33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 26-27

وَأَنزَلَ ٱلَّذِينَ ظَـٰهَرُوهُم مِّنْ أَهْلِ ٱلْكِتَـٰبِ مِن صَيَاصِيهِمْ وَقَذَفَ فِى قُلُوبِهِمُ ٱلرُّعْبَ فَرِيقًۭا تَقْتُلُونَ وَتَأْسِرُونَ فَرِيقًۭا﴿٢٦﴾

 وَأَنزَلَ അവന്‍ ഇറക്കുകയും ചെയ്തു الَّذِينَ ظَاهَرُوهُم അവര്‍ക്കു പിന്‍തുണ നല്‍കിയവരെ, സഹകരിച്ചവരെ مِّنْ أَهْلِ الْكِتَابِ വേദക്കാരില്‍നിന്നുള്ള مِن صَيَاصِيهِمْ അവരുടെ കോട്ടകകളില്‍നിന്നു وَقَذَفَ അവന്‍ ഇടുകയും ചെയ്തു فِي قُلُوبِهِمُ അവരുടെ ഹൃദയങ്ങളില്‍ الرُّعْبَ ഭീതി, ഭയപ്പാടു فَرِيقًا ഒരുവിഭാഗത്തെ, സംഘത്തെ تَقْتُلُونَ നിങ്ങള്‍ കൊലപ്പെടുത്തുന്നു وَتَأْسِرُونَ നിങ്ങള്‍ തടങ്ങളിലാക്കുക (ചിറപിടിക്കുക)യും ചെയ്യുന്നു فَرِيقًا ഒരു വിഭാഗത്തെ.

33:26വേദക്കാരില്‍നിന്നും അവര്‍ക്കു പിന്തുണ നല്‍കിയവരെ തങ്ങളുടെ കോട്ടകളില്‍നിന്ന് അവന്‍ ഇറക്കി അയക്കുകയും ചെയ്തു; അവരുടെ ഹൃദയങ്ങളില്‍ ഭീതി ഇട്ടേക്കുകയും ചെയ്തു: (അവരില്‍) ഒരു വിഭാഗത്തെ നിങ്ങള്‍ കൊലപ്പെടുത്തുകയും, ഒരു വിഭാഗത്തെ നിങ്ങള്‍ തടങ്ങലിലാക്കുകയും ചെയ്തിരുന്നു!

وَأَوْرَثَكُمْ أَرْضَهُمْ وَدِيَـٰرَهُمْ وَأَمْوَٰلَهُمْ وَأَرْضًۭا لَّمْ تَطَـُٔوهَا ۚ وَكَانَ ٱللَّهُ عَلَىٰ كُلِّ شَىْءٍۢ قَدِيرًۭا﴿٢٧﴾

وَأَوْرَثَكُمْ നിങ്ങള്‍ക്കവന്‍ അവകാശപ്പെടുത്തുകയും ചെയ്തു أَرْضَهُمْ അവരുടെ ഭൂമി وَدِيَارَهُمْ അവരുടെ വീടുകളും, ഭവനങ്ങളും وَأَمْوَالَهُمْ അവരുടെ സ്വത്തുക്കളും وَأَرْضًا ഒരു ഭൂമിയും لَّمْ تَطَئُوهَا നിങ്ങളതില്‍ ചവിട്ടിയിട്ടില്ല وَكَانَ اللَّـهُ അല്ലാഹു ആകുന്നു عَلَىٰ كُلِّ شَيْءٍ എല്ലാ കാര്യത്തിനും قَدِيرًا കഴിവുള്ളവന്‍.

33:27അവരുടെ ഭൂമിയും, അവരുടെ വീടുകളും, അവരുടെ സ്വത്തുക്കളും, നിങ്ങള്‍ (കാലെടുത്തു) ചവിട്ടിയിട്ടില്ലാത്ത ഭൂമിയും അവന്‍ നിങ്ങള്‍ക്കു അവകാശപ്പെടുത്തിത്തരുകയും ചെയ്തു, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു.

തഫ്സീർ : 26-27

സഖ്യകക്ഷികളെ സഹായിച്ചുകൊണ്ടിരുന്ന ബനുഖുറൈളഃ (بنو قريظة) ഗോത്രക്കാരായ യഹൂദികള്‍ നബി ()യുമായി സമാധാനസഖ്യം ചെയ്തിട്ടുണ്ടായിരുന്നു. അവരുടെ സഹോദര ഗോത്രമായ ബനൂനള്വീറി (بنو النضير)ന്‍റെ പ്രേരണയനുസരിച്ചാണ് അവര്‍ സഖ്യം ലംഘിച്ചത്. അറബിഗോത്രങ്ങള്‍ ഏകോപിച്ചു നടത്തുന്ന ഈ മഹായുദ്ധം വഴി മുഹമ്മദിനെയും കൂട്ടരെയും നാമാവശേഷമാക്കാമെന്നും, അതിനു ഇതിനെക്കാള്‍ നല്ല ഒരവസരം ലഭിക്കാനില്ലെന്നും നള്വീറിന്‍റെ തലവനായ ഹുയയ്യ് (حيي) സമര്‍ത്ഥിച്ചു. ഖുറൈളഃയുടെ നേതാവായ കഅ്ബ് (كعب) ആദ്യം വിസമ്മതിക്കുകയും ഈ സന്ധിലംഘനത്തിന്‍റെ ഫലം എന്നെന്നേക്കുമുള്ള അപമാനമായിത്തീര്‍ന്നേക്കാമെന്നു പറയുകയും ചെയ്തു. എങ്കിലും, ഒടുക്കം ഹുയയ്യിന്‍റെ വലയില്‍ കഅ്ബും അകപ്പെടുകയാണുണ്ടായത്.

ഖന്‍ദഖ് യുദ്ധം ശുഭകരമായി പര്യവസാനിച്ച ഉടനെത്തനെ ഖുറൈളയുടെ നേരെ പോയിക്കൊള്ളുവാന്‍ നബി ()ക്ക് വഹ്-യ് കിട്ടി. അല്പ്മാത്രം നാഴിക ദൂരമേ മദീനക്കും ഖുറൈളക്കും ഇടയിലുള്ളു. ബനു ഖുറൈളയില്‍ വെച്ചല്ലാതെ ആരും അസര്‍ നമസ്കരിക്കരുത്!എന്നു നബി () പ്രഖ്യാപനം ചെയ്തു. വഴിമദ്ധ്യേ അസറിന്‍റെ സമയംവന്നു. സഹാബികളില്‍ ചിലര്‍ വഴിക്കുവെച്ചുതന്നെ നമസ്കാരം നടത്തി. മറ്റുചിലര്‍ അവിടെ എത്തിയശേഷമേ നമസ്കരിച്ചുള്ളു. രണ്ടുകൂട്ടരെയും തിരുമേനി () ആക്ഷേപിക്കുകയുണ്ടായില്ല. (ആദ്യത്തേവര്‍ ആ പ്രഖ്യാപനത്തിന്‍റെ ഉദ്ദേശ്യവും തത്വവും പരിഗണിച്ചു. രണ്ടാമത്തേവര്‍ അക്ഷരംപ്രതി അതനുസരിക്കുകയും ചെയ്തു. രണ്ടു കൂട്ടരുടേയും ഉദ്ദേശശുദ്ധിയില്‍ സംശയിക്കുവാനില്ലല്ലോ.).

നബി ()യും സഹാബികളും ഖുറൈളയില്‍ എത്തിയപ്പോഴേക്കും യഹൂദികള്‍ ഭയപ്പെട്ട് കോട്ടകളില്‍ അഭയം പ്രാപിച്ചു. ഇരുപത്തഞ്ച് ദിവസത്തോളം മുസ്‌ലിംകള്‍ കോട്ടകളെ ഉപരോധം ചെയ്തു. യഹൂദികള്‍ അങ്ങേഅറ്റം വിഷമിച്ചു. ഒടുക്കം നബി()യുടെ തീരുമാനം നിരുപാധികം അനുസരിച്ചുകൊള്ളാമെന്ന നിശ്ചയത്തിന്മേല്‍ അവര്‍ കോട്ടകളില്‍നിന്നു പുറത്തുവന്നു. സഅ്ദുബ്നുമുആദ് (سعد بن معادرض) ചെയ്യുന്ന തീരുമാനം സ്വീകരിക്കാമെന്നും, അദ്ദേഹത്തെ തങ്ങളുടെ മദ്ധ്യസ്ഥനാക്കാമെന്നും അവര്‍ അറിയിച്ചു. ഖുറൈളയുമായി സഖ്യമുണ്ടായിരുന്ന ഔസു (اوس) ഗോത്രത്തിലെ നേതാവായിരുന്നു സഅ്ദ് (رضي الله عنه). അതുകൊണ്ടാണ് അവര്‍ അദ്ദേഹത്തെ മദ്ധ്യസ്ഥനാക്കുവാന്‍ തയ്യാറായത്. തിരുമേനി()യും ഇതു സമ്മതിച്ചു. ഖന്‍ദഖ് യുദ്ധത്തില്‍വെച്ച് അമ്പു പറ്റുക നിമിത്തം അദ്ദേഹം മദീനാപള്ളിയില്‍ ശുശ്രൂഷയിലിരിക്കുകയായിരുന്നു. ഒന്നിലധികം പ്രാവശ്യം സന്ധിലംഘനവും, ചതിയും നടത്തി. ശത്രുതയുടെയും വിശ്വാസവഞ്ചനയുടെയും പാരമ്പര്യം പുലര്‍ത്തിവന്ന അവരുടെ കാര്യത്തില്‍, അവര്‍ സ്വയം തിരഞ്ഞെടുത്ത മദ്ധ്യസ്ഥനായ സഅ്ദ് (رضي الله عنه) തീരുമാനം ചെയ്തതു ഇപ്രകാരമായിരുന്നു: യുദ്ധപ്രായമായവരെ വധിക്കുക, സ്ത്രീകളെയും കുട്ടികളെയും ചിറപിടിക്കുക, സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്കധീനമാക്കുക.ഇവരില്‍ അല്ലാഹുവിന്‍റെയും റസൂലിന്‍റെയും വിധി ഇതുതന്നെയാണെന്നു നബി() മുആദ് (رضي الله عنه) നോടു പറയുകയുണ്ടായി. ഈ വിധി നടപ്പാക്കപ്പെടുകയും ചെയ്തു. തങ്ങള്‍ സ്വയംതന്നെ തങ്ങളുടെമേല്‍ വരുത്തിവെച്ച ഈ വിധിക്കു വഴങ്ങുവാന്‍ യഹൂദികള്‍ സന്നദ്ധരായതില്‍നിന്ന് അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു ഇട്ടുകൊടുത്ത ഭീതി എത്രമാത്രമായിരുന്നുവെന്നു ഊഹിക്കാം.

നിങ്ങള്‍ കാലെടുത്തു ചവിട്ടിയിട്ടില്ലാത്ത ഭൂമിയും (وَأَرْضًا لَّمْ تَطَئُوهَا)എന്നു പറഞ്ഞതു, പിന്നീടു മുസ്‌ലിംകള്‍ക്ക് ഖൈബര്‍ അധീനമായതിനെ ഉദ്ദേശിച്ചാണെന്നും, അതല്ല അനന്തരം ജയിക്കപ്പെട്ട മറ്റു പ്രദേശങ്ങളെ ഉദ്ദേശിച്ചുള്ള വാഗ്ദാനമാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചുകാണുന്നു. ഇമാം ഇബ്നുജരീര്‍ (رحمه الله) ചൂണ്ടിക്കാണിച്ചതുപോലെ ഇതു രണ്ടും ഇവിടെ ഉദ്ദേശിച്ചിരിക്കുന്നതിനും വിരോധമില്ല.

അഹ്സാബ് യുദ്ധത്തിനുശേഷം ഖുറൈളഃയുടെയും നള്വീറിന്‍റെയും സ്വത്തുക്കള്‍ മുസ്‌ലിംകള്‍ക്കധീനമായല്ലോ. ഇതുവഴി നബി() തിരുമേനിക്കു കുറെ ധനം കൈവന്നിട്ടുണ്ടെന്നു ധരിച്ചുകൊണ്ടു അവിടുത്തെ പത്നിമാര്‍ തിരുമേനി()യുടെ അടുക്കല്‍ ചെന്നു ഇങ്ങിനെ പറഞ്ഞു: അല്ലാഹുവിന്‍റെ റസൂലേ, റോമായിലെ കൈസറിന്‍റെയും, പേര്‍ഷ്യായിലെ കൊസ്രുവിന്‍റെയും പെണ്‍മക്കള്‍ക്കു ആഭരണങ്ങള്‍, വസ്ത്രങ്ങള്‍, വേലക്കാര്‍, ഭൃത്യന്‍മാര്‍ എന്നിവയെല്ലാമുണ്ട്. ഞങ്ങളുടെ ഇല്ലായ്മയും, വല്ലായ്മയും അങ്ങേക്കറിയാമല്ലോ!ഇതു തിരുമേനി()യുടെ ഹൃദയത്തിനു അധികമായ വേദനയുണ്ടാക്കി. ഇതിനെത്തുടര്‍ന്നു അവരോടു ഇപ്രകാരം പറയുവാന്‍ അല്ലാഹു നബി()യോടു കല്‍പിക്കുന്നു:-