لَّئِن لَّمْ يَنتَهِ ٱلْمُنَـٰفِقُونَ وَٱلَّذِينَ فِى قُلُوبِهِم مَّرَضٌۭ وَٱلْمُرْجِفُونَ فِى ٱلْمَدِينَةِ لَنُغْرِيَنَّكَ بِهِمْ ثُمَّ لَا يُجَاوِرُونَكَ فِيهَآ إِلَّا قَلِيلًۭا﴿٦٠﴾
33:60കപടവിശ്വാസികളും, തങ്ങളുടെ ഹൃദയത്തില്‍ രോഗമുള്ളവരും, മദീനായില്‍ (കള്ളവാര്‍ത്ത പ്രചരിപ്പിച്ച്) ഭീതി ഉളവാക്കുന്നവരും വിരമിക്കാത്തപക്ഷം, നിശ്ചയമായും (നബിയേ) നിന്നെ നാം അവരില്‍ ഇളക്കിവിടുക തന്നെ ചെയ്യും. പിന്നീടു, അല്‍പമാത്രമല്ലാതെ, അവര്‍ അവിടത്തില്‍ നിന്നോടു അയല്‍വാസം നടത്തുകയില്ല;-
مَّلْعُونِينَ ۖ أَيْنَمَا ثُقِفُوٓا۟ أُخِذُوا۟ وَقُتِّلُوا۟ تَقْتِيلًۭا﴿٦١﴾
33:61(അതും) ശപിക്കപ്പെട്ടവരായ നിലയില്‍! എവിടെവെച്ച് കണ്ടുമുട്ടിയാലും അവര്‍ പിടിക്കപ്പെടുകയും, (നിര്‍ദ്ദാക്ഷിണ്യം) അറുകൊലചെയ്യപ്പെടുകയും ചെയ്യുന്നതാണ്.
سُنَّةَ ٱللَّهِ فِى ٱلَّذِينَ خَلَوْا۟ مِن قَبْلُ ۖ وَلَن تَجِدَ لِسُنَّةِ ٱللَّهِ تَبْدِيلًۭا﴿٦٢﴾
33:62മുമ്പുകഴിഞ്ഞു പോയിട്ടുള്ളവരില്‍ (സ്വീകരിച്ച) അല്ലാഹുവിന്‍റെ നടപടിക്രമം (തന്നെ)! അല്ലാഹുവിന്‍റെ നടപടിക്രമത്തിന് യാതൊരു മാറ്റം വരുത്തലും നീ കണ്ടെത്തുന്നതേയല്ല.
തഫ്സീർ : 60-62
ബാഹ്യത്തില്‍മാത്രം മുസ്‌ലിംവേഷം ധരിച്ച മുനാഫിഖുകളും, ദേഹേച്ഛകള്‍ക്കും, തോന്നിയവാസങ്ങള്‍ക്കും അനുസരിച്ചു കഴിഞ്ഞുകൂടുന്ന പിഴച്ച മനസ്ഥിതിക്കാരും, മുസ്‌ലിംകള്‍ക്കിടയില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഭീതിയും, നടുക്കവും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളുകളും – അവരവരുടെ നിലപാടു നിറുത്തല്‍ ചെയ്യാത്തപക്ഷം നേരിടേണ്ടിവരുന്ന ഭവിഷ്യത്തിനെക്കുറിച്ച് അല്ലാഹു താക്കീതു നല്‍കുകയാണ്. എനിയും ഈ നില അവര്‍ തുടരുകയാണെങ്കില്‍ അവരെ മദീനയില്‍നിന്നു നിന്ദ്യന്മാരായ നിലയില്‍ ആട്ടിപ്പുറത്താക്കുവാന്‍ അല്ലാഹു നബി(ﷺ)ക്കു കല്പന കൊടുക്കും; പിന്നീടവര്‍ക്കു അയല്പക്കത്തൊന്നും താമസിക്കുവാന്‍ നിര്‍വ്വാഹമുണ്ടായിരിക്കയില്ല; വല്ല അവസരവും അതിനവര്‍ക്കു ലഭിച്ചാല്‍തന്നെ, ശപിക്കപ്പെട്ട ഒരു വര്‍ഗ്ഗമായിട്ടല്ലാതെ ജീവിക്കുവാനും സാധ്യമാകുകയില്ല; കാരണം, കിട്ടിയേടത്തുവെച്ച് അവരെ പിടിച്ചു നിഷ്കരുണം കൊല ചെയ്തുകളയുന്നതാണ്. ഇതാണ് താക്കീത്. ഈ വചനം അവതരിച്ചതിനുശേഷം അധികം താമസിയാതെ മുസ്ലിംകള്‍ക്കു ഇത്തരക്കാരുടെ ശല്യം ഇല്ലാതായിത്തീരുകയും മദീനായില്‍ അവരുടെ പ്രതാപം നാമാവശേഷമാകുകയും ചെയ്തു.