ഹദീഥ് 8: സ്വദഖയുടെ മഹത്വം

وعن أبي هُريرة  قَالَ: قالَ رَسُول اللَّه ﷺ: "مَا مِنْ يَوْمٍ يُصبِحُ العِبَادُ فِيهِ إِلَّا مَلَكَانِ يَنْزِلَانِ، فَيَقُولُ أَحَدُهُمَا: اللَّهُمَّ أَعْطِ مُنْفِقًا خَلَفًا، وَيَقُولُ الآخَرُ: اللَّهُمَّ أَعْطِ مُمْسِكًا تَلَفًا"  

أخرجه البخاري (1442)، ومسلم (1010)

അർഥം:
അബൂ ഹുറയ്റ (റ) നിന്നും നിവേദനം: അദ്ദേഹം പറഞ്ഞു: നബി ﷺ പറഞ്ഞു: “അടിമകളുടെ ഓരോ ദിനത്തിലെ പ്രഭാതത്തിലും രണ്ട് മലക്കുകൾ (വാനലോക ത്ത് നിന്നും) ഇറങ്ങിവരും. എന്നിട്ട് അവരിൽ ഒരാൾ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവന് (ദാനം ചെയ്യുന്നവന്) നീ പകരം നൽകേണമേ. അപ്പോൾ അടുത്തയാൾ പറയും: അല്ലാഹുവേ, ധനം പിടിച്ചു വെക്കുന്ന (പിശുക്കന്) നീ നാശം വിതക്കണമേ.”

വിശദീകരണം
•    ദാനധർമങ്ങൾ വലിയ പുണ്യമുള്ള കാര്യമാണ്.
•    ദാനധർമങ്ങളെ പ്രോത്സാഹിപ്പിച്ച മതമാണ് ഇസ്‌ലാം.
•    ദാനധർമങ്ങളിലൂടെ ഇഹലോകത്തും പരലോകത്തും വലിയ നേട്ടങ്ങൾ ഉണ്ടാകും.
•    അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾ ചെലവഴിക്കുമ്പോൾ അതിൻ്റെ പതിന്മടങ്ങായി അല്ലാഹു അവന്  തിരിച്ചു നൽകും.
•    ദാനം ചെയ്യുന്നവന് കൂടുതൽ ദാനം ചെയ്യുവാനുള്ള സമ്പത്ത് ലഭിക്കാനായി മലക്കുകൾ പ്രാർഥിക്കും.
•    വെള്ളം തീയെ അണച്ചു കളയുന്നത് പോലെ ദാനം പാപങ്ങളെ അണച്ചു കളയും.
•    ദാനം അപകടങ്ങളെ ചെറുക്കും.
•    രഹസ്യമായി നൽകുന്ന സ്വദഖകൾ അർശിന്റെ തണൽ ലഭിക്കുവാൻ കാരണമാണ്.
•    പിശുക്ക് മനുഷ്യനെ നാശത്തിലേക്ക് എത്തിക്കും.
•    സമ്പത്ത് നശിച്ചു പോകുന്നതിനുള്ള കാരണമാണ് പിശുക്ക്. 
•    പിശുക്കനെതിരിൽ മലക്കുകൾ പ്രാർഥിക്കും.
•    പിശുക്ക് മനുഷ്യനെ നന്മയെ തൊട്ടു തടയും.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

مَّثَلُ الَّذِينَ يُنفِقُونَ أَمْوَالَهُمْ فِي سَبِيلِ اللَّهِ كَمَثَلِ حَبَّةٍ أَنبَتَتْ سَبْعَ سَنَابِلَ فِي كُلِّ سُنبُلَةٍ مِّائَةُ حَبَّةٍ ۗ وَاللَّهُ يُضَاعِفُ لِمَن يَشَاءُ ۗ وَاللَّهُ وَاسِعٌ عَلِيمٌ   [البقرة : 261]

“അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴി ക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്‌.”

مَّن ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ أَضْعَافًا كَثِيرَةً ۚ وَاللَّهُ يَقْبِضُ وَيَبْسُطُ وَإِلَيْهِ تُرْجَعُونَ    [البقرة : 245]

“അല്ലാഹുവിന് ഉത്തമമായ കടം നല്‍കുവാനാരുണ്ട്‌? എങ്കില്‍ അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വർധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വെക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവങ്കലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.”