33. الأحزاب (അല്‍ അഹ്സാബ്) ആയത്ത് 63-68

يَسْـَٔلُكَ ٱلنَّاسُ عَنِ ٱلسَّاعَةِ ۖ قُلْ إِنَّمَا عِلْمُهَا عِندَ ٱللَّهِ ۚ وَمَا يُدْرِيكَ لَعَلَّ ٱلسَّاعَةَ تَكُونُ قَرِيبًا﴿٦٣﴾

 يَسْأَلُكَ നിന്നോടു ചോദിക്കുന്നു, ചോദിക്കും النَّاسُ മനുഷ്യര്‍ عَنِ السَّاعَةِ അന്ത്യസമയത്തെപ്പറ്റി قُلْ പറയുക إِنَّمَا عِلْمُهَا നിശ്ചയമായും അതിന്‍റെ അറിവു, വിവരം عِندَ اللَّـهِ അല്ലാഹുവിങ്കല്‍ മാത്രമാണ് وَمَا എന്തൊന്നാണ് يُدْرِيكَ നിനക്കറിയിച്ചു തരുന്നതു لَعَلَّ السَّاعَةَ അന്ത്യസമയം ആയേക്കാം تَكُونُ ഉണ്ടാവുക قَرِيبًا അടുത്തു.

33:63മനുഷ്യന്‍ അന്ത്യസമയത്തെപ്പറ്റി നിന്നോടു ചോദിക്കുന്നു. പറയുക: "നിശ്ചയമായും അതിന്‍റെ അറിവു അല്ലാഹുവിങ്കല്‍ മാത്രമാകുന്നു." (നബിയേ) നിനക്കു അറിയിച്ചുതരുന്നതു എന്താണ്. [നിനക്കു എന്തറിയാം?]! അന്ത്യസമയം (ഒരുപക്ഷേ) അടുത്ത അവസരത്തില്‍ ഉണ്ടായേക്കാം.

إِنَّ ٱللَّهَ لَعَنَ ٱلْكَـٰفِرِينَ وَأَعَدَّ لَهُمْ سَعِيرًا﴿٦٤﴾

 إِنَّ اللَّـهَ നിശ്ചയമായും അല്ലാഹു لَعَنَ الْكَافِرِينَ അവിശ്വാസികളെ ശപിച്ചിരിക്കുന്നു وَأَعَدَّ لَهُمْ അവര്‍ക്കു ഒരുക്കുകയും ചെയ്തിരിക്കുന്നു سَعِيرًا ജ്വലിക്കുന്ന തീ.

33:64അവിശ്വാസികളെ നിശ്ചയമായും അല്ലാഹു ശപിച്ചിരിക്കുന്നു. അവര്‍ക്കു ജ്വലിക്കുന്ന അഗ്നിയെ അവന്‍ ഒരുക്കുകയും ചെയ്തിരിക്കുന്നു;-

خَـٰلِدِينَ فِيهَآ أَبَدًۭا ۖ لَّا يَجِدُونَ وَلِيًّۭا وَلَا نَصِيرًۭا﴿٦٥﴾

 خَالِدِينَ ശാശ്വതരായ നിലയില്‍ فِيهَا അതില്‍ أَبَدًا എക്കാലവും لَّا يَجِدُونَ അവര്‍ കണ്ടെത്തുകയില്ല وَلِيًّا ഒരു ബന്ധുവെയും وَلَا نَصِيرًا സഹായകനെയും ഇല്ല.

33:65അതില്‍ (അവര്‍) എന്നെന്നും നിത്യവാസികളായ നിലയില്‍. യാതൊരു ബന്ധുവിനെയാകട്ടെ, സഹായകനെയാകട്ടെ അവര്‍ കണ്ടെത്തുകയില്ല.

يَوْمَ تُقَلَّبُ وُجُوهُهُمْ فِى ٱلنَّارِ يَقُولُونَ يَـٰلَيْتَنَآ أَطَعْنَا ٱللَّهَ وَأَطَعْنَا ٱلرَّسُولَا۠﴿٦٦﴾

 يَوْمَ تُقَلَّبُ മറച്ചിടപ്പെടുന്ന ദിവസം وُجُوهُهُمْ അവരുടെ മുഖങ്ങള്‍ فِي النَّارِ നരകത്തില്‍ يَقُولُونَ അവര്‍ പറഞ്ഞുകൊണ്ടിരിക്കും يَا لَيْتَنَا ഹാ ഞങ്ങളായിരുന്നെങ്കില്‍ നന്നായേനെ أَطَعْنَا اللَّـهَ ഞങ്ങള്‍ അല്ലാഹുവിനെ അനുസരിച്ചിരുന്നു وَأَطَعْنَا الرَّسُولَا റസൂലിനെയും അനുസരിച്ചിരുന്നു (എങ്കില്‍).

33:66നരകത്തില്‍ അവരുടെ മുഖങ്ങള്‍ മറിച്ചിടപ്പെടുന്ന ദിവസം (അന്ന്) അവര്‍ പറഞ്ഞുകൊണ്ടിരിക്കും: "ഹാ! ഞങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും റസൂലിനെ അനുസരിക്കുകയും ചെയ്തിരുന്നെങ്കില്‍ നന്നായേനെ!"

وَقَالُوا۟ رَبَّنَآ إِنَّآ أَطَعْنَا سَادَتَنَا وَكُبَرَآءَنَا فَأَضَلُّونَا ٱلسَّبِيلَا۠﴿٦٧﴾

 وَقَالُوا അവര്‍ പറയുകയും ചെയ്യും رَبَّنَا ഞങ്ങളുടെ രക്ഷിതാവേ إِنَّا നിശ്ചയമായും ഞങ്ങള്‍ أَطَعْنَا ഞങ്ങള്‍ അനുസരിച്ചു سَادَتَنَا ഞങ്ങളുടെ നേതാക്കളെ وَكُبَرَاءَنَا ഞങ്ങളില്‍ വലിയവരെ (മൂപ്പന്‍മാരെ)യും فَأَضَلُّونَا അങ്ങനെ അവര്‍ ഞങ്ങളെ പിഴപ്പിച്ചു السَّبِيلَا വഴി.

33:67അവര്‍ (ഇങ്ങിനെ) പറയുകയും ചെയ്യും: "ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങള്‍ ഞങ്ങളുടെ നേതാക്കളെയും, ഞങ്ങളുടെ മൂപ്പന്മാരെയും അനുസരിച്ചുകളഞ്ഞു; അങ്ങനെ, അവര്‍ ഞങ്ങളെ വഴി പിഴപ്പിച്ചിരിക്കയാണ്;

رَبَّنَآ ءَاتِهِمْ ضِعْفَيْنِ مِنَ ٱلْعَذَابِ وَٱلْعَنْهُمْ لَعْنًۭا كَبِيرًۭا﴿٦٨﴾

 رَبَّنَا ഞങ്ങളുടെ റബ്ബേ آتِهِمْ നീ അവര്‍ക്കു കൊടുക്കേണമേ ضِعْفَيْنِ രണ്ടിരട്ടി مِنَ الْعَذَابِ ശിക്ഷയില്‍നിന്നു وَالْعَنْهُمْ അവരെ നീ ശപിക്കുകയും വേണമേ لَعْنًا كَبِيرًا വലുതായ (വമ്പിച്ച) ശാപം.

33:68"ഞങ്ങളുടെ രക്ഷിതാവേ! അവര്‍ക്ക് ശിക്ഷയില്‍നിന്നു രണ്ടിരട്ടി നീ നല്‍കേണമേ! അവരെ വമ്പിച്ച ശാപം ശപിക്കുകയും ചെയ്യേണമേ!!"

തഫ്സീർ : 63-68 

അന്ത്യസമയമാകുന്നു പ്രളയഘട്ടത്തെപ്പറ്റി ചോദിക്കുന്നവരോട് അതിനെക്കുറിച്ചു അല്ലാഹുവിനുമാത്രമേ അറിവുള്ളുവെന്ന് മറുപടി പറയുവാന്‍ നബി()യോടു കല്പിക്കുന്നു. അല്ലാഹുവല്ലാത്ത ഒരാള്‍ക്കും ഇതു സംബന്ധിച്ച വിവരം അവന്‍ നല്‍കിയിട്ടില്ലാത്ത സ്ഥിതിക്കു നബി()ക്കു അതെങ്ങിനെ അറിയുവാന്‍ സാധിക്കും?! എന്നാല്‍, അതിനെക്കുറിച്ചു ചോദ്യംചെയ്യുന്നവര്‍ വാസ്തവത്തില്‍ മരണാനന്തരജീവിതത്തെയും, പരലോകത്തെയും നിഷേധിക്കുന്നവരാണ്. ആകയാല്‍, അന്നത്തെ ദിവസം ആ നിഷേധികളുടെ അവസ്ഥ എന്തായിരിക്കുമെന്നു അല്ലാഹു തുടര്‍ന്നു വിവരിക്കുന്നു. അഥവാ, അന്ത്യസമയം എപ്പോളെന്നല്ല അവര്‍ അന്വേഷിക്കേണ്ടത്; അതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെയും, അന്നത്തെ അവരുടെ സ്ഥിതിഗതികളെയും സംബന്ധിച്ചാണ് അന്വേഷിച്ചറിയേണ്ടതു എന്നു അവരെ ഓര്‍മ്മിപ്പിക്കുന്നു.