يَحْسَبُونَ ٱلْأَحْزَابَ لَمْ يَذْهَبُوا۟ ۖ وَإِن يَأْتِ ٱلْأَحْزَابُ يَوَدُّوا۟ لَوْ أَنَّهُم بَادُونَ فِى ٱلْأَعْرَابِ يَسْـَٔلُونَ عَنْ أَنۢبَآئِكُمْ ۖ وَلَوْ كَانُوا۟ فِيكُم مَّا قَـٰتَلُوٓا۟ إِلَّا قَلِيلًۭا﴿٢٠﴾
33:20(സഖ്യ) കക്ഷികളെക്കുറിച്ച് അവര്‍ (സ്ഥലം വിട്ടു) പോയിട്ടില്ലെന്നു അവര്‍ വിചാരിക്കുന്നു! (സഖ്യ) കക്ഷികള്‍ (വീണ്ടും) വരുകയാണെങ്കിലോ, അവര്‍ കൊതിച്ചേക്കും: നിങ്ങളുടെ [സത്യവിശ്വാസികളുടെ] വൃത്താന്തങ്ങളെപ്പറ്റി ചോദിച്ചറിഞ്ഞുംകൊണ്ട് തങ്ങള്‍ "അഅ്റാബി"കളുടെ കൂട്ടത്തില്‍ മരുഭൂവാസികളായിരുന്നെങ്കില്‍ കൊള്ളാമായിരുന്നു എന്ന്! അവര്‍ നിങ്ങളില്‍ ഉണ്ടായിരുന്നാലും, അല്‍പ(മാത്ര)മല്ലാതെ അവര്‍ യുദ്ധം നടത്തുകയില്ലതാനും.
തഫ്സീർ : 20-20
മരുപ്രദേശങ്ങളില്‍ താമസിക്കുന്ന കൂടാരവാസികളായ അറബികള്‍ക്കാണ് ‘അഅ്റാബ്’ എന്നു പറയുന്നത്. ‘ബദു’ക്കള്‍ (*) എന്നും ഇവരെപ്പറ്റി പറയപ്പെടുന്നു. ആയത്തിന്‍റെ സാരം ഇപ്രകാരമാകുന്നു.
(*) Bedouins
ശത്രുസംഘങ്ങള്‍ അവര്‍ക്കു ബാധിച്ച കൊടുങ്കാറ്റും, തണുപ്പും നിമിത്തം ചിന്നിച്ചിതറി സ്ഥലം വിട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷേ, കപടവിശ്വാസികള്‍ക്കു – അവരുടെ ഭീരുത്വവും പരിഭ്രമവും നിമിത്തം – അതു വിശ്വാസമായിട്ടില്ല. ഒരുപക്ഷേ, തല്‍ക്കാലം ഒന്നു സ്ഥലം വിട്ടിട്ടുണ്ടെങ്കിലും അവര്‍ യുദ്ധം നിറുത്തിപ്പോയിട്ടില്ലെന്നും, ഉടനെ വീണ്ടും വന്ന് യുദ്ധം തുടരുമെന്നുമാണവരുടെ ധാരണ. എനി, ശത്രുക്കള്‍ വീണ്ടും മടങ്ങി വന്നുവെന്ന് സങ്കല്‍പിക്കുക, അപ്പോള്‍ ഇവരുടെ നിലപാടെന്തായിരിക്കും? ‘അയ്യോ! ഈ നാട്ടിലല്ലാതെ വല്ല വെളിപ്രദേശത്തും ബദുക്കളുടെ കൂട്ടത്തില്‍ താമസിക്കുന്നവരായിരുന്നു തങ്ങളെങ്കില്‍ എത്ര നന്നായേനെ! എന്നാല്‍ ഈ വിധത്തിലുള്ള ആപത്തുകളില്‍ ഭാഗഭാക്കകേണ്ടിവരുമായിരുന്നില്ലല്ലോ! മുസ്ലിംകളുടെ വര്‍ത്തമാനങ്ങളെപ്പറ്റി അവിടെ ഇരുന്നു അന്വേഷിച്ചറിഞ്ഞുകൊണ്ടിരുന്നാല്‍ മതിയായിരുന്നു!’ ഇതായിരിക്കും അവരുടെ മോഹം. എനി, ശത്രുക്കളുമായി യുദ്ധം നടക്കുമ്പോള്‍ അവര്‍ സത്യവിശ്വാസികളുടെ കൂട്ടത്തിലുണ്ടെന്നു വിചാരിക്കുക, എന്നാലും അതുകൊണ്ടു പ്രയോജനമുണ്ടാകുന്നതല്ല. കാരണം, മനപ്പൂര്‍വം അതില്‍ പങ്കുവഹിക്കുകയോ, ഫലപ്രദമായ വല്ലതും പ്രവര്‍ത്തിക്കുകയോ അവര്‍ ചെയ്കയില്ലതന്നെ.