33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 40

مَّا كَانَ مُحَمَّدٌ أَبَآ أَحَدٍۢ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ ٱللَّهِ وَخَاتَمَ ٱلنَّبِيِّـۧنَ ۗ وَكَانَ ٱللَّهُ بِكُلِّ شَىْءٍ عَلِيمًۭا﴿٤٠﴾

 مَّا كَانَ അല്ല, ആയിട്ടില്ല مُحَمَّدٌ മുഹമ്മദു أَبَا أَحَدٍ ഒരാളുടെയും പിതാവു, ബാപ്പ مِّن رِّجَالِكُمْ നിങ്ങളുടെ പുരുഷന്‍മാരില്‍പെട്ട وَلَـٰكِن എങ്കിലും, പക്ഷേ رَّسُولَ اللَّـهِ അല്ലാഹുവിന്‍റെ റസൂലത്രെ وَخَاتَمَ النَّبِيِّينَ നബിമാരില്‍ അവസാനത്തവനും, അന്ത്യപ്രവാചകനും وَكَانَ اللَّـهُ അല്ലാഹു ആകുന്നു بِكُلِّ شَيْءٍ എല്ലാ വസ്തുവെ (കാര്യത്തെ)പ്പറ്റിയും عَلِيمًا അറിയുന്നവന്‍.

33:40മുഹമ്മദ്‌ നിങ്ങളുടെ പുരുഷന്‍മാരില്‍ ഒരാളുടെയും പിതാവായിട്ടില്ല; എങ്കിലും, (അദ്ദേഹം) അല്ലാഹുവിന്‍റെ റസൂലും, നബിമാരില്‍ അവസാനത്തേവനുമാകുന്നു. അല്ലാഹു എല്ലാ വസ്തുവെക്കുറിച്ചും അറിയുന്നവനാകുന്നു.

തഫ്സീർ : 40-40

മുഹമ്മദ്‌ നിങ്ങളില്‍ ആരുടെയും പിതാവല്ല. എന്നിരിക്കെ, അദ്ദേഹം എങ്ങിനെയാണ് സൈദിന്‍റെ പിതാവാകുന്നതും, സൈദ്‌ അദ്ദേഹത്തിന്‍റെ പുത്രനാകുന്നതും?! അപ്പോള്‍ പുത്രന്‍ വിവാഹം കഴിച്ചവളെ പിതാവു വിവാഹം ചെയ്തുവെന്ന വാദം തികച്ചും നിരര്‍ത്ഥമാകുന്നു. യഥാര്‍ത്ഥ പുത്രനല്ലെങ്കിലും പോറ്റുപുത്രനായ സ്ഥിതിക്കു ഈ വിവാഹം ആക്ഷേപാര്‍ഹമാണെന്നാണ് വാദമെങ്കില്‍ അതിനും പ്രസക്തിയില്ല. കാരണം അദ്ദേഹം അല്ലാഹുവിന്‍റെ റസൂലാണ്. അവന്‍റെ നിയമവ്യവസ്ഥകള്‍ പ്രബോധനം ചെയ്‌വാനും, നടപ്പില്‍ വരുത്തി മാതൃക കാണിക്കുവാനും ബാദ്ധ്യസ്ഥനാണദ്ദേഹം. നിങ്ങളുടെ ഈ ദുഷിച്ച മാമൂല്‍ നടപടിക്കു അറുതിവരുത്തി അല്ലാഹുവിന്‍റെ നിയമം പ്രായോഗികരംഗത്ത് വരുത്തുകയാണ് അദ്ദേഹം ചെയ്തത്. എനി ഒരു നബിയോ, റസൂലോ വരുവാനുണ്ടായിരുന്നുവെങ്കില്‍, അവര്‍ മുഖാന്തരം ഇതു നടപ്പിലാക്കാമെന്നു വെക്കാമായിരുന്നു. പക്ഷേ, എനി ഒരു റസൂലോ നബിയോ വരുവാനുമില്ല. മുഹമ്മദ്‌നബി() അന്ത്യപ്രവാചകനാണ്. പ്രവാചകത്വശൃംഖല അദ്ദേഹത്തോടുകൂടി അവസാനിപ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഭൂത വര്‍ത്തമാന ഭാവി വ്യത്യാസമില്ലാതെ, സകല കാര്യങ്ങളും അറിയുന്ന സര്‍വ്വജ്ഞനാണല്ലോ അല്ലാഹു. അതുകൊണ്ട് അവന്‍റെ ആജ്ഞാനിര്‍ദ്ദേശങ്ങളെക്കുറിച്ച് ചോദ്യം ചെയ്‌വാന്‍ അല്‍പജ്ഞനായ മനുഷ്യന്‍ ഒട്ടും അര്‍ഹതയില്ല. അല്ലാഹുവിന്‍റെ ആജ്ഞാനിര്‍ദ്ദേശങ്ങള്‍ അപ്പടി ചോദ്യംചെയ്യാതെ അനുസരിക്കുവാനേ അവനു അവകാശമുള്ളു. അതു അവന്‍റെ കടമയാകുന്നു. ഇതാണ് ഈ ആയത്തിലടങ്ങിയ ആശയങ്ങളുടെ രത്നച്ചുരുക്കം.

നുബുവ്വത്ത്’ (പ്രവാചകത്വം) സിദ്ധിച്ചവരെല്ലാം റസൂലായിക്കൊള്ളണമെന്നില്ല. രിസാലത്താകുന്ന ദിവ്യ ദൗത്യം കൂടി ലഭിച്ചവര്‍ക്കാണ് റസൂല്‍ എന്ന് പറയുന്നത്. അപ്പോള്‍ മുഹമ്മദുനബി() തിരുമേനി നബിമാരില്‍ അവസാനത്തെ ആളാണ്‌ എന്നു പറയുമ്പോള്‍, അവിടുത്തേക്കു ശേഷം നബിയുമില്ല, റസൂലുമില്ല എന്നു വ്യക്തമാണ്. 

(‘ഖാത്തമുന്നബിയ്യീന്‍’) എന്നും, (‘ഖാത്തിമുന്നബിയ്യീന്‍’) എന്നും ഇവിടെ വായനയുണ്ട്. ഖുര്‍ആന്‍ വായനക്കാരായ പണ്ഡിതനേതാക്കളില്‍ മിക്കവരും, ‘ഖാതിംഎന്നാണ് വായിച്ചിട്ടുള്ളത്. രണ്ടായാലും നബിമാരില്‍ അവസാനത്തേവന്‍’ – അഥവാ അന്ത്യപ്രവാചകന്‍ എന്നുതന്നെയാണ് അതിന്‍റെ അര്‍ത്ഥം. ഇതിന്‍റെ ക്രിയാരൂപമായ ഖത്തമഎന്ന വാക്കു അവസാനിപ്പിച്ചുഎന്നും മുദ്രവെച്ചു’ – അഥവാ സീല്‍വെച്ചുഎന്നുമുള്ള അര്‍ത്ഥങ്ങളില്‍ ഉപയോഗിക്കപ്പെടാറുണ്ട്. ഇതനുസരിച്ചു ഖാത്തമ്എന്ന പദത്തിനു ;മുദ്ര’ -അഥവാ സീല്‍ എന്നും അര്‍ത്ഥം വരും. ഖാത്തമുന്നബിയ്യീന്‍ എന്ന വാക്കിനു നബിമാരുടെ മുദ്രഎന്നു വിവര്‍ത്തനം ചെയ്യാമെങ്കില്‍തന്നെ, അതിന്‍റെ വിവക്ഷ നബിമാരില്‍ അവസാനത്തെ ആള്‍ എന്നു മാത്രമാകുന്നു. ഏതെങ്കിലും ഒന്നില്‍ സീല്‍വെച്ചുഎന്നു പറഞ്ഞാല്‍ അതില്‍ എനി ഒന്നും ഏറ്റുവാനോ, കുറക്കുവാനോ നിവൃത്തിയില്ലാതാക്കി എന്നാണ് ഉദ്ദേശ്യം.

خاتم എന്ന പദത്തിന്‍റെ സീല്‍ അല്ലെങ്കില്‍ മുദ്രഎന്ന അര്‍ത്ഥത്തെ ചൂഷണം ചെയ്തും, ദുര്‍വ്യാഖ്യാനം ചെയ്തും വരുന്ന ഒരു കക്ഷി അടുത്ത കാലത്തു നമ്മുടെ നാടുകളില്‍ ഉണ്ടായിട്ടുണ്ട്. ഖാദിയാനികള്‍ എന്നപേരില്‍ അറിയപ്പെടുന്ന അഹമ്മദിയ്യാസമുദായക്കാരാണിത്. മുഹമ്മദ് നബി () തിരുമേനി അന്ത്യപ്രവാചകനാണെന്നു സമ്മതിച്ചാല്‍, അവരുടെ നേതാവും നബിത്വവാദിയുമായ മീര്‍സാഗുലാം അഹ്മദ്ഖാദിയാനിക്കു നബിത്വം കല്പിക്കുവാന്‍ നിര്‍വ്വാഹമില്ലല്ലോ ഇതാണതിനു കാരണം. ആകയാല്‍, خاتم النبين എന്ന വാക്കിനു നബിമാരുടെ സീല്‍ എന്നു വാക്കര്‍ത്ഥം കൊടുക്കുകയും, നബിമാരില്‍വെച്ച് ശ്രേഷ്ഠന്‍ എന്നു അതിനു വിവക്ഷ നല്‍കുകയുമാണ് ഇവരുടെ പതിവ്. ഖുര്‍ആനില്‍നിന്നോ, ഹദീസില്‍ നിന്നോ, പ്രധാന അറബി നിഘണ്ടുക്കളില്‍നിന്നോ ഇവര്‍ക്കു തെളിവുകള്‍ ഉദ്ധരിക്കാനില്ല. എല്ലാം നേരെ മറിച്ചാണുള്ളത്. അതുകൊണ്ട് ഏതെങ്കിലും അറബിഗ്രന്ഥങ്ങളിലോ മറ്റോ തങ്ങളുടെ വാദത്തിനു അനുകൂലമാക്കി ചിത്രീകരിക്കുവാന്‍ സാധിച്ചേക്കുന്ന വല്ല പ്രയോഗങ്ങളും കണ്ടാല്‍, അവര്‍ അതു പൊക്കിക്കാട്ടുന്നത് കാണാം. സ്ഥലദൈര്‍ഘ്യത്തെ ഓര്‍ത്തു ഇവിടെ കൂടുതല്‍ വിസ്തരിക്കുവാന്‍ ഉദ്ദേശിക്കുന്നില്ല. മുഹമ്മദു () തിരുമേനിയുടെശേഷം ഒരു നബിയോ റസൂലോ വരാമെന്നുള്ള വാദം ഇസ്ലാമിന്‍റെ മൗലിക സിദ്ധാന്തത്തിനു കടകവിരുദ്ധമായതും, മുസ്‌ലിം സമുദായത്തിന്‍റെ ഏകകണ്ഠമായ അഭിപ്രായത്തിനും തീരുമാനത്തിനും എതിരായതും ആണെന്നു പരക്കെ അറിയപ്പെട്ടതാണല്ലോ. എങ്കിലും സാധാരണക്കാരുടെ ഓര്‍മ്മക്കുവേണ്ടി ഈ വ്യാജവാദത്തിന്‍റെ പൊള്ളത്തരം വ്യക്തമാക്കുന്ന അല്പം ചില സംഗതികള്‍ മാത്രം ഇവിടെ ചൂണ്ടിക്കാണിക്കാം:-

1). മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലാത്തതുകൊണ്ടു ആദ്യകാലങ്ങളില്‍ അല്ലാഹുവിന്‍റെ എകമതമായ ഇസ്ലാം അതിന്‍റെ പരിപൂര്‍ണ്ണമായ രൂപത്തില്‍ നബി()ക്ക് മുമ്പ് അവതരിക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല. അറിയപ്പെട്ടിടത്തോളം, ശരീഅത്തും (ഇസ്ലാമിക നിയമസംഹിതയും) വേദഗ്രന്ഥവുമാണെന്നനിലക്കു മനുഷ്യസമുദായത്തില്‍ അല്ലാഹുവിനാല്‍ അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം തൗറാത്താകുന്നു. അതാകട്ടെ, ഇസ്രാഈല്‍ സമുദായത്തിലേക്കു റസൂലായി നിയോഗിക്കപ്പെട്ട മൂസാ (عليه السلام) നബിയുടെ കൈക്ക് അവര്‍ക്കുവേണ്ടി അവതരിപ്പിക്കപ്പെട്ടതായിരുന്നു. മുഹമ്മദ്‌ നബി() തിരുമേനി മനുഷ്യലോകത്തിനാകമാനമുള്ള ദൈവദൂതനാകകൊണ്ടും തിരുമേനി()യുടെ നിയോഗമായപ്പോഴേക്കും മനുഷ്യസമുദായത്തിന്‍റെ ബുദ്ധിപരമായ വളര്‍ച്ച പൂര്‍ണ്ണദശ പ്രാപിച്ചതുകൊണ്ടും തിരുമേനി()ക്കു അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥം ഖുര്‍ആന്‍ ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണവും സര്‍വ്വജനീനവുമായ വേദഗ്രന്ഥമായിത്തീര്‍ന്നു. ആ ഗ്രന്ഥം യാതൊരു മാറ്റതിരുത്തവും കൂടാതെ ലോകാവസാനം വരെ നിലനില്‍ക്കുന്നതാണെന്നു അല്ലാഹു ഉറപ്പു നല്‍കുകയും ചെയ്തിരിക്കുന്നു. എന്നിരിക്കെ, എനി ഒരു പ്രവാചകന്‍റെയോ റസൂലിന്‍റെയോ വരവിനാകട്ടെ, വേദഗ്രന്ഥത്തിന്‍റെ അവതരണത്തിനാകട്ടെ ആവശ്യമില്ല. നബി() തിരുമേനിയുടെ വിയോഗത്തിനു അല്പം മുമ്പ് മനുഷ്യസമുദായത്തോടാകമാനം യാത്ര പറഞ്ഞ ഒരു മഹാ സമ്മേളനമാണല്ലോ ഹജ്ജത്തുല്‍ വിദാഉ’ (حجة الوداع). ഈ സമ്മേളനത്തില്‍വെച്ച് തിരുമേനി()ക്കു അവതരിച്ച ഖുര്‍ആന്‍ വചനം ഈ പരമാര്‍ത്ഥം സ്പഷ്ടമാക്കുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا : سورة المائدة:٣

(ഇന്ന് നിങ്ങള്‍ക്കു നിങ്ങളുടെ മതം ഞാന്‍ പൂര്‍ത്തിയാക്കിത്തരുകയും, എന്‍റെ അനുഗ്രഹം നിങ്ങളില്‍ പരിപൂര്‍ണ്ണമാക്കുകയും, നിങ്ങള്‍ക്ക് ഇസ്‌ലാമിനെ മതമായി ഞാന്‍ തൃപ്തിപ്പെട്ടുതരുകയും ചെയ്തിരിക്കുന്നു. (മാഇദ : 3)). വിശുദ്ധ ഖുര്‍ആന്‍റെ സംരക്ഷണത്തെക്കുറിച്ച് അല്ലാഹു പറയുന്നത് നോക്കുക: إِنَّا نَحْنُ نَزَّلْنَا الذِّكْرَ وَإِنَّا لَهُ لَحَافِظُونَ :سورة الحجر: ٩ നാംതന്നെയാണു പ്രമാണത്തെ ഖുര്‍ആനെ അവതരിപ്പിച്ചിരിക്കുന്നത്. നാം തന്നെ അതിനെ കാത്തുസൂക്ഷിക്കുന്നവരുമാകുന്നു. (ഹിജ്ര്‍ : 9).

2) ആദ്യകാലത്തു മനുഷ്യന്‍ ബുദ്ധിപരമായ പക്വത പ്രാപിച്ചു കഴിഞ്ഞിരുന്നില്ലെന്നപോലെ ത്തന്നെ വാര്‍ത്താവിതരണം, ഗതാഗതസൗകര്യം, അന്യോന്യ സമ്പര്‍ക്കം ആദിയായ നാഗരീക തുറകളിലും മുന്‍സമുദായങ്ങള്‍ വളരെയേറെ പിന്നിലായിരുന്നു. അതുകൊണ്ട് നബി() തിരുമേനിക്കുമുമ്പ് ഭൂലോകത്തു നിയുക്തരായ എല്ലാ നബിമാരും ചില പ്രത്യേക സമുദായങ്ങളിലേക്കുമാത്രം നിയുക്തരായി. നബി() തിരുമെനിയാകട്ടെ, കാലദേശവ്യത്യാസ മില്ലാതെ, ലോകാവസാനംവരേക്കുമുള്ള എല്ലാ ജനങ്ങള്‍ക്കും വേണ്ടി നിയുക്തരായ റസൂലും അദ്ദേഹം കൊണ്ടുവന്ന ദൈവിക നിയമസംഹിത സകല ജനങ്ങള്‍ക്കും ബാധകമായതുമാകുന്നു. ഇക്കാരണത്താലും എനി ഒരു പ്രാവചകന്‍റെയോ വേദഗ്രന്ഥത്തിന്‍റെയോ ആവശ്യം ലോകത്തിനു അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു:

 ﴾١): قُلْ يَا أَيُّهَا النَّاسُ إِنِّي رَسُولُ اللَّـهِ إِلَيْكُمْ جَمِيعًا : سورة الأعراف : ١٥٨ ;

﴾٢): وَمَا أَرْسَلْنَاكَ إِلَّا كَافَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ النَّاسِ لَا يَعْلَمُونَ : سورة سبإ :٢٨

1. പറയുക: ഹേ, മനുഷ്യരെ! ഞാന്‍ നിങ്ങള്‍ എല്ലാവരിലേക്കുമുള്ള അല്ലാഹുവിന്‍റെ റസൂലാകുന്നു. (അഅ്റാഫ് : 158). 2. മനുഷ്യര്‍ക്ക് ആകമാനം സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീതു നല്‍കുന്നവനും ആയിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. പക്ഷേ, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. (സബഉ : 28). ജാബിര്‍ (رضي الله عنه) നിവേദനം ചെയ്തതും, ബുഖാരീ (رحمه الله)യും മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചതുമായ ഒരു നബിവചനവും ഈ വസ്തുത തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതര നബിമാര്‍ക്ക് സിദ്ധിച്ചിട്ടില്ലാത്ത അഞ്ചു പ്രത്യേകതകള്‍ വിവരിക്കുന്ന കൂട്ടത്തില്‍ തിരുമേനി() പറയുന്നു: وكان النبي يبعث إلى قومه خاصة وبعثت إلى الناس عامة (ഒരു നബി അദ്ദേഹത്തിന്‍റെ ജനതയി ലേക്കു മാത്രമായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. ഞാന്‍ മനുഷ്യരിലേക്കു പൊതുവായി നിയോഗിക്കപ്പെട്ടിരിക്കുന്നു.).

3). നബി() തിരുമേനിയുടെ നിയോഗം ജനസമുദായത്തിനു ആകമാനമാണെന്നതും, വിശുദ്ധ ഖുര്‍ആന്‍ ഇസ്ലാമിന്‍റെ പരിപൂര്‍ണ്ണ നിയമസംഹിതയാണെന്നതും ശരിതന്നെ, എന്നാലും ഇടക്കാലത്തു സമുദായത്തെ ഉദ്ധരിക്കുവാന്‍ നബിമാര്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതു ആവശ്യമല്ലേ? എന്നാണ് പുത്തന്‍ നബിത്വവാദികളുടെ ഒരു ന്യായം. കേവലം സാധാരണക്കാരായ പൊതുജനങ്ങള്‍ ഈ ന്യായം ശരിയാണെന്നു കരുതുകയും ചെയ്തേക്കും. എന്നാല്‍, പ്രത്യേക വേദഗ്രന്ഥമോ നിയമസംഹിതയോ ഇല്ലാത്ത നബിമാരുടെ ചുമതല തങ്ങള്‍ക്കുമുമ്പ് നിലവിലുള്ള ദൈവിക നിര്‍ദ്ദേശങ്ങള്‍ ജനങ്ങളെ ഉപദേശിച്ചുകൊണ്ടിരിക്കുക എന്നുള്ളതാണ് അവര്‍ക്കു അല്ലാഹുവിങ്കല്‍നിന്നും പ്രവാചകത്വത്തിന്‍റെ സ്ഥാനപദവി ലഭിച്ചിരിക്കുമെന്നുമാത്രം. ഖുര്‍ആന്‍റെ അനുയായികളാകട്ടെ, പ്രവാചകത്വപദവി ഇല്ലാതെത്തന്നെ ഈ കൃത്യം ലോകാവസാനംവരെ നിലനിറുത്തിപ്പോരുവാന്‍ ബാദ്ധ്യസ്ഥരാകുന്നു. ആ നിലക്കും ഒരു പ്രവാചകന്‍റെ ആവശ്യം എനി അവശേഷിക്കുന്നില്ല. അല്ലാഹു പറയുന്നു :

 ١) : وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ : سورة آل عمران : ١٠٤

﴾٢): وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ ۚ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ : سورة التوبة : ٧١

1. നന്‍മയിലേക്കു ക്ഷണിക്കുകയും, സല്‍ക്കാര്യംകൊണ്ടു കല്പിക്കുകയും, നിഷിദ്ധകാര്യത്തെ ക്കുറിച്ചു വിരോധിക്കുകയും ചെയ്യുന്ന ഒരു സമൂഹം നിങ്ങളില്‍ ഉണ്ടായിരിക്കട്ടെ. (ആലുഇംറാന്‍ : 104).

2. സത്യവിശ്വാസികളായ പുരുഷന്‍മാരും സ്ത്രീകളും ചിലര്‍ ചിലരുടെ അന്യോന്യം കാര്യകര്‍ത്താക്കളാകുന്നു. അവര്‍ സല്‍ക്കാര്യംകൊണ്ടു കല്‍പിക്കുകയും, നിഷിദ്ധമായതിനെ വിരോധിക്കുകയും ചെയ്യുന്നു. (തൌബ : 71). വിമതസ്ഥര്‍ക്കു മതപ്രബോധനം ചെയ്യുന്നതും, അന്യോന്യം ഉപദേശിക്കുന്നതും മുസ്ലിംകളുടെ കടമയും കര്‍ത്തവ്യവുമാണെന്നു കാണിക്കുന്ന നിരവധി ഖുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉണ്ടെന്നു പറയേണ്ടതില്ല. പണ്ഡിതന്‍മാരിലാണ് ഈ ചുമതല പ്രധാനമായും നിലകൊള്ളുന്നത്. അതുകൊണ്ടാണ് ഒരു ഹദീസില്‍ …. وإن العلماء ورثة الأنبياء (പണ്ഡിതന്‍മാര്‍ നബിമാരുടെ അനന്തരാവകാശികളാണ്) എന്നു നബി() അരുളിച്ചെയ്തതും. (അബൂദാവൂദ്; തിര്‍മദി).

4) ലോകത്തു എന്തു മാറ്റങ്ങള്‍ തന്നെ സംഭവിച്ചാലും, ഖുര്‍ആന്‍ അതിന്‍റെ സാക്ഷാല്‍ രൂപത്തിനു ഭംഗംവരാതെ കാത്തുസൂക്ഷിക്കുമെന്നു അല്ലാഹു പറഞ്ഞുവല്ലോ. മനുഷ്യസമുദായം എത്ര ദുഷിച്ചാലും അവരില്‍ അല്പം ചിലരെങ്കിലും സത്യത്തില്‍ നിലക്കൊള്ളുന്നവരായും, ഇസ്ലാമിന്‍റെ സിദ്ധാന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നവരായും ലോകാവസാനംവരെ അവശേഷിക്കാതിരിക്കുകയില്ലെന്നു ഇതില്‍നിന്നു മനസ്സിലാക്കാം. മാത്രമല്ല, ഇതൊരു യാഥാര്‍ത്ഥ്യം തന്നെയാണെന്നു നബി() പ്രവചനം ചെയ്തിട്ടുമുണ്ട്. അവിടുന്ന് പറയുന്നു: لا يزال من أمتي أمة قائمة بأمر الله لا يضرهم من خذلهم ولا من خالفهم حتى يأتي أمر الله وهم على ذلكمتفق عليه

(എന്‍റെ സമുദായത്തില്‍, അല്ലാഹുവിന്‍റെ കല്‍പന അനുസരിച്ച് നിലകൊള്ളുന്ന ഒരു സമൂഹം ഉണ്ടായിക്കൊണ്ടേയിരിക്കും. അവരെ കൈവെടിയുന്നവരാകട്ടെ, അവരോടു ഭിന്നിച്ചു നില്‍ക്കുന്നവരാകട്ടെ ആരും തന്നെ അവര്‍ക്കു ഉപദ്രവം വരുത്തുകയില്ല. അങ്ങിനെ, അവര്‍ അതേ നിലയിലിരിക്കെ അല്ലാഹുവിന്‍റെ കല്‍പന (ലോകാവസാനം) വന്നെത്തും. (ബു; മു).

5). മേല്‍പറഞ്ഞതെല്ലാം ശരി, എന്നാലും ഒരു പ്രവാചകന്‍ എന്തുകൊണ്ട് വന്നുകൂടാ? എന്നാണ് എനി ചോദിക്കുവാനുള്ളത്. ഇതിനു ഏറ്റവും വ്യക്തവും, പ്രധാനവുമായ മറുപടി, നബി() തിരുമേനി നബിമാരില്‍ അവസാനത്തെ ആളാണെന്നു പ്രഖ്യാപിക്കുന്ന നമ്മുടെ ആയത്തുതന്നെയാണ്. പക്ഷേ, മേല്‍ സൂചിപ്പിച്ച പ്രകാരം, അതിന്‍റെ അര്‍ത്ഥവിവക്ഷയെ സംബന്ധിച്ചിടത്തോളം പുതിയ കൃത്രിമ നബിമാരുടെ അനുയായികള്‍ പല ദുര്‍വ്യാഖ്യാനങ്ങളും നടത്തിയിരിക്കയാണല്ലോ. ആ സ്ഥിതിക്കു ഇവരുടെ ദുര്‍വ്യാഖ്യാനങ്ങള്‍ തികച്ചും നിരര്‍ത്ഥമാണെന്നു കാണിക്കുന്ന ചില സംഗതികള്‍ കൂടി ഇവിടെ ഓര്‍മ്മിക്കുന്നതു നന്നായിരിക്കും.

1-ആമതായി ഈ ആയത്തിലെ خاتم النبين എന്ന വാക്കിനു നബി() തിരുമേനി നല്‍കുന്ന അര്‍ത്ഥം എന്താണെന്നു നോക്കാം. തിരുമേനിയാണല്ലോ ഖുര്‍ആന്‍ ജനങ്ങള്‍ക്കു പ്രബോധനം ചെയ്തതും, വിവരിച്ചുതന്നതും. അപ്പോള്‍ തിരുമേനി()യുടെ വ്യാഖ്യാനത്തിനാണ് ഏതു നിലക്കും മുന്‍ഗണന നല്‍കേണ്ടത്. 2-ആമതായി പ്രധാന അറബിനിഘണ്ടുക്കളും പണ്ഡിതന്‍മാരും അതിനു നല്‍കിയ അര്‍ത്ഥം എന്താണെന്നും, 3-ആമതായി നബി() തിരുമേനിയുടെ കാലത്തും, അതിനുശേഷവും പുതിയ നബിത്വവാദത്തെക്കുറിച്ചു സ്വീകരിക്കപ്പെട്ടിരുന്ന നിലപാട് എന്താണെന്നും പരിശോധിച്ചുനോക്കാം. ഈ വിഷയകമായി പ്രധാന ഹദീസുഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ഹദീസുകള്‍ ഏതാനും ഉദ്ധരിക്കുന്ന പക്ഷം അതു വളരെയധികം ദീര്‍ഘിച്ചു പോകും. പല സഹാബികള്‍ വഴിയായും, പല വാചകങ്ങളിലായും വന്നിട്ടുള്ള പ്രസിദ്ധമായ നിരവധി ഹദീസുകളില്‍ രണ്ടെണ്ണം മാത്രം ഉദാഹരണത്തിനു ഇവിടെ ചൂണ്ടിക്കാട്ടുന്നു:

1). നബി() പ്രസ്താവിച്ചതായി ജാബിര്‍ (رضي الله عنه) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്‍റെ ചുരുക്കം ഇതാണ്. എന്‍റെയും മറ്റു നബിമാരുടെയും ഉപമ, ഒരു പുരുഷന്‍റേതുപോലെയാണ്; അയാള്‍ ഒരു വീടു നിര്‍മ്മിച്ചു. ഒരു ഇഷ്ടികക്കല്ലിന്‍റെ സ്ഥാനം ഒഴിച്ചു മറ്റെല്ലാം അയാള്‍ പൂര്‍ത്തിയാക്കുകയും ഭംഗിയാക്കി നിര്‍മ്മിക്കുകയും ചെയ്തു. ആകയാല്‍, അതില്‍ പ്രവേശിച്ച് അതു നോക്കുന്നവരെല്ലാവരും പറയുകയായി: ഈ ഒരു കല്ലിന്‍റെ സ്ഥാനം ഒഴിച്ചു മറ്റുള്ളതെല്ലാം എന്തൊരു ഭംഗി?!’ എന്നാല്‍, ഈ കല്ലിന്‍റെ സ്ഥാനം ഞാനാകുന്നു. പ്രവാചകന്‍മാര്‍ എന്നെകൊണ്ടു അവസാനിപ്പിക്കപ്പെട്ടിരിക്കുന്നു. (فأنا موضع اللبنة ختم بي الأنبياء). ഈ ഹദീസ് ഇമാം ബുഖാരി, മുസ്‌ലിം (رحمه الله) തുടങ്ങിയ പല മഹാന്‍മാരും ഉദ്ധരിച്ചതാകുന്നു. ഇവിടെയും ഇതുപോലുള്ള മറ്റു സ്ഥലങ്ങളിലും ختم എന്ന ക്രിയക്കു സീല്‍ വെക്കപ്പെട്ടുഎന്നു വിവര്‍ത്തനം ചെയ്താല്‍പോലും, ‘അവസാനിപ്പിക്കപ്പെട്ടുവെന്നല്ലാതെ അതിനു വിവക്ഷ നല്‍കുവാന്‍ സാധ്യമാവുകയില്ല. എന്നെക്കൊണ്ടു നബിമാര്‍ക്ക് ശ്രേഷ്ഠത നല്കപ്പെട്ടുവെന്നാണ്ഇതിന്‍റെ അര്‍ത്ഥമെന്നു അറബി അറിയാവുന്ന ഒരു അഹ്മദിക്കു പോലും പറയുവാന്‍ പറ്റുകയില്ല. 2) അലിയ്യ് (رضي الله عنه) നോടു നബി() പറയുകയുണ്ടായി: എന്നെ സംബന്ധിച്ചിടത്തോളം നീ, മൂസാനബിയെ സംബന്ധിച്ച് ഹാറൂന്‍റെ പദവിയിലാകുന്നു. പക്ഷേ, എന്‍റെശേഷം ഒരു നബിയും ഇല്ല’. (الا إنه لانبي بعدي) ഈ ഹദീസും ബുഖാരിയും മുസ്‌ലിമും (رحمه الله) ഉദ്ധരിച്ചതാണ്.

അറബിഭാഷാ നിഘണ്ടുക്കളില്‍ പ്രസിദ്ധവും പ്രധാനവുമായ എല്ലാ നിഘണ്ടുക്കളിലും കാണാവുന്ന ചില വാക്കുകളാണ് ഇവ : (1) خاتم القوم اخرهم:

(2)خاتم القوم وخاتمهم وخاتمهم اخرهم(3).ختم الشيى بلغ اخره . അതായതു: 1). ജനങ്ങളുടെ ഖാത്തംഎന്നു പറഞ്ഞാല്‍ അവരില്‍ അവസാനത്തെ ആള്‍ എന്നാകുന്നു. 2). ജനങ്ങളുടെ ഖിത്താമും’, ‘ഖാത്തമുംഖാത്തിമുംഎല്ലാംതന്നെ അവരില്‍ അവസാനത്തേവനാകുന്നു. 3). ഒരു കാര്യം ഖത്ത്മുചെയ്തുഎന്നു പറഞ്ഞാല്‍ അതിന്‍റെ അന്ത്യത്തിങ്കലെത്തി എന്നര്‍ത്ഥം. കൂടുതല്‍ ഉദാഹരണങ്ങള്‍ ഉദ്ധരിക്കേണ്ടതില്ല.

മുഹമ്മദ്‌ മുസ്തഫാ () തിരുമേനിക്കുശേഷം ഒരു പുതിയ നബി വരികയില്ലെന്നും, വിശുദ്ധ ഖുര്‍ആനും നബിവാക്യങ്ങളും അക്കാര്യം തുറന്നു പ്രസ്താവിച്ചിട്ടുണ്ടെന്നുമുള്ളതില്‍ ഇസ്‌ലാമികവൃത്തത്തില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കും പക്ഷാന്തരമില്ല. ഇതു ഇസ്‌ലാമിലെ ഒരു മൗലികസിദ്ധാന്തമായി മുസ്‌ലിംകള്‍ അംഗീകരിക്കുകയും, ഇതിനെതിരായ വിശ്വാസം അനിസ്‌ലാമികവും, ഇതിനെതിരായ വാദം ഇസ്‌ലാമില്‍നിന്നുള്ള വ്യതിയാനവുമായി അവര്‍ കണക്കാക്കുകയും ചെയ്യുന്നു. സഹാബികളുടെ കാലത്തും, അവരുടെ കാലശേഷവും മാത്രമല്ല, നബി() തിരുമേനിയുടെ കാലത്തും, ചില പ്രവാചകത്വവാദികള്‍ ഉണ്ടായിട്ടുണ്ട്. അവരുടെ വാദത്തെക്കുറിച്ചു പരിശോധിക്കുകയോ, തെളിവുകള്‍ അന്വേഷിക്കുകയോ ചെയ്‌വാന്‍ നബി()യോ ഉത്തരവാദപ്പെട്ട മുസ്‌ലിംഭരണകര്‍ത്താക്കളില്‍ ആരെങ്കിലുമോ മുതിര്‍ന്നിട്ടില്ല. നേരെമറിച്ച് ഇസ്‌ലാമിക ഭരണകൂടം അവര്‍ കള്ളവാദികളാണെന്നു വിധിക്കുകയും, യുദ്ധമോ വധമോ നടത്തുകയുമാണുണ്ടായിട്ടുള്ളത്. ഇസ്‌ലാംചരിത്രം വായിക്കുന്നവര്‍ക്കെല്ലാം അറിയാവുന്ന വസ്തുതയാണിത്. നബി()ക്കുശേഷം ഒരാള്‍ താന്‍ പ്രവാചകനാണെന്നു വാദിക്കുമ്പോള്‍ അതിനു തെളിവുണ്ടോ എന്നു പരിശോധിക്കുന്നതുപോലും സത്യവിശ്വാസത്തില്‍ നിന്നുള്ള വ്യതിയാനമായിട്ടാണു ചില മഹാന്‍മാര്‍ അഭിപ്രായപ്പെട്ടിരിക്കു ന്നത്. പ്രവാചകസമാപ്തി (ختم النبوة)യെക്കുറിച്ചു പല പണ്ഡിതന്‍മാരും പ്രത്യേകം ഗ്രന്ഥങ്ങള്‍തന്നെ രചിച്ചിരിക്കുന്നു. കൂടുതല്‍ വിവരം അത്തരം ഗ്രന്ഥങ്ങളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്. 

ചുരുക്കത്തില്‍, മുഹമ്മദുനബി()ക്കുശേഷം അല്ലാഹുവില്‍നിന്നു വഹ്-യ് ലഭിക്കുകയും പ്രവാചകത്വസ്ഥാനം ലഭിക്കുകയും ചെയ്യുന്ന ഒരു പ്രവാചകനും ഈ ലോകത്തു എനി വരുവാനില്ല. ഉണ്ടെന്നു എപ്പോഴെങ്കിലും ആരെങ്കിലും വാദിക്കുന്നപക്ഷം അവര്‍ക്കു സിദ്ധിക്കുന്ന വഹ്-യും, പ്രവാചകത്വവും, സഹായവും എല്ലാംതന്നെ പിശാചില്‍നിന്നുള്ളതായിരിക്കും. هَلْ أُنَبِّئُكُمْ عَلَىٰ مَن تَنَزَّلُ الشَّيَاطِينُ . تَنَزَّلُ عَلَىٰ كُلِّ أَفَّاكٍ أَثِيمٍ : سورة الشعراء : ٢٢١,٢٢٢ (നിങ്ങള്‍ക്കു ഞാന്‍ വര്‍ത്തമാനം അറിയിച്ചുതരട്ടെയോ, ആരുടെമേലിലാണ് പിശാചുക്കള്‍ ഇറങ്ങുന്നതെന്നു? മഹാ വ്യാജകാനും, ദുഷ്ടനുമായ എല്ലാവരുടെയും മേലത്രെ അവര്‍ ഇറങ്ങുന്നത്. (സൂ: ശുഅറാഉ് : 221, 222). അതുകൊണ്ട് പുതിയൊരു നബിത്വവാദം ഉന്നയിക്കുന്നവരോടു നമുക്കു പറയാം : لَكُمْ دِينُكُمْ وَلِيَ دِينِ (നിങ്ങള്‍ക്കു നിങ്ങളുടെ മതം, എനിക്കു എന്‍റെ മതം).