وَٱذْكُرْنَ مَا يُتْلَىٰ فِى بُيُوتِكُنَّ مِنْ ءَايَـٰتِ ٱللَّهِ وَٱلْحِكْمَةِ ۚ إِنَّ ٱللَّهَ كَانَ لَطِيفًا خَبِيرًا﴿٣٤﴾
33:34അല്ലാഹുവിന്‍റെ "ആയത്തുക"ളായും വിജ്ഞാനമായും നിങ്ങളുടെ വീടുകളില്‍വെച്ചു ഓതിക്കേള്‍പ്പിക്കപ്പെടുന്നതിനെ നിങ്ങള്‍ ഓര്‍മ്മിക്കുകയും ചെയ്യുവിന്‍. നിശ്ചയമായും അല്ലാഹു നിഗൂഢജ്ഞാനമുള്ളവനും സൂക്ഷ്മജ്ഞാനമുള്ളനുവമാകുന്നു.
തഫ്സീർ : 34-34
ഖുര്‍ആന്‍വചനങ്ങളും, അല്ലാത്തവയുമായ ദൈവിക സന്ദേശങ്ങള്‍ (വഹ്-യുകള്‍) നബി(ﷺ)ക്കു സാധാരണ ലഭിച്ചുകൊണ്ടിരിക്കും. നബി(ﷺ) അപ്പപ്പോള്‍ അവ പ്രബോധനം ചെയ്യുകയും, മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുകയും ചെയ്യും. തിരുമേനി(ﷺ)യുടെ തിരുവായില്‍നിന്നു നിത്യേന പുറത്തുവരുന്ന വിജ്ഞാനമൊഴികള്‍ ഇതിനു പുറമെയും. ഇതെല്ലാം മിക്കപ്പോഴും അവിടുത്തെ വാസസ്ഥലങ്ങളില്‍ വെച്ചാണല്ലോ സംഭവിക്കുന്നത്. അവ കാണുവാനും, കേള്‍ക്കുവാനും, ഗ്രഹിക്കുവാനും, മറ്റുള്ളവര്‍ക്കു പഠിപ്പിക്കുവാനും നബി(ﷺ)യുടെ പതിന്മാരെക്കാളധികം മറ്റാര്‍ക്കാണ് ഭാഗ്യം ലഭിക്കുക?! ഇക്കാര്യം പ്രത്യേകം ഓര്‍മ്മിക്കണമെന്നത്രെ ഈ വചനം അവരെ ഉണര്‍ത്തുന്നത്. സത്യവിശ്വാസികളുടെ മാതാക്കളും, മാതൃകാവനിതകളുമായ അവര്‍ അതിനു കൂടുതല്‍ ബാധ്യതയുള്ളവരുമാണല്ലോ. ഹൃദയത്തില്‍ വക്രതയോ രോഗമോ ഉള്ള ചില മുസ്‌ലിംനാമധാരികളും, ഇസ്‌ലാമിന്‍റെ വിരോധികളും എന്തുതന്നെ പറഞ്ഞാലുംശരി, ഈ ബാധ്യത മുസ്ലിംകളുടെ മാതാക്കളായ അവര്‍ തികച്ചും നിറവേറ്റുകയുണ്ടായിട്ടുണ്ടെന്നതില്‍ നമുക്ക് സംശയമില്ല. الحمد لله
വിശുദ്ധ ഖുര്‍ആനുപുറമെ, ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടുന്ന വേറെ ദൈവിക സന്ദേശങ്ങളൊന്നും നബി(ﷺ)ക്കു ലഭിക്കുകയുണ്ടായിട്ടില്ല – അഥവാ ‘രിസാലത്തിന്‍റെ വഹ്-യാ’ (وحي الرسالة)കുന്ന ദിവ്യസന്ദേശം ഖുര്‍ആന്‍ മാത്രമാണുള്ളത് – എന്നും, ഖുര്‍ആനല്ലാതെ നബി(ﷺ)ക്കു സിദ്ധിച്ചിട്ടുള്ള എല്ലാ വഹ്-യുകളും കേവലം ‘ഇല്‍ഹാം’ (അന്തര്‍ബോധം) വഴിമാത്രം ലഭിച്ചതാണ് – അഥവാ മലക്കുമുഖേന ലഭിച്ച വഹ്-യു ഖുര്‍ആന്‍ മാത്രമേയുള്ളു – എന്നും, ‘ഇല്‍ഹാം’ വഴി ലഭിക്കുന്ന വഹ്-യുകളില്‍ തെറ്റായതും, ശരിയായതും ഉണ്ടാവാമെന്നും, അവയൊന്നും തന്നെ തിരുമേനി(ﷺ)യുടെ ദൗത്യസന്ദേശങ്ങളില്‍ ഉള്‍പ്പെടുന്നവയല്ലെന്നും മറ്റും ഇപ്പോള്‍ ചില പുത്തന്‍വാദങ്ങള്‍ കേള്‍ക്കുവാന്‍ തുടങ്ങിയിട്ടുണ്ട്. (*). ഇതു തികച്ചും തെറ്റായ വാദമാണെന്നു ഈ ആയത്തില്‍നിന്നും മറ്റുപല ആയത്തുകളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കവുന്നതാണ്.
(*). ഇസ്‌ലാമിലെ അംഗീകൃത പ്രമാണങ്ങള്‍, മൗലികസിദ്ധാന്തങ്ങള്‍, അനുഷ്ഠാനകര്‍മ്മങ്ങള്‍, നിയമങ്ങള്‍ ആദിയായ തുറകളില്‍, ഇന്നത്തെ ഭൗതിക താല്‍പര്യങ്ങളുമായി പൊരുത്തപ്പെടാത്ത വശങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടു കാണുവാനും, ബഹുജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കി, ഇസ്‌ലാമില്‍നിന്ന് അവര്‍ സ്വയം അകന്നുപോകുവാനും വേണ്ടി പുതുതായി ആസൂത്രണം ചെയ്യപ്പെട്ട ഒരു പരിപാടിയുടെ പല ഇനങ്ങളില്‍ ഒന്നുമാത്രമാണ് ഈ വാദം. തല്‍കര്‍ത്താക്കളുടെ പുത്തന്‍ യുക്തിവാദങ്ങള്‍ മുഴുവന്‍ രൂപംകൊണ്ടു കഴിഞ്ഞിട്ടില്ലെങ്കിലും, മതബോധവും ദീര്‍ഘ ദൃഷ്ടിയും ഉള്ളവര്‍ക്കു അവരുടെ ലക്ഷ്യവും മാര്‍ഗ്ഗവും അജ്ഞാതമല്ല.
നബി(ﷺ)യുടെ വീട്ടില്‍വെച്ചു ജനങ്ങളെ കേള്‍പ്പിക്കുന്നതു അല്ലാഹുവിന്‍റെ ആയത്തുകള്‍ മാത്രമല്ല. വിജ്ഞാനമാകുന്ന ‘ഹിക്ക്മത്തും’ അവരെ കേള്‍പ്പിക്കേണ്ടതായുണ്ട്. مَا يُتْلَىٰ فِي بُيُوتِكُنَّ مِنْ آيَاتِ اللَّـهِ وَالْحِكْمَةِ (അല്ലാഹുവിന്‍റെ ‘ആയത്തു’കളില്‍ നിന്നും ‘ഹിക്ക്മത്തി’ല്‍നിന്നും നിങ്ങളുടെ വീടുകളില്‍ പാരായണം ചെയ്യപ്പെടുന്നതു) എന്നാണല്ലോ അല്ലാഹു പറഞ്ഞത്. സൂ: നിസാഉ് 113ല്‍, നബി(ﷺ)യോടു :وَأَنزَلَ اللَّـهُ عَلَيْكَ الْكِتَابَ وَالْحِكْمَةَ : سورة النساء : ١١٣ (അല്ലാഹു നിനക്കു കിത്താബും ഹിക്ക്മത്തും ഇറക്കിത്തന്നിരിക്കുന്നു) എന്നും, സൂ: ബഖറ 231ല്‍, സത്യവിശ്വാസികളോടു :
وَمَا أَنزَلَ عَلَيْكُم مِّنَ الْكِتَابِ وَالْحِكْمَةِ يَعِظُكُم بِهِ : سورة البقرة: ٢٣١(…. വേദഗ്രന്ഥത്തില്‍നിന്നും, ഹിക്ക്മത്തില്‍നിന്നും നിങ്ങള്‍ക്കു അവന്‍ – അല്ലാഹു – ഇറക്കിത്തന്നിട്ടുള്ളതും ഓര്‍ക്കുവിന്‍. അതുമുഖേന അവന്‍ നിങ്ങള്‍ക്കു സദുപദേശം നല്‍കുന്നു.) എന്നും പറയുന്നു. അപ്പോള്‍, (1) പാരായണത്തിലും, സദുപദേശത്തിലും അല്ലാഹുവിന്‍റെ ആയത്തുകള്‍ക്കുപുറമെ ‘ഹിക്ക്മത്തി’നും പങ്കുണ്ടെന്നും, (2) നബി(ﷺ) തിരുമേനിക്കു വേദഗ്രന്ഥം – ഖുര്‍ആന്‍- മാത്രമല്ല, അതിനുപുറമെ ‘ഹിക്മത്തും’ അല്ലാഹു അവതരിപ്പിച്ചിട്ടുണ്ടെന്നും (3) സത്യവിശ്വാസികള്‍ വേദഗ്രന്ഥത്തിനു പുറമെ ‘ഹിക്ക്മത്തും’ സ്വീകരിക്കേണ്ടതുണ്ടെന്നും സ്പഷ്ടമാണല്ലോ. എനി, ഖുര്‍ആനാകുന്ന വേദഗ്രന്ഥമോ, ദൃഷ്ടാന്തങ്ങളും ലക്ഷ്യങ്ങളുമാകുന്ന ആയത്തുകളോ അല്ലാത്ത മറ്റു വല്ലതും നബി(ﷺ) ജനങ്ങളില്‍ പ്രബോധനം ചെയ്യേണ്ടതുണ്ടോ എന്നാണ് നമുക്ക് അറിയാനുള്ളത്.
സൂ: മാഇദ : 71ല്‍ يَا أَيُّهَا الرَّسُولُ بَلِّغْ مَا أُنزِلَ إِلَيْكَ مِن رَّبِّكَ ۖ وَإِن لَّمْ تَفْعَلْ فَمَا بَلَّغْتَ رِسَالَتَهُ : سورة المائدة:٦٧ (ഹേ, റസൂലേ, നിന്‍റെ റബ്ബിങ്കല്‍നിന്ന് നിനക്കു ഇറക്കപ്പെട്ടതിനെ നീ എത്തിച്ച് – പ്രബോധനം ചെയ്തു – കൊടുക്കുക. നീ അതു ചെയ്തില്ലെങ്കില്‍ നീ അവന്‍റെ ‘രിസാലത്ത്’ – ദൗത്യം – എത്തിച്ചുകൊടുത്തിട്ടില്ല.) എന്ന് അല്ലാഹു പറയുന്നു. നബി(ﷺ)ക്ക് ഇറക്കപ്പെട്ടതില്‍ വേദഗ്രന്ഥം ഒറ്റക്കല്ല ഉള്ളതെന്നും, ഹിക്ക്മത്തും കൂടി ഉണ്ടെന്നും നാം കണ്ടുവല്ലോ. എന്നിരിക്കെ, ഖുര്‍ആനും, ഹിക്ക്മത്തും പ്രബോധനം ചെയ്തെങ്കിലേ തിരുമേനി(ﷺ)യുടെ രിസാലത്താകുന്ന ദൗത്യനിര്‍വ്വഹണം പൂര്‍ത്തിയാകുകയുള്ളുവെന്നും ഈ ആയത്തില്‍നിന്ന് വ്യക്തമാണ്.
സൂ: ജുമുഅയിലെ ഒരു ആയത്തില്‍ നബി(ﷺ)യുടെ കര്‍ത്തവ്യങ്ങളെക്കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കുക:
يَتْلُو عَلَيْهِمْ آيَاتِهِ وَيُزَكِّيهِمْ وَيُعَلِّمُهُمُ الْكِتَابَ وَالْحِكْمَةَ:سورة الجمعة:٢
(അവര്‍ക്കു തന്‍റെ – അല്ലാഹുവിന്‍റെ -ആയത്തുകള്‍ ഓതിക്കൊടുക്കുകയും, അവര്‍ക്കു സംസ്കാരം -ആത്മപരിശുദ്ധി – ഉണ്ടാക്കുകയും, അവര്‍ക്കു വേദഗ്രന്ഥവും ഹിക്മത്തും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ അവരില്‍നിന്നു അവന്‍ നിയോഗിച്ചു.) വേദഗ്രന്ഥത്തെപ്പോലെത്തന്നെ നബി(ﷺ) ഹിക്ക്മത്തും പഠിപ്പിക്കേണ്ടതുണ്ടെന്നു ഈ വചനം കൂടുതല്‍ സ്പഷ്ടമാക്കുന്നു. ‘ഹിക്ക്മത്ത്’ എന്നാല്‍ ‘വിജ്ഞാനം, യുക്തി, തത്വജ്ഞാനം’ എന്നൊക്കെയാണ് വാക്കര്‍ത്ഥം. നബി(ﷺ)യില്‍ നിന്നു ഖുര്‍ആനു പുറമെ ലഭിക്കുന്ന എല്ലാ ജ്ഞാനങ്ങളും ഹിക്ക്മത്തില്‍ ഉള്‍പ്പെടുന്നു. തിരുമേനി(ﷺ)യുടെ ചര്യകളും വചനങ്ങളുമാകുന്ന സുന്നത്താണ് അതുകൊണ്ട് വിവക്ഷ.
വിഭാഗം - 5
നബി(ﷺ)യുടെ പത്നിമാരെസ്സംബന്ധിച്ചു പലതും പ്രസ്താവിച്ചശേഷം, മൊത്തത്തില്‍ എല്ലാ സ്ത്രീപുരുഷന്‍മാരെയും സംബന്ധിച്ചാണ് അടുത്ത വചനത്തില്‍ പ്രസ്താവിക്കുന്നത്. ഇതുവരെയുള്ള വചനങ്ങള്‍ കേള്‍ക്കുമ്പോള്‍, നബി(ﷺ)യുടെ പത്നിമാരല്ലാത്ത സ്ത്രീകള്‍ക്കു തങ്ങളെപ്പറ്റിയും ഖുര്‍ആനില്‍ പ്രസ്താവിച്ചു കാണുവാന്‍ ആഗ്രഹമുണ്ടാകുമല്ലോ. മാത്രമല്ല, ഖുര്‍ആന്‍റെ പല പ്രസ്താവനകളും പ്രത്യക്ഷത്തില്‍ പുരുഷന്‍മാരെ അഭിമുഖീകരിച്ചായിരിക്കും കാണുക. ആ നിലക്കും മുസ്‌ലിം സ്ത്രീകള്‍ക്കു അങ്ങിനെ ആഗ്രഹം തോന്നുവാന്‍ ഇടയുണ്ട്. ചില സ്ത്രീകള്‍ ഇതിനെപ്പറ്റി നബി(ﷺ)യോടു ചോദിക്കുകതന്നെ ചെയ്തിരുന്നു. ‘അന്‍സാരി’ക്കാരിയായ ഉമ്മുഇമാറ (ام عمارة -رض)യും നബി(ﷺ)യുടെ പത്നി ഉമ്മുസലമ (ام سلمة – رض)യും നബി(ﷺ)യോടു ഇതിനെപ്പറ്റി ചോദിക്കുകയുണ്ടായെന്നും, അനന്തരം താഴെ കാണുന്ന വചനം അവതരിച്ചുവെന്നും ഹദീസുകളില്‍ കാണാം. (*).
____________________________________________________________________
അല്ലാഹു പറയുന്നു: