34. سبإ (സബഅ്) ആയത്ത് 24-27

قُلْ مَن يَرْزُقُكُم مِّنَ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ قُلِ ٱللَّهُ ۖ وَإِنَّآ أَوْ إِيَّاكُمْ لَعَلَىٰ هُدًى أَوْ فِى ضَلَـٰلٍۢ مُّبِينٍۢ﴿٢٤﴾

قُلْ പറയുക مَن يَرْزُقُكُم നിങ്ങള്‍ക്കു ഉപജീവനം (ആഹാരം) തരുന്നതാരാണ് مِّنَ السَّمَاوَاتِ ആകാശങ്ങളില്‍ നിന്നു وَالْأَرْضِ ഭൂമിയില്‍ നിന്നും قُلِ اللَّـهُ പറയുക അല്ലാഹുവാണ് وَإِنَّا നിശ്ചയമായും ഞങ്ങള്‍ أَوْ إِيَّاكُمْ അല്ലെങ്കില്‍ നിങ്ങള്‍ لَعَلَىٰ هُدًى സന്‍മാര്‍ഗ്ഗത്തില്‍തന്നെ أَوْ فِي ضَلَالٍ അല്ലെങ്കില്‍ ദുര്‍മ്മാര്‍ഗ്ഗത്തി(പിഴവി)ലാണ് مُّبِينٍ സ്പഷ്ടമായ

34:24(നബിയേ) പറയുക: "ആകാശങ്ങളില്‍നിന്നും, ഭൂമിയില്‍നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുന്നതു ആരാണ്?" പറയുക: "അല്ലാഹു (തന്നെ). നിശ്ചയമായും ഞങ്ങള്‍ അല്ലെങ്കില്‍ നിങ്ങള്‍, സന്‍മാര്‍ഗ്ഗത്തിലാണ്; അല്ലെങ്കില്‍ സ്പഷ്ടമായ ദുര്‍മ്മാര്‍ഗ്ഗത്തിലാണ്."

قُل لَّا تُسْـَٔلُونَ عَمَّآ أَجْرَمْنَا وَلَا نُسْـَٔلُ عَمَّا تَعْمَلُونَ﴿٢٥﴾

قُل പറയുക لَّا تُسْأَلُونَ നിങ്ങളോട് ചോദിക്കപ്പെടുകയുമില്ല عَمَّا أَجْرَمْنَا ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി وَلَا نُسْأَلُ ഞങ്ങളോട് ചോദിക്കപ്പെടുകയുമില്ല عَمَّا تَعْمَلُونَ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി

34:25പറയുക: "ഞങ്ങള്‍ കുറ്റം ചെയ്തതിനെപ്പറ്റി നിങ്ങളോടു ചോദിക്കപ്പെടുകയില്ല; നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി ഞങ്ങളോടും ചോദിക്കപ്പെടുന്നതല്ല."

قُلْ يَجْمَعُ بَيْنَنَا رَبُّنَا ثُمَّ يَفْتَحُ بَيْنَنَا بِٱلْحَقِّ وَهُوَ ٱلْفَتَّاحُ ٱلْعَلِيمُ﴿٢٦﴾

قُلْ പറയുക يَجْمَعُ بَيْنَنَا നമ്മുടെ ഇടയില്‍ ഒരുമിച്ചുകൂട്ടും رَبُّنَا നമ്മുടെ റബ്ബ് ثُمَّ يَفْتَحُ പിന്നെ അവന്‍ തുറവിയുണ്ടാക്കും (തീര്‍പ്പ്‌ കല്പിക്കും) بَيْنَنَا നമുക്കിടയില്‍ بِالْحَقِّ ന്യായപ്രകാരം സത്യമനുസരിച്ചു وَهُوَ അവന്‍, അവനത്രെ الْفَتَّاحُ തുറവിയാക്കുന്ന(തീര്‍പ്പു കല്പിക്കുന്ന)വന്‍ الْعَلِيمُ സര്‍വ്വജ്ഞനായ

34:26പറയുക : "നമ്മുടെ രക്ഷിതാവ് നമ്മുടെയിടയില്‍ ഒരുമിച്ചുകൂട്ടും; പിന്നീടു നമുക്കിടയില്‍ യഥാര്‍ത്ഥ (ന്യായ) പ്രകാരം തീര്‍പ്പുണ്ടാക്കുന്നതാണ്. സര്‍വ്വജ്ഞനായ തീര്‍പ്പു കല്പിക്കുന്നവന്‍ അവനത്രെ."

قُلْ أَرُونِىَ ٱلَّذِينَ أَلْحَقْتُم بِهِۦ شُرَكَآءَ ۖ كَلَّا ۚ بَلْ هُوَ ٱللَّهُ ٱلْعَزِيزُ ٱلْحَكِيمُ﴿٢٧﴾

قُلْ പറയുക أَرُونِيَ എനിക്കു കാണിച്ചുതരുവിന്‍ الَّذِينَ أَلْحَقْتُم നിങ്ങള്‍ കൂട്ടിച്ചേര്‍ത്തവരെ بِهِ അവനോടു شُرَكَاءَ പങ്കുകാരായി كَلَّا അങ്ങിനെയില്ല بَلْ هُوَ എന്നാല്‍ (എങ്കിലും) അവന്‍ اللَّـهُ അല്ലാഹുവാണ് الْعَزِيزُ പ്രതാപശാലിയാണ് الْحَكِيمُ അഗാധജ്ഞനായ

34:27പറയുക: പങ്കുകാരെന്ന നിലയില്‍ നിങ്ങള്‍ അവനോടു കൂട്ടിച്ചേര്‍ത്തിട്ടുള്ളവരെ എനിക്കു കാട്ടിത്തരുവിന്‍! (ഞാനൊന്നു കാണട്ടെ) "അങ്ങിനെയില്ല! [അതു സാധ്യമല്ല.] എന്നാലവന്‍, അല്ലാഹുവാണ്; അഗാധജ്ഞനായ പ്രതാപശാലിയാണ്

തഫ്സീർ : 24-27

ആകാശത്തുനിന്നു മഴയും മറ്റും ഇറക്കി, ഭൂമിയില്‍ ഉല്പാദനമുണ്ടാക്കി, ജനങ്ങള്‍ക്കു ഉപജീവനമാര്‍ഗ്ഗങ്ങളൊരുക്കുന്നവന്‍ അല്ലാഹുവാണെന്നു മുശ്രിക്കുകളും സമ്മതിക്കുന്നു. ആ സ്ഥിതിക്ക് അവന്‍ മാത്രമേ ആരാധനക്ക് അര്‍ഹാനാകുകയുള്ളുവെന്നും അവര്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അല്ലാഹുവിനെമാത്രം ആരാധിക്കുന്ന സത്യവിശ്വാസികളാണോ പിഴച്ചവര്‍, അതല്ല തങ്ങളോ എന്നു അവര്‍ക്കു കാണുവാന്‍ പ്രയാസമില്ല. രണ്ടിലൊരു കൂട്ടര്‍ സന്‍മാര്‍ഗ്ഗത്തിലും, മറ്റേവര്‍ ദുര്‍മ്മാര്‍ഗ്ഗത്തിലുമെന്നല്ലാതെ ഇരുകൂട്ടരും ഒരുപോലെയാണെന്നു വരുവാന്‍ നിവൃത്തിയില്ലല്ലോ. ഓരോരുത്തരുടെയും തെറ്റുകുറ്റങ്ങള്‍ക്കു ഉത്തരവാദി അവരവര്‍ തന്നെയാണുതാനും. ആകയാല്‍, അല്പം മനസ്സാക്ഷിയോടുകൂടി ഒന്നു ചിന്തിച്ചാല്‍ തങ്ങളുടെ അബദ്ധം തങ്ങള്‍ക്കു വ്യക്തമാകുമെന്ന് മുശ്രിക്കുകളെ ഓര്‍മ്മിപ്പിക്കുന്നു. അതിനവര്‍ തയ്യാറില്ലാത്തപക്ഷം എല്ലാവരെയും അല്ലാഹു അവന്‍റെ മുമ്പില്‍ ഒരുമിച്ചുകൂട്ടി ന്യായമായ തീരുമാനമുണ്ടാക്കിക്കൊള്ളുമെന്നു താക്കീതു ചെയ്കയും ചെയ്യുന്നു. ഈ വാക്യങ്ങളിലെ ആശയം ഗൗരവതരമാണെങ്കിലും, അവയുടെ ശൈലി എത്ര മിതവും, സൗമ്യവുമാണെന്നുനോക്കുക!

അല്ലാഹുവിനു സമന്‍മാരാക്കി സങ്കല്പിച്ചുകൊണ്ടു പലരെയും മുശ്രിക്കുകള്‍ ദൈവങ്ങളായി സ്വീകരിച്ചിട്ടുണ്ടല്ലോ. അവരില്‍ ആരെങ്കിലും, അല്ലാഹുവിന്‍റെ മഹത്തായ ഗുണഗണങ്ങളോ, ശക്തിമാഹാത്മ്യങ്ങളോ ഭാഗികമായെങ്കിലും അവകാശപ്പെടാവുന്നവര്‍ ഇല്ലതന്നെ. ഉണ്ടെങ്കില്‍ അതൊന്നു കാണട്ടെ എന്നു 27ആം വചനത്തില്‍ അവരെ വെല്ലുവിളിക്കുന്നു. ഇല്ല, അതൊരിക്കലും സാധ്യമല്ല’. എന്നു തീര്‍ത്തുപറയുകയും, അല്ലാഹു മാത്രമെ ആരാധ്യനുള്ളുവെന്നു സ്ഥാപിക്കുകയും ചെയ്യുന്നു.