33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 37

وَإِذْ تَقُولُ لِلَّذِىٓ أَنْعَمَ ٱللَّهُ عَلَيْهِ وَأَنْعَمْتَ عَلَيْهِ أَمْسِكْ عَلَيْكَ زَوْجَكَ وَٱتَّقِ ٱللَّهَ وَتُخْفِى فِى نَفْسِكَ مَا ٱللَّهُ مُبْدِيهِ وَتَخْشَى ٱلنَّاسَ وَٱللَّهُ أَحَقُّ أَن تَخْشَىٰهُ ۖ فَلَمَّا قَضَىٰ زَيْدٌۭ مِّنْهَا وَطَرًۭا زَوَّجْنَـٰكَهَا لِكَىْ لَا يَكُونَ عَلَى ٱلْمُؤْمِنِينَ حَرَجٌۭ فِىٓ أَزْوَٰجِ أَدْعِيَآئِهِمْ إِذَا قَضَوْا۟ مِنْهُنَّ وَطَرًۭا ۚ وَكَانَ أَمْرُ ٱللَّهِ مَفْعُولًۭا﴿٣٧﴾

 وَإِذْ تَقُولُ നീ പറഞ്ഞിരുന്ന സന്ദര്‍ഭം لِلَّذِي യാതൊരുവനോട് أَنْعَمَ اللَّـهُ അല്ലാഹു അനുഗ്രഹം ചെയ്തിരിക്കുന്നു عَلَيْهِ അവന്‍റെ മേല്‍ وَأَنْعَمْتَ عَلَيْهِ അവനു നീയും അനുഗ്രഹം ചെയ്തിരിക്കുന്നു أَمْسِكْ നീ വെച്ചുകൊണ്ടിരിക്കുക عَلَيْكَ നിനക്കു زَوْجَكَ നിന്‍റെ ഭാര്യയെ وَاتَّقِ اللَّـهَ അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക وَتُخْفِي നീ മറച്ചുവെക്കുകയും ചെയ്യുന്നു فِي نَفْسِكَ നിന്‍റെ മനസ്സില്‍ مَا യാതൊരു കാര്യം اللَّـهُ مُبْدِيهِ അല്ലാഹു അതിനെ വെളിവാക്കുന്നവനാണ് وَتَخْشَى നീ പേടിക്കയും ചെയ്യുന്നു النَّاسَ മനുഷ്യരെ وَاللَّـهُ أَحَقُّ അല്ലാഹുവത്രെ ഏറ്റവും അര്‍ഹന്‍, അവകാശപ്പെട്ടവന്‍ أَن تَخْشَاهُ നീ അവനെ പേടിക്കുവാന്‍ فَلَمَّا قَضَىٰ അങ്ങനെ നിര്‍വ്വഹിച്ചപ്പോള്‍, തീര്‍ത്തപ്പോള്‍ زَيْدٌ സൈദു مِّنْهَا അവളില്‍ നിന്നു وَطَرًا ആവശ്യം زَوَّجْنَاكَهَا അവളെ നിനക്കു നാം ഭാര്യയാക്കി (വിവാഹം ചെയ്തു) തന്നു لِكَيْ لَا يَكُونَ ഉണ്ടാകാതിരിക്കുവാന്‍ വേണ്ടി عَلَى الْمُؤْمِنِينَ സത്യവിശ്വാസികളുടെ മേല്‍ حَرَجٌ ഒരു വിഷമം (ഞെരുക്കം) فِي أَزْوَاجِ ഭാര്യമാരുടെ കാര്യത്തില്‍ أَدْعِيَائِهِمْ തങ്ങളുടെ ദത്തുപുത്രന്‍മാരുടെ إِذَا قَضَوْا അവര്‍ നിര്‍വ്വഹിച്ചാല്‍ مِنْهُنَّ അവരില്‍നിന്നു وَطَرًا ആവശ്യം وَكَانَ ആകുന്നു, ആയിരിക്കുന്നു أَمْرُ اللَّـهِ അല്ലാഹുവിന്‍റെ കല്പന, കാര്യം مَفْعُولًا പ്രാവര്‍ത്തികമാക്കപ്പെട്ടതു (നടപ്പാക്കപ്പെട്ടതു).

33:37(നബിയേ) അല്ലാഹു അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - നീയും അനുഗ്രഹം ചെയ്തുകൊടുത്തിട്ടുള്ള - വനോടു നീ പറഞ്ഞിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക): "നിന്‍റെ ഭാര്യയെ (വിവാഹമോചനം ചെയ്യാതെ) നിനക്കുവേണ്ടി നീ വെച്ചുകൊണ്ടിരിക്കുക; അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക" എന്ന്. അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യത്തെ നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരുന്നു. അല്ലാഹുവാണ് നീ പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ എന്നിരിക്കെ, നീ ജനങ്ങളെ പേടിക്കുകയും ചെയ്തിരുന്നു. അങ്ങനെ സൈദ്‌ അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു [വിവാഹമോചനം നടത്തി] കഴിഞ്ഞപ്പോള്‍ അവളെ നിനക്കു നാം ഭാര്യയാക്കിത്തന്നു. സത്യവിശ്വാസികളുടെമേല്‍, തങ്ങളുടെ ദത്തുപുത്രന്‍മാരുടെ ഭാര്യമാരുടെ കാര്യത്തില്‍ - അവര്‍ അവരില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചു കഴിഞ്ഞാല്‍ - യാതൊരു വിഷമവും ഉണ്ടാകാതിരിക്കുവാന്‍ വേണ്ടിയത്രെ (അത്). അല്ലാഹുവിന്‍റെ കല്‍പന പ്രാവര്‍ത്തികമാക്കപ്പെടുന്നതാകുന്നു.

തഫ്സീർ : 37-37

അല്ലാഹുവും നീയും അനുഗ്രഹം ചെയ്തുകൊടുത്തവന്‍ എന്നു പറഞ്ഞതു സൈദുബ്നു ഹാരിഥഃ (رضي الله عنه) യെ ക്കുറിച്ചാകുന്നു. ഇസ്ലാമിലേക്കു മാര്‍ഗ്ഗദര്‍ശനം നല്‍കുകപോലെയുള്ള കണക്കറ്റ അനുഗ്രഹങ്ങള്‍ അല്ലാഹു അദ്ദേഹത്തിനു ചെയ്തുകൊടുത്തിട്ടുണ്ടല്ലോ. നബി()യാണെങ്കില്‍, അദ്ദേഹത്തെ വാത്സല്യപൂര്‍വ്വം വളര്‍ത്തുകയും, അടിമത്തത്തില്‍ നിന്നു മോചിപ്പിക്കുയും ചെയ്തു. അദ്ദേഹത്തിന്‍റെ പുത്രനായ ഉസാമഃ (رضي الله عنه)യെയും തിരുമേനി() വളരെയധികം സ്നേഹിച്ചിരുന്നു. റസൂലിന്‍റെ പ്രിയങ്കരന്‍ എന്ന അര്‍ത്ഥത്തില്‍ രണ്ടു പേരേക്കുറിച്ചും ഹിബ്ബു റസൂലില്ലാഹി’ (حب رسول الله) എന്നുപോലും പറയപ്പെട്ടിരുന്നു.

സൈദ്‌ (رضي الله عنه) തന്‍റെ ഭാര്യയുമായി യോജിച്ചു പോകുകയില്ലെന്നു കണ്ടപ്പോള്‍ അവരെ വിവാഹമോചനം (طلاق) നടത്തുന്നതിനെപ്പറ്റി തിരുമേനി()യോട് ആലോചിച്ചു. ഇരുഭാഗത്തെയും ഗുണകാംക്ഷിയാണല്ലോ നബി(). അപ്പോഴായിരുന്നു അദ്ദേഹത്തോടു നബി() ഭാര്യയെ വെച്ചുകൊള്ളുവാനും, അല്ലാഹുവിനെ സൂക്ഷിക്കുവാനും പറഞ്ഞത്. ഈ വിവാഹം അധികം നീണ്ടുപോകുകയില്ലെന്നും, സൈദ്‌ (رضي الله عنه) ഭാര്യയെ വേര്‍പ്പെടുത്തുകത്തന്നെ ചെയ്യുമെന്നും, അനന്തരം സൈനബ (رضي الله عنها) യെ തിരുമേനി() വിവാഹം ചെയ്‌വാനിരിക്കുന്നുവെന്നും തിരുമേനി()ക്കു അറിവു ലഭിച്ചിട്ടുണ്ടായിരുന്നു. പക്ഷേ, നടക്കുവാനിരിക്കുന്ന ആ വിഷയത്തെക്കുറിച്ച് സൈദു (رضي الله عنه) നോടു തിരുമേനി() ഒന്നും പ്രസ്താവിച്ചില്ല. ഭാര്യയെ വിവാഹമോചനം നടത്താതിരിക്കുവാന്‍ സാധാരണമട്ടില്‍ ഉപദേശിക്കുകയാണ് ചെയ്തത്. ജനസംസാരത്തിനു ഇടയാകരുതെന്നും, അല്ലാഹു ഉദ്ദേശിച്ച കാര്യം അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവന്‍ നടപ്പിലാക്കിക്കൊള്ളുമെന്നും തിരുമേനി() കരുതി. ഇതിനെ സൂചിപ്പിച്ചുകൊണ്ടാണ് അല്ലാഹു വെളിവാക്കുവാന്‍ പോകുന്ന കാര്യം നീ നിന്‍റെ മനസ്സില്‍ മറച്ചുവെക്കുകയും ചെയ്തിരിക്കുന്നു’, (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞത്.

യഥാര്‍ത്ഥവും സത്യവും തുറന്നു പറയുന്നതില്‍ ആരെയും ശങ്കിക്കേണ്ടതില്ല, അതില്‍ ജനസംസാരം ഭയപ്പെടേണ്ടതുമില്ല, അതു തുറന്നു പറയാതിരിക്കുന്നതില്‍ അല്ലാഹുവിനെ ഭയപ്പെടുകയാണ് വേണ്ടത് എന്ന് നബി()യെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

സൈദ്‌ അവളില്‍നിന്നും ആവശ്യം നിര്‍വ്വഹിച്ചുകഴിഞ്ഞ്’ (وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ) എന്നു പറഞ്ഞതിന്‍റെ വിവക്ഷ ഭാര്യയുമായി യോജിച്ചുപോകുകയില്ലെന്ന് കണ്ട് അവരെ വിവാഹ മോചനം ചെയ്തു എന്നത്രെ. ഇതു അറബിഭാഷയിലെ ഒരു പ്രത്യേക പ്രയോഗമാണ്. സൈനബ (رضي الله عنها) യെ വിവാഹമോചനം നടത്തുകയല്ലാതെ നിവൃത്തിയില്ലെന്ന് സൈദ്‌ (رضي الله عنه) ന് ബോധ്യം വരുകയും, അദ്ദേഹം വിവാഹമോചനം ചെയ്യുകയും ചെയ്തു. അനന്തരം ഇദ്ദഃ കാലം കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്‍റെ നിര്‍ദ്ദേശമനുസരിച്ചു നബി() അവരെ വിവാഹം കഴിക്കയും ഉണ്ടായി. ഈ വിവാഹം നബി()യുടെ ആഗ്രഹമോ ആവശ്യമോ അനുസരിച്ച് ഉത്ഭവിച്ചതായിരുന്നില്ല. പോറ്റുമക്കള്‍ക്ക് യഥാര്‍ത്ഥ മക്കളുടെ സ്ഥാനം കല്‍പിക്കുന്നതിനാല്‍ അവരുടെ ഭാര്യമാരാകുന്ന സ്ത്രീകളെ ഒരിക്കലും പോറ്റുപിതാക്കള്‍ക്കു വിവാഹം ചെയ്‌വാന്‍ പാടില്ലെന്നാണ് ജാഹിലിയ്യാ നിയമം. ഈ സമ്പ്രദായം തുടച്ചുനീക്കി തല്‍സ്ഥാനത്തു ഇസ്‌ലാമികനിയമം പ്രാവര്‍ത്തികമാക്കിക്കാണിക്കുവാന്‍ വേണ്ടി അല്ലാഹുവിന്‍റെ കല്‍പ്പനപ്രകാരം നബി() ചെയ്തതായിരുന്നു ആ വിവാഹം. അതുകൊണ്ടാണ് സൈദു അവളില്‍നിന്നു ആവശ്യം നിറവേറ്റിക്കഴിഞ്ഞപ്പോള്‍ അവളെ നാം നിനക്കു ഭാര്യയാക്കിത്തന്നു (فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا زَوَّجْنَاكَهَا) എന്നു അല്ലാഹു പറഞ്ഞത്. ഈ പരമാര്‍ത്ഥം തുടര്‍ന്നുള്ള ആയത്തുകളില്‍നിന്നു കൂടുതല്‍ സ്പഷ്ടമായി മനസ്സിലാക്കാം. ആയിശ (رضي الله عنها) പ്രസ്താവിച്ചതായി ഇമാം മുസ്‌ലിം, തിര്‍മദി (رحمه الله) മുതലായവര്‍ നിവേദനം ചെയ്യുന്നു: മുഹമ്മദു നബി അല്ലാഹുവിന്‍റെ കിതാബില്‍ നിന്നും വല്ലതും ജനങ്ങളെ അറിയിക്കാതെ മറച്ചുവെക്കുമായിരുന്നുവെങ്കില്‍ ഈ (37-ആം) ആയത്തു മറച്ചു വെക്കേണ്ടതായിരുന്നു.’ (*). 53-ആം വചനത്തില്‍ വരുന്നതുപോലെ, കാര്യം തുറന്നുപറയാന്‍ അല്ലാഹു നാണിക്കുകയില്ലല്ലോ.

(*). كما في الفتح وابن جرير

സൈദു (رضي الله عنه)ന്‍റെ പേര്‍ ഖുര്‍ആനില്‍ എടുത്തുപറഞ്ഞതും, അല്ലാഹുവും റസൂലും അനുഗ്രഹം ചെയ്തുകൊടുത്തവന്‍ എന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചതും, ഖുര്‍ആന്‍ നിലനില്‍ക്കുന്ന കാലത്തെല്ലാം അദ്ദേഹത്തിന്‍റെ കീര്‍ത്തിപരത്തുന്ന ഒരു മഹാഭാഗ്യമത്രെ. സൈനബ (رضي الله عنها) യാകട്ടെ, തിരുമേനി()യുടെ വിവാഹത്തോടുകൂടി സത്യവിശ്വാസികളുടെ മാതാക്കളില്‍ ഒരാളായിത്തീരുകയും ചെയ്തു. അവര്‍ അഭിമാനപൂര്‍വ്വം നബി()യുടെ ഭാര്യമാരോടു ഇങ്ങിനെ പറഞ്ഞിരുന്നതായി ഹദീസില്‍ വന്നിട്ടുണ്ട് : നിങ്ങളെ നിങ്ങളുടെ വീട്ടുകാര്‍ വിവാഹം ചെയ്യിച്ചു കൊടുത്തതാണ്; എന്നെ ഏഴു ആകാശങ്ങള്‍ക്കുമീതെനിന്നു അല്ലാഹു വിവാഹം ചെയ്യിച്ചു കൊടുത്തതാണ്.’ (ബുഖാരി).

നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക, അല്ലാഹുവിനെ സൂക്ഷിക്കുകയും ചെയ്യുകഎന്നീ വാക്യങ്ങള്‍ (أَمْسِكْ عَلَيْكَ زَوْجَكَ وَاتَّقِ اللَّـهَ) നബി() സൈദ്‌ (رضي الله عنه) നോടു പറഞ്ഞതാണ്. തുടര്‍ന്നുള്ള രണ്ടു വാക്യങ്ങള്‍ – ‘അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം നീ മനസ്സില്‍ മറച്ചുവെക്കുന്നുഎന്നും, ‘പേടിക്കുവാന്‍ കൂടുതല്‍ അവകാശപ്പെട്ടവന്‍ അല്ലാഹുവാണെന്നിരിക്കെ നീ ജനങ്ങളെ പേടിക്കുന്നുഎന്നും അല്ലാഹു നബി()യോടു പറഞ്ഞതുമാകുന്നു. വെളിവാക്കുവാന്‍പോകുന്ന കാര്യംഎന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം, സൈനബ (رضي الله عنها) യെ സൈദു (رضي الله عنه) വിവാഹമോചനം ചെയ്‌വാന്‍ പോകുന്നതും, പിന്നീടു നബി() സൈനബറ)യെ വിവാഹം ചെയ്യുമെന്നുള്ളതുമാണ്.

വേറെ ഒന്നുരണ്ടു അഭിപ്രായങ്ങളും ഇവിടെ സ്ഥലംപിടിച്ചുകാണാം. നബി() ഒരിക്കല്‍ സൈനബ (رضي الله عنها) യെ കണ്ടുവെന്നും, അവരുടെ സൗന്ദര്യത്തില്‍ തിരുമേനി() ആകൃഷ്ടനായെന്നും, അങ്ങനെ അവരെ വിവാഹം ചെയ്തു കിട്ടുവാന്‍ തിരുമേനി()ക്കു ആഗാഹം തോന്നിയെന്നും, ഇതിനെ ഉദ്ദേശിച്ചാണ് അല്ലാഹു വെളിവാക്കാന്‍പോകുന്ന കാര്യം മറച്ചുവെക്കുന്നുവെന്നു പറഞ്ഞതെന്നും ചില വ്യാഖ്യാതാക്കള്‍ പ്രസ്താവിച്ചിട്ടുണ്ട്. നബി() തിരുമേനിയുടെ ഉല്‍കൃഷ്ട പദവിക്കും സ്വഭാവത്തിനും ഒട്ടും നിരക്കാത്തതും, ഇസ്ലാമിന്‍റെ വൈരികളില്‍നിന്നു രൂപം പൂണ്ടതുമായ ഈ പ്രസ്താവനയെ മഹാന്‍മാരായ പല പണ്ഡിതന്മാരും തക്ക തെളിവുകള്‍ സഹിതം ശക്തിയുക്തം ഖണ്ഡിച്ചുകഴിഞ്ഞതാണ്. ഈ പഴഞ്ചന്‍ പ്രസ്താവനയെ വിമര്‍ശിക്കാന്‍ മുതിര്‍ന്ന ചിലര്‍, അതിനെക്കാള്‍ വമ്പിച്ച അബദ്ധത്തില്‍ പതിക്കുകയും ചെയ്തിരിക്കുന്നു. വിമര്‍ശനത്തിനു ഇവര്‍ കണ്ടുപിടിച്ച പുതിയ സൂത്രമാണിതിനു കാരണം. നീ നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുക’ ( أَمْسِكْ عَلَيْكَ زَوْجَكَ) എന്നു തുടങ്ങി പേടിക്കുവാന്‍ ഏറ്റവും അവകാശപ്പെട്ടവന്‍ അല്ലാഹുവാണ്’ (وَاللَّـهُ أَحَقُّ أَن تَخْشَاهُ) എന്നതുവരെയുള്ള എല്ലാ വാക്യങ്ങളും നബി() സൈദ്‌ (رضي الله عنه) നോടു പറഞ്ഞതായിട്ടാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അല്ലാഹു വെളിവാക്കാന്‍ പോകുന്ന കാര്യമെന്നും, ‘നീ മനസ്സില്‍ മറച്ചുവെക്കുന്നുവെന്നും പറഞ്ഞതിനു ഇവര്‍ നല്‍കുന്ന വ്യാഖ്യാനം ഇതാകുന്നു: സൈനബ" (رضي الله عنها) യുമായി യോജിച്ചുപോകയില്ലെന്നു സൈദ്‌ (رضي الله عنه) നു ബോധ്യപ്പെട്ടിട്ടുണ്ട്; നബി()യുടെ നിര്‍ദ്ദേശപ്രകാരം നടത്തപ്പെട്ടിട്ടുള്ള ആ വിവാഹം അവസാനിപ്പിക്കുന്നതു നബി()ക്കു മനോവേദനയുണ്ടാക്കും; എങ്ങിനെയെങ്കിലും ഭാര്യയെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നപക്ഷം പാവത്തിനൊരു കൂലീനയെ കിട്ടിയപ്പോഴേക്കു അവളെ പൂജിക്കുകയാണെന്നും മറ്റും ജനങ്ങള്‍ കളിയാക്കുകയും ചെയ്യും; എന്നിങ്ങിനെയുള്ള ധര്‍മ്മസങ്കടത്തിലാണ് സൈദ്‌ (رضي الله عنه) ’.

കേള്‍ക്കുമ്പോള്‍ തന്നെ ബാലിശമെന്നു തോന്നത്തക്ക ഈ അഭിപ്രായം, കേവലം അബദ്ധമത്രെ. 1-ആമതായി ശാസനാരൂപത്തിലുള്ള ക്രിയകളും, വാര്‍ത്താരൂപത്തിലുള്ള ക്രിയകളും തമ്മില്‍ കൂട്ടിച്ചേര്‍ത്തു (عطف ചെയ്തു) പറയുവാന്‍ പാടില്ലെന്നുള്ളതു അറബിസാഹിത്യശാസ്ത്രത്തി (علم المعاني)ലെ ഒരു അംഗീകൃത തത്വമാകുന്നു. അപ്പോള്‍, امسك(നീ വെച്ചുകൊണ്ടിരിക്കുക) എന്ന ക്രിയയോടു കൂട്ടിചെര്‍ത്തുകൊണ്ട് وَاتَّقِ (സൂക്ഷിക്കുകയും ചെയ്യുക) എന്നു പറഞ്ഞതുപോലെ وَتُخْفِي (നീ പേടിക്കുകയും ചെയ്യുന്നു) എന്നുമുള്ള ക്രിയകള്‍ അതിനോടുകൂട്ടിച്ചേര്‍ന്നതാണെന്നു വെക്കുവാന്‍ നിവൃത്തിയില്ല. 2-ആമതായി: ഈ വാദം ഹദീസുകള്‍ക്കും വിരുദ്ധമാകുന്നു. ഇമാം ബുഖാരി (رحمه الله) കിതാബുത്തൗഹീദില്‍ ഉദ്ധരിച്ച രണ്ടു രിവായത്തുകളില്‍ ഒന്നിന്‍റെ വാചകം നോക്കുക: جاء زيد بن حارثة يشكو فجعل النبي ص يقول اتَّقِ اللَّـهَ وأَمْسِكْ عَلَيْكَ زَوْجَكَ സൈദുബ്നു ഹാരിഥഃ സങ്കടപ്പെട്ടുകൊണ്ടു നബി()യുടെ അടുക്കല്‍ വന്നു. അപ്പോള്‍ തിരുമേനി() പറയുകയുണ്ടായി: നീ അല്ലാഹുവിനെ സൂക്ഷിക്കുക: നിന്‍റെ ഭാര്യയെ വെച്ചുകൊണ്ടിരിക്കുകയും ചെയ്യുക’). നബി()യുടെ വാചകത്തില്‍ വേറെ വാക്കുകളൊന്നും ഈ രിവായത്തില്‍ ഇല്ലാത്ത സ്ഥിതിക്കു ആയത്തിലെ തുടര്‍ന്നുള്ള വാക്യങ്ങള്‍ നബി() സൈദ്‌ (رضي الله عنه) നോടു പറഞ്ഞതല്ലെന്നു മനസ്സിലാക്കാം. രണ്ടാമത്തെ രിവായത്തിലെ വാചകം ഇതാണ്: وَتُخْفِي فِي نَفْسِكَ مَا اللَّـهُ مُبْدِيهِ وَتَخْشَى النَّاسَ انزلت في شأن زينب وزيد بن حارثة (അല്ലാഹു വെളിവാക്കുവാന്‍ പോകുന്നകാര്യം നീ നിന്‍റെ മനസ്സില്‍ ഒളിച്ചുവെക്കുകയും, നീ ജനങ്ങളെ പേടിക്കുകയും ചെയ്യുന്നുവെന്നുള്ളതു സൈനബായുടെയും, സൈദുബ്നു ഹാരിഥഃയുടെയും വിഷയത്തില്‍ അവതരിച്ചതാണ്‌.). ഈ രണ്ടു വാക്യങ്ങളും നബി() പറഞ്ഞതല്ലെന്നും, നബി()യോടു അല്ലാഹു പറഞ്ഞതാണെന്നുമാണ് ഈ രണ്ടു രിവായത്തും മനസ്സിലാക്കിത്തരുന്നത്. എനി കൂടുതല്‍ തെളിവുകള്‍ പരിശോധിക്കേണ്ടതില്ലല്ലോ.

ഈ സൂറത്തിന്‍റെ വ്യാഖ്യാനത്തില്‍ باب قوله وتخفى في نفسكالى احق ان تخشاه എന്ന ഒരു ശീര്‍ഷകം തന്നെ ബുഖാരിയിലുണ്ട്. നാം രണ്ടാമതായി ഉദ്ധരിച്ച അതേ രിവായത്ത് തന്നെ ഇവിടെയും അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നു. ഈ ശീര്‍ഷകത്തിന്‍റെ വിശദീകരണവേളയില്‍, നാം മേല്‍ പ്രസ്താവിച്ച വസ്തുതകള്‍ക്കു നിദാനമായ പല രിവായത്തുകളും ഉദ്ധരിച്ചശേഷം ഇമാം അസ്ഖലാനി (رحمه الله) തന്‍റെ ഫത്ത്ഹുല്‍ബാരിയില്‍ പറയുകയാണ്‌: വേറെയും പലതും ഈ വിഷയത്തില്‍ വന്നിട്ടുണ്ട്; പല മുഫസ്സിറുകളും അവയെ ഉദ്ധരിച്ചിട്ടുമുണ്ട്. അതില്‍ സമയം ചിലവഴിക്കുന്നതു ശരിയല്ല. ഞാന്‍ ഉദ്ധരിച്ചതാണ് സ്വീകാര്യയോഗ്യമായത്. അതിന്‍റെ ആകെ സാരം ഇതാകുന്നു: സൈനബ് പിന്നീടു തന്‍റെ ഭാര്യയാകുവാന്‍ പോകുന്നുണ്ടെന്നു അല്ലാഹു നബി()ക്കു അറിയിച്ചുകൊടുത്തിരുന്ന തിനെയാണ് അവിടുന്നു മറച്ചുവെച്ചിരുന്നത് (*). ഇതു മറച്ചുവെക്കുവാന്‍ കാരണം, മകന്‍റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തെ ഭയന്നതായിരുന്നു. അല്ലാഹുവാകട്ടെ, ‘ജാഹിലിയ്യത്തിന്‍റെ ദത്തുപുത്രനിയമങ്ങളെ തീരെ എടുത്തുകളയുവാന്‍ ഉദ്ദേശിക്കുകയും ചെയ്തു. മുസ്‌ലിംകളില്‍ അതു കൂടുതല്‍ സ്വീകാര്യമായിത്തീരുവാന്‍വേണ്ടി, അവരുടെ നേതാവുമുഖാന്തരം തന്നെ അതു സംഭവിക്കുകയും ചെയ്തു.’ (راجع فتح البارى ج ٨ ص ٤٢٥).

____________________________________________________________________

(*). മറിച്ചു ചിലര്‍ പ്രസ്താവിക്കുന്നതുപോലെ, അവരെ വിവാഹംകഴിച്ചാല്‍ കൊള്ളാമെന്ന ആഗ്രഹമല്ല എന്നു താല്‍പര്യം.

____________________________________________________________________

 പോറ്റുപുത്രന്‍മാര്‍ തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്‌താല്‍ പിന്നീടു ആ സ്ത്രീകളെ വിവാഹം ചെയ്യുന്നതിനു ഇസ്ലാമില്‍ യാതൊരു വിരോധവുമില്ലെന്നു പ്രയോഗത്തില്‍ കാണിച്ചുകൊടുക്കലാണ്, നബി()ക്കു സൈനബ (رضي الله عنها) യെ വിവാഹം ചെയ്തുകൊടുത്തതിലുള്ള യുക്തിയെന്നു ഈ ആയത്തില്‍ അല്ലാഹു വ്യക്തമാക്കി. അടുത്ത ആയത്തില്‍ വീണ്ടും പറയുന്നതു നോക്കുക: