وَمَا كَانَ لِمُؤْمِنٍۢ وَلَا مُؤْمِنَةٍ إِذَا قَضَى ٱللَّهُ وَرَسُولُهُۥٓ أَمْرًا أَن يَكُونَ لَهُمُ ٱلْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ ٱللَّهَ وَرَسُولَهُۥ فَقَدْ ضَلَّ ضَلَـٰلًۭا مُّبِينًۭا﴿٣٦﴾
33:36സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ - അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യം തീരുമാനിച്ചാല്‍ - തങ്ങളുടെ കാര്യത്തെക്കുറിച്ച് അവര്‍ക്ക് (വേറൊരു) തിരഞ്ഞെടുപ്പ് [അഭിപ്രായം] ഉണ്ടായിരിക്കുവാന്‍ പാടില്ല. അല്ലാഹുവിനോടും,അവന്റെ റസൂലിനോടും ആര് അനുസരണക്കേടു കാണിക്കുന്നുവോ അവന്, തീര്‍ച്ചയായും വ്യക്തമായ വഴിപിഴവു പിഴച്ചുപോയിരിക്കുന്നു!
തഫ്സീർ : 36-36
ഇസ്ലാമിന്റെ ഒരു അടിസ്ഥാന നിയമമാണിത്: അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ ഒരു വിധി പറഞ്ഞുകഴിഞ്ഞാല്‍ അതില്‍നിന്നു വ്യത്യസ്തമായ ഒരഭിപ്രായം ഉണ്ടായിരിക്കുവാന്‍ സത്യവിശ്വാസിയായ ഒരാള്‍ക്കും പാടില്ല. അല്ലാഹു വിധിച്ചതിനെതിരായി അല്ലാഹുവിന്റെ റസൂല്‍ ഒരിക്കലും വിധിക്കുകയില്ല. റസൂല്‍ (ﷺ) കല്പിക്കുന്ന വിധികളാകട്ടെ, വാസ്തവത്തില്‍ അല്ലാഹുവിന്റെ വിധികളായിരിക്കുന്നതുമാണ്. ഈ വിഷയം വളരെ ശക്തിയായ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ പലപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞിട്ടുള്ളതാണ്.
അപ്പോള്‍, അല്ലാഹുവിന്റെയും റസൂലിന്റെയും – അഥവാ ഖുര്‍ആന്റെയും സുന്നത്തിന്റെയും – നിയമങ്ങള്‍ക്കെതിരായി ഏതെങ്കിലും പണ്ഡിതന്മാരുടെയോ, വിധികര്‍ത്താക്കളുടെയോ അഭിപ്രായങ്ങളെ സ്വീകരിച്ചുവരുന്നവരും, സമുദായ പരിഷ്കര്‍ത്താക്കളെന്നോ, ഇസ്ലാമിന്റെ ഗുണകാംക്ഷികളെന്നോ സ്വയം അഭിമാനിച്ചുകൊണ്ട് സാക്ഷാല്‍ ഇസ്ലാമിക നിയമങ്ങളില്‍ മാറ്റതിരുത്തങ്ങള്‍ അവതരിപ്പിക്കുന്നവരും വ്യക്തമായ വഴിപിഴവില്‍ അകപ്പെട്ടവരാണെന്നു വ്യക്തമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകളില്‍ ഒന്നുപോലും യുക്തിക്കോ ന്യായത്തിനോ എതിരായിരിക്കുകയില്ലെന്നു പറയേണ്ടതില്ല. പക്ഷെ, അവയില്‍ ചിലതിന്റെ യുക്തിരഹസ്യങ്ങള്‍ നമുക്ക് സൂക്ഷ്മമായി മനസ്സിലാക്കുവാന്‍ കഴിയാതെ വന്നേക്കും. എന്നിരിക്കെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുള്ള മതവിധി ഇന്നതാണെന്ന് – അംഗീകൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി – അറിഞ്ഞുകഴിഞ്ഞാല്‍, അതു യുക്തിക്കോ ന്യായത്തിനോ യോജിക്കുമോ, ഇല്ലേ എന്നൊന്നും പരിശോധിക്കേണ്ടതില്ല. അതില്‍ ജനഹിതം ആരായേണ്ടതുമില്ല. അതപ്പടി സ്വീകരിക്കുവാന്‍ അവന് തികച്ചും ബാധ്യസ്ഥനാണ്. പക്ഷേ, ഓരോ നിയമത്തിലും അടങ്ങിയിട്ടുള്ള യുക്തിതത്വങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ അവന് പരിശ്രമിക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മൗലികപ്രധാനമായ ഒരു സിദ്ധാന്താമാണിത്. ഈ അടിസ്ഥാനത്തില്‍ വിലയിരുത്തേണ്ടതും, ഇസ്ലാമിന്റെ ശത്രുക്കള്‍, ഇസ്ലാമിന്റെയും നബി(ﷺ)യുടെയും പേരില്‍ കളങ്കം ചാര്‍ത്തുവാന്‍ ആയുധമാക്കിയതുമായ ഒരു സംഭവത്തെക്കുറിച്ചാണ് അടുത്ത വചനങ്ങളില്‍ അല്ലാഹു പ്രതിപാദിക്കുന്നത്.
നബി(ﷺ)യുടെ പോറ്റുപുത്രനും, അവിടുത്തെ മൗലാ (*)യുമായ സൈദ്ബ്നു ഹാരിഥഃ (رضي الله عنه) ഖുറൈശിഗോത്രത്തില്‍ അസദ് കുടുംബത്തില്‍ പെട്ട ജഹ്ശിന്റെ മകളും, നബി(ﷺ)യുടെ അമ്മായിയുടെ മകളും കൂടിയായ സൈനബാ (رضي الله عنها) യെ വിവാഹം ചെയ്തിരുന്നു. ഇതു ഹിജ്രക്കു മുമ്പാണ്. താന്‍ കുലീനകുടുംബത്തില്‍ ജനിച്ചവളാണെന്ന നിലക്കു ഈ വിവാഹത്തില്‍ സൈനബ് (رضي الله عنها) അല്പം അനിഷ്ടം പ്രകടിപ്പിക്കുകയുണ്ടായി.എങ്കിലും നബി(ﷺ)യുടെ ഇഷ്ടവും, വംശപരമായ ഉച്ചനീച്ചത്വത്തിനു ഇസ്ലാമില്‍ സ്ഥാനമില്ലെന്ന വസ്തുതയും മുന്‍നിറുത്തിക്കൊണ്ട് അവര്‍ അതിനു അനുവദിക്കുകയാണുണ്ടായത്. ക്രമേണ അവര്‍ തമ്മില്‍ സ്വരച്ചേര്‍ച്ച ഇല്ലാതായി. ഇക്കാരണത്താല്‍ സൈദു (رضي الله عنه) അവര്‍ക്കു വിവാഹമോചനം നല്കുവാന് തീരുമാനിച്ചു. ഈ വിവാഹമോചനം നടക്കുവാന്പോകുന്നുവെന്നും, ഇദ്ദഃ (**) കാലം കഴിഞ്ഞശേഷം സൈനബ് (رضي الله عنها) നബി(ﷺ)യുടെ ഭാര്യയാകാന്‍ പോകുന്നുവെന്നും തിരുമേനി(ﷺ)ക്കു വഹ്-യു ലഭിച്ചിരുന്നു. പോറ്റുമക്കളെ യഥാര്‍ത്ഥ മക്കളായി ഗണിച്ചിരുന്ന അന്നത്തെ ചുറ്റുപാടില്‍, മുഹമ്മദ് സ്വന്തം മകന്റെ ഭാര്യയെ വിവാഹംകഴിച്ചുവെന്നുള്ള ജനസംസാരത്തിനും, ഇസ്ലാമിനെതിരായ കുപ്രചാരങ്ങള്‍ക്കും ഇതു കാരണമായേക്കുമെന്നു നബി(ﷺ)ക്കു തോന്നി. അങ്ങനെ, സൈദു (رضي الله عنه) തന്റെ തീരുമാനം നബി(ﷺ)യെ അറിയിച്ചപ്പോള്‍ അവിടുന്നു അതിനെ നിരുത്സാഹപ്പെടുത്തുകയുണ്ടായി. ഈ സംഭവത്തെക്കുറിച്ചാണ് അടുത്ത വചനം.
___________________________________________________________________
(*) ‘മൗലാ’ (مولى) എന്ന വാക്കിന്റെ അര്‍ത്ഥവിവരണം 5-ആം വചനത്തിന്റെ വ്യാഖ്യാനത്തില്‍ നാം വായിച്ചു കഴിഞ്ഞുവല്ലോ.
(**). ഇദ്ദഃയെപ്പറ്റി താഴെ പ്രസ്താവിക്കുന്നുണ്ട്.