لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًۭا﴿٢١﴾
വിഭാഗം - 3
لَّقَدْ كَانَ لَكُمْ فِى رَسُولِ ٱللَّهِ أُسْوَةٌ حَسَنَةٌۭ لِّمَن كَانَ يَرْجُوا۟ ٱللَّهَ وَٱلْيَوْمَ ٱلْـَٔاخِرَ وَذَكَرَ ٱللَّهَ كَثِيرًۭا﴿٢١﴾
33:21നിശ്ചയമായും, നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ നല്ലതായ മാതൃകയുണ്ടായിട്ടുണ്ട്; അതായതു: അല്ലാഹുവിനെയും, അന്ത്യനാളിനെയും പ്രതീക്ഷിച്ചു (ഭയപ്പെട്ടു) കൊണ്ടിരിക്കുകയും, അല്ലാഹുവിനെ ധാരാളം ഓര്‍മ്മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്.
തഫ്സീർ : 21-21
ഒട്ടും ഭീരുത്വമോ, പരിഭ്രമോ കൂടാതെ, അല്ലാഹുവിന്‍റെ റസൂല്‍ യുദ്ധത്തില്‍ ആദ്യന്തം പങ്കെടുത്തും, നേതൃത്വം നല്‍കിയുംകൊണ്ടിരുന്നു. കൊടുങ്കാറ്റും, അതിശൈത്യവും, പെരുമഴയും ഒന്നിനുമീതെ മറ്റൊന്നെന്നോണം അസഹ്യമായിരുന്ന ആ രാത്രിയില്‍ – അശേഷം ധൈര്യക്ഷയം ബാധിക്കാതെ – അല്ലാഹുവിന്‍റെ സഹായം പ്രതീക്ഷിച്ചുകൊണ്ടും, അതിനപേക്ഷിച്ചുകൊണ്ടും ഒരു ഉയര്‍ന്ന (*) സ്ഥലത്തുവെച്ച് തിരുമേനി(ﷺ) നമസ്കാരത്തിലും പ്രാര്‍ത്ഥനയിലും മുഴുകിയിരിക്കുകയാണ്. ശത്രുക്കളുടെ തിരക്കും ബഹളവും കേട്ട, ‘അവിടെച്ചെന്നു അവരുടെ വിവരം അറിഞ്ഞു വരാന്‍ ആരുണ്ട്?’ എന്നു രണ്ടുമൂന്നു പ്രാവശ്യം അവിടുന്നു വിളിച്ചുചോദിച്ചു. 11-ആം വചനത്തില്‍ പ്രസ്താവിച്ചതുപോലെ, മുസ്‌ലിംകള്‍ വമ്പിച്ച പരീക്ഷണത്തിന് വിധേയരായിരിക്കയാണല്ലോ. അസഹ്യമായ വിശപ്പും, കഠോരമായ തണുപ്പും, മനുഷ്യസഹജമായ ഭയപ്പാടും എല്ലാവരെയും ബാധിച്ചിരിക്കുന്നു. ആരും മുന്നോട്ടു വന്നുകാണുന്നില്ല. കൂട്ടത്തില്‍ ഹുദൈഫത്തുബ്നുല്‍ യമാനി (رضي الله عنه) യും ഉണ്ടായിരുന്നു. അദ്ദേഹത്തെ വിളിച്ച് തിരുമേനി(ﷺ) ചോദിച്ചു: ‘ഹുദൈഫാ! ഞാനീ പറയുന്നതു താങ്കള്‍ കേട്ടില്ലേ?!’ അദ്ദേഹം പറഞ്ഞു: തിരുമേനീ! ആപത്തും അതിശൈത്യവും അങ്ങേക്കു മറുപടി നല്‍കുവാന്‍ എന്നെ സമ്മതിക്കാതിരുന്നതാണ്.’ (منعنى أجيبك الضّر والقرّ). ശത്രുക്കളുടെ വിവരം ഗൂഢമായി അറിഞ്ഞുവരുവാന്‍ തിരുമേനി (ﷺ) അദ്ദേഹത്തെ ഏല്പിച്ചു. അദ്ദേഹത്തിനു രക്ഷക്കു വേണ്ടി പ്രാര്‍ത്ഥിക്കയും ചെയ്തു. തിരുമേനി(ﷺ) പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടിരുന്നു. താമസിയാതെ ജിബ്രീല്‍ (عليه السلام) വന്ന് വിജയത്തിന്‍റെ സന്തോഷവാര്‍ത്ത നബി(ﷺ)യെ അറിയിച്ചു. തിരുമേനി(ﷺ) അല്ലാഹുവിനു നന്ദി പ്രകടിപ്പിച്ചുകൊണ്ടു ഇപ്രകാരം പറഞ്ഞു: شكرا شكرا كما رحمتي ورحمت اصحابي (നന്ദി! എനിക്കും എന്‍റെ സഹാബികള്‍ക്കും നീ കരുണ ചെയ്തതിനു നന്ദി!!) ഹുദൈഫഃ (رضي الله عنه) മടങ്ങിവന്ന് ശത്രുസൈന്യങ്ങളുടെ സ്ഥിതിഗതികള്‍ വിവരിച്ചു കൊടുക്കുകയും ചെയ്തു.
(*). ഇപ്പോള്‍ ‘മസ്ജിദുല്‍ ഫത്ത്ഹ്’ (مسجد الفتح) അഥവാ വിജയത്തിന്‍റെ പള്ളി സ്ഥിതിചെയ്യുന്നത് ഈ കുന്നിലാണ്.
9 മുതല്‍ 11 കൂടിയ ആയത്തുകളില്‍ മുസ്‌ലിംകളെപ്പറ്റി മൊത്തത്തിലായിരുന്നു പ്രതിപാദിച്ചിരുന്നത്. 12 മുതല്‍ 20 കൂടിയ വചനങ്ങളില്‍ കപടവിശ്വാസികളെയും, ദുര്‍ബ്ബല ഹൃദയന്‍മാരെയും കുറിച്ചായിരുന്നു സംസാരം. പരീക്ഷണഘട്ടങ്ങള്‍ നേരിടുമ്പോഴാണല്ലോ ഈ രണ്ടു തരക്കാരുടെയും യഥാര്‍ത്ഥ നിലപാടുകള്‍ പ്രത്യക്ഷമായിക്കാണുക. ഖന്‍ദഖു യുദ്ധത്തില്‍ അതു അതിന്‍റെ സാക്ഷാല്‍ രൂപത്തില്‍ തന്നെ അവരില്‍ പ്രകടമാകുകയും ചെയ്തു. ഇതേ അവസരത്തില്‍, യഥാര്‍ത്ഥ വിശ്വാസികളും ദൃഢമനസ്കരുമായ സത്യവിശ്വാസികളുടെ നിലപാടെന്തായിരുന്നു? പരീക്ഷണഘട്ടങ്ങളേയും, ആപല്‍സന്ധികളെയും അവരെങ്ങിനെ തരണംചെയ്തു? എന്നിങ്ങിനെയുള്ള വിവരങ്ങള്‍ 22, 23 എന്നീ ആയത്തുകളില്‍ പ്രസ്താവിക്കുന്നുമുണ്ട്. ഇടക്കുവെച്ച് ഈ (21-ആം) വചനത്തില്‍, മൗലികപ്രധാനമായ ഒരു വിഷയം – കപടവിശ്വാസികളും ദുര്‍ബ്ബലവിശ്വാസികളും ഇത്രയും അധമാവസ്ഥയില്‍ പതിക്കുവാനും, സത്യവിശ്വാസികളും ദൃഢമനസ്കരുമായ ആളുകള്‍ താഴെ പറയുംപ്രകാരം അങ്ങേഅറ്റം പ്രശംസനീയരും മാതൃകാപുരുഷന്‍മാരുമായി പുരോഗമിക്കുവാനുമുള്ള അടിസ്ഥാനകാരണം – ചൂണ്ടിക്കാട്ടുകയാണ്. റസൂല്‍(ﷺ) തിരുമേനിയുടെ മാതൃക സ്വീകരിക്കാത്തതാണ് എല്ലാ പരാജയത്തിന്‍റെയും അധഃപതനത്തിന്‍റെയും കാരണം; അവിടുത്തെ മാതൃക സ്വീകരിക്കുന്നതാണ് എല്ലാ വിജയത്തിന്‍റെയും ഉന്നമനത്തിന്‍റെയും നിദാനം; പക്ഷേ, അല്ലാഹുവിനെക്കുറിച്ചും അന്ത്യനാളിനെക്കുറിച്ചും ബോധവും ഭയപ്പാടും ഉണ്ടായിരിക്കുകയും, അല്ലാഹുവിന്‍റെ സ്മരണ ശരിക്കും ഉണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യുന്നവരേ ആ മാതൃക അനുസരിക്കുവാന്‍ തയ്യാറാവുകയുള്ളു; അവര്‍ക്കുമാത്രമേ അതു പ്രയോജനപ്പെടുകയുമുള്ളു എന്നു സാരം. ‘നിങ്ങള്‍ക്കു അല്ലാഹുവിന്‍റെ റസൂലില്‍ മാതൃകയുണ്ടായിട്ടുണ്ട്’ എന്നു ആദ്യം പൊതുവില്‍ പറഞ്ഞശേഷം, ‘അതായതു, അല്ലാഹുവിനെയും അന്ത്യദിനത്തെയും പ്രതീക്ഷിക്കുകയും അല്ലാഹുവിനെ ധാരാളം സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക്’ എന്നു പ്രത്യേകം ഉണര്‍ത്തിയിരിക്കുന്നതു വളരെ ശ്രദ്ധേയമാകുന്നു. ഖന്‍ദഖു യുദ്ധത്തിലെ പരീക്ഷണഘട്ടങ്ങളില്‍ സത്യവിശ്വാസികള്‍ സ്വീകരിച്ച നിലപാടു അല്ലാഹു വിവരിക്കുന്നതു നോക്കുക;