ഹദീഥ് 1: നിയ്യത്ത്

ഹദീഥ്  1: നിയ്യത്ത്

عن عُمَرَ بْن الْخَطَّابِ رضي الله عنه قَالَ: سَمِعْتُ رَسُولَ اللَّهِ ﷺ يَقُولُ: "إِنَّمَا ‌الْأَعْمَالُ ‌بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى دُنْيَا يُصِيبُهَا، أَوْ إِلَى امْرَأَةٍ يَنْكِحُهَا، فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ"  

[صحيح البخاري 1، 54، 2392، 3685، 4783، 6311، 6553]

‌‌അർഥം:
ഉമർ ബിനുൽ ഖത്താബ് (റ) വിൽ നിന്നും നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: തീർച്ചയായും പ്രവർത്തനങ്ങൾ (സ്വീകരിക്കപ്പെടുക) ഉദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും. താൻ എന്താണോ ഉദ്ദേശിച്ചത് അതു മാത്രമാണ് അയാൾക്ക് ഉണ്ടാകുക.   ഇഹലോകം പ്രതീക്ഷിച്ചുകൊണ്ടോ, ഒരു സ്ത്രീയെ വിവാഹം ചെയ്യണമെന്ന് ഉദ്ദേശിച്ചുകൊണ്ടോ ആണ് ഒരാൾ പലായനം ചെയ്തിട്ടുള്ളതെങ്കിൽ അവൻ എന്തൊന്നിനാണ് പലായനം ചെയ്തത് അത് അവനുണ്ട്.

വിശദീകരണം:
•    നിയ്യത്തിൻ്റെ സ്ഥാനം മനസ്സാകുന്നു. നാവുകൊണ്ട് ചൊല്ലിപ്പറയുന്ന രീതി ബിദ്അത്താണ്. നമ്മുടെ ഉദ്ദേശങ്ങൾക്ക് അനുസരിച്ചാണ് കർമ്മങ്ങൾ അല്ലാഹു പരിഗണിക്കുന്നത്. 
•    ചെയ്യുന്ന കർമ്മങ്ങളുടെ ഉദ്ദേശശുദ്ധി നഷ്ടപ്പെട്ടാൽ അവ നിഷ്ഫലമാണ്. കർമ്മങ്ങളിൽ ലോകമാന്യത കടന്നുവരാതെ നാം ഓരോരുത്തരും സൂക്ഷിക്കണം.
•    മൂന്ന് കാര്യങ്ങൾ പ്രധാനമായും ഏതൊരു ആരാധന ചെയ്യുമ്പോഴും അതിൻ്റെ നിയ്യത്തിൽ ഉണ്ടാകണം : 
1.    ചെയ്യുന്നത് ആരാധനയാണ്.
2.    അല്ലാഹുവിൽ നിന്നും തനിക്ക് ഇതിൻ്റെ സമ്പൂർണ്ണ പ്രതിഫലം ലഭിക്കണം.
3.    അല്ലാഹുവിൻ്റെ കൽപ്പന അനുസരിക്കുന്നതിൻ്റെ ഭാഗമായാണ് താൻ ഇത് നിർവഹിക്കുന്നത്.

വിശദീകരണത്തിൽ പറയാവുന്ന ആയത്തുകൾ :

وَمَنْ أَرَادَ الْآخِرَةَ وَسَعَىٰ لَهَا سَعْيَهَا وَهُوَ مُؤْمِنٌ فَأُولَٰئِكَ كَانَ سَعْيُهُم مَّشْكُورًا
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, സത്യവിശ്വാസിയായിക്കൊണ്ട്‌ അതിന്നു വേണ്ടി അതിന്‍റെതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാര്‍ഹമായിരിക്കും. (ക്വുർആൻ 17:19)
 
وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ
കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത്‌ നല്‍കുവാനും അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം (ക്വുർആൻ 98:5)

നോമ്പിൻ്റെ നിയ്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

1.    നിർബന്ധ നോമ്പുകൾക്ക് അതാത് ദിവസത്തെ പ്രഭാതോദയത്തിന് മുമ്പ് രാത്രി തന്നെ നിയ്യത്ത് കരുതൽ അനിവാര്യമാണ്.
2.    പ്രഭാതോദയത്തിനുശേഷം നോമ്പ് മുറിയുന്ന കാര്യങ്ങൾ ഒന്നും ഒരാളിൽ നിന്നും സംഭവിച്ചിട്ടില്ലെങ്കിൽ സുന്നത്ത് നോമ്പുകളുടെ നിയ്യത്ത് ആ പകലിൽ ഏത് സമയവും കരുതാവുന്നതാണ്.