فَلَا تَعْلَمُ نَفْسٌۭ مَّآ أُخْفِىَ لَهُم مِّن قُرَّةِ أَعْيُنٍۢ جَزَآءًۢ بِمَا كَانُوا۟ يَعْمَلُونَ﴿١٧﴾
32:17അതിനാല്‍, കണ്‍കുളിര്‍മ്മയായി [ആനന്ദകരമായി]ക്കൊണ്ടു അവര്‍ക്കുവേണ്ടി ഗോപ്യമാക്കി (സൂക്ഷിച്ചു) വെക്കപ്പെട്ടിട്ടുള്ളതു ഒരാള്‍ക്കും അറിയാവുന്നതല്ല; (അതെ) അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനു പ്രതിഫലമായിട്ട്!
തഫ്സീർ : 17-17
ആ സല്‍ഭാഗ്യവാന്മാര്‍ തങ്ങളുടെ ആരാധനാകര്‍മ്മങ്ങള്‍ മറ്റാരുടെയും പ്രശംസയോ പ്രീതിയോ ലക്ഷ്യമാക്കാതെ രാത്രി സമയങ്ങളില്‍ സ്വകാര്യമായി നടത്തിയിരുന്നതു പോലെ, അവര്‍ക്കുള്ള അവര്‍ണ്ണനീയമായ പ്രതിഫലങ്ങളെ അല്ലാഹുവും ഗോപ്യമാക്കി ഒരുക്കിവെച്ചിരിക്കുകയാണ്. ആരുടെ ഭാവനക്കും അനുമാനത്തിനും അതീതമാണത്. നബി (ﷺ) പറയുന്നു: അല്ലാഹു പറയുകയാണ്: എന്റെ സജ്ജനങ്ങളായ അടിയാന്മാര്‍ക്കു വേണ്ടി ഏതൊരു കണ്ണും കണ്ടിട്ടില്ലാത്തതും, ഏതൊരു കാതും കേട്ടിട്ടില്ലാത്തതും, ഒരു മനുഷ്യന്റെ ഹൃദയത്തിലും തോന്നിയിട്ടില്ലാത്തതുമായ വസ്തുക്കള്‍ ഞാന്‍ ഒരുക്കിവെച്ചിരിക്കുന്നു. (ഇതിനു തെളിവായി) നിങ്ങള്‍ …..فَلَا تَعْلَمُ نَفْسٌ എന്നുള്ള (ഈ) ഖുര്‍ആന്‍ വചനം ഓതിക്കൊള്ളുക. (ബു. മു.)