം വചനത്തില്‍ നബി()ക്കു വിവാഹം ചെയ്യാവുന്ന സ്ത്രീകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കി. തുടര്‍ന്നുകൊണ്ട് ഇഷ്ടപ്പെട്ട ഭാര്യമാരെ സ്വീകരിക്കുവാനും, അല്ലാത്തവരെ വിട്ടേക്കുവാനും മറ്റുമുള്ള സ്വാതന്ത്ര്യങ്ങള്‍ തിരുമേനി()ക്കു നല്‍കുകയും ചെയ്തു. എനി, ഇപ്പോള്‍ നബി()യൊന്നിച്ച് നിലവിലുണ്ടായിരിക്കുന്ന ഭാര്യമാരെല്ലാം തന്നെ, പിരിഞ്ഞുപോകുകയോ, പിരിച്ചുവിടുകയോ ചെയ്യേണ്ടുന്ന ആവശ്യമില്ലാത്തവരും മരണംവരെ നബി()യുടെ ഭാര്യമാരായിരിക്കുവാന്‍ തികച്ചും അര്‍ഹരായ ഭാഗ്യവതികളും ആയിരിക്കുമല്ലോ.