32. السجدة (അസ്സജദഃ) ആയത്ത് 12

വിഭാഗം -2

وَلَوْ تَرَىٰٓ إِذِ ٱلْمُجْرِمُونَ نَاكِسُوا۟ رُءُوسِهِمْ عِندَ رَبِّهِمْ رَبَّنَآ أَبْصَرْنَا وَسَمِعْنَا فَٱرْجِعْنَا نَعْمَلْ صَـٰلِحًا إِنَّا مُوقِنُونَ﴿١٢﴾

وَلَوْ تَرَىٰ നീ കണ്ടിരുന്നെങ്കില്‍! إِذِ الْمُجْرِمُونَ കുറ്റവാളികള്‍ ആയിരിക്കുന്ന സന്ദര്‍ഭം نَاكِسُو رُءُوسِهِمْ തങ്ങളുടെ തലകളെ താഴ്‌ത്തിക്കൊണ്ടിരിക്കുന്നവര്‍ عِندَ رَبِّهِمْ തങ്ങളുടെ രക്ഷിതാവിന്റെ അടുക്കല്‍ رَبَّنَا ഞങ്ങളുടെ രക്ഷിതാവേ أَبْصَرْنَا ഞങ്ങള്‍ കണ്ടു وَسَمِعْنَا ഞങ്ങള്‍ കേള്‍ക്കയും ചെയ്തു فَارْجِعْنَا ആകയാല്‍ ഞങ്ങളെ മടക്കിത്തരേണമേ نَعْمَلْ ഞങ്ങള്‍ പ്രവര്‍ത്തിച്ചു കൊള്ളാം صَالِحًا സല്‍ക്കര്‍മ്മം إِنَّا നിശ്ചയമായും ഞങ്ങള്‍ مُوقِنُونَ ഉറപ്പിച്ചവരാണ്, ദൃഢവിശ്വാസികളാണ്

32:12(ആ) കുറ്റവാളികള്‍ അവരുടെ രക്ഷിതാവിന്റെ അടുക്കല്‍ തങ്ങളുടെ തലകള്‍ (കുത്തനെ) താഴ്ത്തിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭം നീ കാണുന്നപക്ഷം! (ഹാ, അതു വല്ലാത്തൊരു കാഴ്ചയായിരിക്കും!) (അവര്‍ പറയും:) "ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ (നേരില്‍) കാണുകയും, കേള്‍ക്കുകയും ചെയ്തു; അതുകൊണ്ടു ഞങ്ങളെ മടക്കി (അയച്ചു) തരേണമേ - ഞങ്ങള്‍ സല്‍ക്കര്‍മ്മം പ്രവര്‍ത്തിച്ചു കൊള്ളാം! നിശ്ചയമായും ഞങ്ങള്‍ (ഇപ്പോള്‍) ദൃഢമായി വിശ്വസിച്ചവരാണ്".

തഫ്സീർ : 12-12

പുനരുത്ഥാനത്തെ നിഷേധിക്കുകയും, പരിഹസിക്കുകയും ചെയ്‌തിരുന്ന ആ മഹാപാപികള്‍ അല്ലാഹുവിന്റെ മുമ്പില്‍ വരുമ്പോള്‍, അവര്‍ണ്ണനീയമായ ഭയവിഹ്വലതയും, അപാരമായ വ്യസനവും, അത്യധികമായ നാണക്കേടും നിമിത്തം തലപൊക്കാന്‍ സാധിക്കാതെ കേണപേക്ഷിക്കുന്ന ആ സന്ദര്‍ഭത്തിന്റെ ഗൗരവം അല്ലാഹു ചൂണ്ടിക്കാട്ടുകയാണ്. തങ്ങളോടു ദൈവദൂതന്‍മാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നതെല്ലാം പരിപൂര്‍ണ്ണ സത്യമാണെന്നു തങ്ങള്‍ക്കിപ്പോള്‍ അനുഭവം കൊണ്ടു ബോധ്യമായെന്നും, ഇഹത്തിലേക്കു ഒന്നുകൂടി മടക്കി അയച്ചുതന്നാല്‍ തങ്ങള്‍ സല്ക്കര്‍മ്മികളായിക്കൊള്ളാമെന്നും അവര്‍ കേണപേക്ഷിച്ചുകൊണ്ടിരിക്കും. പക്ഷേ, ഫലമെന്തു?! അല്ലാഹു പറയുന്നു: