ഹദീഥ് 25: ലജ്ജ വിശ്വാസികളുടെ ഗുണം

عن عبدِ اللهِ بنِ عُمَرَ رَضِيَ اللهُ عنهما، "أنَّ النَّبيَّ ﷺ مَرَّ عَلَى رَجُلٍ، وَهُوَ يُعَاتِبُ أَخَاهُ فِي الْحَيَاءِ، يَقُولُ: إِنَّكَ لَتَسْتَحْيِي حَتَّى كَأَنَّهُ يَقُولُ : قَدْ أَضَرَّ بِكَ، فَقَالَ رَسُولُ اللهِ ﷺ: دَعْهُ؛ فَإِنَّ الْحَيَاءَ مِنَ الإِيمَانِ"

[رواه البخاري 6118، مسلم 36 ]

അർഥം:
അബദുല്ലാഹ് ബിൻ ഉമർ (റ) യിൽ നിന്നും നിവേദനം. ലജ്ജയുടെ പേരിൽ തൻ്റെ സഹോദരന ആക്ഷേപിച്ചുകൊണ്ടിരിക്കുന്ന ഒരാളുടെ അരികിലൂടെ നബി ﷺ കടന്നുപോയി. (ലജ്ജ) നിന്നെ നശിപ്പിച്ചുകളയുന്നത് വരെ നീ ലജ്ജിച്ച് കൊണ്ടിരിക്കും എന്നയാൾ പറയുന്നുണ്ട്. അപ്പോൾ നബി ﷺ പറഞ്ഞു: “അവനെ വിട്ടേക്കുക, തീർച്ചയായും ലജ്ജ വിശ്വാസത്തിൽ പെട്ടതാണ്.”

വിശദീകരണം:
•    ലജ്ജ അല്ലാഹുവിൻ്റെ അത്യുന്നതമായ വിശേഷണങ്ങളിൽപെട്ടതും തൻ്റെ അടിമകളിൽ ഉണ്ടാകണമെന്ന് അല്ലാഹു ഇഷ്ടപ്പെടുകയും ചെയ്യുന്ന വിശേഷണമാണ്.
•    അല്ലാഹുവിൻ്റെ ഉൽകൃഷ്ട സൃഷ്ടിയായ മലക്കുകൾ ലജ്ജയുള്ളവരാണ്. 
•    വിശ്വാസികളിൽ മാത്രം ഉണ്ടാകുന്ന ഒരു സൽഗുണമാണ് ലജ്ജ.
•    മനുഷ്യനെ തിന്മയെ തൊട്ട് തടയുകയും നന്മയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വിശേഷ സ്വഭാവമാണ് ലജ്ജ.
•    വിശ്വാസമില്ലാത്തിടത്ത് ലജ്ജയും, ലജ്ജയില്ലാത്തിടത്ത് വിശ്വാസവും നിലനിൽക്കുകയില്ല.
•    ലജ്ജ മുഴുവനും നന്മയാണ്.
•    ലജ്ജ ഇല്ലായ്മയിൽ നിന്നാണ് തിന്മകൾ ഉടലെടുക്കുന്നത്.
•    ലജ്ജ ജീവിതത്തിൽ സുരക്ഷ ഉറപ്പാക്കുന്നു.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

يَسْتَخْفُونَ مِنَ النَّاسِ وَلَا يَسْتَخْفُونَ مِنَ اللَّهِ وَهُوَ مَعَهُمْ إِذْ يُبَيِّتُونَ مَا لَا يَرْضَىٰ مِنَ الْقَوْلِ ۚ وَكَانَ اللَّهُ بِمَا يَعْمَلُونَ مُحِيطًا    [النساء : 108]

“അവര്‍ ജനങ്ങളില്‍ നിന്ന് (കാര്യങ്ങള്‍) ഒളിച്ചു വെക്കുന്നു. എന്നാല്‍ അല്ലാഹുവില്‍ നിന്ന് (ഒന്നും) ഒളിച്ചു വെക്കാന്‍ അവര്‍ക്ക് കഴിയില്ല. അല്ലാഹു ഇഷ്ടപ്പെടാത്ത വാക്കുകളിലൂടെ അവര്‍ രാത്രിയില്‍ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുമ്പോള്‍ അവര്‍ അവരുടെ കൂടെ ത്തന്നെയുണ്ട്‌. അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സമ്പൂര്‍ണ്ണമായി അറിയുന്നവനാകുന്നു അല്ലാഹു.”

فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا ۚ     [القصص : 25]

“അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിൻ്റെ അടുത്ത് നടന്നു ചെന്നിട്ട് പറഞ്ഞു: താങ്കള്‍ ഞങ്ങള്‍ക്കു വേണ്ടി (ആടുകള്‍ക്ക്‌) വെള്ളം കൊടുത്തതിനുള്ള പ്രതിഫലം താങ്കള്‍ക്കു നല്‍കുവാനായി എൻ്റെ പിതാവ് താങ്കളെ വിളിക്കുന്നു.”