34. سبإ (സബഅ്) ആയത്ത് 15-17

لَقَدْ كَانَ لِسَبَإٍۢ فِى مَسْكَنِهِمْ ءَايَةٌۭ ۖ جَنَّتَانِ عَن يَمِينٍۢ وَشِمَالٍۢ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌۭ طَيِّبَةٌۭ وَرَبٌّ غَفُورٌۭ﴿١٥﴾

 لَقَدْ كَانَ ഉണ്ടായിട്ടുണ്ടായിരുന്നു, തീര്‍ച്ചയായും ഉണ്ടായി لِسَبَإٍ സബഉഗോത്രത്തിനു فِي مَسْكَنِهِمْ അവരുടെ വാസസ്ഥലത്തില്‍ آيَةٌ ഒരു ദൃഷ്ടാന്തം جَنَّتَانِ അതായതു രണ്ടുതോട്ടങ്ങള്‍ عَن يَمِينٍ വലഭാഗത്തും وَشِمَالٍ ഇടഭാഗത്തും كُلُوا ഭക്ഷിക്കു(തിന്നു)വിന്‍ مِن رِّزْقِ رَبِّكُمْ നിങ്ങളുടെ റബ്ബിന്‍റെ ആഹാര(ഉപജീവന)ത്തില്‍നിന്നു وَاشْكُرُوا നന്ദിയും കാണിക്കുവിന്‍ لَهُ അവനു بَلْدَةٌ ഒരു രാജ്യം طَيِّبَةٌ നല്ല, ശുദ്ധമായ, സന്തുഷ്ടമായ وَرَبٌّ ഒരു രക്ഷിതാവും غَفُورٌ വളരെ പൊറുക്കുന്ന

34:15സബഉ" ഗോത്രത്തിനു അവരുടെ വാസസ്ഥലത്തു ഒരു ദൃഷ്ടാന്തം ഉണ്ടായിട്ടുണ്ടായിരുന്നു. അതായതു: വലഭാഗത്തും, ഇടഭാഗത്തുമായി രണ്ടു തോട്ടങ്ങള്‍! (നാം പറഞ്ഞിരുന്നു:) "നിങ്ങളുടെ റബ്ബിന്‍റെ (പക്കല്‍നിന്നുള്ള) ആഹാരത്തില്‍ നിന്നു നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുവിന്‍; അവനു നന്ദിചെയ്യുകയും ചെയ്യുവിന്‍. (നല്ല) ശുദ്ധമായ ഒരു രാജ്യം! വളരെ പൊറുക്കുന്നവനായ ഒരു റബ്ബും!!"

فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍۢ وَأَثْلٍۢ وَشَىْءٍۢ مِّن سِدْرٍۢ قَلِيلٍۢ﴿١٦﴾

فَأَعْرَضُوا എന്നിട്ടവര്‍ തിരിഞ്ഞു കളഞ്ഞു, അവഗണിച്ചു فَأَرْسَلْنَا അപ്പോള്‍ നാം അയച്ചു, വിട്ടു عَلَيْهِمْ അവരില്‍ سَيْلَ الْعَرِمِ അണക്കെട്ടിന്‍റെ ജലപ്രവാഹം, വെള്ളപ്പൊക്കം, മലവെള്ളം وَبَدَّلْنَاهُم അവര്‍ക്കു നാം പകരം (മാറ്റി) കൊടുക്കുകയും ചെയ്തു بِجَنَّتَيْهِمْ അവരുടെ രണ്ടു തോട്ടങ്ങള്‍ക്കു جَنَّتَيْنِ രണ്ടു തോട്ടങ്ങളെ ذَوَاتَيْ أُكُلٍ ഒരു (തരം) തീനി (ഫലം) ഉള്ളവയായ خَمْطٍ തിന്‍മാന്‍ കൊള്ളാത്ത (കയ്പുള്ള, ചവര്‍പ്പുള്ള) وَأَثْلٍ അഥ്ല്‍ മരവും وَشَيْءٍ ഒരു (കുറഞ്ഞ) വസ്തുവും مِّن سِدْرٍ സിദ്റു (ഇലന്ത) വര്‍ഗ്ഗത്തില്‍നിന്ന് قَلِيلٍ അല്പമായ

34:16എന്നിട്ടു അവര്‍ (നന്ദികെട്ടവരായി) തിരിഞ്ഞുകളഞ്ഞു. അപ്പോള്‍, അവരുടെമേല്‍ നാം അണക്കെട്ടിന്‍റെ ജലപ്രവാഹത്തെ അയച്ചു. അവരുടെ (ആ) രണ്ടു തോട്ടങ്ങള്‍ക്കു പകരം തിന്‍മാന്‍ പറ്റാത്ത (കൈപ്പുള്ള) ഫലങ്ങളും, "അഥ്ല്‍" വൃക്ഷവും, അല്പം "സിദ്റ് വര്‍ഗ്ഗത്തില്‍പെട്ട ചിലതും ഉള്ള രണ്ടുതോട്ടങ്ങളെ അവര്‍ക്കു നാം മാറ്റിക്കൊടുക്കുകയും ചെയ്തു

ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ﴿١٧﴾

ذَٰلِكَ അതു جَزَيْنَاهُم അവര്‍ക്കു നാം പ്രതിഫലം നല്‍കിയിരിക്കയാണ് بِمَا كَفَرُوا അവര്‍ അവിശ്വസിച്ചതുകൊണ്ടു, നന്ദികേടു കാണിച്ചതിനാല്‍ وَهَلْ نُجَازِي നാം പ്രതിഫലനടപടി എടുക്കുമോ إِلَّا الْكَفُورَ നന്ദികെട്ടവരോടല്ലാതെ

34:17അത് അവര്‍ (അവിശ്വസിച്ച്) നന്ദികേടു കാണിച്ചതുനിമിത്തം നാമവര്‍ക്കു പ്രതിഫലം നല്‍കിയതാണ്. നന്ദികെട്ടവരോടല്ലാതെ നാം (ഇത്തരം) പ്രതിഫലനടപടി എടുക്കുമോ?!

തഫ്സീർ : 15-17

ചരിത്രപ്രസിദ്ധമായ ഒരു വലിയ സംഭവത്തെയാണ് ഈ വചനങ്ങളില്‍ അല്ലാഹു ഓര്‍മ്മിപ്പിക്കുന്നത്. അറേബ്യാ ഉപദ്വീപിന്‍റെ തെക്കുഭാഗത്തായി സമുദ്രതീരത്തു സ്ഥിതി ചെയ്യുന്ന ഒരു രാജ്യമാണ് യമന്‍. (*) പടിഞ്ഞാറുഭാഗം ചെങ്കടലും, തെക്കുഭാഗം അറബിക്കടലും സ്ഥിതിചെയ്യുന്നു. യമനിലെ നിവാസികളായിരുന്ന പ്രാചീന അറബിഗോത്രങ്ങളെ വളരെക്കാലം ഭരിച്ചുവന്ന ഖഹ്ത്വാനി (القخطانى) വംശത്തിന്‍റെ ആദിപിതാവായ ഖഹ്ത്വാന്‍റെ പൗത്രനായിരുന്നു സബഉ്’ (سبأ) ഇദ്ദേഹത്തിനുശേഷം ആ വംശപരമ്പര സബഉഗോത്രം എന്ന പേരില്‍ അറിയപ്പെട്ടു. തലസ്ഥാനമായ സ്വന്‍ആഇ (صنعاء)ല്‍ നിന്നു മൂന്നു ദിവസത്തെ യാത്രാദൂരത്തായിരുന്നു മആരിബ് (مآرب) ഇവരുടെ വാസസ്ഥലമായിരുന്നു ഇത്. അവിടെ രാജ്യം വാണിരുന്നവരില്‍ ഒരാളായിരുന്നു ബില്‍ഖീസ് റാണിയും. തുബഉ’ (تبع) എന്ന പേരിലാണ് ആ രാജവംശം അറിയപ്പെടുന്നത്. സദ് വൃത്തരായ ദൈവവിശ്വാസികളും, അല്ലാത്തവരും ഇവരില്‍ ഉണ്ടായിട്ടുണ്ട്. ചില രാജാക്കളുടെ കാലത്ത് രാജ്യത്തിന്‍റെ അതിരും പ്രശസ്തിയുമെല്ലാം വളരെ വികസിച്ചിരുന്നു.

തുബ്ബഉവംശത്തിന്‍റെ സ്മരണകളായിക്കൊണ്ട് പല അവശിഷ്ടങ്ങളും ഇന്നും അവിടെ അവശേഷിക്കുന്നുണ്ടെന്നാണ് ചരിത്രങ്ങളില്‍ കാണുന്നത്. സബഉഗോത്രത്തെയും, ഖുര്‍ആനില്‍ പ്രസ്താവിച്ച ഈ അണക്കെട്ടിനെയും സംബന്ധിച്ചു പല ചരിത്രകാരന്‍മാരും ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്. കൂടുതല്‍ വിശ്വാസമായതും, വസ്തുനിഷ്ഠമായതും, ആധുനികനിരീക്ഷണഫലങ്ങളോടു കൂടുതല്‍ യോജിച്ചതുമാണ് ഹമദാനീ എന്ന മഹാന്‍റെ അറേബ്യാ ദ്വീപിന്‍റെ വിവരണം (وصف جزيرة العربالهمدانى) എന്ന ഗ്രന്ഥം.

ഫലസമൃദ്ധവും, നാട്ടുകാര്‍ക്ക് ക്ഷേമൈശ്വര്യത്തോടെ കഴിഞ്ഞുകൂടുവാന്‍ മതിയായതുമായ രണ്ടു വമ്പിച്ച തോട്ടങ്ങള്‍ ആ നാട്ടിലുണ്ടായിരുന്നു. ഏതോ ഒരു നല്ല മനുഷ്യനായ രാജാവിന്‍റെ ഭരണകാലത്തു നിര്‍മ്മിക്കപ്പെട്ട ഒരു പടുകൂറ്റന്‍അണക്കെട്ടില്‍നിന്നായിരുന്നു അതിന്‍റെ ഇടതുവശത്തായി സ്ഥിതി ചെയ്തിരുന്ന ആ വിശാലമായ തോട്ടങ്ങള്‍ക്കു വേണ്ടത്ര വെള്ളം സിദ്ധിച്ചിരുന്നത്. ക്രമേണ നാട്ടുകാര്‍ ദുര്‍ന്നടപ്പുകാരും, അല്ലാഹുവിനോടു നന്ദിയില്ലാത്തവരുമായിത്തീര്‍ന്നു. പ്രവാചകന്‍മാരുടെ പ്രബോധനങ്ങളും, ഉപദേശങ്ങളും അവര്‍ നിരസിച്ചു. ഈ അവസരത്തിലാണ് അല്ലാഹു ആ വമ്പിച്ച ശിക്ഷ നല്‍കിയത്. അണക്കെട്ടു പൊട്ടിത്തകര്‍ന്നു തരിപ്പണമായി, അതോടെ വമ്പിച്ച ജലപ്രവാഹവും! തോട്ടങ്ങളെല്ലാം നാമാവശേഷമായി. നാടു നശിക്കുകയും ആള്‍നാശം സംഭവിക്കുകയും ചെയ്തു. തോട്ടങ്ങള്‍ നശിച്ചതുമാത്രമല്ല, ജനങ്ങളുടെ വാസസ്ഥലങ്ങള്‍ താറുമാറാകുകയും, അവര്‍ക്ക് ഉപജീവനമാര്‍ഗ്ഗം നഷ്ടപ്പെടുകയും ചെയ്തു. അങ്ങനെ, ജനങ്ങള്‍ അവിടവിടെയായി ചിന്നിച്ചിതറി. പിന്നിടവിടെ ഉണ്ടായിത്തീര്‍ന്നതു ഇരുഭാഗത്തും മിക്കവാറും ഉപയോഗശൂന്യമായതും, ഉപജീവനയോഗവുമല്ലാത്തതുമായ വൃക്ഷങ്ങളും ചെടികളുമാണ്. വരണ്ടു കിടക്കുന്ന തരിശുഭൂമികളിലും, പാറക്കുന്നിന്‍പ്രദേശങ്ങളിലും ഉണ്ടാകാറുള്ള ചുരുക്കം ചില ചെടികളും മരങ്ങളും മാത്രം. ഇതാണ് ആ നന്ദികേടിനു ഈ ലോകത്തുവെച്ചു അല്ലാഹു അവരില്‍ എടുത്ത ശിക്ഷാനടപടി.

അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ ആസ്വദിച്ചു സുഖമായി ജീവിച്ചുകൊണ്ടിരിക്കുന്നതോടൊപ്പം. അവനെ ധിക്കരിക്കുന്ന എല്ലാ ജനങ്ങളും ഏതുകാലത്തും പ്രദേശത്തുമുള്ളവരും ഇത്തരം ശിക്ഷകള്‍ അല്ലാഹുവിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതിനെ ഭയപ്പെടേണ്ടതാണ്. അതിനുവേണ്ടിത്തന്നെയാണ് അല്ലാഹു ഈ സംഭവം നമ്മെ ഉണര്‍ത്തുന്നതും. ഇതുപോലെയുള്ള ശിക്ഷാസംഭവങ്ങള്‍ പലതും ഇടയ്ക്കിടെ ചിലേടത്തു സംഭവിക്കാറുള്ളതു നാം കണ്ടുംകേട്ടും കൊണ്ടിരിക്കുന്നു. പക്ഷേ, സത്യവിശ്വാസവും, ഉറ്റുവിചാരവുമുള്ളവര്‍ക്കുമാത്രമേ അതില്‍ നിന്നെല്ലാം പാഠം ലഭിക്കുന്നുള്ളു. അല്ലാത്തവര്‍ അതെല്ലാം പ്രകൃതികോപമോ, യാദൃച്ഛികസംഭവമോ ആക്കിത്തള്ളുകയും ചെയ്യും. അല്ലാഹു പറഞ്ഞതുപോലെ, മനുഷ്യന്‍ സ്വഭാവേന അക്രമിയും വിഡ്ഢിയുമാണല്ലോ. (إِنَّهُ كَانَ ظَلُومًا جَهُولًا)

അണക്കെട്ടു പൊട്ടി രാജ്യം തരിശായശേഷം, സബഉകാര്‍ക്ക് പിന്നീടുണ്ടായിത്തീര്‍ന്ന നാമമാത്ര തോട്ടങ്ങളിലെ പ്രധാന ഉല്‍പന്നങ്ങളെയാണ് അല്ലാഹു ആയത്തില്‍ പ്രസ്താവിച്ചിരിക്കുന്നത്. കൈപ്പു, ചവര്‍പ്പു മുതലായ ദുസ്വാദുനിമിത്തം തിന്നാന്‍കൊള്ളാത്ത ഫലങ്ങള്‍ക്കാണ് اُكُلٍ خَمْط എന്നു പറയുന്നത്. اَثْل (അഥ്ല്‍) എന്ന വാക്കിനു ചില നിഘണ്ടുകളില്‍ പിച്ചുലം, ഭാനുകം, മന്നച്ചെടിഎന്നൊക്കെ അര്‍ത്ഥം പറഞ്ഞുകാണുന്നു. എങ്കിലും, ഏതാണ് ഈ വൃക്ഷം- അല്ലെങ്കില്‍ ചെടി എന്നു മനസ്സിലാകുന്നില്ല. കാറ്റാടിമരം എന്ന് പറയപ്പെടുന്ന ത്വര്‍ഫാഇ’ (طرفاء)ന്‍റെ ഇനത്തില്‍പെട്ടതാണ് ഇതെന്നു ചിലര്‍ പറയുന്നു. ഈ മരം കായയില്ലാത്തതാണുതാനും. സിദ്ര്‍ എന്ന വാക്കിനു ഇലന്തമരംഎന്നു സാധാരണ അര്‍ത്ഥം പറയാറുള്ളതാണ്. ഇതു ധാരാളം മുള്ളുകളുള്ള മരമാണെങ്കിലും, ഇതിന്‍റെ ഫലം ഏറെക്കുറെ ഉപയോഗപ്രദമായതുകൊണ്ടാണ് അല്പം ഇലന്തമരവും (و سِدْرٍ قَلِيلٍ) എന്നു അല്ലാഹു പ്രത്യേകം പ്രസ്താവിച്ചതെന്നു ഇബ്നുകഥീര്‍ (رضي الله عنه) ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നമ്മുടെ രാജ്യങ്ങളില്‍ കാണപ്പെടാത്തതും, അറേബ്യായിലെ ചില പ്രദേശങ്ങളില്‍ പ്രത്യേകം കാണപ്പെടുന്നതുമാകകൊണ്ട് ഇവയെപ്പറ്റി നമുക്കു സൂക്ഷ്മമായി നിര്‍ണ്ണയിക്കുവാന്‍ പ്രയാസമാണ്. ആയത്തിന്‍റെ ആശയവും, അതില്‍നിന്നുള്ള പാഠവും ഗ്രഹിക്കുവാന്‍ അതാവശ്യമില്ലതാനും.

അണക്കെട്ടിനെപ്പറ്റി കൂടുതല്‍ വിവരം ഈ സൂറത്തിനുശേഷം നല്‍കീട്ടുള്ള വ്യാഖ്യാനക്കുറിപ്പില്‍ നിന്നും പടത്തില്‍നിന്നും അറിയാവുന്നതാണ്. സബഉകാരുടെ നന്ദികേടിന്‍റെ ചില ഉദാഹരണങ്ങള്‍ അടുത്ത ആയത്തില്‍ അല്ലാഹു വ്യക്തമാക്കുന്നു:-